Tuesday 27 November 2018 05:40 PM IST : By നവമി ഷാജഹാൻ

വിദ്യാഭ്യാസം സൗജന്യം, പരീക്ഷയില്ല, ഹോംവർക്കുകൾ ഓടിക്കളിക്കാൻ! മാതൃകയായി ഫിന്നിഷ് വിദ്യാഭ്യാസം

finnish-model-education

കേരളത്തിലെ വിദ്യാഭ്യാസം സംവിധാനം ഫിൻലൻഡ് മോഡലിൽ പരീക്ഷിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത് കഴിഞ്ഞ ദിവസമാണ്. ഫിന്നിഷ് മോഡൽ എന്നു പറയുമ്പോഴും എന്താണ് ഇതെന്ന് പലർക്കും അറിയില്ല. ലോകത്തിനു മാതൃകയാണ് ഫിൻലൻ‍ഡിലെ വിദ്യാഭ്യാസം സംവിധാനം എന്നു ചൂണ്ടിക്കാട്ടുകയാണ് ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ നവമി ഷാജഹാൻ. ഹോം വർക്കിന്റെയും ക്ലാസ് വർക്കിന്റെയും പരീക്ഷയുടെയും ഭാരമില്ലാത്ത സുന്ദരമായ ഫിന്നിഷ് മോഡൽ പ്രാവർത്തികമാക്കിയാൽ നമ്മുടെ വിദ്യാഭ്യാസരംഗത്ത് അതു പുതിയൊരു തുടക്കമാകുമെന്നതിൽ സംശയമില്ല. ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനത ഫിൻലൻഡിലേതാണെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. അടിസ്ഥാന വിദ്യാഭ്യാസം രംഗം മുതൽ തുടങ്ങുന്നു ഫിൻലൻഡിൽ സന്തോഷത്തിലേക്കുള്ള യാത്ര.

ലോകത്തിനു മാതൃകയായി ഫിന്നിഷ് വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ ടെൻഷൻ ഒന്ന് കൂടും. ഏറ്റവും മികച്ച സ്കൂളുകളിൽ പ്രവേശനം കിട്ടിയാൽ പിന്നെ മക്കളുടെ ഭാവി ഭദ്രം . സുരക്ഷിതം . ഇംഗ്ലീഷിന് അധിക പ്രാധാന്യം കൊടുക്കുന്ന വിദ്യാലയങ്ങളായാൽ പിന്നെ പറയുകയും വേണ്ട. ഇതൊക്കെയാണ് പൊതുവെ മിക്ക മാതാപിതാക്കളുടെയും കാഴ്ചപ്പാട് . എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസമെന്നു പേരുകേട്ട ഫിന്നിഷ് വിദ്യാഭ്യാസത്തെക്കുറിച്ചു അത് നേരിൽ അനുഭവിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ചില വസ്തുതകൾ പ്രതിപാദിക്കട്ടെ.

ലൂഥറൻ മത വിഭാഗം ധാരാളമുള്ള ഈ രാജ്യത്തു പഴയ കാലത്തു ലൂഥറൻ പള്ളികളിൽ വിവാഹം നടത്തണമെങ്കിൽ അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന നിബന്ധന ഉണ്ടായിരുന്നു. 1548- ൽ മൈക്കൽ അഗ്രികോള എന്ന ഫിന്നിഷ് ബിഷപ്പ് പുതിയ നിയമം ഫിന്നിഷ് ഭാഷയിലേക്കു പരിവർത്തനം ചെയ്തു . 1640- ൽ ആദ്യത്തെ യൂണിവേഴ്സിറ്റി തുർക്കുനഗരത്തിൽ സ്ഥാപിതമായി. 18-ആം നൂറ്റാണ്ടിന്റെ അവസാനം വരെ സാക്ഷരത 50 ശതമാനത്തിലും മേലെയായിരുന്നു. 19 ആം നൂറ്റാണ്ടിൽ അത് 80-90 ശതമാനമായി. പഴയ കാലം മുതൽ തന്നെ വിദ്യാഭ്യാസത്തിനു ഈ രാജ്യം നൽകുന്ന പ്രാധാന്യം ഇതിൽ നിന്നും വ്യക്തമാകുമല്ലോ?

OECD എന്ന സംഘടന 2000 മുതൽ നടത്തുന്ന സംരംഭമായ പിസ (വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അളവുകോൽ) റാങ്കിങ്ങിൽ ഈ രാജ്യം എപ്പോഴും ഉയർന്നസ്ഥാനം കരസ്ഥമാക്കുന്നു. ലോകത്തിലെ 72 രാജ്യങ്ങളിലെ 15 വയസുള്ള കുട്ടികളുടെ വായന, കണക്ക് ,സയൻസ് എന്നീ വിഷയങ്ങളിലുള്ള നൈപുണ്യമാണ്‌ അളവുകോൽ. എന്തായിരിക്കാം ഈ കൊച്ചു രാജ്യത്തെ ഏറ്റവും മികച്ചതാക്കുന്നത് ? കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഇവിടുത്തെ സാമൂഹിക വ്യവസ്ഥ നൽകുന്ന പ്രാധാന്യം എന്തൊക്കെയാണെന്ന് ഒരു എളിയ അവലോകനം!

fin-12

സുസ്ഥിരമാർന്ന ബാല്യം

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ മുതൽ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ അവന്റെ മാനസിക ശാരീരിക വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നു . 7വയസുവരെ 'നവോള' സിസ്റ്റം ആണ് കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ നിരീക്ഷിക്കുന്നത് . പ്രത്യേകം പരിശീലനം നേടിയ ഒരു നേഴ്സ് ആയിരിക്കും കുട്ടിയുടെ മാനസികവും ശാരീരികവുമായ എല്ലാ വളർച്ചയും പരിശോധിക്കുന്നത്. ഇവിടുത്തെ ' ബേബി ബോക്സ് ' ലോകപ്രശസ്തമാണ് 2 വയസുവരെ കുട്ടിക്കാവശ്യമായ ഉടുപ്പുകളും ഡയപ്പറുകളും മറ്റു അത്യാവശ്യ സാധനങ്ങളും ഇതിലുണ്ടാകും. 3 വയസുവരെ വരെ കുട്ടികളെ നോക്കാൻ അച്ഛനോ അമ്മക്കോ ജോലിയിൽ നിന്നും അവധി എടുക്കാവുന്നതാണ്. ഇളം മനസുകൾ പിച്ചവയ്ക്കുന്ന ശൈശവകാലത്തു അവരുടെ നൈർമല്യമാർന്ന കുഞ്ഞു ഇതളുകൾക്കു സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വെള്ളവും വെളിച്ചവും പകരുവാൻ അച്ഛനമ്മമാരുടെ സാമിപ്യം അനിവാര്യമാണ്. വർണാഭമായ ഈ ലോകത്തേക്ക് . വിടരാൻ വെമ്പുന്ന ഈ കുഞ്ഞു പൂമൊട്ടുകൾക്കു മാതാപിതാക്കളുടെ സാമിപ്യം അല്ലാതെ മറ്റെന്താണ് ഏറ്റവും വിലപ്പെട്ടത് ?

fin-7

അടിത്തറ പാകുന്ന പകൽ വീടുകൾ

ഇവിടുത്തെ ഡേ കെയറുകൾ തന്നെ അറിയപ്പെടുന്നത് പകൽ വീടുകൾ എന്നാണ്. ആ പേരിനെ അന്വർത്ഥമാക്കും വിധം അവർക്കു രണ്ടാമത്തെ വീടാണ് ഇവിടം. ഏറ്റവും വിശ്വാസ്യതയോടെ കുഞ്ഞുങ്ങളെ ഏല്പിക്കുവാനും അവർക്കു സ്വന്തം വീടിനു സമാനമായ അന്തരീക്ഷം ഉണ്ടാക്കുവാനും ഈ ഡേകെയറുകൾക്കു സാധിക്കുന്നു എന്നതാണ് ഫിന്നിഷ് പകൽ വീടുകളുടെ വിജയം. 6 വയസുവരെ കളികളുടെയും വർണങ്ങളുടെയും ലോകത്തുള്ള ബാല്യകാലം. ഫിന്നിഷ്ഡേ കെയറുകൾ ശരിക്കും കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും അച്ചടക്കത്തിലും വലിയ പങ്കു വഹിക്കുന്നു.

കുട്ടികളുടെ മാനസിക വളർച്ചയിലും സംസാരശേഷിയിലും ഇവിടുത്തെ അദ്ധ്യാപകർ പ്രേത്യേകം ശ്രദ്ധയ്ക്കുന്നു . പാലും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാര ക്രമം, ബുദ്ധിവികാസത്തിനും ചിന്താശേഷി വളർത്തുന്നതിനുമുള്ള കളികൾ, വരകളും പെയിന്റിങ്ങും ആവോളം ആസ്വാദിക്കാനുള്ള ചിത്ര പണികൾ, കരകൗശലവിദ്യകൾ, വർഷത്തിൽ 2 തവണ അദ്ധ്യാപക രക്ഷാകർത്തു മീറ്റിംഗുകൾ ഇവയൊക്കെ എടുത്തുപറേയണ്ട വസ്തുതകളാണ് . കൂടാതെ ഇവിടെവച്ചു കുട്ടികൾ പ്രകൃതി സംരക്ഷണത്തിലും താൻ വളർന്നു വരുന്ന പരിസ്ഥിതിയെ കൂടുതൽ സ്നേഹിക്കുവാനും പഠിക്കുന്നു. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പരാശ്രയം കൂടാതെ ചെറിയ കാര്യങ്ങൾ സ്വന്തമായി ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുന്നു . ഉദാഹരണത്തിന് സ്വന്തമായി വസ്ത്രങ്ങൾ ധരിക്കാനും കളിപ്പാട്ടങ്ങൾ യഥാസ്ഥാനത്തു വയ്ക്കാനും സ്വന്തമായി ആഹാരം കഴിക്കുവാനുമൊക്കെ അവർ 3 വയസാകുമ്പോൾ പ്രാപ്‌തരായിരിക്കും .

fin-5

വിദ്യാഭ്യാസ ഘടന

7 വയസിലാണ് ഇവിടെ കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്നത്. ആഴ്ചയിൽ 20 മണിക്കൂറുള്ള പ്രീസ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത് ആറു വയസിലാണ്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കാൻ കുട്ടികളെ മാനസികമായി തയ്യാറെടുപ്പിക്കുന്നതിനു പ്രീസ്‌കൂൾ വിദ്യാഭ്യാസം സഹായിക്കുന്നു.

പ്രൈമറി സ്കൂൾ 1 മുതൽ 6 വരെ ക്ലാസ്സുകളും സെക്കന്ററി സ്കൂൾ 7 മുതൽ 9 വരെ ക്ലാസ്സുകളും ഉൾപ്പെടുന്നതാണ് . ഓരോ കുട്ടിക്കും വീടുകളോട് ചേർന്നുള്ള സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതാണ്. 5 കി.മി. നു പുറത്തുള്ള സ്കൂളിലാണ് പ്രവേശനം ലഭിച്ചതെങ്കിൽ യാത്രാകൂലി ലഭിക്കുന്നതായിരിക്കും. സൗജന്യമായി ഉച്ചഭക്ഷണവും പാഠ്യ പുസ്തകങ്ങളും പെൻസിലും മറ്റു സ്കൂൾ സാമഗ്രികളും ലഭിക്കുന്നതായിരിക്കും. ഐ ബി സിലബസുകൾ പിന്തുടരുന്ന ഇംഗ്ലീഷ് സ്കൂളുകളും, ഇംഗ്ലീഷ് ,ഫിന്നിഷ് ഭാഷകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ‘ബൈലിംഗ്വൽ’ സ്കൂളുകളും ഹെൽസിങ്കി പോലുള്ള നഗരങ്ങളിലുണ്ട് .

fin-8

ഒന്നാം ക്ലാസ്സുമുതൽ ഒമ്പതാം ക്ലാസ്സുവരെയാണ് നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം. ഒമ്പതാം ക്ലാസ്സിലെ പരീക്ഷകൾക്കൊന്നും അമിത പ്രാധാന്യം കൊടുത്തു കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയല്ല ഇവിടെ ഉള്ളത്. അതിനു ശേഷമുള്ള 3 വർഷമാണ് അപ്പർ സെക്കന്ററി സ്കൂളുകൾ അഥവാ ലുക്കിയോകൾ . നമ്മുടെ നാട്ടിലെ പ്ലസ് ടുവിന് സമാനമായ വിദ്യാഭ്യാസമാണിത്. തൊഴിൽപരമായ വൊക്കേഷണൽ കോഴ്സുകളും ഈ 3 വർഷം തിരഞ്ഞെടുക്കാവുന്നതാണ് അതിനു ശേഷമാണു ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ വരുന്നത് . യൂണിവേഴ്സിറ്റിയിൽ നിന്നോ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ളൈഡ് സയൻസിൽ നിന്നോ ഇത് സാധ്യമാണ് . തൊഴിൽ സംബന്ധമായ പ്രൊഫഷണൽ കോഴ്സുകൾക്ക് ഫീസ് കൊടുക്കുന്ന രീതി ഇവിടെ ഇല്ല. അതുകൊണ്ടു തന്നെ പണം കൊടുത്തു പ്രൊഫഷണൽ ബിരുദം നേടാൻ സാധ്യമല്ല. കടുത്ത ശൈത്യത്തെ പോലും അവഗണിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനിനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നുപോലും ധാരാളം കുട്ടികൾ പൊതുവെ ബിരുദാനന്തര ബിരുദത്തിനു ഈ രാജ്യത്തേക്ക് വരാറുണ്ട്.

fin-6 ഫിൻ ലൻഡിലെ സ്‌കൂൾ

ഗുണമേന്മയിൽ സമത്വം

ലോകത്തിലെ പല രാജ്യങ്ങളിലും സ്വകാര്യമേഖലയിലുള്ള നിരവധി വിദ്യാലയങ്ങൾ കാണാറുണ്ട്. എന്നാൽ ഇവിടെ പൊതുമേഖലയിൽ നിലവാരമുള്ള വിദ്യാലയങ്ങൾക്കായി അന്വേഷിക്കേണ്ട ആവശ്യമില്ല . സൗജന്യമായ വിദ്യാഭ്യാസം ഇവിടെ എല്ലാവരുടെയും അവകാശമാണ്. എല്ലാ വിദ്യാലയങ്ങളുടെയും നിലവാരം ഒരുപോലെയായിരിക്കും. വ്യത്യസ്ത സ്കൂളുകൾ തമ്മിലുള്ള അന്തരം വളരെ നിസ്സാരമാണ്. ചില സ്കൂളുകൾ സംഗീതത്തിനും, കായികവിനോദങ്ങൾക്കും പ്രാധാന്യം നല്കുന്നവയാകും. മറ്റു ചില സ്കൂളുകളിൽ വിദേശ ഭാഷകൾ തിരഞ്ഞെടുക്കുന്നതിൽ വൈവിധ്യം കണ്ടേക്കാം . ഇന്ത്യൻ പശ്ചാത്തലത്തിൽ മാതാപിതാക്കൾ പൊതുവെ മികച്ച സ്കൂളുകൾക്കായുള്ള തിരച്ചിലിൽ ആവലാതിപ്പെടാറുണ്ട്. എന്നാൽ തിരഞ്ഞെടുക്കാൻ വിദ്യാലയങ്ങൾ സുലഭമാണിവിടെ. പൊതുമേഖലയിൽ നിലവാരമുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ അല്പം പോലും വിയർപ്പൊഴുക്കേണ്ട ആവശ്യം ഇല്ല.

സമയ നിയന്ത്രണം

കുട്ടികളുടെ പഠന സമയം കുറവാണിവിടെ. ക്ലാസ് റൂമുകളിൽ അധിക സമയം ഇരുന്നു മുഷിയേണ്ട കാര്യമില്ല. ആവശ്യത്തിന് വിശ്രമ സമയങ്ങൾ കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ ലഭിക്കുന്നു. പ്രൈമറി സ്കൂൾ കുട്ടികൾ ആഴ്ചയിൽ ശരാശരി 22 മണിക്കൂറും സെക്കന്ററി സ്കൂൾ കുട്ടികൾ ഏകദേശം 30 മണിക്കൂറും ആയിരിക്കും സ്കൂളുകളിൽ ചിലവഴിക്കുന്നത് കുറച്ചു സമയം കൂടുതൽ ഉണർവോടെ എന്നതായിരിക്കാം ഇവരുടെ വിജയസൂത്രം. അതുപോലെ തന്നെ അദ്ധ്യാപകരുടെ ക്ലാസ് റൂം സമയം പൊതുവെ കുറവാണ്. ഉദാഹരണത്തിന് അമേരിക്കയിൽ ഒരു സെക്കന്ററി സ്കൂൾ അദ്ധ്യാപിക 180 ദിവസം ശരാശരി 1080 മണിക്കൂർ ക്ലാസ് റൂമിൽ ചെലവഴിക്കുമ്പോൾ ഇവിടെ അത് ഏകദേശം 600 മണിക്കൂറുകൾ മാത്രമായിരിക്കും. അദ്ധ്യാപകർ തങ്ങളുടെ അധിക സമയം പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും ഓരോ കുട്ടിയുടെയും വ്യക്തിപരമായ വളർച്ചക്ക് ഉതകുന്ന പഠന സാമഗ്രികൾ ഉണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദിവസവും സ്കൂളുകളിൽ കായികവിനോദങ്ങൾക്കും സമയം കണ്ടെത്താറുണ്ട് . അദ്ധ്യാപകർ കുട്ടികളുടെ സമ്പൂണ്ണ വളർച്ചയിൽ ഭാഗഭാക്കാണ്. അവർ മാതാപിതാക്കളുമായി ആശയവിനിമയങ്ങൾ നടത്തുന്നതിൽ തല്പരരാണ് .

24 കുട്ടികൾ മാത്രമാണ് സാധാരണ പ്രൈമറി സ്കൂളുകളിൽ ഒരു ക്ലാസ്സിലുള്ളത്. 1 മുതൽ 6 വരെ ക്ലാസ്സുകളിൽ ഒരേ അദ്ധ്യാപിക ആയിരിക്കും കുട്ടിയുടെ ക്ലാസ് ടീച്ചർ. അതുവഴി ഓരോ കുട്ടിയേയും കൂടുതൽ മനസിലാക്കി അവരുടെ കഴിവുകളും പോരായ്മകളും അറിയുവാനുള്ള സാഹചര്യം ലഭിക്കുന്നു. കുട്ടികളെ കൂടുതൽ മനസിലാക്കുന്നതിനും അവരുടെ വ്യക്തിപരമായ വളർച്ചക്ക് ഉതകുന്ന പാഠ്യപദ്ധതികൾ പ്രത്യേകം ആസൂത്രണം ചെയ്യുന്നതിനും ഇത് ഉപകരിക്കുന്നു.

fin-11 ഫിൻലൻഡ് സമ്മർ കാലത്ത്

സ്വാതന്ത്യമുള്ള അദ്ധ്യാപകർ

പൊതുമേഖലയിലെ വിദ്യാഭ്യാസത്തിന്റെ ഘടന പിന്തുടർന്നുകൊണ്ടു ഓരോ അദ്ധ്യാപകരും സ്വതന്ത്രമായി വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു . പാഠ്യ പദ്ധതികൾ അടിച്ചേല്പിക്കാതെ സ്വതന്ത്രരായി ചിന്തിക്കുന്ന അദ്ധ്യാപകരാണ് ഇവിടുത്തെ വിദ്യാഭ്യാസ സംസ്കാരത്തിൻറെ ആണിക്കല്ല്. ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം കൊടുക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഫിന്നിഷ് ഭാഷ അനുഗമിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവർക്കു പ്രത്യേകം പരിശീലനം നൽകി അവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ദുർബലരായവർക്കു വേണ്ടി അദ്ധ്യാപകർ തങ്ങളുടെ കൂടുതൽ സമയം ചിലവഴിക്കുന്നു. ഏറ്റവും സമർത്ഥനായ കുട്ടിയും ദുർബലനായ കുട്ടിയും തമ്മിലുള്ള അന്തരം നിസ്സാരമായിരിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ഘടന ഒരുപോലെ ആണെങ്കിലും ഓരോ ക്ലാസ് മുറികളും അദ്ധ്യാപകർ തങ്ങളുടെ ഭാവനക്ക് അനുസൃതമായി വ്യത്യസ്തമായി കുട്ടികളുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ രൂപകല്‌പന ചെയ്യുന്നു.

fin-1 ഡേ കെയർ വിദ്യാർഥികൾ

സമഗ്രമായ പരിശീലനം ലഭിച്ച അദ്ധ്യാപകർ

അദ്ധ്യാപകരുടെ ഗുണനിലവാരവും വൈദഗ്ദ്യവും ആയിരിക്കും ഏതൊരു വിദ്യാഭ്യാസ വ്യവസ്ഥിതിയുടെയും അടിത്തറ. അതിനെ സാധൂകരിക്കുന്ന പരിശീലനക്രമങ്ങളാണ് ഇവിടുത്തെ വ്യവസ്ഥിതി പിന്തുടരുന്നത് .അദ്ധ്യാപകർ ആകുക എന്നുള്ളത് അത്ര എളുപ്പവഴി അല്ല ഇവിടെ. ബിരുദാനന്തര ബിരുദത്തിൽ കഴിവ് തെളിയിച്ച സമർത്ഥരായവർക്കു മാത്രമേ അദ്ധ്യാപകർ ആകുവാൻ സാധിക്കുകയുള്ളു . മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള 5 മുതൽ 7.5 വർഷം വരെയുള്ള സൗജന്യമായ പരിശീലനത്തിലുടെയാണ് മികവാർന്ന അദ്ധ്യാപകരെ സമൂഹത്തിനു മുന്നിൽ വാർത്തെടുക്കുന്നത്. ഇങ്ങനെ പരിശീലനം ലഭിച്ച അദ്ധ്യാപകർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാണുള്ളത്. വളരെ മാന്യമായശമ്പളമാണ് പൊതുമേഖലയിൽ ഇവർക്കുള്ളത്. തൊഴിൽ കമ്പോളത്തിൽ പ്രത്യേകിച്ചും HR മേഖലയിൽ ഇവരെ നിയമിക്കാൻ പല കമ്പനികളും മത്സരിച്ചു ശ്രമിക്കാറുണ്ടത്രെ !

അപ്പർ സെക്കന്ററി സ്കൂളുകളിൽ നിന്നും മികച്ച വിജയം നേടുന്ന മിടുക്കരായ കുട്ടികൾക്ക് പ്രൈമറി സ്കൂൾ ടീച്ചിങ് പ്രോഗ്രാമിന് അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. എല്ലാ വർഷവും ഏകദേശം 6000 അപേക്ഷാർത്ഥികൾ ഉണ്ടെങ്കിലും 650 മുതൽ 700 അപേക്ഷാർത്ഥികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് . അപേക്ഷിക്കുന്നവർ പഠനത്തിൽ മാത്രമല്ല , സംഗീതം , നൃത്തം, ചിത്രരചന, ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ അല്ലെങ്കിൽ മറ്റു പാഠ്യേതര മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കാറുണ്ട്. ഇതിനു കാരണം വിദ്യാഭ്യാസമെന്നാൽ കണക്കും സയൻസും മാത്രം പഠിക്കുവാനുള്ളതല്ല മറിച്ചു കുട്ടികളുടെ മാനസികോല്ലാസത്തിനും കലാവാസന വളർത്തുവാനും അവരുടെ സർഗ്ഗസൃഷ്ടി ഉണർത്തുവാനുമുള്ള ഇടങ്ങളാണെന്നും മാത്രമല്ല ഓരോ വിദ്യാലയവും ഒരു കൊച്ചു കലാക്ഷേത്രങ്ങളാവണം എന്ന പൊതുഭാവനയാണ്.

fin-7

പരീക്ഷകളും മത്സരങ്ങളും ഇല്ലാത്ത സ്കൂളുകൾ?

പരീക്ഷകളും മത്സരങ്ങളും പ്രോഗ്രസ്സ് കാർഡുകളും ഇല്ലാത്ത സ്കൂളുകളെക്കുറിച്ചു കേൾക്കുമ്പോൾ എന്ത് ആനന്ദപ്രദമാണല്ലേ? അതെ അഞ്ചാം ക്ലാസ്സുവരെ കുട്ടികളെ അക്ഷരങ്ങളുടെയും സംഖ്യകളുടെയും അടിസ്ഥാനത്തിൽ അളക്കുവാൻ പാടില്ല എന്നതാണ് ഇവിടുത്തെ നിയമം. കുഞ്ഞുമനസുകളിൽ വായനയുടെയും ഗണിതത്തിന്റെ ജാലവിദ്യയും അത്ഭുധക്കൂട്ടുകളും കളികളിലൂടെ സരസമായി അവതരിപ്പിക്കുമ്പോൾ പരീക്ഷകൾ നടത്തി അതിനെ മുഷിപ്പിക്കുവാൻ ശ്രമിക്കാറില്ല. കുട്ടികളെ പരീക്ഷക്ക് വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയല്ല ഇവിടെ പിന്തുടരുന്നത്. മറിച് കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള മാനസിക വളർച്ചക്കാണ് ചെറിയ ക്ലാസ്സുകളിൽ മുൻ‌തൂക്കം കൊടുക്കുന്നത്. വിദ്യാഭ്യാസത്തിൽ മത്സരത്തിന് ഇടമില്ല. മറ്റു സ്കൂളുകളുടെയോ കുട്ടികളുടെയോ നിലവാരം അളക്കാനും അതുമായി താരതമ്യം ചെയ്തു സമയം പാഴാക്കാനും ഇവിടെ അധികം ആരും ശ്രമിക്കാറില്ല. ചുരുക്കം ചില കുട്ടികളെ മാത്രം നല്ല റാങ്കുകൾ കൊടുത്തു ഉയർത്തുവാനല്ല ഒരു സംഘം കുട്ടികളെ ഒരേ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഫിന്നിഷ് ക്ലാസ് റൂമുകൾ ലക്‌ഷ്യംവയ്ക്കുന്നത് .ശരിക്കും ഒരു കുട്ടി അവന്റെ സ്വന്തമായ കഴിവിൽ ആത്മവിശ്വാസം കൊണ്ടുവരാനും അത് വളർത്തിയെടുക്കാനുമല്ലേ ശ്രമിക്കേണ്ടതുള്ളൂ ? അവിടെ മത്സരബുദ്ധിയെ പടിക്കു പുറത്താക്കി വിദ്യാ ദേവിയെ പ്രതിഷ്ഠിക്കുക തന്നെ വേണം !

രസകരമായ പാഠ്യപദ്ധതി

സ്കൂളുകളിൽ പ്രത്യേകം യൂണിഫോമുകൾ ഇടേണ്ട ആവശ്യം ഇല്ല. മാത്രമല്ല എടുത്താൽ പൊങ്ങാത്തത്ര 'ഹോം വർക്ക്' കൊടുത്തു കുട്ടികളെ വിഷമിപ്പിക്കാറില്ല. ശരാശരി 30 മിനിറ്റ് 'ഹോം വർക്ക്' മാത്രമായിരിക്കും ഒരു സെക്കന്ററി സ്കൂൾ കുട്ടിക്ക് ദിവസവും ചെയ്യേണ്ടതുള്ളൂ . ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കുട്ടിക്ക് ചെയ്യേണ്ട 'ഹോം വർക്ക്' വളരെ രസകരമാണ്. 10 തവണ വീട്ടിൽ ഒറ്റക്കാലിൽ ചാടാനും വീടിന്റെ ഒരു വശത്തു നിന്നും മറു വശത്തേക്ക് ഓടാനുമൊക്കെയാണ് നിർദ്ദേശിക്കുന്നത്. ഇത് അവരുടെ ചലന ശേഷി വളർത്തി എടുക്കാനാണത്രെ. അതുപോലെ തന്നെ സ്വഭാവരൂപവൽക്കരണത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ട്. സഭ്യമായ രീതിൽ സംസാരിക്കാനും തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാനും മാതാപിതാക്കളുമായി ദൈനം ദിന കാര്യങ്ങൾ വിശകലനം ചെയ്യാനും തുറന്ന മനോഭാവത്തോടെ സംസാരിക്കാനുമാണ് വേറൊരു 'ഹോം വർക്ക്' . ട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദിവസവും 10 മിനിറ്റ് ഇഷ്ടമുള്ള ബുക്ക് വായിക്കാനാണ് നിർദ്ദേശിക്കുന്നത് . വായിച്ചതിനുശേഷം വലിയ ഒരു ചിത്രത്തിന്റെ ഓരോരോ ഭാഗങ്ങൾ കളർ ചെയ്യണം. വായിക്കുന്തോറും ചിത്രം കൂടുതൽ വർണപ്പകിട്ടാകുന്നു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ സയൻസും കണക്കും എഴുത്തും വായനയും മാത്രമല്ല കാതലായ വിഷയങ്ങൾ. സാമൂഹ്യ ശാസ്ത്രവും സംഗീതവും മറ്റു കലാസൃഷ്ടി ഉണർത്തുന്ന വിഷയങ്ങളും തുല്യ പ്രാധാന്യത്തോടെ പഠിക്കേണ്ടതുണ്ട്. 2016 ൽ ഇവിടുത്തെ വിദ്യാഭ്യാസ ഘടന സമഗ്രമായി നവീകരിച്ചു. ക്ലാസ് മുറികളിൽ കുട്ടികൾക്കും അദ്ധ്യാപകരെ പോലെ തന്നെ തുല്യ പ്രാധാന്യം നൽകുന്നു. കാര്യങ്ങൾ അന്ധമായി മനഃപാഠമാക്കാതെ കൂടുതൽ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊജക്റ്റ് വർക്കുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഉദാഹരണത്തിന് 'സൗണ്ട് സിസ്റ്റം ', റോബോട്ട്‌ മുതലായവ ഉണ്ടാക്കുന്ന പ്രൊജക്റ്റ് ചെയ്യുന്നത് വഴി കുട്ടികൾ ഒന്നിൽകൂടുതൽ വിഷയങ്ങളാണ് മനസ്സിലാക്കുന്നത്. അതുപോലെ തന്നെ സംഗീതവും ജോമെട്രിയും തമ്മിൽ യോജിപ്പിച്ചുകൊണ്ടുള്ള പഠനം കൗതുകമുളവാക്കുന്നതാണ്. കുട്ടികൾ പോലും അറിയാതെ പല കാര്യങ്ങളിലും വളരെ രസകരമായി അറിവ് നേടിയെടുക്കുന്നു .

fin-9 ഫിൻലൻഡ് തണുപ്പ് കാലത്ത്

'ഫിനോമനോൻ ബേസ്‌ഡ് ലേർണിംഗ്'

ഫിന്നിഷ് വിദ്യാഭ്യാസത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഫിനോമനോൻ ബേസ്‌ഡ് ലേർണിംഗ്' അഥവാ സമഗ്രമായ അവലോകനത്തിലുടെയുള്ള പഠനരീതി. ദശാബ്ദങ്ങൾക്കു മുൻപുതന്നെ ഈ വിദ്യാഭ്യാസ രീതി ഉണ്ടായിരുന്നെങ്കിലും 2016 മുതലാണ് 7 വയസുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് വിഷയാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഈ വിദ്യാഭ്യാസരീതിയും നിർബന്ധിതമാക്കിയത്. അതായത് പ്രത്യേക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഒരു ആശയത്തെ കേന്ദ്രീകരിച്ചുള്ള പഠനമാണ് ഉദ്ദേശിക്കുന്നത്. പുറം ലോകത്തിലെ സാഹചര്യങ്ങളും വ്യതിയാനങ്ങളുമായി ഇടപഴകുവാൻ കുട്ടികളെ തയ്യാറെടുപ്പിക്കുകയാണ് ലക്‌ഷ്യം. ഇതുവഴി 'റിയൽ വേൾഡ് സീറ്റുവഷൻസ്' കൈകാര്യം ചെയ്യുന്നു. ക്ലാസ്സ്മുറികളിൽ പ്രത്യേക വിഷയങ്ങളിൽ മാത്രം ഒതുങ്ങി കൂടാതെ വിശാലമായ ലോകത്തിലേക്ക് ഇറങ്ങി ചെല്ലുവാനും അതുവഴി വിഷമ പ്രശ്നങ്ങളിൽ ഗവേഷണം നടത്തി അറിവ് നേടാനുമാണ് ശ്രമിക്കേണ്ടത് .കുട്ടികൾക്ക് അദ്ധ്യാപകരുമായി ചേർന്ന് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാവുന്നതാണ്.

യൂറോപ്യൻ യൂണിയൻ, ആഫ്രിക്കയെക്കുറിച്ചുള്ള പഠനം, പാചകം, കാലാവസ്ഥ വ്യതിയാനം,മനുഷ്യ ശരീരം ഇങ്ങനെ ഏതു വൈവിദ്ധ്യമാർന്ന വിഷയങ്ങളും ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് കാലാവസ്ഥ വ്യതിയാനം എന്ന ആശയത്തെകുറിച്ചുള്ള പ്രൊജക്റ്റ് ചെയ്യുമ്പോൾ ശാസ്‌ത്രപഠനത്തിന്റെ വിവിധ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാൽ ക്ലാസ് മുറികളിൽ ഇരുന്നു പുസ്തകത്തിലൂടെ വായിച്ചു കിട്ടുന്ന അറിവുമായി താരതമ്യം ചെയ്യുമ്പോൾ ആശയപരമായി അതിന്റെ എല്ലാ മേഖലകളിലും ആഴത്തിൽ അറിവ് സ്വായത്തമാക്കുന്നു. അതുപോലെ മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ആശയം എടുക്കുമ്പോൾ ജീവശാസ്ത്രം, മനഃശാസ്ത്രം , ആരോഗ്യ വ്യവസ്ഥ എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള പഠനമായിരിക്കും. കുട്ടികളെ വിഷയങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചതിനു ശേഷം പ്രൊജക്റ്റ് വർക്കുകൾ ചെയ്യിപ്പിക്കുന്നു. കൂടുതൽ ഗവേഷണം നടത്തി അവർ ആ ആശയത്തെപ്പറ്റി ഗഹനമായ ജ്ഞാനം നേടുന്നു . അതുപോലെ ഇൻഫർമേഷൻ ടെക്നോളജി ക്ലാസ് മുറികളിൽ കൂടുതലായി പ്രയോജനപ്പെടുത്തുന്നു.

fin-4

വിശാലമായ വിദ്യഭ്യാസ സംസ്കാരം

മാതൃഭാഷക്കു വലിയ പ്രാധാന്യം ഒന്നും കൊടുക്കാത്ത നാഗരിക സംസ്കാരത്തിന് ഒരു തിരിച്ചറിവാണ് ഇവിടുത്തെ ജനങ്ങളുടെ ഭാഷയോടുള്ള സ്നേഹം . ഓരോ കുട്ടിക്കും അവന്റെ മാതൃഭാഷ പഠിക്കാനും അവസരം നൽകുന്നു ഇവിടുത്തെ വിദ്യാഭ്യാസ വ്യവസ്ഥ . മലയാളവും തമിഴും ഹിന്ദിയുമൊക്കെ കുട്ടികൾ ഇവിടെ സ്കൂളുകളിൽ പഠിക്കുന്നു! ഔദ്യോഗിക ഭാഷകളായ ഫിന്നിഷും സ്വീഡിഷും കൂടാതെ കുറഞ്ഞത് 3 ഭാഷകൾ സ്വായത്തമാക്കാനുള്ള അവസരമുണ്ട്. കൂടാതെ കുട്ടികളുടെ മതവും സന്മാർഗപാഠങ്ങളും പഠിക്കുവാനും അവസരമുണ്ട്. സ്കൂളിനോട് അനുബന്ധിച്ചു ലൈബ്രറികൾ കാണാറുണ്ട്. ഒന്നാം ക്ലാസ്സുമുതൽ കുട്ടികളെക്കൊണ്ട് ഇവിടെ നിന്നും പുസ്തകങ്ങൾ എടുത്തു വായിപ്പിക്കുവാനും അവരിൽ വായനാ ശീലം വളർത്തുവാനും അദ്ധ്യാപകർ ശ്രദ്ധിക്കാറുണ്ട്.

കുട്ടികൾ അറിഞ്ഞിരിക്കേണ്ട അനിവാര്യ പാടവമാണ് നീന്തൽ . 1000 തടാകങ്ങളുടെ നാട്ടിൽ നീന്തൽ പരിശീലനം നേടേണ്ടത് ഒരു അതിജീവന മാർഗം തന്നെയാണ് ! സ്കൂളുകളിൽ അതിനും സമയം കണ്ടെത്താറുണ്ട്. ഏറ്റവും അടുത്തുള്ള നീന്തൽ പരിശീലന കേന്ദ്രങ്ങളിൽ കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകാറുണ്ട് . വിശാലമാർന്ന വിദ്യാഭ്യാസ സംസ്കാരത്തിന്റെ മകുടോദാഹരണമാണിത്.

ദൈനംദിന അതിജീവനരക്ഷക്കുള്ള നൈപുണ്യം നേടാനുള്ള പരിശീലനം, സംഘടിതമായി പ്രവർത്തിക്കുവാനും ആശയവിനിമയം നടത്തുവാനുമുള്ള കഴിവ് , കാര്യങ്ങൾ സമഗ്രമായി വിചിന്തനം ചെയ്യുവാനും മനസ്സിലാക്കി പഠിക്കുവാനുമുള്ള വൈദദ്ധ്യം എന്നിവയൊക്കെ ഓരോ ഉദാഹരണങ്ങൾ മാത്രം.

fin-10

സന്തോഷക്കുട്ടികൾ

ലോകരാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ദാരിദ്ര്യം. ദാരിദ്ര്യത്തിലമർന്ന ബാല്യകാലം എങ്ങനെ വിദ്യാഭ്യാസത്തിന്റെ വാതിൽപ്പടിയിൽ പിച്ചവയ്ക്കും? ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്‌ഷ്യം . ഗുണമേന്മയുള്ള ഭക്ഷണവും മാനസികവും ശാരീരികവുമായ ആരോഗ്യവും ആഹ്‌ളാദപൂർണമാർന്ന ബാല്യകാലം സമ്മാനിക്കുന്നു. ആരോഗ്യവും സന്തോഷവുമുള്ള മനസുകളിൽ വിജ്ഞാനത്തിന്റെ വിത്തുപാകുന്നത് ആയാസരഹിതമായിരിക്കും. ഈ സന്തോഷ കുട്ടികളെ വിദ്യയുടെ അനന്തമായ ലോകത്തേക്ക് അനായാസം കൈപിടിച്ചുയർത്തുവാൻ സാധിക്കുന്നു.

ഇവിടുത്തെ വിദ്യാഭ്യാസ രീതികളെ കുറിച്ച് തന്റെ അനുഭവത്തിലൂടെ കൂടുതലായി അറിയാൻ എന്റെ ഫിന്നിഷ് സഹപ്രവർത്തക അല്ലി മകിനെനുമായി ഞാൻ കുറച്ചു സമയം ചിലവഴിച്ചു. സ്കൂൾ ജീവിതത്തെപ്പറ്റിയും വിഷയങ്ങളെപ്പറ്റിയും പ്രതിപാദിക്കുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ ഉത്സാഹവും തിളക്കവും ഈ മഹത്തായ വിദ്യാഭ്യാസ സംസ്കാരത്തിന്റെ പരിണിതഫലമാണെന്നു തോന്നിപോയി !

ഏതു കാര്യത്തിലും അത്ര എളുപ്പത്തിൽ ഏറ്റവും മികച്ചതെന്നും ഏറ്റവും മോശമായെതെന്നും നമുക്ക് ഒന്നിനേയുംവിലയിരുത്തുവാൻ സാധിക്കുകയില്ല. എന്നാൽ നല്ലതെന്നു തോന്നുന്നതിനെ ഉൾക്കൊള്ളുവാനും അത് പിന്തുടരുവാനും നമുക്ക് അനായാസം സാധിക്കും. മാതൃഭാഷ മറന്നു ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നതും എ ഗ്രേഡുകൾ വാങ്ങികൂട്ടുന്നതും പ്രൊഫഷണൽ ബിരുദം കരസ്ഥമാക്കുന്നതുമല്ല യഥാർത്ഥ വിദ്യാഭ്യാസം . സ്വഭാവ രൂപീകരണവും അവനവൻറെ സർഗ്ഗസൃഷ്ടികൾ പരിപോക്ഷിപ്പിക്കുവാനും കായിക ക്ഷമത വളർത്തുവാനും അതിലുപരി അത്യാഹിത സന്ദർഭങ്ങളെ അതി ജീവിക്കുവാനുള്ള ചെപ്പടി വിദ്യകൾ കൈവശമാകുന്നതിലും നമ്മുടെ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കണം.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഈറ്റില്ലമായ ഭാരതമണ്ണിൽ മഹത്തായ സംസ്കാര പാരമ്പര്യമുള്ള നമുക്ക് എന്തിനേയും ഉൾക്കൊള്ളുവാനുള്ള പാടവമുണ്ട്. നവകേരള സൃഷ്ടിക്കു നമ്മുടെ പരമ്പരാഗതമായ വിദ്യാഭ്യാസ ശീലങ്ങളെ മാറ്റി ചിന്തിച്ചുകൊണ്ട് ഫിന്നിഷ് വിദ്യാഭ്യാസത്തിന്റെ നല്ല ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ ഘടന ആവിഷ്കരിക്കാൻ സാധിച്ചാൽ അത് നമ്മുടെ സമൂഹത്തിന് ഒരു മുതൽകൂട്ടായിരിക്കും ! വിദ്യാഭ്യാസം ഒരു കച്ചവടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു കച്ചവടമല്ല മറിച്ചു സമൂഹത്തിനു മുതൽക്കൂട്ടായ നല്ല പൗരന്മാരെ വാർത്തെടുക്കുന്ന കുതിച്ചുചാട്ടമാണ് വിദ്യാഭ്യാസമെന്നു നമുക്ക് തിരുത്തി എഴുതുവാൻ സാധിക്കുമാറാകട്ടെ!

നവമി ഷാജഹാൻ , Software Engineer, Sievo Oy, Helsinki, Finland