Tuesday 28 July 2020 11:34 AM IST : By സ്വന്തം ലേഖകൻ

തിരുച്ചിയിൽ ‘അഞ്ചു രൂപ ഡോക്ടറും’ മകനും കോവിഡ് ബാധിച്ച് മരിച്ചു! പ്രിയ ഡോക്ടറുടെ വിയോഗത്തിൽ കണ്ണീരോടെ ഗ്രാമവാസികൾ

trichy_doctor

തമിഴ്‌നാട്ടിലെ തിരുച്ചിയിൽ ‘അഞ്ചു രൂപ ഡോക്ടര്‍’ എന്നറിയപ്പെടുന്ന ഡോ. ഡി. ദേവദാസ് കോവിഡ് ബാധിച്ചു മരിച്ചു. 86 വയസ്സുകാരനായ ദേവദാസിന്റെ വിയോഗം തിരുവനൈകോയില്‍ ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. ഇദ്ദേഹത്തിന്റെ 56 വയസ്സുകാരനായ മകന്‍ അശോക് കുമാറും കോവിഡ് ബാധിച്ച് മരിച്ചു. ദേവദാസ് വ്യാഴാഴ്ചയും മകന്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്.

മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായിട്ടാണ് ഡോ. ദേവദാസ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തു. പിന്നീട് തിരുവനൈകോയിലില്‍ പാവങ്ങളെ ചികിത്സിക്കാനായി അദ്ദേഹം ക്ലിനിക് ആരംഭിച്ചു.

ക്ലിനികിന്റെ തുടക്കത്തിൽ രണ്ടു രൂപയായിരുന്നു ഫീസ്. പിന്നീടത് അഞ്ചു രൂപയാക്കി. 40 വര്‍ഷത്തോളമായി ഇവിടെ പാവപ്പെട്ടവരെ ചികിത്സിച്ചു വരുന്നു. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധാലുവായിരുന്നു ഡോക്ടർ ദേവദാസ്.  25 വര്‍ഷത്തോളം ശ്രീരംഗം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഭാഗമായിരുന്നു അദ്ദേഹം. 2014 മുതല്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. 

Tags:
  • Spotlight