Tuesday 22 September 2020 12:52 PM IST : By ശ്യാമ

‘വൈകല്യത്തിന് പകരം കഴിവുകൾ ആഘോഷിക്കപ്പെടുന്ന കാലം വരും’; ഇന്ത്യയിലെ ആദ്യ വീൽചെയർ ആങ്കർ എന്ന പദവി വീണയ്ക്ക് സ്വന്തം!

wwxfcfcdd

മാറ്റങ്ങൾ വരും ഞാൻ അതിനായി കാത്തിരിക്കുന്നു, വൈകല്യത്തിന് പകരം കഴിവുകൾ ആഘോഷിക്കപ്പെടുന്ന  സമയം വരും: ഇന്ത്യയിലെ ആദ്യത്തെ വീൽചെയർ ആങ്കർ എന്ന പദവി സ്വന്തമാക്കിയ വീണ വേണുഗോപാലൻ എന്ന പെൺകുട്ടി ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് തന്നെയാണ്. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന ജനിതക രോഗത്തിന്റെ വെല്ലുവിളികൾക്കപ്പുറം പറക്കാനുള്ള ചിറകുകൾ തുന്നുകയാണീ കൊടുങ്ങലൂർക്കാരി...

'ഒരു പാട്ട് പിന്നെയും പാടവേ തൻ കൊച്ചു ചിറകിന്റെ നോവ് മറന്ന് പോകെ, ഇനിയും പറക്കില്ല എന്നതോർക്കാതെയാ വിരിവാനം ഉള്ളാൽ പുണർന്നു കൊണ്ടേ വെട്ടിയ കുറ്റിമേൽ ചാഞ്ഞിരുന്നാർദ്രമായി ഒറ്റചിറകിന്റെ താളമോടെ ഒരു പാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി.'- സുഗതകുമാരിയുടെ ഈ വരികൾ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്നൊരാൾ കൊടുങ്ങല്ലൂരുണ്ട്... വീണ വേണുഗോപാലൻ. ഇന്ത്യയിലെ ആദ്യ വീൽചെയർ ആങ്കർ എന്ന പദവി വീണയ്ക്ക് സ്വന്തം.  വീൽചെയർ എന്നൊക്ക കേട്ട് സഹതപിക്കാനുള്ള കഥയല്ല വീണയുടേത്. സഹതാപതിനപ്പുറത്തേക്ക് ആത്മവിശ്വാസം കൊണ്ട് പറക്കാനാഗ്രഹിച്ച ആകാശം തോട്ട കഥയാണ്. 

ചെറുപ്പത്തിൽ എല്ലാവരെയും പോലെ സാധാരണമായി നടക്കുന്ന, ഓടുന്ന കുട്ടിയായിരുന്നു വീണയും. ഇടയ്ക്കിടെയുള്ള വീഴ്ച കുറച്ച് കൂടുതലുണ്ടായിരുന്നെന്ന് മാത്രം.  എട്ടാം ക്ലാസ്സ്‌ ആയതോടെ സംശയം കൂടി ഡോക്ടറെ കണ്ടു.  സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗത്തെ കുറിച്ച് അപ്പോഴാണ് അവർ അറിയുന്നത്. ചികിത്സ കൊണ്ടൊന്നും ഭേദമാക്കാത്ത രോഗമാണെന്നറിഞ്ഞിട്ടും പല ചികിത്സകൾ നടത്തി. ഫിസിയോതെറാപ്പി ചെയ്തു. ഏറിയും കുറഞ്ഞും നിന്ന വീഴ്ചകളും തളർച്ചയും പിജി ബോട്ടണി പഠനക്കാലത്ത് സകല രൗദ്ര ഭാവത്തോടെ എത്തി,  വീണയെ വീൽചെയറിലാക്കി. 

മാനസികമായി തളർന്നു പോയിടത്ത് നിന്ന് ജീവിതത്തിലേക്ക് തിരികെ നടത്തിയത് സമാന അവസ്ഥകളിലൂടെ കടന്ന് പോകുന്നവരുടെ സംഘടനയായ 'മൈൻഡിൽ' നിന്ന് ലഭിച്ച ഊർജമാണെന്ന് വീണ. അങ്ങനെയാണ് വീൽചെയർ ആങ്കർ എന്ന സ്വപ്നം കണ്ടു തുടങ്ങുന്നത്. ആദ്യം ചെറിയ പരിപാടികൾ ആങ്കർ ചെയ്തു തുടങ്ങിയ വീണ ടിവി പരിപാടിയും ചെയ്തു. അതാണ് രാജ്യത്തെ ആദ്യത്തെ വീൽചെയർ ആങ്കർ എന്ന പദവിയിലേക്ക് എത്തിക്കുന്നത്. 

"കഴിഞ്ഞ കുറച്ച് നാളായി അങ്കറിങ്ങ് തൽക്കാലത്തേക്ക് മാറ്റി വെച്ച് പിഎസ്സിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ... അപ്പോഴാണ് ഈ കാൾ വരുന്നത്. ഇത്‌ പോലും എനിക്കൊരു നിമിത്തമായിട്ടാണ് തോന്നുന്നത്. ഇതാണ് നിന്റെ വഴി എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നൊരു നിമിത്തം."- ഊർജത്തിന്റെ കലവറയായി വീണ പറയുന്നു. "2020 ജനുവരി വരെ ആണ് സ്റ്റേജ് ഷോ ഒക്കെ അവസാനമായി ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എനിക്ക് ഈ പറയുന്ന അംഗീകാരം കിട്ടുന്നത്. അന്ന് ഒരു ടിവി ചാനൽ അവതാരകയായിരുന്നു. ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയുടെ പ്രൊമോഷൻ ആണ് ഞാൻ ആദ്യമായി ചെയ്ത പരിപാടി.  അതിന് ശേഷം കൊച്ചു കൊച്ചു അവസരങ്ങൾ വന്നു. സമൂഹത്തിൽ മാറ്റങ്ങൾ പതിയെ പതിയെ ആണ് ഉണ്ടാകുന്നത്. വീൽചെയറിൽ ഇരുന്നാലും ഒരാൾക്ക് ആങ്കറിങ്ങ് ചെയ്യാം,  അവരെ കൂടി നമ്മൾ ഉൾക്കൊള്ളണം എന്നൊക്കയുള്ള തരത്തിൽ ആളുകൾക്കും മാറ്റമുണ്ടാകുന്നുണ്ട്. കെട്ടിടങ്ങൾ പോലും എല്ലാവർക്കും കയറാൻ പറ്റുന്ന തരത്തിൽ ആയി വരുന്നു.

ചുറ്റുമുള്ളവരാണ് എന്റെ പ്രചോദനം

wwwsdd55332

'മൈൻഡ്' എന്ന സംഘടന വഴിയാണ് എന്റെ ഇങ്ങനെയൊരു സ്വപ്നം ബാക്കിയുള്ളവർ അറിയുന്നതും ഞാൻ അവതാരക ആകുന്നതും. പാകിസ്ഥാനി മോട്ടിവേഷനൽ സ്പീക്കർ മുനിബ മസാരി എന്നെ സ്വാധീനിച്ചിട്ടുണ്ട്.  പക്ഷേ,  എന്റെ യഥാർത്ഥ പ്രചോദനം വരുന്നത് എനിക്ക് ചുറ്റുമുള്ള ആളുകളെ കണ്ടിട്ട് തന്നെയാണ്. പ്രത്യേകിച്ചും മൈൻഡിൽ ഉള്ളവർ. കൊച്ചു കുട്ടികൾ വരെ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോഴാണ് എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് തോന്നുന്നത്. നമുക്കെല്ലാവർക്കും ഒരു ലൈഫ് ചെയ്ഞ്ചിങ്ങ് മൊമെന്റ് ഉണ്ട് അത് നടന്ന് കഴിഞ്ഞ് അതിലെ പാഠങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞാൽ പിന്നെ നമ്മുടെ സ്വപ്നങ്ങളിലേക്ക് ഒക്കെ ഫുൾ സ്റ്റോപ്പ്‌ ഇല്ലാതെ പോകാം. 

'ഇനി വീണയ്ക്ക് പഴയ പോലെ ആകാൻ പറ്റില്ല' എന്ന് മൂന്ന് വർഷം മുൻപ് ഡോക്ടർമാർ പറഞ്ഞ ശേഷം എന്തായാലും മുന്നോട്ട് പോയെ തീരൂ എന്ന് ഞാൻ തീരുമാനിച്ചാടുത്തായിരുന്നു എന്റെ ലൈഫ് ചെയ്ഞ്ചിങ്ങ് മൊമെന്റ്. അവിടം മുതലാണ് ഞാൻ എന്റെ ജീവിതത്തെ ആഘോഷിക്കാൻ തീരുമാനിച്ചത്! നിങ്ങളെ മുന്നോട്ട് നയിക്കുന്നൊരു സ്വപ്നം കാണുക, അതിലേക്ക് ആർപ്പ് വിളിച്ചു ആവേശത്തോടെ അങ്ങ് പോവുക അത്ര തന്നെ. 

എനിക്ക് എല്ലാത്തിനും അമ്മയും സുഹൃത്തുക്കളും ഒക്കെ ഒപ്പമുണ്ട്, അതല്ലാത്തവരെയും ഞാൻ ഓർക്കാറുണ്ട്... എന്തൊക്കെ തന്നെയാണെങ്കിലും നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന് തന്നെ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. അതിനുള്ള അറിവും ആളുകളെയും സമ്പാദിക്കുക. അപ്പോ നമ്മുടെ ലോകം വലുതാകും.  പൗലോ കൊയ്‌ലോ പറയുന്നപോലെ 'എത്ര തീവ്രമായി ആഗ്രഹിക്കുന്നോ അതിനനുസരിച്ചു പ്രപഞ്ചം നിങ്ങൾക്ക് വേണ്ടി ഒപ്പം പ്രവർത്തിക്കും.' ചുരുക്കി പറഞ്ഞാൽ നമ്മൾ തന്നെയാണ് നമ്മുടെ ഏറ്റവും നല്ല മോട്ടിവേറ്റർ,  നമ്മുടെ ഉള്ളിൽ ജ്വലിക്കുന്ന ഒരു തീ ഉണ്ടാക്കുകയാണ് പ്രധാനം.

ഒറ്റമകളാണ് വീണ. നാല് മാസം മുൻപ് അച്ചൻ മരിച്ചു. എപ്പോഴും കൈത്താങ്ങായി ഒപ്പം അമ്മ സജീവനിയുണ്ട്. ഫിസിയോതെറാപ്പിയും വ്യായാമങ്ങളും ഒക്കെ തുടരുന്നു. തന്നെ നോക്കുന്നവരുടെ ഉള്ള് കുളിർപ്പിക്കുന്ന ചിരിയും കേൾക്കുന്നവരിൽ അഗ്നി പടർത്തുന്ന വാക്കുകളുമായി വീണ എന്ന രാജേശ്വരി സ്വപ്‌നങ്ങൾക്ക് ചിറക് തുന്നുന്നു.

veena443322
Tags:
  • Spotlight
  • Motivational Story