Wednesday 26 September 2018 11:10 AM IST

ഇന്ത്യയ്‌ക്കകത്തും പുറ‍ത്തും നിരവധി വീടുകൾ നിർമിച്ച ജി. ശങ്കർ സ്വന്തമായി വീടുണ്ടാക്കിയത് ഇപ്പോൾ! ആ വിശേഷങ്ങളിലേക്ക്..

Vijeesh Gopinath

Senior Sub Editor

shankar-home1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അപ്പോള്‍ പുന്നമരം തൊട്ടപ്പുറം നിൽക്കുന്ന നെല്ലിയോടു പറഞ്ഞു, ‘ചങ്ങാതീ ഈ മണ്ണിൽ   വീടു വരുന്നുണ്ടെന്നു തോന്നുന്നു. നമ്മുടെ കാര്യത്തിൽ ഒരു ‘തീരുമാനമുണ്ടാകാനാണു’ സാധ്യത...അതുകേട്ട് നെല്ലിമരത്തിന്റെ ഇടനെഞ്ചൊന്നു നീറി. കിഴക്കോട്ടു വളർന്നു നിൽക്കുന്ന കൊമ്പിൽ നെല്ലിക്കാക്കുഞ്ഞുങ്ങൾ കണ്ണു തുറന്നു തുടങ്ങിയിട്ടേയുള്ളു.. അത്രയും നേരം തേൻകുടിച്ച് മയങ്ങിയിരുന്ന ശലഭം ചിറകിട്ടടിച്ച് ആവലാതിപ്പെട്ടു, എന്റെ അരിപ്പൂവുകളെ മണ്ണുമാന്തിയന്ത്രത്തിന്റെ ൈകകൾ പിച്ചിയെറിയുമോ? മ റ്റു വീടുകളിലേതു പോലെ ഈ മണ്ണിലും മരങ്ങളുടെ കണ്ണീരു വീഴുമോ?

ചോദ്യങ്ങളെല്ലാം കേട്ട് ആൽമരം മണ്ണിലേക്കു വളർന്നു തുടങ്ങിയ താടിയ‍ുഴിഞ്ഞ്, ധ്യാനത്തിലിരുന്നു പറഞ്ഞു, ‘ഒന്നുമുണ്ടാകില്ല, മൺവീടുകളുടെ തമ്പുരാന്‍ സ്വന്തമായി നിർമിക്കുന്ന വീടാണിത്. കൂട്ടായി നമ്മളുമുണ്ടാകും, ഉറപ്പ്... അത് സത്യമായിരുന്നു. നൂറ്റി നാൽപതിലധികം മരങ്ങൾക്കു നടുവിൽ അതാ ‘സിദ്ധാർഥ’ എന്ന മൺവീട് ഒരു പൂവു പോലെ പുഞ്ചിരിച്ചു നിൽക്കുന്നു, വീടിന്റെ നെറുകയിലേക്ക് വള്ളിച്ചെടികൾ പടർന്നു തുടങ്ങിയിട്ടുണ്ട്. അതിൽ ശംഖുപുഷ്പങ്ങൾ കണ്ണെഴുതി കഴിഞ്ഞു...

shankar10

പൂജപ്പുരയിലെ ഹാബിറ്റാറ്റിന്റെ ഒാഫിസിലിരുന്ന് ആർക്കിടെക്ട് ജി. ശങ്കർ സംസാരിക്കുമ്പോൾ വാക്കുകൾക്കു മീതെ ഒാർമകളുടെ നേർത്ത മഞ്ഞിൻ കണം തൊട്ടു നിൽക്കുന്നുണ്ടായിരുന്നു... ‘‘വീടുവിട്ടിറങ്ങിയ കുട്ടിയായിരുന്നു ഞാൻ‌. അകത്തളങ്ങളേക്കാൾ ഞാനിരുന്നത് വലിയ അരളിമരങ്ങൾക്കു താഴെ പൂവിന്റെ പട്ടുമെത്തയിലായിരുന്നു. അവിടെയിരുന്നാണ് ഞാൻ‌ അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങിയത്. സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്... നമ്മളിപ്പോൾ‌ പോകുന്നതും അന്ന് അനുഭവിച്ച തണൽത്തണുപ്പിലേക്കു തന്നെയാണ്.’’

അപ്പോഴും ആദ്യ ചോദ്യം ബാക്കി നിന്നു. പത്മശ്രീ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ആർക്കിെടക്ട്, ലോകത്തിന്റെ പ ലയിടങ്ങളിലും ലക്ഷക്കണക്കിനു വീടുകൾ നിർമിച്ച ശിൽപി എന്തുകൊണ്ടാണ് സ്വന്തമായൊരു വീടു നിർമിക്കാൻ ഇ ത്രയും വൈകിയത്? ഉത്തരമെത്തും മുമ്പ് അതാ ഗെയ്റ്റിലെത്തി. ഇനി അകത്തേക്കു കയറാം.
വീടല്ല ആദ്യമുണ്ടായത്...

പച്ചത്തുരുത്തിലേക്കാണ് ആ വാതിലുകൾ തുറന്നത്. അതിനു നടുക്ക് മൺനിറമുള്ള വീട്. കടും നിറങ്ങളുടെ ഘോഷയാത്രകളില്ലാത്ത, കോൺക്രീറ്റ് പെട്ടികളല്ലാത്ത, തിരമാലകളുടെ രൂപത്തിലുള്ള മേൽക്കൂരയുള്ള ഒരിടം. പതിവുകൾക്കിടയില്‍ നിന്നു മാറിയൊഴുകുന്ന മറ്റേതോ ഭാവം. ശങ്കറിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘പതിവു കാഴ്ചകളോടുള്ള കലാപം.’ രൂപത്തില്‍ മാത്രമല്ല നിർമാണവസ്തുക്കളുടെ കാര്യത്തിലും വേറിട്ടു നിൽക്കുന്നു ‘സിദ്ധാർഥ’.  മണ്ണു കൊണ്ടു നിർമിച്ച വീടാണിത്. ചുമരുകളും മേൽക്കൂരയും എല്ലാം മണ്ണ്. ‘‘പരിസ്ഥി തിയോടു സൗഹൃദമുള്ള, ചെലവുകുറഞ്ഞ, ഊർജം സംഭരി ക്കുന്ന വീടുകൾ പ്രചരിപ്പിക്കുകയാണ് എന്റെ ജീവിത ലക്ഷ്യം. വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടാകരുത്. ഈ വീട് എന്റെ ജീവിതം തന്നെയാണ്.’’ എന്നാൽ വീടിനെക്കുറിച്ചല്ല, കാടിനെക്കുറിച്ചാണ് ആദ്യം പറയേണ്ടതെന്ന് ശങ്കർ‌ ഒാർമിച്ചു.

shankar11

‘‘പതിനഞ്ചു വർഷം മുമ്പാണ് ഈ സ്ഥലം കാണുന്നത്. പൂജപ്പുരയിലെ നഗരത്തിരക്കിൽ നിന്നു മാറി തരിശു ഭൂമി എന്നൊക്കെ പറയാവുന്ന ഒന്ന്. റോ‍ഡിനു വീതിയില്ല. വെള്ളക്കെട്ടുണ്ടാകുമെന്ന് പറഞ്ഞ് പലരും തഴഞ്ഞ ആ സ്ഥലം വാങ്ങി യപ്പോൾ വീടുണ്ടാക്കാനല്ല, കൃഷി ചെയ്തു നോക്കാം എന്നാ യിരുന്നു മനസ്സിൽ. നിശ്ശബ്ദതയുടെ താഴ്‌വാരമായാണ് ഞാനീ മണ്ണിനെ കണ്ടത്.

ഭാവിയിൽ വീടു വയ്ക്കേണ്ടി വന്നാലോ എന്നോർത്തപ്പോഴാണ് കാടു വളർത്താന‍്‍ തീരുമാനിച്ചത്. എന്റെ മനസ്സിൽ വീടിനേക്കാൾ അപ്പുറം തണലിടം എന്ന ചിന്തായാണുണ്ടായി രുന്നത്. കാടിനുള്ളിലെ പർണ്ണാശ്രമം പോലെ, കിളിക്കൊഞ്ച ലുള്ള, ശലഭങ്ങൾ പാറിനടക്കുന്ന, കാറ്റിൽ പൂമണമുള്ള സ്ഥ ലം. അങ്ങനെ ഞാനും ഭാര്യ സുഗതയും കൂടി മരങ്ങൾ വച്ചു പിടിപ്പിക്കാൻ തുടങ്ങി. ഫലവൃക്ഷങ്ങളേക്കാൾ ‘പാവം മരങ്ങളാണ്’ കൂടുതലും തിരഞ്ഞെടുത്തത്. ഇത്തിയും മരുതും വട്ടയും ചമതയും മുളയും മഴമരങ്ങളും ഒക്കെ കൊണ്ട് മണ്ണു നിറ‍ഞ്ഞു.

shankar3

വീടു നിർമിക്കുന്നതിനേക്കാൾ കരുതൽ ഈ മരങ്ങൾ വ ളർത്തിയെടുത്തതിനു പിന്നിലുണ്ട്. ഭൂമിക്കു സ്നേഹം കൊടുത്താ ൽ അത് ഇരട്ടിയായി തിരിച്ചു തരും. അങ്ങനെ ഒഴിഞ്ഞു കിടന്ന ഈ മണ്ണിൽ മരത്തണലുകളുണ്ടായി. അപ്പോഴാണ് വീടു വ യ്ക്കാൻ സമയമായെന്ന് തിരിച്ചറിച്ചറിഞ്ഞത്.’’ ശങ്കറിന്റെ മു ഖത്ത് ഒരു ചിരിത്തുമ്പ വിരിഞ്ഞു.

മനുഷ്യർക്കു മുമ്പേ പശുക്കളും ആടുകളും കോഴികളുമൊ ക്കെയാണ് ഇവിടെ എത്തിയത്. മരം വളർത്താനുള്ള ചാണകത്തിനും ഗോമൂത്രത്തിനുമൊക്കെയായാണ് പശുക്കളെ വളർത്തിയത്. പിന്നെയുണ്ടായത്  മൂന്നു കുളങ്ങൾ. ഒരു കുളത്തിനു ചുറ്റും ബട്ടർഫ്ളൈ പാർക്ക്. അതിനു ചുറ്റും അരിപ്പൂവും ചെമ്പരത്തിയും ഉൾപ്പെടെയുള്ള പൂക്കൾ. അതോടെ ശലഭങ്ങളും തുമ്പികളും അടയ്ക്കാ കുരുവികളും സൂചിമുഖികളും ഒക്കെ അതിഥികളായെത്തി. ഇവർക്കൊക്കെ നടുവിലാണ് വീട്. മറ്റൊ രു രീതിയിൽ പറഞ്ഞാൽ അവർക്കെല്ലാം വീടുണ്ടായിക്കഴിഞ്ഞാണ് ‘സിദ്ധാർഥ’ ഉയർന്നത്. ഇനി വീട്ടിലേക്കു കയറാം...

shankar2

തണുപ്പിന്റെ കൈകൾ

പൂമുഖത്ത് ഇരുവശത്തുമായി ചുമരിനോടു ചേർന്ന് ഇരിപ്പിടം. മുഖത്തോടു മുഖം നോക്കിയിരുന്നു സംസാരിക്കാം. മുറ്റത്തു നിന്നു കയറുന്ന ഭാഗത്ത് ചുമരിനു പകരം ദ്വാരങ്ങളുള്ള വ ലിയ മുളക്കഷ്ണങ്ങൾ ചേർത്തുവച്ച് നിർമിച്ചിരിക്കുന്നു. വാതിൽ തുറന്ന് അകത്തേക്കു കയറിയപ്പോൾ തണുപ്പിന്റെ കൈകളാണ് കെട്ടിപ്പിടിച്ചത്.

ലിവിങ് മുറിയിൽ കാറ്റും വെളിച്ചവും ഒഴുകി നടക്കുന്നു.നട്ടുച്ചയ്ക്കും തണുപ്പ്. ചുമരിനോടു ചേർന്ന് ഇരിപ്പിടങ്ങളുണ്ട്. അതിനരികിലായി യാത്രകളിൽ ശേഖരിച്ച കൗതുകവസ്തു ക്കളുടെ കൂട്ടം. വലിയ ജനൽ തുറക്കുന്നത് പുറത്തെ മരത്തണ ലിലേക്ക്...

ആ തണലിലേക്ക് നോക്കിയിരുന്ന് ശങ്കർ ഇതുവരെ താമസിച്ച വാടക വീടുകളെക്കുറിച്ചുള്ള  ഒാർമകൾ മറിച്ചു. ‘‘ ഞാൻ സുഗതയുടെ കൈപിടിച്ചു നടന്നു തുടങ്ങിയപ്പോൾ ചുറ്റും  അനിശ്ചിതത്വത്തിന്റെ വേനലായിരുന്നു. ചെലവു കുറഞ്ഞ, പ്രകൃതിയെ മുറിപ്പെടുത്താത്ത വീടുകൾ എന്ന സ്വപ്നത്തിനു പിറകേയായിരുന്നു ഞാൻ. ആ യാത്ര വിജയിക്കുമോ എന്നു പോലും ഉറപ്പില്ലാത്ത നാളുകൾ.

shankar4

അന്നൊക്കെ വീട് വിചിത്രമായ സങ്കല്‍പം തന്നെയായിരുന്നു. വീടിനെ ഒരിക്കലും അഭയമായി കണ്ടതുമില്ല. സൗഹൃദ ങ്ങളും പുസ്തകങ്ങളുമായിരുന്നു എന്റെ നങ്കൂരങ്ങൾ. പിന്നെ, മകൻ സിദ്ധാർഥിന്റെ പഠനം ആന്ധ്രയിലും യുഎസ്സിലുമൊക്കെ യായിരുന്നു. ഇതുകൊണ്ടൊക്കെയാകാം വീട്ടിലേക്കുള്ള വഴിയിലേക്ക് ഞാൻ വൈകി എത്തിയത്.

ഇടുങ്ങിയ മുറികളുള്ള ഒരുപാടു വാടകവീടുകളിൽ ഞാൻ താമസിച്ചിട്ടുണ്ട്. എന്റെ പുസ്തകങ്ങൾ വയ്ക്കാൻ, യാത്രക ളിൽ ശേഖരിക്കുന്ന കൗതുകമുള്ള ഒാർമവസ്തുക്കൾ സൂക്ഷി ക്കാൻ, എനിക്ക് ആകാശവും നിലാവുമൊക്കെ കാണാനുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നില്ല എന്ന കുറവു മാത്രമേ ആ വീടുകളിൽ ഉണ്ടായിരുന്നുള്ളൂ. എന്റെ മനസ്സിലെ വീട് എന്ന സങ്കൽപം കുറേ മുറികളുടെ കൂട്ടമല്ല, അത് ഇടങ്ങളുടെ സങ്കലനമാണ്. വായിക്കാൻ, സുഹൃത്തുക്കളുമൊത്ത് സംസാരിക്കാൻ ഒക്കെയുള്ള ഇടങ്ങൾ. തിരക്കിൽ നിന്നിറങ്ങി വളരെ ശാന്ത മായ, നിശ്ശബ്ദതയുടെ ഗോപുരത്തിലേക്കു മടങ്ങണം. അതായിരുന്നു വീട് സങ്കൽപത്തെക്കുറിച്ചുള്ള ആദ്യ വരി.

പലതരം ശബ്ദങ്ങൾക്കിടയില്‍ ജീവിക്കുന്ന ആളാണു ഞാ ൻ. മിക്കപ്പോഴും ആൾക്കൂട്ടത്തിനു നടുവിൽ. അതിനപ്പുറം നിശ്ശബ്ദതയിലേക്ക് പിൻവാങ്ങണമായിരുന്നു.’’ ശങ്കർ ഏറ്റവും പ്രിയപ്പെട്ട ഇടമായ വായനാമുറിയിലേക്കു നടന്നു.  

shankar9

മണ്ണ് എന്ന ആവേശം

വീടിനകത്തളത്തിലൂടെ ചുമരുകളുടെ തടസ്സമില്ലാതെ പുഴ പോലെ ഒഴുകിനടക്കാം. നാലു ചുമരിട്ട് കെട്ടിയടച്ചിരിക്കുന്നത്  ബെഡ്റൂമുകൾ മാത്രമാണ്. ലിവിങ് റൂമും ഡൈനിങ് റൂമും തമ്മിൽ വേർതിരിക്കുന്നത് പകുതിച്ചുമരാണ്. അതിനപ്പുറമുള്ള വായനാമുറിയിലേക്ക് നടുമുറ്റത്തു നിന്നുള്ള നിഴലും വെ ളിച്ചവും വീഴുന്നു.

മൺചുമരിന്റെ മനസ്സിൽതൊട്ട് ശങ്കർ പറഞ്ഞു;‘‘മണ്ണിനോ ട് അവസാനിക്കാത്ത പ്രണയത്തിലാണ് ഞാൻ. എന്നെ എ പ്പോഴും മദിപ്പിക്കുന്ന നിർമാണവസ്തുവാണ് മണ്ണ്. പുതു മഴ യുടെ ഗന്ധം പോലെ  കോരിത്തരിപ്പിക്കുന്ന ഒന്ന്.  അതുകൊ ണ്ടൊക്കെയാകും വീടിന്റെ രൂപത്തെ കുറിച്ച് ആലോചിച്ചപ്പോൾ ചിതൽപുറ്റുകളാണ് മനസ്സിലേക്കു വന്നത്. ഒരു ദുശ്ശാഠ്യം പോലെ ആ രൂപത്തെ വർഷങ്ങളോളം ഞാനൊപ്പം കൂട്ടി.

shankar6

സിറിയയിലും ലെബനനിലുമൊക്കെ യാത്രചെയ്തപ്പോൾ‌ മലകളുടെ വലുപ്പമുള്ള മൺപുറ്റുകൾ കണ്ടിരുന്നു. എന്നാൽ ആ കാഴ്ചയെ വീട് എന്ന രൂപത്തിലേക്കു മാറ്റാൻ പരിമിതി കളുണ്ട്. ആകാശത്തെ ഒരു ചിമിഴിലേക്ക് ഒതുക്കുന്നതു പോ ലെ മൺപുറ്റിന്റെ രൂപത്തെ ഈ മണ്ണിലേക്കു കൊണ്ടു വന്നു. അവയുടെ കൂർത്ത മുകൾ ഭാഗം മാറ്റി തിരമാലകൾ മുറിച്ചു വച്ചതു പോലെയാക്കി മേൽക്കൂര.  

പണി തീർന്നപ്പോഴേക്കും ഇതുവരെയുള്ള മാത‍ൃകകളിൽ നിന്നും മാറി നിൽക്കുന്ന ഒന്നായി. ആദ്യ ഘട്ടത്തിൽ പ്ളാൻ കണ്ട് പലരും ചിരിച്ചു. എങ്ങനെ പിറന്നു വീഴുമെന്ന് അദ്ഭുത പ്പെട്ടവരുണ്ട്. കടലാസ്സുകളിലോ കംപ്യൂട്ടറുകളിലോ അല്ല, സൈറ്റിൽ വച്ചാണ് ഈ വീടുണ്ടായത്. പല തിരുത്തലുകൾ, മുറിച്ചു മാറ്റലുകൾ, കൂട്ടിച്ചേർക്കലുകൾ. ഈ ഭാവത്തിലേക്കെത്താനുള്ള വേദന പേറ്റുനോവു തന്നെയായിരുന്നു. ആ തീയിൽ സുഹൃത്തുക്കളായ വിനു ഡാനിയലും നസീഫും ശ്രീ നിവാസനും പത്മരാജിയും ശ്രീകേഷുമൊക്കെ തുണയായി.

shankar7

മണ്ണിനെ പല രൂപത്തിലാണ്  ഉപയോഗിച്ചിരിക്കുന്നത്. ചുമരുകൾ മണ്ണു കുത്തി നിറച്ചാണ് ഉണ്ടാക്കിയത്. മേൽക്കൂരയിൽ‌ മൺകട്ടകൾ, പ്ലാസ്റ്ററിങ്ങിന് മണ്ണു കലക്കിയ മിശ്രിതം; അത് ചിലയിടത്ത് മിനുസപ്പെടുത്തിയും പരുക്കൻ രൂപത്തിലുമാ ണുള്ളത്. ചിലഭാഗങ്ങളില്‍ വാർക്കലിന് ചിരട്ടയും മുളയും ഉ പയോഗിച്ചു. ലിന്റലുകൾക്ക് കോൺക്രീറ്റിനു പകരം കരിങ്കൽ പാളികളാണുള്ളത്.

ഉപയോഗ ശൂന്യമായ മരങ്ങൾ കൊണ്ടാണ് ജനലുകളും വാതിലുകളും നിർമിച്ചിരിക്കുന്നത്. മരത്തിൽ പലയിടത്തും പൊട്ടലുകളുണ്ട്.  ജനലിനും വാതിലിനും പോളിഷിനു പകരം കശുവണ്ടിക്കറയാണ് അടിച്ചിരിക്കുന്നത്. മരങ്ങളെ പോലെ  മണ്ണിൽ നിന്നുയർന്ന് ഒന്നും ബാക്കി വയ്ക്കാതെ മണ്ണിലേക്ക് ലയിച്ചു ചേരുന്നതു പോലെ പ്രകൃതിയുടെ മനസ്സറിഞ്ഞു തന്നെയാണ് നിർമാണം.

മുറിയല്ല, ഒാരോ ഇടവും എങ്ങനെ വേണമെന്നായിരുന്നു ‍ഞാനാലോചിച്ചിരുന്നത്. ആൽമരത്തിന്റെ തണലിനോടു ചേ ർന്നു നിൽക്കുന്ന വായനാമുറി. പലതരത്തിലിരുന്നു വായിക്കാ വുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചാരിയിരുന്ന് അലസമായും നേരെയിരുന്നും നടുമുറ്റത്തിന്റെ പടിയിൽ കാലു ചാ രിയിരുന്നും എനിക്ക് അക്ഷരങ്ങളെ സ്നേഹിക്കാം,   
പുസ്തക ഷെൽഫ് നിർമിക്കുമ്പോൾ  ‘ഒരു പകുതി പ്രജ്ഞ യിൽ നിഴലും നിലാവും മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും’ എന്ന ചങ്ങമ്പുഴ കവിതയുടെ വരികളാണ് ഒാർമയിൽ വന്നത്. അതോടെ ഷെൽഫിന് രണ്ടു നിറങ്ങൾ കൊടുത്തു. ചില്ലലമാരിയിൽ പുസ്തകങ്ങൾ ഇരിക്കുന്ന കാഴ്ച എനിക്ക് ഇഷ്ടമല്ല. പുസ്തകങ്ങളെ തടസമില്ലാതെ കാണണം, തൊടണം, ഗന്ധം അറിയണം...  അതുകൊണ്ട് ഷെൽഫിന് ഗ്ലാസിട്ടില്ല. 

shankar5

വാടകവീടുകളിലൂടെയുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെടാതെ ചിതലരിക്കാതെ സൂക്ഷിച്ച കുറേ ഒാർമകൾ കൂടിയുണ്ട് ഇതിനൊപ്പം. അറുപതുകളിൽ കുത്തിക്കുറിച്ച കവിതയുടെ വരികൾ, വിപ്ലവക്കനലുള്ളിൽ നിറഞ്ഞ കാലത്ത് സൂക്ഷിച്ചു വ ച്ച പീപ്പിൾസ് ‍ഡമോക്രസിയുടെ കോപ്പി, ലണ്ടനിൽ പഠിക്കുന്ന കാലത്ത് ഒറ്റയ്ക്കായ വ്യഥയിൽ സുഗതയ്ക്കെഴുതിയ പ്രണയാക്ഷരങ്ങൾ... ഇതിനൊക്കെ വേണ്ടിയാണ് ഈ വീടുണ്ടാക്കിയത്’’ പൊട്ടിച്ചിരിച്ചു കൊണ്ട് മുകൾ നിലയിലേക്കു നടന്നു.

മരങ്ങൾ വീടിനുള്ളിലേക്ക്

മുകൾനിലയിലേക്കുള്ള പടികൾക്കരികിൽ മാസ്റ്റർ ബെഡ്റൂം.   കല്ലുകൾ കെട്ടിയാണ് കട്ടിലുണ്ടാക്കിയിരിക്കുന്നത്. അതിനകത്ത് സാധനങ്ങൾ സ്റ്റോർ ചെയ്യാൻ സൗകര്യമുണ്ട്. മുകള്‍ നിലയിലാണ് അടുത്ത കിടപ്പുമുറി. അതിനടുത്തായി ചുമരിനരികിൽ ഒാർമകളുടെ ഗാലറി. ജി. ശങ്കറിന്റെ ജീവിതയാത്ര കോറിയിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ.
കർക്കശക്കാരനായ ഒരച്ഛൻ മനസ്സ് വീടിനകത്തളത്തി ലുണ്ട്. ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയാതെ, അലസമായി പോയേക്കാവുന്ന ഇടങ്ങളെ വരച്ച വരയിൽ നിർത്തിയിരി ക്കുന്നു. പടികൾക്കു മേലെയുള്ള ഡബിൾ ഹൈറ്റ് ഒഴിവാക്കി തട്ടിൻപുറങ്ങൾ നിർമിച്ച് സ്റ്റോറേജ് ഉണ്ടാക്കി...

shakar8

ഇനി വാതിൽ തുറക്കുന്നത് മുകള്‍ നിലയിലെ ടെറസ്സിലേയ്ക്കാണ്. മേൽക്കൂരയെ വള്ളിച്ചെടികൾ മൂടിത്തുടങ്ങി. ഏ താനും മാസങ്ങൾക്കുള്ളിൽ പച്ചപ്പ് മൂടും. ഏറ്റവും മുകളില്‍   മേൽക്കൂരയ്ക്കുള്ളിലൂടെ മുളയുടെ ഇലകള്‍ ആകാശത്തേയ്ക്ക് കൈകളുയർ‍ത്തി നിൽക്കുന്നുണ്ട്. ഇവിടെയുമുണ്ട്  മഴയെ കൈ നീട്ടി തൊടാൻ, നിലാക്കുളിരു കൊള്ളാനുള്ള ഇടങ്ങൾ. അരികിൽ നിൽക്കുന്ന മരങ്ങൾ ഇലകൾ നീട്ടി വീടിനെ ആരാധനയോടെ തൊട്ടു നോക്കുന്നുണ്ട്...

‘‘ഒരു ഭാഗത്ത് സാമ്പത്തിക പരിമിതി. അപ്പുറം മണ്ണുവീടിനോടുള്ള അടങ്ങാത്ത ആസക്തി. രണ്ടു വർഷം ഇങ്ങനെയുള്ള പലതരം അനുഭവങ്ങളിലൂടെ ഞാൻ കടന്നു പോയി. ഈ വീട് ഒരിക്കലും ഒരു പൊങ്ങച്ചത്തിന്റെ അടയാളമല്ല. ആരും കാണാതെ മരങ്ങൾക്കുള്ളിൽ പതുങ്ങിയിരിക്കുകയാണിത്.

ഇത് എന്റെ സ്വാസ്ഥ്യത്തിന്റെ ഇടമാണ്. കുട്ടിക്കാലത്ത്  താമസിച്ച വീടിന്റെ ജനലുകളിലൂടെ പച്ചപ്പിനെ നോക്കുന്ന ഗൃഹാതുരത എനിക്കിപ്പോഴും കിട്ടുന്നു. അതാണ് വലിയ കാര്യമായി തോന്നുന്നത്. ഞങ്ങളീ വീടിനുള്ളിൽ താമസിക്കുന്നതിനു മുമ്പേ പലതരം പ്രാണികൾ കൂടുണ്ടാക്കിക്കഴിഞ്ഞു. അവരും ഈ വീടിന്റെ അവകാശികൾ തന്നെയാണ്. ആ ജീവിതതാളത്തിലാണ് ഞാൻ അഭിരമിക്കുന്നത്.

ഇപ്പോഴും ഈ വീടുയർത്തുന്ന  പലതരം ചോദ്യങ്ങളുണ്ട്. മണ്ണു കൊണ്ടുണ്ടാക്കിയ ഈ വീടിന് എത്ര ആയുസ്സുണ്ട്, ഈർപ്പം ഉണ്ടാകില്ലേ, കമ്പിയും കോൺക്രീറ്റുമില്ലാത്തതു കൊ ണ്ട് ഉറപ്പുണ്ടാവുമോ?... നിരവധി സംശയങ്ങൾ. അതിനുള്ള ഉത്തരത്തിലേക്ക് ഈ വീട് യാത്ര തുടങ്ങിയിരിക്കുകയാണ്.’’

ശങ്കർ പറയുന്നതു കേട്ട് സുഗത ചിരിയോെട പറഞ്ഞു, ‘‘സത്യം പറഞ്ഞാൽ എനിക്കു പോലും വീട് ഈ രൂപത്തിലേക്കു വരും എന്നുറപ്പില്ലായിരുന്നു. ഒാരോ ദിവസവും സംശയ ങ്ങളുടെ എണ്ണം കൂടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വീടിനോളം തന്നെ ടെൻഷനായിരുന്നു മരങ്ങൾ വച്ചു പിടിപ്പിക്കുമ്പോൾ.  കിളിയുടെ പാട്ടുകേട്ട്, പല നിറമുള്ള തുമ്പികളെ കണ്ട് പൂമുഖത്തിരിക്കുമ്പോൾ മനസ്സിലൊരു കാറ്റുവീശുന്നുണ്ട്...’’

വീട്ടിൽ നിന്നിറങ്ങുമ്പോൾ നെല്ലിമരം ഒരു സമ്മാനം തന്നു, പേരറിയാപ്പൂക്കൾ കൊണ്ട് മരങ്ങളും ചെടികളും യാത്രപറയുന്നുണ്ടായിരുന്നു.