Thursday 04 October 2018 05:08 PM IST

‘വൈ ദിസ് മാൻ ഈസ് കോൾഡ് എ ജീനിയസ്’; കമന്ററി ബോക്സിനു പുറത്തെ ഷൈജു ദാമോദരൻ

Nithin Joseph

Sub Editor

sha

ലോകകപ്പിന്റെ ആവേശം കൊടിയിറങ്ങിയിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. പക്ഷേ, ആവേശച്ചിറകിൽ ആകാശത്തോളം ഉയർന്ന ആ ഡയലോഗുകൾ നിലത്തിറങ്ങിയിട്ടില്ല. പറന്നു കളിക്കുകയാണ് അ വ ഒാർമയിലും ട്രോളിലും.

‘നെഞ്ചിനകത്ത് നെയ്മർ, നെഞ്ചു വിരിച്ച് നെയ്മർ’, ‘നാൻ വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്’, ‘പന്നീങ്കെ താൻ കൂട്ടമാ വരും, സിങ്കം സിംഗിളാ താൻ വരും.’ ഫുട്ബോൾ കളിയുടെ ഇടയ്ക്ക് ആരെങ്കിലും ഇമ്മാതിരി ഡയലോഗ് പറയുമോ എന്ന് ചോദിക്കുന്നവരോട്, കമന്ററി ബോക്സിൽ ഷൈജു ദാമോദരനാണെങ്കിൽ ഇതല്ല, ഇ തുക്കും മേലെ പ്രതീക്ഷിക്കാം. ചരിത്രം, സാഹിത്യം, സിനിമ, സംഗീതം, എന്നിങ്ങനെ ഏതു ഫീ ൽഡിൽ നിന്നു സ്‌റ്റോക്കുണ്ട് പഞ്ച് ഡയലോഗ്.

ഇനി ബാക്കി കഥ നേരിട്ടു കേൾക്കാം കമന്റേറ്റർ ഷൈജു ദാമോദരന്റെ ശബ്ദത്തിൽ.

ഫുട്ബോൾ അറിയാത്തവർ പോലും താങ്കളുടെ ആരാധകരാണല്ലോ?

പലരും എന്നെ നേരിട്ടു കണ്ടാൽ തിരിച്ചറിയാറില്ല. പക്ഷേ, എന്റെ സ്വരം പരിചിതമാണ്. കുറച്ച് ദിവസം മുൻപ് ഭാര്യയുമൊത്ത് സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാൻ പോയി. ഞാൻ ഭാര്യയോട് ഉറക്കെ സംസാരിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് രണ്ട് പിള്ളേർ എന്റെയടുത്ത് വന്ന് ‘കമന്ററി പറയുന്ന ഷൈജുവേട്ടനല്ലേ’ എന്നു ചോദിച്ചു. അവരെന്നെ തിരിച്ചറിഞ്ഞത് ശബ്ദം കൊണ്ടാണ്. ശബ്ദമാണ് എന്റെ ആയുധം.

ഫുട്ബോൾ കളി കാണുന്നവർക്കിടയിലും ആളുകളുടെ ചർച്ചകളിലും എന്റെ പേര് പരിചിതമായി എന്നതു സന്തോഷമുള്ള കാര്യമാണ്.

സ്വന്തം കമന്ററിയിൽ ഏറ്റവും പ്രിയപ്പെട്ട ഡയലോഗ്?

എന്റെ കളിപറച്ചിൽ കേൾക്കുന്നവരിൽ ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയാത്ത കൊച്ചുകുട്ടികളും വീട്ടമ്മമാരും പ്രായമായവരുമുണ്ട്. ഇന്ത്യയുടെ കളി ലോകകപ്പിൽ കാണിക്കാത്തതിന്റെ കാരണം ചോദിക്കുന്നവർ പോലും അക്കൂട്ടത്തിലുണ്ട്. അവരെയെല്ലാം ഞാൻ തൃപ്തിപ്പെടുത്തണം.

താരങ്ങളുടെ ജീവിതകഥ മുതൽ രാജ്യങ്ങളുടെ ചരിത്രം വരെ പറയാറുണ്ട്. ഐ.എസ്.എല്ലിന്റെ മൂന്നാം സീസണ്‍ സമയത്താണ് ‘പൂമരം’ സിനിമയിലെ ‘ഞാനും ഞാനുമെന്റാളും’ പാട്ട് ഇറങ്ങിയത്. ഈ പാട്ട് കമന്ററിക്കിടെ പറയണം എന്നെനിക്ക് തോന്നി. പക്ഷേ, അതിനു പറ്റിയ അവസരം വന്നില്ല. സെമിഫൈനലിൽ ബ്ലാസ്‌റ്റേഴ്സ് ഡൽഹിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. ആ സമയത്ത് എന്റെ കമന്ററി ഇങ്ങനെയായിരുന്നു. ‘സച്ചിനും കോപ്പലും ആ പതിനൊന്നു പേരും ചേർന്ന് പ്രതീക്ഷകളുടെ പൂമരംകൊണ്ട് ഒരു കപ്പലുണ്ടാക്കി. ആ കപ്പലിലേറി ബ്ലാസ്‌റ്റേഴ്സ് ഐ.എസ്.എല്ലിന്റെ ഫൈനൽ തീരത്തേക്ക് എത്തിയിരിക്കുന്നു. കപ്പലിനെ നോക്കി കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികൾ ഒരേ സ്വരത്തിൽ പാടുന്നു, എന്തൊരഴക്, എന്തൊരു ഭംഗി.’

ഡയലോഗുകളിൽ ഏറ്റവുമധികം ഹിറ്റായത് ഇതാണ്. പറഞ്ഞ എനിക്കു പോലും രോമാഞ്ചമുണ്ടായി. പിന്നെയും ഒരുപാട് ഡയലോഗുകൾ പറഞ്ഞെങ്കിലും ഇതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. റൊണാൾഡോ ഹാട്രിക് അടിച്ചപ്പോള്‍ പറഞ്ഞ വാക്കുകളും ഫുട്ബോൾ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്..

സ്റ്റാർ ചാനലിൽ ആരോ ഒരിക്കൽ പറയുകയുണ്ടായി, ‘ഷൈജു ആളൊരു ഭ്രാന്തനാണ്. അതുകൊണ്ടാണ് ഇങ്ങനെ ഉന്മാദിയായി സംസാരിക്കാൻ സാധിക്കുന്നതെന്ന്.’ ഞാൻ ഉപയോഗിക്കുന്ന വാക്കുകളിൽ യാതൊരുവിധ പിശുക്കും കാണിക്കാറില്ല. നാവിൽ വരുന്നത് അതേപടി പറയുന്നു. ക്രിസ്‌റ്റ്യാനോ റൊണാൾഡോ പെനൽറ്റി നേടിയപ്പോൾ സംഭവിച്ചതും അതു തന്നെയാണ്.

സി,എൻ.എൻ, എൻ.ഡി ടിവി, തുടങ്ങിയ ദേശീയ മാധ്യമങ്ങളിൽ കമന്ററി വാർത്തയായി. ന്യൂസിലൻഡിലെ ഒരു പ്രമുഖ റേഡിയോ അതേക്കുറിച്ചു ചർച്ച ചെയ്തു. അൽ ജസീറ ചാനൽ അത് ഏറ്റെടുത്തു. റൊണാൾഡോ ഗോളടിച്ചപ്പോൾ ഞാൻ പറഞ്ഞത് ‘കബാലി’ സിനിമയിലെ രജനീകാന്തിന്റെ പഞ്ച് ഡയലോഗ് ആണ്. അപ്രതീക്ഷിതമെന്ന് പറഞ്ഞാൽ പോര, അപ്രതീക്ഷിതത്തിന്റെ അപ്പനാണ് ഇത്. യാഥാർഥ്യമോ സ്വപ്നമോ എന്നു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. എനിക്കു മാത്രം വട്ടായോ, അതോ നാട്ടുകാർക്കു മുഴുവൻ വട്ടായോ എന്ന സംശയത്തിലാണിപ്പോൾ.

ജോപോൾ അഞ്ചേരി പറയാറുള്ള ‘തീർച്ചയായും ഷൈജു’ വും ഹിറ്റായല്ലോ?

ജോപോൾ അഞ്ചേരിയുമൊത്തുള്ള കളിപറച്ചിലിൽ ഒത്തിരി പ്രയോഗങ്ങൾ ആളുകൾ ഏറ്റെടുത്തു. അതിലൊന്നാണ് ജോപോൾ എന്നോട് പറയുന്ന ‘തീർച്ചയായും ഷൈജു’ എന്ന ഡയലോഗ്. കോട്ടയം ഉഴവൂരിൽ ക്നാനായ യൂത്ത് മൂവ്മെന്റിന്റെ ഫുട്ബോള്‍ ടൂർണമെന്റിന് അതിഥിയായി പോയി. അവിടെയും കമന്ററി പറയണമെന്നായി ആവശ്യം. അവിടെ കണ്ട കളിയെക്കുറിച്ച് ഒരു കമന്ററിയങ്ങ് കാച്ചി. പറഞ്ഞു തീർന്നതും അവിടുത്തെ മുതിർന്ന അച്ചൻ ഒറ്റ ഡയലോഗ്, ‘തീർച്ചയായും ഷൈജു.’ നമ്മുടെ ഡയലോഗ് കേൾക്കുന്നവരുടെ മനസ്സിൽ നിൽക്കുന്നത് വലിയ കാര്യമല്ലേ?

കമന്ററി ബോക്സിലും സമ്മർദമുണ്ടോ?

ചെറിയ വലിയ ഒരു സത്യം പറയാം. ഔദ്യോഗിക കണക്കു പ്രകാരം ഈ ലോകകപ്പിലെ മുൻനിര ടീമുകളുടെ കളി മലയാളഭാഷയിൽ തൽസമയം കണ്ടത് 1 കോടി 41 ലക്ഷം പേരാണ്. കേരളത്തിലെ ആകെ ജനസംഖ്യ മൂന്നേമുക്കാൽ കോടിയാണ്. അതേസമയം ബംഗാളിലും ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി 20 കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ബംഗാളി. ആ ഭാഷയിൽ കളി കണ്ടത് 1 കോടി 45 ലക്ഷം പേരും. തൊണ്ണൂറു മിനിറ്റ് കൊണ്ട് പുറപ്പെടുന്ന പതിനായിരക്കണക്കിന് വാക്കുകൾ കേൾക്കുന്നതു കോടിക്കണക്കിന് ആളുകളാണ്. ചെറിയ തെറ്റിനു പോലും വലിയ വില കൊടുക്കേണ്ടി വരും, ‘വലിയ വില.’

ഫുട്ബോളിനോടുള്ള ഇഷ്ടം തുടങ്ങുന്നത്?

മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള വികാരമാണ് ഫുട്ബോൾ. മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്ന കാലത്ത് 2001 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ 10 സന്തോഷ് ട്രോഫി ടൂർണമെന്റുകൾ നേരിട്ടു കണ്ട് റിപ്പോർട്ട് ചെയ്തു. അങ്ങനെ എന്റെ ഉള്ളിൽ ഒരു ഫുട്ബോൾ നിരീക്ഷകനുണ്ടായി. കമന്റേറ്ററായത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ്. പക്ഷേ, അന്ന് മലയാളം കമന്ററി എന്നതു പലർക്കുമൊരു കോമാളിക്കളി മാത്രമായിരുന്നു. പിന്നീട് ഐ.എസ്.എൽ വന്നപ്പോൾ മലയാളം കമന്ററി പറയാൻ എന്നെ വിളിച്ചു. കമന്ററിക്കായി നന്നായി ഹോംവർക് ചെയ്യാറുണ്ട്. ഓരോ കളിക്കാരെ കുറിച്ചും വ്യക്തമായി പഠിക്കും. സിനിമകളിലെ പഞ്ച് ഡയലോഗുകൾ കുറിച്ചു വെക്കും. പക്ഷേ, ഒരു കിടിലൻ ഗോൾ അടിക്കുമ്പോൾ, തോൽവിയുടെ വക്കിൽനിന്ന് ഒരു ടീം പൊരുതി ജയിക്കുമ്പോൾ, നമുക്കും ആവേശം കൂടും. ആ ആവേശം തൽസമയം പറയുമ്പോൾ മനസ്സിൽ തോന്നുന്നത് എന്താണോ, അതങ്ങ് പറയും. ഉള്ളിലുള്ളത് ഒട്ടും കുറയ്ക്കാതെ പുറത്തേക്ക് വിടുന്ന ആളാണ് ഞാൻ. അത് തന്നെയാണ് കമന്ററിയിലും ചെയ്യുന്നത്.

തുറന്നടിച്ചുള്ള സംസാര രീതി പണിയാകാറുണ്ടോ?

എനിക്ക് ഒരു കാര്യത്തെയും നയപരമായി സമീപിക്കാൻ അറിയില്ല. എന്തും തുറന്നു പറയും. കലൂർ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായപ്പോൾ ശക്തമായി പ്രതികരിച്ചു. പലരും പ്രതികരിക്കാൻ പേടിച്ചുനിന്ന വിഷയമായിരുന്നു. അതിന്റെ പേരിൽ കുറേ പഴി കേട്ടു. അതിൽ വിഷമമില്ല. പറയാനുള്ളത് പറഞ്ഞല്ലോ.

പക്ഷേ, പിറ്റേന്ന് എനിക്കൊരു ഫോൺകോൾ വന്നു. നല്ല പരിചയമുള്ള ശബ്ദം. ‘നിങ്ങൾ ഇന്നലത്തെ ചർച്ചയിൽ സംസാരിച്ചത് ഞാൻ കണ്ടു. വളരെ സത്യസന്ധവും ആത്മാർഥവും ധീരവുമായ പ്രതികരണമായിരുന്നു. ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുക. അഭിനന്ദനങ്ങൾ’. ഡയലോഗ് ഡെലിവറിയിൽ എനിക്കെന്നും മാതൃകയായ സുരേഷ് ഗോപിയായിരുന്നു വിളിച്ചത്.

കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല ഇതുവരെ?

SD11

നമ്മൾ സംസാരിക്കുന്ന ഈ സമയം വരെ എനിക്ക് ഒരു ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്. ഭാര്യ ആശ അക്ബർ. പ്രണയവിവാഹമായിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന പത്രത്തിൽ ഇന്റേൺഷിപ് ചെയ്യാൻ വന്നതാണ് ആശ. എറണാകുളം കറുകപ്പള്ളിയിലാണ് ആശയുടെ വീട്. അടുപ്പവും പ്രണയവും വിവാഹവും മക്കളും കുടുംബവുമൊക്കെയായി വളർന്നു കൊണ്ടിരിക്കുന്നു. അഭിനവ്, അഥിനവ് എന്നാണ് മക്കളുടെ പേരുകൾ. വീട് കലൂർ സ്‌റ്റേഡിയത്തിന്റെ അടുത്താണ്. സുപ്രഭാതം പൊട്ടി വിടർന്നാൽ ആ സമയത്ത് നമ്മളും ഉണർന്നാൽ കാണുന്ന ആദ്യ കാഴ്ച കലൂർ സ്റ്റേഡിയം ആണ്.

സച്ചിനൊപ്പം വേദി പങ്കിടാനുള്ള അവസരങ്ങൾ?

കഴിഞ്ഞ സീസൺ ഐ.എസ്.എല്ലിൽ കളി തുടങ്ങുന്നതിനു മു ൻപ് ചെറിയ പരിപാടി ഉണ്ടായിരുന്നു. അന്ന് വേദിയിൽ സച്ചിന്റെ അടുത്ത് ഇരിക്കാനുള്ള അവസരം എനിക്ക് കിട്ടി. പക്ഷേ, എനിക്ക് അവിടെ ഇരിപ്പുറച്ചില്ല.

ഞാൻ എഴുന്നേറ്റ് തൊട്ടുതാഴെയുള്ള നിരയിൽ പോയിരുന്നു. സച്ചിനു താഴെ ഇരുന്ന് ഞാനൊരു സെൽഫി എടുത്തു. അദ്ദേഹം എനിക്കു വേണ്ടി ചിരിച്ചുകൊണ്ട് പോസ് ചെയ്തു. ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇങ്ങനെ കുറിച്ചു, ‘എപ്പോഴും ദൈവത്തിന്റെ കാൽചുവട്ടിൽ ഇരിക്കാനാണ് എനിക്കിഷ്ടം.’

ലോകകപ്പിലെ ഇഷ്ട ടീമും ഇഷ്ടതാരവും?

എന്റെ രാജ്യം ലോകകപ്പിൽ കളിക്കാത്ത കാലത്തോളം എനിക്ക് അങ്ങനെ പ്രിയപ്പെട്ട ഒരു ടീമില്ല. 32 ടീമുകളെയും, 736 താരങ്ങളെയും ഒരുപോലെ ഇഷ്ടമാണ്. മെസി ഗോളടിക്കുമ്പോൾ ഞാൻ അലറും. റൊണാൾഡോ ഗോളടിക്കുമ്പോൾ തുള്ളിച്ചാടും. നെയ്മർ ഗോളടിക്കുമ്പോൾ ആർപ്പു വിളിക്കും. ആ സമയം ഞരമ്പിൽ ചോരയെ ഓവർലാപ് ചെയ്ത് കുതിക്കുന്നത് ഒന്നു മാത്രം. ഫുട്ബോൾ എന്ന വികാരം.