Wednesday 26 February 2020 02:26 PM IST : By സ്വന്തം ലേഖകൻ

പ്രളയബാധിതർക്കായി നാലു പുതിയ വീടുകള്‍; വിവാഹവാര്‍ഷികത്തില്‍ നാടിനു സമർപ്പിച്ച് അധ്യാപക ദമ്പതികൾ!

flood-homes

അധ്യാപക ദമ്പതികളുടെ വിവാഹവാര്‍ഷികത്തില്‍ നാടിന് സമര്‍പ്പിച്ചത് നാലു പുതിയ വീടുകള്‍. പ്രളയത്തില്‍ എല്ലാം നഷ്ടമായ കുടുംബങ്ങള്‍ക്കാണ് മലപ്പുറം എടക്കരയിലെ മാത്യു ജെ. ഫിലിപ്പും ഭാര്യ സൂസണ്‍ മെര്‍ലിനും വീടു പണിയാന്‍ ഭൂമിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നല്‍കിയത്. 

പതിനേഴാം വിവാഹ വാര്‍ഷികദിനം അരികിലെത്തിയപ്പോഴാണ് നാടിനു വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന് ദമ്പതികള്‍ തീരുമാനിച്ചത്. പാലേമാട് വിവേകാനന്ദ സ്കൂളിലെ അധ്യാപകനായ മാത്യ ജെ. ഫിലിപ്പും ചുങ്കത്തറ മാര്‍ത്തോമ സ്കൂളിലെ അധ്യാപിക സുസണ്‍ മെര്‍ലിനും സ്വന്തം പേരിലുളള 17 സെന്റു ഭൂമി വീടു നിര്‍മാണത്തിന് സൗജന്യമായി വിട്ടു നല്‍കാന്‍ തീരുമാനിച്ചു. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായ നാട്ടുകാർക്ക് തന്നെ ഭൂമി കൈമാറി. 

നാലു സംഘടനകള്‍ വീടു നിര്‍മാണം ഏറ്റെടുത്ത് മാസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാക്കി. ചുണ്ടത്തുപൊയില്‍ നെഹറു ക്ലബ്, പരിയാപുരം സെന്റ് മേരീസ് സ്കൂള്‍, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, കാനഡ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നിവരാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. കവളപ്പാറ ദുരന്തത്തില്‍ മരിച്ച ബിനോയുടെ കുടുംബത്തിനും ഈ ഭൂമിയില്‍ വീടൊരുങ്ങിക്കഴി‍ഞ്ഞു. ഏഴു ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

Tags:
  • Spotlight
  • Motivational Story