Thursday 25 June 2020 04:30 PM IST

ഫ്രിഡ്ജിലെ കറ കളയാന്‍ ടൂത്ത്‌പേസ്റ്റ്; ചാര്‍ക്കോളും പേപ്പര്‍ കവറും ദുര്‍ഗന്ധമകറ്റും! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

V N Rakhi

Sub Editor

GettyImages-652543406-95446662a21547d3b13d7d223560e572

ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ അല്‍പം ക്ലിയര്‍ അമോണിയ, ഒരു സ്പൂണ്‍ വിനിഗര്‍, ഒന്നോ രണ്ടോ നുള്ള് ബേക്കിങ് സോഡ എന്നിവ കലര്‍ത്തി ലായിനി തയാറാക്കുക. ഇതൊരു സ്‌പ്രേ ബോട്ടിലില്‍ ഒഴിച്ച് സ്‌പ്രേ ചെയ്‌തോ ബൗളിലെടുത്ത് സ്‌പോഞ്ചില്‍ മുക്കിയോ റഫ്രിജറേറ്റര്‍ മുഴുവനായി തുടയ്ക്കുക. ഇത് പൂപ്പലും ഫ്രിഡ്ജിനകത്തെ വിഷമയമായ വായുവും ഇല്ലാതാക്കും. ഈ മിശ്രിതം മള്‍ട്ടിപര്‍പ്പസ് ക്ലീനര്‍ ആയും ഉപയോഗിക്കാം. 

റഫ്രിജറേറ്റിന്റെ മുകളില്‍ പറ്റിപ്പിടിച്ച കൊഴുത്ത രൂപത്തിലുള്ള അഴുക്കും ദുര്‍ഗന്ധവും ഇല്ലാതാക്കാന്‍ ഫ്രിഡ്ജിന്റെ പ്രതലത്തില്‍ പേസ്റ്റ് വാക്‌സ് പോളിഷ് ചെയ്തു കൊടുത്താല്‍ മതി. ഫ്രിഡ്ജില്‍ പറ്റിപ്പിടിച്ച കടുത്ത കറകള്‍ കളയാന്‍ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് ആ ഭാഗത്ത് നല്ലതുപോലെ തിരുമ്മിക്കൊടുത്താല്‍ മതി. നല്ല മണവും കിട്ടും. 

ഫ്രിഡ്ജിന്റെ അടിവശത്ത് അടിഞ്ഞ പൊടി വൃത്തിയാക്കാനായി ഒരു വടിയില്‍ കട്ടികുറഞ്ഞ തുണി ചുറ്റി അത് അടിവശത്ത് കടത്തി തുടച്ചെടുക്കാം. റഫ്രിജറേറ്ററിനു പുറകിലുള്ള ട്രേയില്‍ വെള്ളം നിറഞ്ഞിട്ടുണ്ടെങ്കില്‍ ദുര്‍ഗന്ധമുണ്ടാകാം. അത് വൃത്തിയുള്ള മറ്റൊരു തുണി ഉപയോഗിച്ച് തുടച്ചെടുക്കണം. 

ഫിഷ് അക്വേറിയത്തിലിടാന്‍ ഉപയോഗിക്കുന്ന ചാര്‍ക്കോള്‍ അഥവാ കരിക്കട്ട വൃത്തിയാക്കിയ ഒരു പഴയ സോക്‌സില്‍ നിറച്ച് മുകള്‍ഭാഗം കെട്ടുക. ഫ്രിഡ്ജിനകത്ത് പുറകില്‍ എവിടെയെങ്കിലും ഇത് വയ്ക്കുക. അതിനകത്തെ ദുര്‍ഗന്ധം മുഴുവന്‍ വലിച്ചെടുത്ത് ഫ്രെഷ് ഫീല്‍ നല്‍കും. ഇത് ഒരു മാസം വരെ ഉപയോഗിക്കാം. അതിനുശേഷം സോക്‌സിനകത്തെ പഴയ ചാര്‍ക്കോള്‍ മാറ്റി പുതിയതു വയ്ക്കണം.

അല്‍പം വനില എക്‌സ്ട്രാക്റ്റ് പഞ്ഞിയില്‍ തളിച്ച ശേഷം ഫ്രിഡ്ജിന്റെ അകത്ത് എവിടെയെങ്കിലുമോ ഫ്രീസറിനടിയിലുള്ള ട്രേയിലോ വയ്ക്കുക. ദുര്‍ഗന്ധം ഇല്ലാതാകും. വനിലയ്ക്കു പകരം ഓറഞ്ച് എക്‌സ്ട്രാക്റ്റ് ഉപയോഗിച്ചാലും ഇതേ ഫലം കിട്ടും. 

വെജിറ്റബിള്‍ ബിന്നില്‍ പച്ചക്കറികളുടെ ചീത്തമണമുണ്ടെങ്കില്‍ സാധനങ്ങള്‍ ഇട്ടുകൊണ്ടുവരുന്ന ബ്രൗണ്‍ നിറത്തിലുള്ള പേപ്പര്‍ കവര്‍ ബിന്നില്‍ ഇട്ടു വയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് ഇത് കളയാം. പേപ്പര്‍ ദുര്‍ഗന്ധം വലിച്ചെടുത്തിരിക്കും. 

വാതിലിന്റെ അകവശത്ത് ചുറ്റിനുമുള്ള ഇന്‍സുലേറ്റിങ് സീം ഇറുകിയടയുന്നില്ലേ എന്ന് ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. ശരിക്ക് അടഞ്ഞിരിക്കുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ശരിയാക്കണം. അമിതമായ കറന്റ് ഉപയോഗത്തിനും റഫ്രിജറേറ്ററിന്റെ ശരിയായ ഗുണം കിട്ടാതിരിക്കാനും ഇത് കാരണമാകും. 

ഫ്രിഡ്ജില്‍ നിറയെ സാധനങ്ങള്‍ വയ്ക്കാനായിട്ടില്ലെങ്കില്‍ അല്‍പം വലിപ്പമുള്ള മൂന്നോ നാലോ ബോട്ടിലുകളില്‍ വെള്ളം നിറച്ച് ഫ്രിഡ്ജിനകത്ത് വയ്ക്കുക. ഫ്രിഡ്ജിന്റെ പ്രവര്‍ത്തനം ശരിയാകാനും തണുപ്പ് നിലനിര്‍ത്താനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

Tags:
  • Spotlight