Tuesday 16 April 2019 04:49 PM IST : By സ്വന്തം ലേഖകൻ

ഇത് സിനിമയിലെ ‘ട്രാഫിക്കല്ല’; ഒന്ന് വഴിമാറിക്കൊടുത്താൽ ആ പൈതലിനിയും ജീവിക്കും; മംഗലാപുരം ടു തിരുവനന്തപുരം ലൈവ് വിഡിയോ

ambulance

ആശങ്കകൾക്ക് ഒടുവിൽ വിരാമം...കുഞ്ഞിനേയും കൊണ്ടുള്ള ആംബുലൻസ് കൊച്ചി അമൃത ആശുപത്രിയിലെത്തി. ആരോഗ്യ മന്ത്രിയുടെ സമയോചിത ഇടപെടലിലൂടെയാണ് അടിയന്തിര ചികിത്സ  കൊച്ചിയിൽ സാധ്യമായത്. വാർത്ത ഷെയർ ചെയ്ത പ്രിയ വായനക്കാർക്ക് നന്ദി....

ഒരു നിമിഷം ഈ വാക്കുകൾക്കൊന്ന് കാതോർക്കണം. ഈ നിമിഷമല്ലെങ്കിൽ അടുത്ത നിമിഷം ഈ ആംബുലൻസ് നിങ്ങളുടെ കവലയിലെത്തും. നെട്ടോട്ടവും അനവസരത്തിലുള്ള തിരക്കും ഒരു ഞൊടിയിട നേരത്തേക്ക് മാറ്റിവച്ചാൽ ഒരു കുഞ്ഞു ജീവൻ അരനാഴിക നേരം മുൻപെങ്കിലും ജീവിതത്തിന്റെ സുരക്ഷിത തീരം ചെന്നണയും. മരണത്തിന്റേയും ജീവിതത്തിന്റേയും നൂൽപ്പാലം താണ്ടിയുള്ള ഈ യാത്ര സുമനസുകളോട് കണ്ണീരോടെ ഇവ്വിധം അഭ്യർത്ഥിക്കുകയാണ്...

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പൈതലാണ് ആ ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസിനുള്ളിൽ. കാസർകോട് സ്വദേശികളായ സാനിയ–മിദാഹ് ദമ്പതികളുടെ പിഞ്ചു പൈതൽ. ജനിച്ച മാത്രയിൽ തന്നെ ഡോക്ടർമാർ ആ പൈതലിൽ ജീവനെടുക്കാൻ പോന്ന വിധമുള്ള വാൽവ് തകരാർ കണ്ടെത്തുകയായിരുന്നു. കാസർകോട് കൃഷ്ണ ആശുപത്രിയിൽ ജനിച്ച ആ കുഞ്ഞിനെ ഗുരുതരമായ ഈ ആരോഗ്യ പ്രശ്നം മുന്നിൽ കണ്ട് മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതീക്ഷയുടെ കിരണങ്ങൾ അവിടെയും അസ്തമിച്ചപ്പോഴാണ് ഇങ്ങനെയൊരു യാത്ര.

നിമിഷങ്ങളെ ഇഴകീറി അളന്നുള്ള ഈ യാത്ര ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിലേക്കാണ്. അടിയന്തര ശസ്ത്രക്രിയയും തുടർ ചികിത്സകളും അവിടെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. നേരമൊന്നു വൈകിയാൽ കണക്കു കൂട്ടലുകൾ പിഴച്ചാൽ ഒരു പക്ഷേ ഈ യാത്ര വിഫലമാകും. അരുതാത്തത് സംഭവിച്ചെന്നിരിക്കും.

സുഗമവും സുരക്ഷിതവുമായ അതിവേഗ യാത്ര മുൻനിർ‌ത്തി ആ ആംബുലൻസിന്റെ യാത്ര ഫെയ്സ്ബുക്ക് ലൈവ് രൂപത്തിൽ കാഴ്ചക്കാർക്കു മുന്നിലേക്കെത്തുന്നുണ്ട്. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ജീവൻമരണ യാത്ര കാഴ്ചക്കാർക്കു മുന്നിലേക്കെത്തുന്നത്. യാത്രയുടെ വിശദാംശങ്ങളും കടന്നു പോകുന്ന ഓരോ പോയിന്റും കമന്റ് രൂപത്തിൽ ഈ വിഡിയോയിലൂടെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. മംഗലാപുരത്തു നിന്നും പുറപ്പെട്ട ഈ യാത്ര കണ്ണൂർ ജില്ലയിലൂടെ സഞ്ചരിക്കുന്നുവെന്നാണ് ഒടുവിലത്തെ വിവരം.