Saturday 28 November 2020 12:01 PM IST : By സ്വന്തം ലേഖകൻ

‘മരിക്കും വരെ മനസ്സിലുണ്ടാവും ആ ടാറ്റൂ’; മറഡോണ നമ്പർ 10, കാലില്‍ പച്ചകുത്തിയ കടുത്ത ആരാധകന്‍! അനുസ്മരിച്ച് ഐഎം വിജയൻ

maradona44355

ഐഎം വിജയന്റെ ഇടതുകാലിന്റെ മസിലിൽ ഒരിക്കലും മായാത്ത വിധം ടാറ്റൂ ചെയ്തിരിക്കുകയാണ് – മറഡോണ നമ്പർ 10 എന്ന വാക്ക്. വലത്തേക്കാലിൽ പെലെ നമ്പർ 10 എന്നും. ടാറ്റൂ എഴുതാൻ അറിയാവുന്ന ഒരു സുഹൃത്ത് എന്ത് എഴുതിത്തരണം വിജയേട്ടാ എന്നു ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മറഡോണ നമ്പർ 10 എന്നുതന്നെ ആദ്യം എഴുതിച്ചു.

അത്രയും ഇഷ്ടമാണ് വിജയനു മറഡോണയെ. ആ കളിയുടെ മികവ് കണ്ട് കോരിത്തരിച്ച ഓർമകളുണ്ട്.  വെറുതെ അങ്ങോട്ടുമിങ്ങോട്ടും  തട്ടിക്കളിക്കുന്നയാളല്ല. മുന്നേറ്റവും ഗോളടിയുമെല്ലാം ശീലമാക്കിയ ടോട്ടൽ ഫുട്ബോളർ ആയിരുന്നു മറഡോണയെന്നു വിജയൻ പറയുന്നു.

കണ്ണൂർ സ്റ്റേഡിയത്തിൽ മറഡോണയെ കാണാനും ഒപ്പം  പന്തു തട്ടിക്കളിക്കാനും കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. വിയർത്തുകുളിച്ച് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു തിരിച്ചിറങ്ങി വരുമ്പോൾ  സ്റ്റിഡയത്തിനു പുറത്ത് കുറേ പിള്ളേർ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. മറഡോണയുടെ ആ വിയർപ്പ് ഞങ്ങളുടെ ദേഹത്തും പറ്റട്ടെ എന്നു പറഞ്ഞായിരുന്നു ആ കെട്ടിപ്പിടുത്തം. മരിക്കുംവരെ മായാതെ മനസ്സിലുണ്ടാവും മറഡോണയെന്ന ആ ടാറ്റൂ.

കാൽഡിയനിലെ പന്തിലുണ്ട്; ആ കയ്യൊപ്പ്

thrissur-vijayan-2.jpg.image.845.440

ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണയുടെ  കയ്യൊപ്പ് പതിഞ്ഞ ഫുട്ബോൾ തൃശൂർ കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ അമൂല്യനിധിയായി സൂക്ഷിച്ചിട്ടുണ്ട്. സ്കൂൾ പൂർവവിദ്യാർഥിയായ ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരം പ്രിൻസിപ്പൽ അബിപോളിന്റെ നേതൃത്വത്തിൽ പോയ സ്റ്റാഫ് അംഗങ്ങളുടെ മുന്നിൽവച്ച് 2 പന്തുകളിൽ മറഡോണ ഒപ്പിട്ടു നൽകുകയായിരുന്നു.

ഇത് വലിയചടങ്ങിൽ വച്ച്  സ്കൂൾ രക്ഷാധികാരിയായ ആർച്ച്ബിഷപ് ഡോ. മാർ അപ്രേമിനു കൈമാറി. മറഡോണ കോർണർ എന്നു പേരിട്ട സ്ഥലത്ത് ഇതു സൂക്ഷിച്ചിരിക്കുന്നു. നവീൻ, അനീഷ്, സോജൻ, റോയ്, പോൾ, തിമോത്തി എന്നിവരടങ്ങുന്ന സംഘമാണ് മറഡോണയെ സന്ദർശിച്ചത്.

പാപ്പച്ചന്റെ നഷ്ടം 

thrissur-vijayan-3.jpg.image.845.440

‘‘എന്റെ മനസ്സിൽ കുടിയിരുത്തിയിരിക്കുന്ന ഒരു കളിക്കാരനാണു മറഡോണ. ചെറുപ്പകാലത്ത്  ടിവിയിൽ മറഡോണയുടെ കളി കാണാൻ  ഒന്നരക്കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയിരുന്നത് ഓർക്കുന്നു. ഗോൾ പോസ്റ്റിലേക്കു കുതിക്കുന്നതിനിടെ പന്ത് ഡ്രിബ്ൾ ചെയ്യുന്നതിലെ ആ മികവ് ആരും നോക്കിയിരുന്നു പോകുമായിരുന്നു. അദ്ദേഹം കണ്ണൂരിൽ വന്നപ്പോൾ കാണാൻ പോകാൻ ക്ഷണം ലഭിച്ചതാണ്. പക്ഷേ, ഔദ്യോഗിക തിരക്കുകൾ മൂലം കഴിഞ്ഞില്ല.’’

‘മറഡോണ’ ദുഃഖിതനാണ് 

thrissur-vijayan-4.jpg.image.845.440

മറഡോണ 1986  ജൂണിൽ ലോക ഫുട്ബോൾ കിരീടം അർജന്റീനയ്ക്ക് നേടിക്കൊടുത്തപ്പോൾ അതേ വർഷം പാലയൂർ ചൊവ്വല്ലൂർ ദേവസി–ആനി ദമ്പതികൾക്ക് പിറന്ന ആൺകുഞ്ഞിന് മറഡോണയെന്ന് പേരിട്ടു. ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിൽ ദു:ഖിതനാണ് ചാവക്കാട്ടെ മറഡോണ. 1986 ജൂൺ ഒൻപതിനാണ് ചാവക്കാട്ടെ മറഡോണയുടെ ജന്മദിനം. മറഡോണ കണ്ണൂരിൽ ജ്വല്ലറി ഉദ്ഘാടനത്തിനു വന്നപ്പോൾ കാണാൻ പോയിരുന്നു. നേരത്തെ ദുബായിൽ ജോലി ചെയ്യുമ്പോൾ മറഡോണ കാറിൽ പോകുന്നത് കണ്ട ഓർമ ഇപ്പോഴും മനസ്സിലുണ്ട്.

Tags:
  • Spotlight