Tuesday 01 September 2020 11:29 AM IST

റെഡ് മീറ്റ്, സ്നാക്ക്സ്, കോഫി ഇവ പാടില്ല; പനിയുള്ള സമയത്ത് ഒഴിവാക്കേണ്ട ആഹാരത്തെ കുറിച്ച് അറിയാം

Sreerekha

Senior Sub Editor

fever-foods

ജലദോഷപ്പനിയുള്ളപ്പോൾ പലരും വിശപ്പില്ലെന്ന് പറഞ്ഞ് ആഹാരം തീരെ ഒഴിവാക്കാറുണ്ട്. ഇതു ശരിയല്ല. പനിയുള്ളപ്പോൾ നമ്മുടെ ശരീരം ദുർബലമായി പോകാതിരിക്കാനും രോഗത്തിനോടു പോരാടാനുള്ള ബലം കിട്ടാനും അത്യാവശ്യം പോഷണമുള്ള ഭക്ഷണം കഴിച്ചിരിക്കണം. അസുഖമുള്ളപ്പോൾ നമ്മുടെ ദഹനശക്തി കുറവായിരിക്കും. ഈ സമയത്ത് ലഘുവായ ആഹാരമാണ് കഴിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കുകയും വേണം. പനിയുള്ളപ്പോൾ ഒഴിവാക്കേണ്ട ആഹാരത്തെ കുറിച്ച് അറിഞ്ഞിരിക്കുക. 

∙ ദഹിക്കാൻ പ്രയാസമുള്ള കട്ടിയുള്ള ആഹാരങ്ങൾ തീർച്ചയായും പാടില്ല. റെഡ് മീറ്റ്, ആരോഗ്യകരമല്ലാത്ത സ്നാക്ക്സ്, സോഡ, കോഫി തുടങ്ങിയ ഈ സമയത്ത് വർജിക്കുക. 

∙ സ്പൈസി ആയ ഒരു ആഹാരവും പാടില്ല. 

∙ വയറിന് സുഖകരമായി തോന്നുന്നതും അധികം ഗ്യാസ് ഉണ്ടാക്കാത്തതുമായ ആഹാരമേ കഴിക്കാവൂ. 

∙ എണ്ണമയമുള്ള ആഹാരവും ഈ സമയത്ത് വേണ്ട. 

പനിയുള്ളപ്പോൾ കഴിക്കാൻ നല്ലതായ ആഹാരം: 

∙ പൊടിയരിക്കഞ്ഞി നല്ലതാണ്. പെട്ടെന്ന് ദഹിക്കും എന്നതാണ് പൊടിയരിയുടെ ഗുണം.  

∙ ജലദോഷപ്പനിയുള്ളപ്പോൾ ആരോഗ്യം നേടാൻ നല്ലതാണ് സൂപ്പുകൾ. ഇഞ്ചി ചേർന്ന സൂപ്പുകൾ, ചിക്കൻ സൂപ്പ് എന്നിവ ജലദോഷപ്പനി സമയത്ത് നല്ല ആഹാരമാണ്. ധാരാളം ജലാംശം ശരീരത്തിനു കിട്ടും. സൂപ്പിലെ പോഷകങ്ങളെ ശരീരത്തിനു പെട്ടെന്ന് ആഗിരണം ചെയ്യാൻ സാധിക്കും. 

∙ ഹെർബൽ ടീയും നല്ലതാണ്. 

∙ എണ്ണമയമില്ലാത്ത ചപ്പാത്തി, ഹോൾ വീറ്റ് ബ്രെഡ് ഇവയും പനിസമയത്ത് കൊടുക്കാം. 

∙ അവൽ ചൂടുപാലിൽ കുതിർത്ത് കുറുക്ക് രൂപത്തിൽ കൊടുക്കുന്നതും പനിസമയത്ത് നല്ലതാണ്. 

∙ തണുപ്പിക്കാത്ത ഓറഞ്ച് ജ്യൂസ് നൽകാം. ഇതിലെ വൈറ്റമിൻ സി ശരീരത്തിനു പ്രതിരോധ ശക്തിയേകുന്നു. 

Tags:
  • Spotlight