Tuesday 14 July 2020 12:10 PM IST : By സ്വന്തം ലേഖകൻ

ഓരോ ചുവടിലും ഗൗരിയുടെ കൈവിടാതെ ഗംഗ; സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടി ഇരട്ടസഹോദരിമാര്‍

malappuram-gauri-ganga

ഒറ്റയ്ക്കു നടക്കാനാകില്ല, സഹോദരി ഗംഗയുടെ കൈപിടിച്ചാണ് ഗൗരി സ്കൂളിലെത്തുക. പരീക്ഷാ ഹാളിലേക്ക് ഗൗരിയെ എത്തിച്ചതും ഗംഗ തന്നെ. ഒടുവിൽ ഫലം വന്നപ്പോൾ മികച്ച വിജയത്തിന്റെ പട്ടികയിൽ ഇരുവരും കൈകോർത്തുതന്നെ നിന്നു. ഇരട്ടസഹോദരിമാരായ ഗൗരിയും ഗംഗയുമാണ് സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ കൊമേഴ്സ് വിഭാഗത്തിൽ ഒരേ ക്ലാസിലാണ് ഇരുവരും പഠിക്കുന്നത്. സെറിബ്രൽ പാൾസിയുള്ള ഗൗരിക്ക് ഒറ്റയ്ക്കു നടക്കാനാകില്ല.

ചെറിയ ക്ലാസുകളിൽ ആയമാർ എടുത്തായിരുന്നു ക്ലാസിൽ എത്തിച്ചിരുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഒരാളുടെ സഹായമുണ്ടെങ്കിൽ കഷ്ടിച്ചു നടക്കാമെന്നായി. അന്നുമുതൽ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും ഗംഗയുടെ കൈപിടിച്ചായി ഗൗരിയുടെ യാത്ര. 81% ശതമാനം മാർക്ക് നേടിയ ഗൗരിക്ക് ബിഎ ഇക്കണോമിക്സിന് ചേരാനാണ് ഇഷ്ടം.

83% മാർക്ക് നേടിയ ഗംഗയ്ക്കാകട്ടെ ബിബിഎ വഴി എംബിഎ ആണ് ലക്ഷ്യം. നേവിയിൽനിന്നു വിരമിച്ച പെരിന്തൽമണ്ണ പാതായ്ക്കര കൈലാസത്തിൽ ജി. കിഷോറിന്റെയും ആനമങ്ങാട് ഗവ. എച്ച്എസ്എസിൽ ഇംഗ്ലിഷ് അധ്യാപികയായ വീണ ചന്ദ്രന്റെയും മക്കളാണ് ഇരുവരും.

Tags:
  • Spotlight
  • Inspirational Story