Tuesday 31 July 2018 02:03 PM IST

സോഷ്യൽ മീഡിയയെ മലിനമാക്കരുത്, ഇത്തരക്കാരെ കുടുക്കാൻ നിയമം ശക്തമാക്കണം!

Priyadharsini Priya

Senior Content Editor, Vanitha Online

social-media-part-1

നിർധനയായ ഒരു പെൺകുട്ടി. ജീവിക്കാൻ വേണ്ടി അവൾ മാന്യമായ തൊഴിൽ ചെയ്യുന്നു, ഒപ്പം മിടുക്കിയായി പഠനം തുടരുന്നു. ഓരോ ദിവസവും സമയത്തിനൊപ്പം അവളും ഓടുകയായിരുന്നു, നിരവധി വേഷങ്ങളണിഞ്ഞ്... വിദ്യാർത്ഥിനിയും മീൻ വിൽപ്പനക്കാരിയും പാട്ടുകാരിയും അഭിനേത്രിയും പച്ചക്കറി വില്പനക്കാരിയുമായി... ഒരു പെൺകുട്ടിക്ക് ചെയ്യാവുന്നതിന്റെ പരമാവധി അവൾ ചെയ്തുകൊണ്ടിരുന്നു, ഊണും ഉറക്കവും വിശ്രമവുമില്ലാതെ. നാളിതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല, ഒറ്റയ്ക്ക് നീന്താൻ കൽപിക്കപ്പെട്ട വിധിയെ ഒരിക്കലും പഴിച്ചിട്ടില്ല. എന്നിട്ടും ഹനാൻ എന്ന പെൺകുട്ടി സമൂഹത്തിനു മുന്നിൽ പെരുംകള്ളിയായി, വെറുക്കപ്പെട്ടവളായി.

ഒറ്റദിവസം കൊണ്ട് വാനോളം ഉയർത്തിയവർ തന്നെ അവളെ  ക്രൂരമായി വേട്ടയാടി. അശ്ലീലവും അസഭ്യവും പറഞ്ഞ് മാനസികമായി തകർത്തു. ഒടുവിൽ ഉപജീവനം വഴിമുട്ടിയെന്നറിഞ്ഞപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ അവൾ നെഞ്ചുപൊട്ടി കരഞ്ഞു. ക്യാമറയുടെ ഫ്രെയിമിൽ നിന്ന് മാറിയിട്ടും മലയാളികളുടെ നെഞ്ചു തകർത്ത് ആ കരച്ചിൽ മുഴങ്ങിക്കേട്ടു. എന്നിട്ടും തീർന്നില്ല, ആ നേർക്കാഴ്‌ചയുടെ വിഡിയോയ്‌ക്ക് താഴെയും ചിലർ അഭിപ്രായം എഴുതി, ഹനാന്റേത് വെറും അഭിനയം മാത്രം!! ഒന്ന് ചോദിച്ചോട്ടെ, എന്താണ് ഹനാൻ നിങ്ങളോട് ചെയ്ത തെറ്റ്? വൃത്തിയായി, മാന്യമായി വസ്ത്രം ധരിച്ചതോ? അതോ ഉയരങ്ങൾ സ്വപ്നം കണ്ടതോ?

സമൂഹ മാധ്യമങ്ങൾ വേട്ടയാടിയ ആദ്യത്തെ പെൺകുട്ടിയൊന്നുമല്ല ഹനാൻ. പക്ഷെ മുൻപൊരാളും ഇത്രയ്‌ക്ക് ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടാകില്ല, അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രബുദ്ധ കേരളത്തിൽ നടന്ന ഈ സംഭവവികാസങ്ങളിൽ നിന്ന് ഒന്ന് ഉറപ്പിക്കാം. സോഷ്യൽ മീഡിയയ്ക്ക് മൂക്കു കയറിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. വെർച്വൽ ലോകത്ത് വളർന്നുവരുന്ന ക്രിമിനൽ ചിന്താഗതികളെക്കുറിച്ചും അനിവാര്യമായ മാറ്റങ്ങളെക്കുറിച്ചും ‘വനിത ഓൺലൈനി’ലൂടെ പ്രമുഖർ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്നു. ആദ്യമായി നടൻ കുഞ്ചാക്കോ ബോബൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നു;  

സോഷ്യൽ മീഡിയ എന്തും പുറന്തള്ളാവുന്ന ഡംബ് യാർഡായി...

"സോഷ്യൽ മീഡിയ ഇന്ന് എന്തു വൃത്തികേടുകളും പുറംതള്ളുന്ന ഒരു ഡംബ് യാർഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ആർക്കും അവരുടെ ഏതുതരത്തിലുള്ള വികാരങ്ങളും ഈഗോയും അറിവില്ലായ്മയും പ്രകടിപ്പിക്കാം. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസമോ പരിഗണനയോ ഒന്നുമില്ല. ആർക്കും എന്തും കേറി എപ്പോൾ വേണമെങ്കിലും പറയാനുള്ള പ്ലാറ്റ്‌ഫോമായി സോഷ്യൽ മീഡിയ അധംപതിച്ചിരിക്കുന്നു. നിയന്ത്രിക്കാനോ, താക്കീത് നൽകാനോ ആരുമില്ലാത്ത അവസ്ഥ. നമ്മുടെ നിയമം അത്ര ശക്തമല്ല എന്നതാണ് ഒരു പ്രധാന കാരണം.

പണ്ട് പൊതു ശൗചാലയങ്ങളിലും ബസ് സ്റ്റാൻഡിലും മൂത്രപ്പുരകളിലുമെല്ലാം വൃത്തികേടുകൾ എഴുതി വയ്ക്കാറുണ്ട്. അതിന്റെ ഗ്ലാമറൈസ്‌ഡ്‌ വേർഷനാണ് ഇന്നത്തെ ഫെയ്‌സ്ബുക് വാൾ. പലർക്കും ഇക്കാര്യത്തിൽ വ്യക്തതയില്ല എന്നത് മറ്റൊരു കാര്യം. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെയാണ്. അവനവന്റെ വികലമായ വികാരങ്ങളും വിചാരങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ.

ഫെയ്‌സ്ബുക്കിലൂടെ എന്തിനെക്കുറിച്ചും അഭിപ്രായം വിളിച്ചുപറയുന്നവരുണ്ട്. ഇവർക്ക് ധൈര്യമുണ്ടെങ്കിൽ നേരിട്ടിറങ്ങി സ്വന്തം അഭിപ്രായങ്ങൾ പ്രവർത്തിച്ച് കാണിക്കണം. വാക്കിലല്ല, പ്രവൃത്തിയിലാണ് കാര്യം. വീട്ടിലിരുന്ന് ഫോണിലോ കമ്പ്യൂട്ടറിലോ നടത്തുന്നതല്ല യഥാർത്ഥ വിപ്ലവം. പച്ചയായ ജീവിതത്തിലേക്ക് ഇറങ്ങി കാര്യങ്ങൾ വ്യക്തതയോടെ പറയുകയും ചെയ്യുകയും വേണം.

എനിക്ക് തോന്നിയ മറ്റൊരു രസകരമായ കാര്യം സോഷ്യൽ മീഡിയയിലൂടെ യുദ്ധം നടത്തുന്നവർ വിദേശങ്ങളിൽ ചെല്ലുമ്പോൾ അവിടുത്തെ എല്ലാ നിയമങ്ങളും പാലിക്കുന്നു എന്നതാണ്. സ്ത്രീകളോട് ആവശ്യത്തിൽ കൂടുതൽ ബഹുമാനം വരെ പ്രകടിപ്പിക്കുന്നവരുണ്ട്. എനിക്ക് നേരിട്ടുണ്ടായ ഒരനുഭവമാണിത്. ഒരിക്കൽ ദുബായിലെ ഒരു വാട്ടർ തീം പാർക്കിൽ പോയപ്പോൾ അവിടെക്കണ്ട മലയാളികൾ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുകയോ, എന്തിനുപറയുന്നു സെൽഫി എടുക്കാൻ പോലും ശ്രമിച്ചില്ല എന്നതാണ്. അതേസമയം അവർ സ്വന്തം നാട്ടിൽ നേർ വിപരീതമായിട്ടായിരിക്കും പെരുമാറുന്നത്.

അനുവാദമില്ലാതെ മറ്റൊരാളുടെ ഫോട്ടോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. ഇവിടെ പലരും അത് ചെയ്യാറുണ്ട്. സിനിമാതാരങ്ങളുടെ പേരിൽ അശ്ലീലം കലർന്ന വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നു. കൊച്ചു കുട്ടികളെ പോലും വെറുതെ വിടുന്നില്ല. ഗുരുതരമായ സാമൂഹിക വിപത്താണിത്. എല്ലാത്തിനും കാരണം നമ്മുടെ നാട്ടിൽ സൈബർ നിയമം ശക്തമല്ല എന്നതാണ്. ഇത് അവസാനിപ്പിക്കണമെങ്കിൽ വ്യക്തതയുള്ള, പഴുതുകളില്ലാത്ത സൈബർ നിയമം ഉണ്ടാവണം. ഒപ്പം ഇത് വളരെ കർശനവും കൃത്യവും സുതാര്യവുമായി നിർവഹിക്കപ്പെടുകയും വേണം."- കുഞ്ചാക്കോ ബോബൻ പറയുന്നു.

തുടരും...