Saturday 04 April 2020 02:02 PM IST : By Shyama

ഗ്ലൗസും മാസ്കും സാനിറ്റെസറും എപ്പോഴും കയ്യിലുണ്ട്; സേഫാണ് ‍ഞങ്ങളുടെ യാത്ര! ഫുഡ് ഡെലിവറി ബോയ് പറയുന്നു

deliveryboy-food Representative image

നാട് മുഴുവൻ ലോക്ക്ഡൗണിൽ ആകുമ്പോഴും നാട്ടിലുള്ളവരെ ഊട്ടുന്ന ചിലരുണ്ട്. ഓൺലൈൻ ഓർഡർ വഴി ഭക്ഷണമെതിക്കുന്ന ഫുഡ് ഡെലിവറി ചെയ്യ്യുന്നവർ. പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നവർ, ഹോസ്റ്റൽ വാസികൾ, വീട്ടിൽ തനിച്ച് കഴിയുന്ന പ്രായമുള്ളവർ, ഭക്ഷണം പാകം ചെയ്യ്യാൻ ബുദ്ധിമുട്ടുള്ളവർ, അതിനു സമയമില്ലാതെ വീടുകളിരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ, ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടമില്ലാത്തവർ ഇങ്ങനെ പലർക്കും ഓൺലൈൻ ഭക്ഷണ വിതരണം ഒരാശ്വാസമാണ്.

മട്ടാഞ്ചേരി സ്വദേശി റിനീഷ് അടുത്ത ഫുഡ് ഡെലിവെറിക്കുള്ള ഓർഡർ ഹോട്ടലിൽ നിന്നെടുക്കാൻ കാത്തുനിൽക്കുന്ന നേരത്ത് വനിതയോട് അതേക്കുറിച്ചു പറയുന്നു:"ഞാൻ ഒന്നര വർഷമായി ഓൺലൈൻ ഓർഡർ വഴി ഭക്ഷണമെത്തിക്കുന്ന ഈ ജോലി ചെയ്യ്യുന്നു. ലോക്ക്ഡൗണിന് മുൻപ് കുറച്ച് ദിവസങ്ങൾ ആളുകൾ ഓർഡർ ചെയ്യ്യാൻ അൽപ്പം മടിച്ചിരുന്നു. ലോക്ക്ഡൗൺ വന്ന ശേഷം ഇപ്പൊ ആവശ്യക്കാർ ഏറെയുണ്ട്.

കോറോണയൊക്കെ കണക്കിലെടുത്തു ഒരു മുൻകരുതലായി ആപ്പിൽ ഇപ്പൊ നോ കോൺടാക്ട് ഓപ്ഷൻ ഒക്കെ വന്നിട്ടുണ്ട്, ഈ ഓപ്ഷൻ തിരഞ്ഞെടുത്ത് ഓർഡർ ചെയ്യ്യുന്നവരുടെ വീടിനു മുന്നിൽ ഭക്ഷണമെത്തിച്ച് നമ്മൾ അതിന്റെ ഫോട്ടോ അയച്ചു കൊടുക്കും അവർ ഓക്കേ പറയുമ്പോ ഡെലിവെർഡ് എന്ന് വരും. രാവിലെ 7 തൊട്ട് ആപ്പ് വഴിയുള്ള ഓർഡർ കൊടുത്തു തുടങ്ങാം. ഞാൻ ജോലി ചെയ്യ്യുന്ന സമയം കാലത്ത് 8 തൊട്ട് വൈകീട്ട് 8-8.30വരെ ഒക്കെ ആണ്. നേരത്തെ ഇത് വൈകീട്ട് 5മണി ആയിരുന്നു അത് നീട്ടിയിട്ടുണ്ട്. ഓർഡർ കൊടുക്കാനായി പനമ്പിള്ളി നഗർ തൊട്ട് ഇടപ്പള്ളി വരെ ഒക്കെ പോയി വരാറുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഇതേവരെ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഐഡി കാർഡ് ചോദിക്കും അത് വളരെ നല്ല കാര്യമാണ്, പിന്നെ ഞങ്ങൾക്ക് യൂണിഫോമും ഉണ്ട്. ഇതേവരെ ഒരു മോശം അനുഭവവും നമ്മുടെ നാട്ടിൽ നിന്നുണ്ടായിട്ടില്ല.

വളരെ സേഫ് ആയിട്ടാണ് യാത്ര ചെയ്യ്യുന്നതും സാധനങ്ങൾ കൈകാര്യം ചെയ്യ്യുന്നതും. ഗ്ലൗസും മാസ്കും ഹാൻഡ് സാനിടൈസറും ഒക്കെ എപ്പോഴും കൈയ്യിലുണ്ട്. മിക്കയാളുകളും ഓൺലൈൻ ആയി തന്നെയാണ് പണം അടക്കുന്നത്. ടെക്നോളജി ഒക്കെ എല്ലാവരും പഠിക്കുന്നത് കാണുന്പോ സന്തോഷമുണ്ട്‌’’...ഓർഡർ തയ്യാറായെന്ന് ഹോട്ടലിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ട് 'എന്നാ പിന്നെ ഞാനങ്ങോട്ട്... 'എന്നൊരു ചിരിയും പാസാക്കി നടന്നു.

Tags:
  • Spotlight