Thursday 30 September 2021 01:04 PM IST : By സ്വന്തം ലേഖകൻ

കാലിൽ കടിച്ചപ്പോൾ തള്ളിമാറ്റാൻ ശ്രമിച്ചു, തലയിലും കടിച്ചു; കുറുക്കന്റെ ആക്രമണത്തിൽ ആഴത്തിൽ മുറിവ്, 20,000 രൂപയുടെ കുത്തിവയ്പ്

foxxxattacked

സൗത്ത് പാമ്പാടിയിൽ പകലും രാത്രിയും നടന്ന കുറുക്കന്റെ ആക്രമണത്തിൽ മൂന്നു പേർക്കു പരുക്കേറ്റു. വീടിന്റെ മുറ്റത്തുവച്ചാണ് 3 പേർക്കു നേരെയും ആക്രമണമുണ്ടായത്. സൗത്ത് പാമ്പാടി മാലത്ത് സജിയുടെ ഭാര്യ ബിൻസി(50), അയൽവാസി മന്നേടത്ത് തോമസ് ഫിലിപ്പ് (51) എന്നിവർക്കാണ് പകലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റത്. രാത്രി 8 മണിയോടെയാണ് വത്തിക്കാൻ കവല കോലമ്മാക്കൽ സിബിക്ക് ആക്രമണത്തിൽ പരുക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു ആദ്യ ആക്രമണം. കോഴികളുടെ ബഹളം കേട്ട് പട്ടികൾ ശല്യം ചെയ്യുകയാണെന്നു കരുതിയാണ് ബിൻസി മുറ്റത്തേക്കിറങ്ങിയത്. കുറുക്കനാണെന്നു മനസ്സിലായ ബിൻസി പിന്മാറുന്നതിനു മുൻപ് ആക്രമിക്കുകയായിരുന്നു. കാലിൽ കടിച്ചപ്പോൾ കുനിഞ്ഞു തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ തലയിലും കടിച്ചു. ബിൻസിയുടെ ബഹളം കേട്ടാണ് അയൽക്കാരനായ തോമസ് എത്തിയത്. തോമസിന്റെയും കാലിലാണ് കടിച്ചത്. ഇരുവർക്കും ആഴത്തിലുള്ള മുറിവാണേറ്റത്. 

അയൽവാസികളാണ് ഇരുവരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും 20,000 രൂപയുടെ പേവിഷ പ്രതിരോധ സീറം എടുക്കേണ്ടിവന്നു. വീട്ടുമുറ്റത്തിനു സമീപം നിൽക്കുമ്പോഴാണ് സിബിയെ രാത്രിയിൽ കുറുക്കൻ ആക്രമിച്ചത്. കാലിനു ചെറിയ മുറിവു മാത്രം സംഭവിച്ചതിനാൽ പാമ്പാടി ആശുപത്രിയിൽനിന്നു കുത്തിവയ്പ്പെടുത്തതിനുശേഷം ഡിസ്ചാർജ് ചെയ്തു. (വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ കയ്യിലോ കാലിലോ കടിച്ചാൽ സാധാരണ ഉപയോഗിക്കുന്ന വാക്സീനായ ഇക്വിൻ എടുത്താൽ മതിയാകും. വന്യമൃഗങ്ങളുടെ കടി ആഴത്തിലേറ്റാൽ സീറം കുത്തിവയ്ക്കണം.)

ഇവരുടെ വീടുകൾക്കു സമീപമുള്ള കാടുപിടിച്ച പറമ്പുകളാണ് കുറുക്കന്മാരുടെ കേന്ദ്രം. പലതവണ പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. സൗത്ത് പാമ്പാടിയിലെ കല്ലാപ്പുറം, മുളെയക്കുന്ന്, കൈതമറ്റം, നെടുങ്ങേറ്റുമല എന്നിവിടങ്ങളിൽ കാട്ടുപന്നി, കുറുക്കൻ എന്നിവയുടെ ആക്രമണം പതിവാണ്. പലതവണ വളർത്തു മൃഗങ്ങൾക്ക് കുറുക്കന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വീടുകളിൽ കോഴി വളർത്തൽ പോലും ഉപേക്ഷിച്ചെന്ന് പ്രദേശവാസിയായ കോഴിപ്പള്ളിൽ സിജു.കെ.ഐസക്ക് പറഞ്ഞു. രണ്ടാഴ്ച മുൻപാണു നാട്ടിലിറങ്ങിയ കാട്ടുപന്നികളെ പാമ്പാടിയിൽ വെടിവച്ചു കൊന്നത്. അന്നു വനപാലകരോടു കുറുക്കൻ ശല്യത്തിന്റെ കാര്യം പറഞ്ഞിരുന്നുവെന്നു വാർഡ് അംഗം സാബു എം.ഏബ്രഹാം പറഞ്ഞു.

എന്തുകൊണ്ടു കുറുക്കന്റെ ആക്രമണം?

കുറുക്കൻ പണ്ടും നാട്ടിലുണ്ട്. മാലിന്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ കുറുക്കന്മാർ താവളമടിക്കും.– ഡോ.പി.എസ്.ഈസ വന്യജീവി ഗവേഷകൻ

കുറുക്കൻ കടിച്ചാൽ എന്തു ചെയ്യണം?

കുറുക്കൻ കടിച്ചാൽ ഉടനെ പേവിഷ ബാധ ഏൽക്കാതിരിക്കാനുള്ള സീറം കുത്തിവയ്പു തന്നെ എടുക്കണം. തലയിലേൽക്കുന്ന മുറിവ് അപകടകരമാണ്.– ഡോ.പി.ബിജു സീനിയർ വെറ്ററിനറി സർജൻ ഏറ്റുമാനൂർ മൃഗാശുപത്രി

Tags:
  • Spotlight