Friday 04 October 2019 06:47 PM IST : By സ്വന്തം ലേഖകൻ

‘ഇനിയൊരിക്കലും ഈ കാഴ്ചകൾ കാണില്ല, അനുഭവിക്കുകയുമില്ല; സ്വന്തം ഭൂമിയിൽ ഞങ്ങൾ അഭയാർത്ഥികളായി!’

maradu-hhfds

വർഷങ്ങളോളം സ്വരുക്കൂട്ടിവച്ച സമ്പാദ്യം കൊണ്ട് ആശിച്ചു വാങ്ങിയ കിടപ്പാടത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയാണ് അവർ. കൊച്ചി മരട് ഫ്ലാറ്റിൽ നിന്ന് പ്രമുഖർ ഉൾപ്പെടെയുള്ളവർ കടുത്ത മാനസിക സംഘർഷത്തോടെയാണ് പടിയിറങ്ങുന്നത്. ഇക്കൂട്ടത്തിൽ ഐആർഎസ് ഉദ്യോഗസ്ഥനും ഡിപി വേൾഡ് ജനറൽ മാനേജരുമായിരുന്ന സുരേഷ് ജോസഫുമുണ്ട്. ജീവിതത്തിൽ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിപ്പിൽ പറയുന്നു. 

മരട് അൽഫ സെറിനിലെ 14ാം നിലയിലെ താമസക്കാരനായിരുന്നു സുരേഷ് ജോസഫ്. വൈകാരികമായ കുറിപ്പിനൊപ്പം ഫ്ലാറ്റിൽ നിന്നുള്ള മനോഹര ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ഫ്‌ളാറ്റിൽ നിന്ന് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയതോടെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു അദ്ദേഹം. സ്വന്തം വീട് ഉപേക്ഷിച്ചു പോകേണ്ടിവന്നതിനു പിന്നിൽ സംഘടിതമായ വഞ്ചനയാണെന്നാണ് സുരേഷ് ജോസഫ് ആരോപിക്കുന്നു. സംവിധായകൻ ലാൽ ജോസിനൊപ്പം കൊച്ചിയിൽ നിന്നും കാർ മാർഗ്ഗം ലണ്ടനിലേക്ക് യാത്ര ചെയ്ത സഞ്ചാരി കൂടിയാണ് സുരേഷ് ജോസഫ്. 

"കള്ളം പറയുന്ന സർക്കാരും നിശ്ചയദാർഢ്യമില്ലാത്ത ഉദ്യോഗസ്ഥരും വഞ്ചകരായ നിർമ്മാതാക്കളും ധാർഷ്ട്യമുള്ള നിയമവ്യവസ്ഥയും, ജന്മനാട്ടിൽ ഒരു വീട് സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്ത പണവുമായി എത്തിയ ഞങ്ങളെ നിഷ്‌കരുണം സ്വന്തം ഭൂമിയിൽ അഭയാർഥികളാക്കി മാറ്റി. സംരക്ഷിക്കേണ്ട ഭരണകൂടവും ജനാധിപത്യത്തിന്റെ തൂണുകളും പൗരന്മാർക്ക് നീതി നിഷേധിക്കുമ്പോൾ അത് സ്വേച്ഛാധിപത്യമാണ്.

2019 മെയ് എട്ടിന് സുപ്രീംകോടതി വിധി വന്നതോടെ ഞങ്ങളുടെ ജീവിതം നിശ്ചലമായി. 2018 ൽ കേരളത്തെ തകർത്ത വെള്ളപ്പൊക്കത്തിന് നിയമലംഘകരായ ഞങ്ങളാണ് ഉത്തരവാദികൾ എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. എന്നാൽ കഴിവില്ലാത്ത രാഷ്ട്രീയക്കാരും നിസ്സംഗരായ ഉദ്യോഗസ്ഥരും സത്യം മറച്ചുവച്ചു. 2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്ക സമയത്ത് ആൽഫ സെറീന് മുന്നിലെ ജലനിരപ്പ് 10 സെന്റിമീറ്റർ പോലും ഉയർന്നിരുന്നില്ല. 

ഇന്ന് ഞാനെന്റെ വീട് ഉപേക്ഷിക്കുകയാണ്. ഇന്ത്യൻ റെയിൽ‌വേയിൽ നിന്നുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങളും വായ്പയും, 'സമാധാനപരമായി' ഒഴിപ്പിക്കാൻ അനുവദിച്ച അഞ്ച് ദിവസത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ എനിക്ക് രക്ഷിക്കാൻ കഴിയുന്നതെന്തും കൊണ്ട്. ബാൽക്കണിയ്ക്ക് പുറത്തേക്ക് നോക്കി ഞാൻ നിന്നു. ഇനിയൊരിക്കലും ഈ കാഴ്ചകൾ ഞാൻ കാണില്ല, അനുഭവിക്കുകയുമില്ല.  ഞാൻ പകർത്തിയ, എന്റെ ബ്യൂട്ടിഫുൾ കൊച്ചിയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ. എല്ലാം കഴിഞ്ഞു. പൂർത്തീകരിച്ച സ്വപ്നങ്ങൾ ഇതാ ഇവിടെ തകർന്നു കിടക്കുന്നു. 

സർക്കാരിന്റെയും ബ്യൂറോക്രസിയുടെയും ബിൽഡറുടെയും ജുഡീഷ്യറിയുടെയും നീചമായ കൈകളാൽ നിർബന്ധിതനായി വീണ്ടും നാടോടികളാകേണ്ട സമയമാണിത്. ഇതിൽ വിരോധാഭാസം എന്തെന്നാൽ, ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്ന ദിവസം നികുതി അടച്ചുകൊണ്ട് രാഷ്ട്രനിർമ്മാണത്തിന് ഞാൻ നൽകിയ സംഭാവനയ്ക്ക് (2017-18, 2018-19 വർഷങ്ങളിൽ) എനിക്ക് കേന്ദ്രത്തിൽ നിന്ന് സിൽവർ സർട്ടിഫിക്കറ്റുകൾ ലഭിച്ചു എന്നതാണ്. ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഞാൻ സംഭാവന നൽകി, എന്നാൽ ഞാൻ നിർമ്മിച്ച വീട് എനിക്കിവിടെ നഷ്ടപ്പെട്ടു. ജയ് ഹിന്ദ്."- വൈകാരികമായി സുരേഷ് ജോസഫ് കുറിക്കുന്നു.  

Tags:
  • Spotlight
  • Social Media Viral