Tuesday 07 April 2020 11:52 AM IST : By സ്വന്തം ലേഖകൻ

ഭക്ഷണവും കഴിക്കാം പ്രായവും കുറയ്ക്കാം ; ചെറുപ്പം കാക്കാൻ ഈ മാജിക് ആഹാരങ്ങൾ

fruits

ഭക്ഷണവും കഴിക്കാം പ്രായവും കുറയ്ക്കാം ; ചെറുപ്പം കാക്കാൻ ഈ മാജിക് ആഹാരങ്ങൾ

പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കാനും യുവത്വം കൂടുതൽ കാലം നില നിർത്താനും നമ്മൾ കഴിക്കുന്ന ആഹാരത്തിലൂടെ ഒരു പരിധി വരെ കഴിയും. പ്രായത്തെ പടിക്കുന്ന പുറത്തു നിർത്താൻ സഹായിക്കുന്ന ഈ മാജിക് ഫൂഡ്സ് ദിവസവും കഴിച്ചു നോക്കൂ.

1. തക്കാളി.

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന പിഗ്മെന്റ് ആണ് യുവത്വം കാക്കാൻ ശരീരത്തിനു കഴിവേകുന്നത്. അൾട്രാവയലറ്റ് രശ്മികൾ കാരണം ചർമത്തിലുണ്ടാകുന്ന ചുളിവുകളെ പ്രതിരോധിക്കാൻ ഇതിനു ശേഷിയുണ്ട്. തക്കാളി ഫ്രെഷ് ആയി കഴിക്കാതെ വേവിച്ച് കഴിക്കുമ്പോൾ ആണത്രേ ശരീരത്തിന് ഇതിലെ പോഷകം വേഗം ആഗിരണം ചെയ്യാൻ സാധിക്കുന്നത്. അതിനാൽ തക്കാളി അൽപം എണ്ണയിൽ വഴറ്റി കഴിക്കുന്നത് ദിവസവുമുള്ള ഡയറ്റിന്റെ ഭാഗമാക്കാം.

2. നട്ട്സ്

ദിവസവും ഒരു കൈപ്പിടി നിറയെ നട്ട്സ് കഴിച്ചാൽ ആരോഗ്യത്തിനു ഗുണകരമെന്നു മാത്രമല്ല, പ്രായത്തെ തോൽപിക്കാനുള്ള പോഷകങ്ങളും ശരീരത്തിനു കിട്ടുന്നു. ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ്, നിലക്കടല, പിസ്താച്യൂ ഇങ്ങനെ പല തരം നട്ട്സ് മിക്സ് ചെയ്തു കഴിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമത്തിന് തിളക്കം നൽകും.

3. മാതളം

മാതളം പോഷകങ്ങളുടെ കലവറയാണ്. ഒപ്പം ഇതിലെ വൈറ്റമിൻ സി ചർമത്തിൽ പെട്ടെന്നു ചുളിവുകൾ ബാധിക്കുന്നതിനെ തടയുന്നു. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മാതളം ജ്യൂസാക്കി നിത്യവും കഴിച്ചു നോക്കൂ. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ ചെറുത്തു തോൽപിക്കാം.

4. മഞ്ഞൾ

കറികളിലെല്ലാം നമ്മൾ ചേർക്കുന്ന മഞ്ഞൾ നിസ്സാരക്കാരനല്ല. യുവത്വത്തെ എന്നും കൂടെ നിർത്താൻ മഞ്ഞളിനുള്ള കഴിവ് ചെറുതല്ലെന്നറിയുക. തലച്ചോറിലെ കോശങ്ങൾക്ക് വാർദ്ധക്യലക്ഷണങ്ങൾ പിടിപെടാതെ തടയാനും അൾഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും മഞ്ഞളിനു കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചർമത്തിനു യുവത്വം നിലനിർത്താനും ഇതിലെ പിഗ്മെമെന്റ് സഹായിക്കുന്നു. മഞ്ഞൾ ആഹാരവസ്തുക്കളിലും കറികളിലും ചേർത്ത് കഴിക്കാൻ മറക്കേണ്ട.

5. ഓറഞ്ച്-

ഓറഞ്ചിലെ വൈറ്റമിൻ സിയും ജലാംശവും ചർമത്തെ വരൾച്ച അകറ്റി ഹൈഡ്രേറ്റ് ചെയ്യുന്നു. ഇത് ചർമം തിളക്കത്തോടെ നിലനിർത്താൻ കാരണമായ കൊളാജന്റെ നിർമാണത്തിനു സഹായിക്കുന്നു. ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചർമത്തെ പെട്ടെന്ന് ചുളിവുകൾക്കു കീഴ്പ്പെടുത്താതെ സംരക്ഷിക്കും.

6. അവൊക്കാ‍ഡോ.

അവൊക്കാഡോ യൗവനം കാക്കാനുള്ള പോഷകങ്ങൾ ധാരാളമടങ്ങിയതാണ്. ഇതിലടങ്ങിയിരിക്കുന്ന മോണോസാച്വറേറ്റഡ് കൊഴുപ്പ് ചർമത്തിന്റെ വരണ്ട അവസ്ഥ മാറ്റി സൗന്ദര്യത്തോടെ നിലനിർത്തും. ചർമത്തിന്റെ ആരോഗ്യത്തിനാവശ്യമായ മറ്റ് വൈറ്റമിനുകളെയും പോഷകങ്ങളെയും ആഗിരണം ചെയ്യാനും ഇത് സഹായകമാണ്.

7. ഓട്സ്

വെള്ള അരിയുടെ

ചോറ്, വൈറ്റ് ബ്രെഡ് തുടങ്ങിയ ധാന്യാഹാരങ്ങളിലടങ്ങിയിരിക്കുന്ന അന്നജം പെട്ടെന്ന് ചർമത്തിൽ ചുളിവുകളുണ്ടാക്കാൻ കാരണമാകുമ്പോൾ, ഓട് സ് പ്രായമേറുന്നതിന്റെ ലക്ഷണങ്ങളെ തടയുന്നു. സ്കിൻ ഡാമേജിനെ പ്രതിരോധിക്കുന്നു.

8. ഡാർക് ചോക്കലേറ്റ്.

ചോക്കലേറ്റ് പ്രേമികളെ സന്തോഷിപ്പിക്കുന്നതാണ് ഡാർക് ചോക്കലേറ്റിന് പ്രായത്തെ ചെറുക്കാൻ കഴിവുണ്ടെന്ന വാർത്ത. അമിതമാകാത്ത വിധത്തിൽ ഡാർക് ചോക്കലേറ്റ് ഇടയ്ക് കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് യുവത്വം കാക്കാനുള്ള കഴിവു നൽകുന്നത്. ഫ്ളവനോയ്ഡുകൾ ചർമത്തിലേക്കുള്ള രക്തചംക്രമണം കൂട്ടുന്നു. കൂടാതെ ഹൃദയാരോഗ്യം കാക്കാനും ഇതു സവിശേഷമാണത്രേ.

9. ഗ്രീൻ ടീ

ഗ്രീൻ ടീയുടെ ഗുണങ്ങൾ ഏറെക്കാലം മുൻപേ തിരിച്ചറിയപ്പെട്ടിട്ടുള്ളതാണ്. യൗവനം നിലനിർത്താനും ദീർഘകാലം ആരോഗ്യത്തോടെയിരിക്കാനും ഗ്രീൻ ടീയിലെ പോഷകങ്ങൾ സഹായിക്കുമെന്നാണു പഠനങ്ങൾ. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ഗ്രീൻ ടീ കുടിക്കാം. ഇത് ചെറുനാരങ്ങയും തേനും ചേർത്തു കുടിക്കുന്നത് വൈറ്റമിൻ സി ലഭിക്കാനും ചർമത്തിനു കൂടുതൽ ആരോഗ്യം ലഭിക്കാനും സഹായിക്കും.

10. തണ്ണിമത്തൻ.

വേനൽക്കാലത്ത് ധാരാളമായി കിട്ടുന്ന തണ്ണിമത്തൻ പ്രായത്തെ ചെറുക്കാൻ കഴിവുള്ള ആഹാരമാണെന്നോർക്കുക. ഇതിലെ ലൈക്കോപീൻ എന്ന ഘടകം സൺഡാമേജിൽ നിന്നും ചർമത്തെ കാക്കുന്നു. ജലാംശം ചർമത്തെ ഹൈഡ്രേറ്റഡ് ആക്കുന്നു. അമിതമായി സൂര്യപ്രകാശമേറ്റുണ്ടാകുന്ന ചുളിവും കരുവാളിപ്പും അകറ്റാനും സഹായിക്കുന്നു. തണ്ണിമത്തൻ ജ്യൂസ് പതിവാക്കാം.

Tags:
  • Spotlight