Monday 25 October 2021 03:57 PM IST : By സ്വന്തം ലേഖകൻ

വരൻ യുക്രെയ്നിൽ വധു പുനലൂരിലും; പ്രതിജ്ഞ ചൊല്ലിയതോടെ നടന്നത് ഓൺലൈനിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ വിവാഹം!

Jeevan Kumar, Dhanya Martin

യുക്രെയ്നിൽ നിന്ന് ജീവൻകുമാറും പുനലൂരിലുള്ള ധന്യ മാർട്ടിനും ഓൺലൈനിൽ പ്രതിജ്ഞ ചൊല്ലിയതോടെ നടന്നത് ഓൺലൈനിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ വിവാഹം. ‘കർമിയായി’ ചുമതലകൾ നിർവഹിച്ചത് സബ് റജിസ്ട്രാർ ടി.എം. ഫിറോസും. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി എൽ.മാർട്ടിന്റെ മകൾ ധന്യ മാർട്ടിനും പുനലൂർ ഇളമ്പൽ സ്വദേശി സി.വി. ദേവരാജന്റെ മകൻ ഡി. ജീവൻകുമാറും തമ്മിലുള്ള വിവാഹമാണ് ഓൺലൈനിൽ നടത്തി ചരിത്രമായത്. കഴിഞ്ഞ ഫെബ്രുവരി 14ന് ശിവഗിരിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും മിന്നുകെട്ടി ഒരുമിച്ചു.

രണ്ടു മതങ്ങളിൽപെട്ടവരായതിനാൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നിയമപരമാക്കാൻ മാർച്ച് രണ്ടിനു പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി. ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുകയും, ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപേ ജീവൻകുമാർ ജോലി സ്ഥലമായ യുക്രെയ്നിലേക്കു മടങ്ങുകയും ചെയ്തു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം അപേക്ഷിച്ച് 30 ദിവസങ്ങൾക്കു ശേഷം രണ്ടുപേരും ഒരുമിച്ച് എത്തിയെങ്കിലേ സബ് റജിസ്ട്രാർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂ.

കോവിഡ് കാലമായതിനാൽ വിമാന മാർഗം ജീവൻകുമാറിന് എത്താനും കഴിയില്ല. ഇതോടെ മറ്റു മാർഗങ്ങൾ തേടി ഇരുവരും അഡ്വ. അഹ്സർ മുഖേന ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അനുമതിയോടെ കോടതി കക്ഷികൾക്ക് അനുകൂല വിധി നൽകി. മാസങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ ഹാജരായ ധന്യ മാർട്ടിനും യുക്രെയ്നിൽ നിന്ന് ഓൺലൈനിൽ ഹാജരായ ജീവൻ കുമാറും സബ് റജിസ്ട്രാർ ടി.എം. ഫിറോസ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി വിവാഹിതരായി.

ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ വിവാഹ റജിസ്ട്രേഷൻ എന്ന റെക്കോർഡും ഇവരുടെ പേരിലായി. ജീവൻകുമാറിനു പകരം അച്ഛൻ ദേവരാജനാണ് ഒപ്പിട്ടത്. ജീവന്റെ അച്ഛൻ ദേവരാജനും ധന്യയുടെ അമ്മ തങ്കച്ചി മാർട്ടിനും തിരുവനന്തപുരത്ത് ഐഎസ്ആർഒയിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയം കുട്ടികളായിരുന്ന ഇരുവരും തിരുവനന്തപുരത്ത് ഒരു സ്കൂളിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പ്ലസ്ടു പഠനശേഷം രണ്ടു വഴിക്കു തിരിഞ്ഞ ഇരുകുടുംബങ്ങളും കല്യാണത്തോടെയാണ് വീണ്ടും അടുത്തത്.

Tags:
  • Spotlight