Tuesday 16 October 2018 05:35 PM IST

‘മരിച്ചാൽ മതി ടീച്ചറേ...’, വേദനകൊണ്ട് പുളഞ്ഞ് അവൾ പറഞ്ഞു; സങ്കടവഴികളിൽ കാലിടറാതെ ഹനാൻ

Syama

Sub Editor

hanan

അവളെന്തിനാണ് യൂണിഫോമിട്ട് മീൻ വിറ്റത്? ഇത്രയും കഷ്ടപ്പാടൊന്നും അവളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കാണുന്നില്ലല്ലോ? സിനിമയിലൊക്കെ പ്രവർത്തിച്ച പെൺകുട്ടി പിന്നെ, മീൻകച്ചവടം ചെയ്യേണ്ട ആവശ്യമെന്താ? ഇടുന്നതൊക്കെ വില കൂടിയ വസ്ത്രങ്ങളാണല്ലോ? ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ‘യൂണിഫോമിട്ട് മീൻ വിൽക്കുന്ന പെൺകുട്ടി’ എന്നു പറഞ്ഞാൽ ഹനാൻ ഹമീദ് എന്ന പേരു പോലും അറിയാത്തവർക്കു മുന്നിലും ആ പുഞ്ചിരിക്കുന്ന മുഖം തെളിയും. പിന്നീട് ആ മുഖം വാടിയപ്പോഴും കരഞ്ഞു തളർന്ന് ‘എന്നെ ജീവിക്കാൻ അനുവദിക്കൂ’ എന്നപേക്ഷിച്ചപ്പോഴും നമ്മളൊക്കെ അതു കണ്ടു നിന്നു. ചിലർ ഒപ്പം നിന്നപ്പോൾ മറ്റു ചിലർ എതിർത്തു. ഇനിയൊരു കമന്റ് പറയും മു ൻപേ ഒന്നു നിൽക്കാം, ഹനാൻ എന്ന പെൺകുട്ടിയെ മനസ്സിലാക്കാൻ ശ്രമിക്കാം.

ജീവിക്കാൻ നോക്കുന്നതോ കുറ്റം?

തൊടുപുഴ അൽ അസ്ഹർ കോളജില്‍ ബിഎസ്‌സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർഥിയാണ് ഇരുപത്തിമൂന്നുകാരി യായ ഹനാൻ. താൻ കോളജിൽ ചാർജ് എടുത്ത തൊട്ടടുത്ത ആഴ്ച തന്നെ ഹനാനെ വിളിപ്പിക്കേണ്ടി വന്നുവെന്ന് പ്രിൻസിപ്പൽ ഡോ. സോമശേഖരൻ പിള്ള പറയുന്നു.

‘‘ക്ലാസിൽ കൃത്യമായി വരാത്തതിന്റെ പേരിലാണ് കുട്ടിയെ വിളിപ്പിച്ചത്. അന്നവളുടെ ഉമ്മയും ഒപ്പം വന്നിരുന്നു, മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയാണ് അവർ. സംസാരിച്ചിരിക്കെ സ്വഭാവം മാറും, ദേഷ്യപ്പെടും. അന്ന് ഹനാൻ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു. ഉപ്പയും ഉമ്മയും വേർപിരിഞ്ഞാണു താമസം. അനുജന്റെയും അമ്മയുടെയും കാര്യങ്ങളും വീട്ടു വാടകയും പഠനച്ചെലവും ഒക്കെ നോക്കുന്നത് ഈ കുട്ടി ജോലി ചെയ്തിട്ടാണ്. ഇതറിഞ്ഞപ്പോൾ മാനേജ്മെന്റ്് ആ കുട്ടിയെ സഹായിക്കാൻ ഫീസ് ഇളവു ചെയ്തു.’’

ബിഎസ്‌സി കെമിസ്ട്രിക്കു വന്ന് ചേർന്നതു മുതൽ ഹനാനെ അറിയാം രസതന്ത്ര വിഭാഗം എച്ച്ഒഡി തോമസ് ഫ്രാൻസിസിന്. ‘‘2016ൽ അവളുടെ ഉപ്പയാണ് ഇവിടെ കൊണ്ടു വന്ന് ആക്കിയത്. അടുത്തൊരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിപ്പിക്കുകയും ചെയ്തു. ഒരു വർഷം ഉപ്പ തന്നെയാണ് ഫീസ് അടച്ചതും. പിന്നീട് ഉപ്പ ഇവരുമായി അകന്നു. ഉമ്മയുടെ മരുന്നു വാങ്ങാനും സ്വന്തം ചെലവിനായും മറ്റും പണ്ടു മുതലേ പല ജോലികൾ ചെയ്തിരുന്നു ഹനാൻ. ട്യൂഷനും ആഭരണ നിർമാണവും ഫെസ്റ്റുകളിൽ കപ്പയും പായസവും കച്ചവടവും കോൾ സെന്റർ ജോലിയുമൊക്കെ ചെയ്ത് പണം കണ്ടെത്തി.

എറണാകുളത്താണെങ്കിൽ ആങ്കറിങ്ങും ഡബ്ബിങ്ങും പാ ട്ടും ഒക്കെ ചെയ്യാൻ എളുപ്പമാകുമെന്ന കണക്കുകൂട്ടലിൽ അവൾ അമ്മയുമായി ആലുവയിലേക്കു താമസം മാറി. അമ്മയുടെ അസുഖം ഒപ്പമുള്ള പേയിങ് ഗസ്റ്റുകൾക്ക് ബുദ്ധിമുട്ടായി. അങ്ങനെ വീടുമാറി നെട്ടൂരെത്തി. ആലുവയിലെ ഫെസ്റ്റിൽ കപ്പയും പായസവും വിൽക്കാൻ പോയപ്പോൾ സഹായിച്ച രണ്ടു പേർക്കൊപ്പമാണ് മീൻ കച്ചവടം തുടങ്ങുന്നത്. ചെവിക്ക് അസുഖം വന്ന ശേഷം ശബ്ദവും ലൈറ്റുമൊക്കെ പ്രശ്നമായപ്പോഴാണ് സ്ഥിര വരുമാനം കിട്ടുന്ന ജോലി ചെയ്യാ ൻ അവൾ ചിന്തിച്ചത്. ആദ്യം കച്ചവടം നടത്തിയത് കളമശ്ശേരിയിലായിരുന്നു. ദിവസം 2000 രൂപ വരെ കിട്ടിയ സമയമുണ്ടായിരുന്നു. കൂട്ടുകച്ചവടക്കാരിലൊരാൾ അപമര്യാദയായി പെരുമാറിയതോടെ ആ കച്ചവടം നിർത്തി. അതൊക്കെ അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

പിന്നീടാണ് തമ്മനത്ത് മീൻ കച്ചവടം തുടങ്ങിയത്. രാവി ലെ മൂന്നു മണിക്ക് എണീറ്റ് സൈക്കിള്‍ ചവിട്ടി ചമ്പക്കര പോ യി മീനെടുത്ത് അവിടെയൊരു വീട്ടിൽ ഫ്രീസറിൽ വയ്ക്കും. വൈകുന്നേരം കോളജിൽ നിന്നിറങ്ങി ഈ മീനെടുത്ത് മാർ ക്കറ്റിൽ പോയി വിൽക്കും. തമ്മനത്ത് കച്ചവടം തുടങ്ങി മൂന്നാം ദിവസമാണ് വാർത്ത പത്രത്തിൽ വന്നത്. പത്രക്കാർ ഫോട്ടോയും വാർത്തയും ചോദിച്ചതും എന്നോട് പറഞ്ഞിരുന്നു. ആ ദ്യം പൊസിറ്റീവ് ആയ സംഭവം പിന്നീട് നെഗറ്റീവായി. ഒന്നുമറിയാത്ത ആളുകൾ വരെ വന്ന് അവളുടെ ജീവിതത്തെ പറ്റി അഭിപ്രായം പറയുന്ന അവസ്ഥ.’’

ഉള്ള് പൊള്ളിയാലും ചിരിക്കുന്നവൾ

han

ഹനാനെ കുറേ കാലമായിട്ട് അറിയാമെങ്കിലും അവളുടെ ജീവിതം എന്താണെന്നൊക്കെ മനസ്സിലാക്കുന്നത് യുവജനോത്സവത്തിന്റെ സമയത്താണെന്ന് ടൂറിസം വിഭാഗം എച്ച്ഒഡി പെപ്സിയ ടീച്ചർ.

‘‘ഹനാൻ നല്ല ആക്ടീവ് ആയതു കൊണ്ടും നന്നായി പാടുന്നതു കൊണ്ടും ഒപ്പനയിൽ പാട്ടു പാടാൻ അവളെ വച്ചു. പക്ഷേ, പരിപാടി തുടങ്ങും മുൻപേ അവൾക്ക് ചെവി വേദന തുടങ്ങി. ഇയർ ഡ്രോപ്സും മരുന്നും ഒക്കെ വാങ്ങി കൊടുത്താണ് ഒപ്പനയ്ക്ക് സ്റ്റേജിൽ കയറിയത്. നന്നായി ചെയ്തുവെങ്കിലും ഇറങ്ങിയതും ഹനാൻ തലകറങ്ങി വീണു. എഴുന്നേറ്റപ്പോൾ ‘മരിച്ചാൽ മതി ടീച്ചറേ, അത്രയ്ക്കു വേദനയുണ്ടെ’ന്നവൾ പറഞ്ഞു.

കുട്ടികളുമായി വന്ന ബസ്സിൽ നേരേ ആശുപത്രിയിലേക്കു പോയി. ചെവിയിൽ സർജറി വേണം എന്നു പറഞ്ഞപ്പോള‍്‍ കോളജ് മാനേജ്മെന്റിനെ കാര്യമറിയിച്ചു. ഈ മാനേജ്മെന്റിന്റെ തന്നെ ആശുപത്രിയായ അൽ അഹ്സർ മെഡിക്കൽ കോളജിൽ പിറ്റേ ദിവസം അവളുടെ സർജറി നടത്തി. കോളജ് മാനേജ്മെന്റ് ചികിത്സാ ചെലവുകൾ സൗജന്യമാക്കിയിരുന്നു. അവൾ ഇതൊക്കെ പിന്നീടാണ് അറിഞ്ഞത്. അല്ലെങ്കിൽ ഒരു സഹായവും സ്വീകരിക്കില്ല. എവിടെയെങ്കിലും പോകുമ്പോൾ ബസുകാശ് എടുത്താൽ പോലും പിന്നെ കാണുമ്പോൾ തിരികെ തരും. അങ്ങനെയുള്ള കുട്ടിയാണ്.’’

അവൾ ആരോടും പരാതി പറയില്ല

ഇനി കാണേണ്ടത് ഹനാന്റെ കൂട്ടുകാരെയാണ്. ക്ലാസ് മുറിയിലെത്തിയപ്പോൾ പലർക്കും സംശയം. ‘ഇനി ഞങ്ങള‍്‍ പറയുന്നതും ആരെങ്കിലുമൊക്കെ വളച്ചൊടിച്ച് ആഘോഷിക്കുമോ?’ അവസാനം പേരു വെളിപ്പെടുത്തില്ല എന്ന ഉറപ്പിൽ അവർ സംസാരിക്കാൻ മുന്നോട്ടു വന്നു.

‘‘ഇത്രയും പ്രശ്നങ്ങളുള്ള കുട്ടിയാണെന്ന് ഞങ്ങളിൽ പലരും ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അവളായിട്ട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ആരോടും സഹായം ചോദിക്കുന്ന സ്വഭാവമില്ല, പഠിക്കുന്ന നോട്സിന്റെ കാര്യത്തിൽ പോലും.

ഈ പ്രശ്നങ്ങളൊക്കെയുണ്ടായിട്ടും അവസാന യൂണിവേഴ്സിറ്റി പരീക്ഷയ്ക്കു വന്നിരുന്നു. എല്ലാവരും കൂടി ചോദ്യങ്ങള‍്‍ ഒക്കെ ചോദിച്ചു സ്ട്രെസ്സ് നൽകിയതു കൊണ്ടാകാം, ഛർദിക്കാൻ വരുന്നു, തല വേദനിക്കുന്നു, ചെവി വേദനിക്കുന്നു എ ന്നൊക്കെ പറയുന്നുണ്ടായിരുന്നു. കഷ്ടിച്ച് 10 മിനിറ്റു മാത്രമാണ് പരീക്ഷ എഴുതിയത്.’’

സംഭവിച്ചതിനോടൊക്കെയും ഹനാന്റെ അടുത്ത മുറിയി ൽ താമസിക്കുന്ന മണിയമ്മയ്ക്ക് കടുത്ത രോഷമുണ്ട്. ‘‘ഒറ്റപ്പെട്ടു പോയിട്ടും പറ്റുന്ന ജോലി ചെയ്ത് നന്നായി ജീവിച്ചു. കൂടപ്പിറപ്പിനെയും ഉമ്മയെയും നോക്കി. ഇതാണോ അവൾ ചെയ്ത തെറ്റ്? മണിയമ്മ ചോദിക്കുന്നത് കാര്യമറിയാതെ വാ­ളെടുക്കുന്ന ഓരോരുത്തരോടുമാണ്.

‘‘ഞാൻ ഒരു മുറിയിൽ തയ്യൽ കട നടത്തിയാണ് ജീവിക്കുന്നത്. അതിന്റെയടുത്തുള്ള മുറിയിലാണീ കുട്ടി താമസിക്കുന്നത്. കാലത്തേ മൂന്നു മണിക്ക് തുടങ്ങുന്ന അതിന്റെ ഓട്ടം പലപ്പോഴും പാതിരാത്രി വരെയാണ്. നേരാം വണ്ണം ഭക്ഷണം പോലും കഴിക്കാതെ എത്ര ദിവസം... ഞാൻ കണ്ടാൽ ചില പ്പോൾ എന്തേലും വച്ചുണ്ടാക്കി കൊടുക്കും. ഉമ്മയെ ഇപ്പോൾ അ വരുടെ വീട്ടുകാർ കൊണ്ടുപോയി എന്നാണ് പറഞ്ഞത്. നടുവേദനയും മറ്റു രോഗങ്ങളും വരുമ്പോൾ കോതമംഗലത്തുള്ള ആയുർവേദ ആശുപത്രിലാണു പോകാറ്. കൂടെ ആരുമില്ലാത്തപ്പോ ഞാൻ നിൽക്കും ഒപ്പം.’’

ആയുർവേദ ആശുപത്രിയുടെ ഉടമ വിശ്വനാഥനെ ഹനാ ൻ ‌വിളിക്കുന്നത് ഡോക്ടർ അങ്കിൾ എന്നാണ്. ‘‘കലാഭവൻ മണിയാണ് നാലുവർഷം മുൻപ് ഹനാനെ ഇവിടെ കൊണ്ടു വന്നത്. ആരോഗ്യപ്രശ്നങ്ങളും സ്ട്രെസ്സും ഒക്കെയായിട്ടാണ് അവളിവിടെ വരാറ്. ഇവിടെ ഞങ്ങള‍്‍ എന്തെങ്കിലും പരിപാടി സംഘടിപ്പിച്ചാൽ അതിന് ഇവളെ ആങ്കറായി വിളിക്കും. പാട്ടു പാടാനും കവിത ചൊല്ലാനുമൊക്കെ മിടുക്കിയാണവൾ.

Hanan_1

മുഖ്യമന്ത്രി പിണറായി വിജയൻ ഹനാന് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഹനാന് വീടു പണിയാനുള്ള സ്ഥലവും അഞ്ച് ലക്ഷം രൂ പയും നൽകാമെന്നു പറഞ്ഞിട്ടുണ്ട്. ചാനൽ പരിപാടികളിലും മറ്റ് ചടങ്ങുകളിലും അവൾ പങ്കെടുക്കുന്നത് മറ്റുള്ളവർക്ക് പ്രചോദനമാകാൻ വേണ്ടിയാണ്. അവളെപ്പോലെ പലരുമുണ്ടാകും. അവർക്കൊക്കെ അവളുടെ കഥ കരുത്ത് നൽകും.’’