Friday 24 April 2020 04:21 PM IST

അഞ്ചടി പൊക്കക്കാരി 65 കടന്നപോൾ ടെഡിബെയർ എന്ന് കളിയാക്കൽ; ലോക്ക് ഡൌണിൽ 10 കിലോ കുറച്ച് ഫെബ്സിയുടെ പ്രതികാരം

Binsha Muhammed

febsi-cover

വൈറ്റ് ടെഡിബെയര്‍! ആ പേര് കേള്‍ക്കാന്‍ നല്ല സുഖമായിരുന്നെങ്കിലും അതിനുള്ളില്‍ പൊതിഞ്ഞിരുന്ന പരിഹാസമാണ് ഫെബ്‌സിയുടെ ടെന്‍ഷന്‍ ഏറ്റിയത്. അഞ്ചടി പൊക്കക്കാരിയുടെ ശരീരഭാരം 65ഉം കടന്നു പോയപ്പോഴായിരുന്നു ആദ്യം ആ വിളി എത്തിയത്. പൊക്കമുള്ള ശരീരത്തിനു ചേരാത്ത വിധം ശരീരഭാരം കുതിച്ചുയര്‍ന്നപ്പോള്‍ കളിയാക്കലിനൊപ്പം ബുദ്ധിമുട്ടിക്കാന്‍ ബിപിയുമെത്തി. ഇനിയും ഈ നില തുടര്‍ന്നാല്‍ കളിയാക്കലുകളും ബോഡി ഷെയ്മിങ്ങുകളും പൂര്‍വാധികം ശക്തിയോടെ വണ്ടി പിടിച്ചെത്തും എന്നുറപ്പിച്ചു. ബംഗളുരുവിലെ ഫാസ്റ്റ് ഫുഡിലും നാട്ടിലെ നാടന്‍ ഭക്ഷണങ്ങളിലും മയങ്ങി വീണ നിമിഷത്തെ ശപിച്ചു കൊണ്ട് കൊച്ചി കൂനമ്മാവ് സ്വദേശിയായ ഫെബ്‌സി ആ ഉഗ്ര ശപഥം എടുത്തു. ലോക് ഡൗണ്‍കാലം കഴിയുന്നതിനു മുമ്പ് ശരീരഭാരത്തെ പിടിച്ചു കെട്ടിയിരിക്കും. ഇരട്ടപ്പേരുകളും ശാരീരിക അസ്വസ്ഥകളും ബുദ്ധിമുട്ടിച്ച ഒരു കൂട്ടം ചങ്ങാതിമാരും കൂട്ടിനെത്തിയതോടെ പൊണ്ണത്തടി കുറയ്ക്കല്‍ ഒരു കൂട്ടം ചങ്ങാതിമാരുടെ. മിഷന്‍മൈനസ് സെവന്‍ എന്ന ഫിറ്റ്‌നസ് ചലഞ്ചിന്റെ ചിറകിലേറി അങ്ങനെ ഒരു കൂട്ടം പെണ്‍മണികള്‍ അങ്ങനെ തുനിഞ്ഞിറങ്ങി. ബാക്കി കഥ പറഞ്ഞു തുടങ്ങേണ്ടത് ഫെബ്‌സിയുടെ സുന്ദരമായ മാറ്റം അടയാളപ്പെടുത്തുന്ന  ചിത്രത്തില്‍ നിന്നാണ്. ഒരു മാസം പിന്നിടുന്ന ലോക് ഡൗണ്‍ കാലത്ത് 65ല്‍ നിന്നും 55ലേക്ക് പറന്നെത്തിയ കഥ ഫെബ്‌സി വനിത ഓണ്‍ലൈനോട് പറയുന്നു. ഒരു മിഷന്‍ മൈനസ് സെവന്‍ അപാരത...അഥവാ... ലോക് ഡൗണ്‍ വെയ്റ്റ് ലോസ് സ്‌റ്റോറി...

ചോക്ലേറ്റിനേയും ഫാസ്റ്റ് ഫുഡിനേയും പ്രണയിച്ച പെണ്‍കുട്ടി

ബോളിവുഡ് സുന്ദരിമാരെ പോലെ വണ്ണം കുറച്ച് സൈസ് സീറോ ആകാനുള്ള അതിമോഹമൊന്നും ഉണ്ടായിരുന്നില്ല. ഹെയ്റ്റ് കുറവുള്ള ഞാനും ശരീരഭാരവും തമ്മില്‍ അങ്ങനെ ഇങ്ങനെയൊന്നും ചേര്‍ന്നു പോകില്ല എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് ഈ പരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചത്. അത് ഞാന്‍ മനസിലാക്കിയതിനൊപ്പം എന്നെ ചുറ്റി നിന്നവരും മനസിലാക്കി എന്നതാണ് സത്യം. ടെഡിബെയര്‍ എന്ന വിളിപ്പേര് പോലും അങ്ങനെ കിട്ടിയതാണ്. ആ പേര് മായ്ചു കളഞ്ഞിട്ടേ പിന്നെന്തുമുള്ളൂ എന്ന് ഉറപ്പിച്ച് കരുതിക്കൂട്ടി ഇറങ്ങുന്നത് അങ്ങനെയാണ്. വൈദ്യന്‍ ഇച്ഛിച്ചത് പോലെ ഒരു ലോക് ഡൗണ്‍ എനിക്കു മുന്നിലേക്ക് വീണു കിട്ടി എന്നത് മറ്റൊരു സത്യം- ഫെബ്‌സി പറഞ്ഞു തുടങ്ങുകയാണ്. 

ബംഗളുരുവുലെ ജീവിതമാണ് ഒരു തരത്തില്‍ എന്റെ ശരീരഭാരം കൂട്ടിയത് എന്നു പറയാം. അവിടെ ഇന്ത്യാ ബുള്‍സ് ഫിനാന്‍സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥയായിരുന്നു ഞാന്‍. ബംഗളുരു ജീവിതത്തിനിടയില്‍ പിസ, ബര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ കണ്‍ട്രോളില്ലാതെ കഴിച്ചു. 10 മാസം മുമ്പ് ട്രാന്‍സ്ഫറായി കൊച്ചിയിലേക്കെത്തുമ്പോ നെസ്റ്റാള്‍ജിയയുടെ അസ്‌ക്യത മൂത്ത് നാടന്‍ ഭക്ഷണങ്ങളും ഇഷ്ടം പോലെ കഴിച്ചു. സ്‌പൈസി ആയിട്ടുള്ള ഭക്ഷണങ്ങള്‍ എന്റെ ഫേവറേറ്റ് ആയിരുന്നു. കണ്‍ട്രോളില്ലാത്ത ചോക്ലേറ്റ് പ്രേമം ആയിരുന്നു മറ്റൊരു വില്ലന്‍. സ്‌നിക്കേഴ്‌സ് പോലുള്ള ചോക്ലേറ്റുകള്‍ ഇഷ്ടം പോലെ കഴിക്കും. എല്ലാം കൂടി ആയപ്പോള്‍ ശരീരഭാരം ഹാഫ് സെഞ്ചുറിയും കടന്ന് 65ല്‍ പോയി നിന്നു. ഇനിയും ഇങ്ങനെ തുടരാനാണ് ഭാവമെങ്കില്‍ ഭാരം 70 കടക്കുമെന്ന് സൂചനയും കിട്ടി. ഓര്‍ക്കാപ്പുറത്തു കേറി വന്ന ബിപി കൂടി ജീവിതത്തിന്റെ താളം തെറ്റിച്ചതോടെ നല്ല കുട്ടിയായില്ലെങ്കില്‍ പണി കിട്ടും എന്ന് ബോധോദയം ഉണ്ടായി. ഫാറ്റില്‍ നിന്നും ഫിറ്റിലേക്കുള്ള എന്റെ യാത്ര അവിടെ തുടങ്ങുന്നു. 

ഓപ്പറേഷന്‍ ലോക് ഡൗണ്‍

ലോക് ഡൗണ്‍ കാലത്ത് വീട്ടിലൊതുങ്ങിക്കൂടിയപ്പോഴാണ് വണ്ണം കുറയ്ക്കാനുള്ള ചിന്തകളെ ഉഷാറാക്കിയത്. തുല്യ ദുഖിതരായ ചങ്ങാതിമാര്‍ കൂടി കൂട്ടിനെത്തിയതോടെ മിഷന്‍ മൈനസ് സെവന്‍ എന്ന പേരില്‍ ഒരു വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. വെയ്റ്റ് ലോസ് ടിപ്‌സും പിന്നെ അതു വഴിയായി. എനിക്കു മുന്നിലുണ്ടായിരുന്ന വെല്ലുവിളി എന്തു ചെയ്താലും വണ്ണം കുറയില്ല എന്നതായിരുന്നു. മുന്‍കാല പരീക്ഷണങ്ങളായിരുന്നു അനുഭവം. അതോടൊപ്പം തന്നെ ഓഫീസ് നേരങ്ങള്‍ക്കിടെ വ്യായാമവും ഡയറ്റും ചിട്ടയായി ചെയ്യാന്‍ കഴിയാത്തതും പൂര്‍വ കാല ചരിത്രം. പക്ഷേ ഇതു പോലൊരു ലോക് ഡൗണ്‍ ഇനി കിട്ടില്ല എന്ന് ഉറച്ച് വിശ്വസിച്ച് ലോക് ഡൗണ്‍ കാലം വണ്ണം കുറയ്ക്കല്‍ യജ്ഞമാക്കി മാറ്റി.

സൈക്ലിംഗും സ്‌കിപ്പിംഗും ഒക്കെ പരീക്ഷിച്ച് പരാജയപ്പെട്ടതു കൊണ്ടു തന്നെ ആ വഴി പോയില്ല. 10 ദിവസം കണക്കാക്കിയുള്ള എഗ് ആപ്പിള്‍ ഡയറ്റാണ് ആദ്യമായി കാര്യമായൊരു മാറ്റം തരുന്നത്. മുട്ടയും ഫ്രൂട്ട്‌സും വെജിറ്റബിള്‍സും  മാത്രം ഡയറ്റിലേക്ക് കൊണ്ടു വന്നു. എരിവും പുളിയും ഉള്ള ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കി. എരിവ്, പുളി, ഉപ്പ് എന്നിവയെ പ്രണയിച്ച ഞാന്‍ ഇതെല്ലാം മെനുവില്‍ നിന്ന് കട്ട് ചെയ്തു. ചോക്ലേറ്റിനെ ഏറെ ഇഷ്ടപ്പെട്ട ഞാന്‍ മധുരത്തെ കൂടി മാറ്റിനിര്‍ത്തിയപ്പോള്‍ അല്‍പം വിഷമിച്ചു. പക്ഷേ കട്ടയ്ക്ക് പിടിച്ചു നിന്നു. 90 ശതമാനവും അരിയാഹാരങ്ങള്‍ ഒഴിവാക്കി എന്നതാണ് മറ്റൊരു നേട്ടം. അതു കൂടാതെ ജംപിംഗ് ജാക്‌സ്, ബര്‍പീസ്, സ്‌ക്വാറ്റ്‌സ് തുടങ്ങിയ എക്‌സര്‍സൈസുകളും ഈ നാളുകളില്‍ സ്ഥിരമാക്കി. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ഉറപ്പാക്കിയിരുന്നു. ഇത്രയൊക്കെ ചെയ്തപ്പോള്‍ എന്ത് ചെയ്താലും വഴങ്ങാത്ത ശരീരം നല്ല കുട്ടിയായി അനുസരിച്ചു തുടങ്ങി. 65കിലോ ഗ്രാം ഭാരം 60ലേക്ക് എത്തിയതായിരു്ന്നു ആദ്യത്തെ നാഴികക്കല്ല്. ഇപ്പോ...ദേ ലോക് ഡൗണ്‍ ഒരു മാസം ആകുമ്പോള്‍ 55ല്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു. ഇപ്പോ കളിയാക്കലുകളുടെ സ്ഥാനത്ത് മോട്ടിവേഷനുകള്‍ മാത്രം. എല്ലാത്തിന്റേയും ക്രെഡിറ്റ് ഞാന്‍ നല്‍കുന്നത് മിഷന്‍ മൈനസ് സെവന്‍ എന്ന ഞങ്ങളുടെ ഗ്രൂപ്പിനാണ്. പിന്നെ കട്ടയ്ക്ക് സപ്പോര്‍ട്ടുമായി നിന്ന എന്റെ കെട്ട്യോന്‍ ബ്രിസ്‌റ്റോയോടും ഒത്തിരി സ്‌നേഹം.- ഫെബ്‌സി പറഞ്ഞു നിര്‍ത്തി.

Tags:
  • Diet Tips