Monday 19 April 2021 11:38 AM IST

‘ആ ഗർഭിണിയും കുഞ്ഞും ജീവനോടെയുണ്ടോ?’: എല്ലുകൾ നുറുങ്ങുന്ന മരണവേദനയിലും ഗായത്രിയുടെ ഉള്ളിലുറങ്ങി പൈതൽ: കേരളം പ്രാർത്ഥിച്ച ആ അമ്മ ഇതാ

Binsha Muhammed

gayathri-cover

2018 ഓഗസ്റ്റിലെ ഒരുപ്രഭാതം. പ്രളയം സംഹാരതാണ്ഡവമാടാൻ ഒരുങ്ങുന്നതിന്റെ സൂചന നൽകി ഇടിച്ചുകുത്തി പെയ്യുകയാണ് മഴ. മഴയിൽ മുങ്ങിയെഴുന്നേറ്റ ആലപ്പുഴ ദേശീയ പാതയിലെ എക്സ്റേ ജംക്ഷനിൽ ഒച്ചിഴയുന്ന വേഗത്തിലാണ് വണ്ടികൾ പലതും ചലിക്കുന്നത്. അതുവരെയുള്ള എല്ലാ ശബ്ദകോലാഹലങ്ങളേയും നിശബ്ദമാക്കി ചെവിതുളച്ചു കയറുന്ന സൈറൻ മുഴക്കി ആംബുലൻസുകളും അഗ്നിരക്ഷാ സേനയും മരണവെപ്രാളത്തിൽ പായുകയാണ്. എന്താ സംഭവിച്ചതെന്ന് പലരും പരസ്പരം ചോദിക്കുന്നു. ആ ചോദ്യമെത്തി നിന്നത്, ഞെരിഞ്ഞമർന്ന് തവിടുപൊടിയായ ഒരു ഓൾ‌ട്ടോ കാറിലാണ്. രണ്ടാമതൊരു വട്ടം കൂടി ആ കാഴ്ച കാണാൻ ആരും നിൽക്കില്ല. ആ വണ്ടിക്കുള്ളിലുള്ളവരെ ബാക്കിവക്കില്ലെന്ന് ഉറപ്പിക്കും വിധമുള്ള ഭീകരതയായിരുന്നു ആ കാഴ്ച. ആൾക്കൂട്ടത്തിന്റെ പരക്കം പാച്ചിലിനിടയിൽ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വയർലെസ് ശബ്ദിച്ചു.

‘ആ ഗർഭിണിയും കുഞ്ഞും ജീവനോടെയുണ്ടോ?’

അവർ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് അടുത്തു കൂടിയവർ അടക്കം പറഞ്ഞു.

അന്ന് പൊലീസ് ചോദിച്ച ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു. ആ അപകടത്തിന്റെ ഭീകരത, ദുരന്തത്തിന്റെ ആഴം എല്ലാം...

ഉള്ളിൽ നാമ്പിട്ട കുഞ്ഞുജീവനെയും പൊതിഞ്ഞു പിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ച ഗായത്രി വി. നായർ എന്ന പെൺകുട്ടിക്ക് സംഭവിച്ചത് വിധിയുടെ ഏറ്റവും ക്രൂരമായ തമാശയായിരുന്നു. നാളുകൾക്കപ്പുറം കൈകളിലേക്ക് എത്തുന്ന കൺമണിയെ കാത്തിരിക്കുന്ന പെണ്ണ്. കൂടെ സ്നേഹനിധിയായ ഭർത്താവ്. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് അവസാനിക്കുകയാണ് എന്ന് തോന്നിച്ച നിമിഷങ്ങൾ. ഒന്നും ബാക്കിവയ്ക്കാതെ ഞെരിഞ്ഞമർന്ന ശരീരവും ഉള്ളിൽ മിടിച്ച കുഞ്ഞു ജീവനും എന്തു സംഭവിച്ചുവെന്ന ആവലാതികൾ... ആശങ്കയുടെ മണിക്കൂറുകൾ അങ്ങനെ കടന്നു പോയി. അന്ന് കേരളം മുഴുവൻ വീണ്ടും വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

‘ആ കുഞ്ഞിനെ ജീവനോടെ കിട്ടിയോ? ഗർഭിണിയായ അമ്മ ഇപ്പോൾ എവിടെയാണ്?’

ഇടപ്പള്ളിയിലെ ഫ്ലാറ്റിലിരുന്ന് കാശിയുടെ നെറുകിൽ തലോടി ഗായത്രിയെന്ന അമ്മ രണ്ട് വർഷങ്ങൾക്കിപ്പുറം ആ ചോദ്യത്തിന് മറുപടി പറയുന്നു.

‘ഞാനിവിടെയുണ്ട് പൂർണ ആരോഗ്യവതിയായി. ഇതാ എന്റെ കുഞ്ഞാവ കാശി... മരണത്തെ ജയിച്ചവൻ.’

മുൻവിധികളെ മറികടന്ന് ജീവിതത്തിന്റെ മറുകരയിലേക്ക് ശ്രവസ് എന്ന കാശിയുടെ കുഞ്ഞിക്കൈകളും പിടിച്ച് ഗായത്രി നടന്നു കയറിയ ദൂരം. കിടന്ന കിടപ്പിൽ അനക്കമറ്റ് കഴിച്ചു കൂട്ടിയ ദിവസങ്ങൾ, ആശുപത്രി വാസം. എല്ലാം ഇന്നലെകളുടെ റീലുകളിലുണ്ട്. ആ കഥയാണ് ഗായത്രി  ‘വനിത ഓൺലൈനോട്’ പറയുന്നത്.

മഴയിൽ അലിഞ്ഞു കണ്ണീർ...

ജീവിതം ചിലപ്പോഴൊക്കെ ഒരു സെക്കൻഡ് ചാൻസ് തരാറുണ്ട്. എല്ലാം അനസാനിച്ചുവെന്ന് തോന്നുന്നിടത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്തൊരു സെക്കൻഡ് ചാൻസ്. എനിക്കു കിട്ടിയതും അതാണ്. ഈ കഥയിലെ നായിക ഞാനാണ്. നായകൻ എന്റെ കുഞ്ഞാവ, ശ്രവസ് എന്ന കാശി. – രണ്ടു വയസുകാരന്റെ നെറുകിൽ തലോടി ഗായത്രി പറഞ്ഞു തുടങ്ങുകയാണ്.

കേരളം അന്ന് ആദ്യ പ്രളയത്തിന്റെ അലയൊലികളിലാണ്. മഴ നിർത്താതെ പെയ്യുന്നു. നാടും നഗരവും നിറയെ വെള്ളം. ഭർത്താവ് വിശാഖ് നായർ അന്ന് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പർച്ചേയ്സ് മാനേജരാണ്. മഴയിൽ കൊച്ചി മുങ്ങിയപ്പോൾ ചേട്ടന്റെ ഓഫീസും താത്കാലികമായി അടയ്ക്കേണ്ടി വന്നു. ആ സമയം ആലപ്പുഴ ചാരുമ്മൂടുള്ള ഞങ്ങളുടെ വീട്ടിലേക്ക് ഞങ്ങൾ പോയി. ആ യാത്രയ്ക്ക് രണ്ടുദ്ദേശ്യം ഉണ്ടായിരുന്നു മഴയിൽ നിന്നും സുരക്ഷിതമായൊരു മാറ്റം, രണ്ട് ദുബായിലുള്ള ചേച്ചീന്റെ കുഞ്ഞിന് ചോറൂണ്. അതിൽ പങ്കെടുക്കുക. നാല് ദിവസത്തെ ലീവിനാണ് അവർ നാട്ടിലേക്ക് എത്തിയത്. 2018 ഓഗസ്റ്റ് 19 ഞായറാഴ്ചയായിരുന്നു ചോറൂണ്. ആഘോഷങ്ങളെല്ലാം കെങ്കേമമായി തന്നെ നടന്നു. തിങ്കളാഴ്ച തിരികെ പോകാൻ ചേട്ടൻ പ്ലാനിട്ടപ്പോൾ ഞാനാണ് പറഞ്ഞത്, ചൊവ്വാഴ്ച വലിയ പെരുന്നാളിന്റെ അവധിയാണ് വീട്ടിൽ നിന്നോളാം എന്ന്. പക്ഷേ മഴയുടെ സ്വഭാവമറിയാതെ അവിടെ നിന്നാൽ പണികിട്ടുമെന്നറിയാവുന്നതു കൊണ്ട് നല്ല കാലാവസ്ഥ നോക്കി പോകാനിറങ്ങി. ഞങ്ങൾ രണ്ടാൾ മാത്രം ഉള്ളതു കൊണ്ടു തന്നെ ചെറിയ ഓൾട്ടോ കാറിലാണ് പോകാനിറങ്ങിയത്.

അന്ന് തിങ്കളാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പക്ഷേ റോഡിലാകെ തിരക്ക്. മഴമാറിയെ നേരം നോക്കി തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ റോഡ് കയ്യടക്കിയിരിക്കുന്നു. പതിയെ പതിയെ ഞങ്ങളുടെ കാർ മുന്നോട്ട് നീങ്ങി. ചേർത്തല എക്സ്റേ ജംക്ഷനിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്. ഇന്നോവയോ ക്വാളിസോ ആണ്. ഏതാണെന്ന് കൃത്യമായി ഓർമ്മയില്ല. ഓവർ ടേക്ക് ചെയ്ത് ഞങ്ങളുടെ കാറിനെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നു. എന്തും സംഭവിക്കാവുന്ന നിമിഷം. ഞങ്ങളുടെ കാറിനെ ഇടിക്കുമെന്നായപ്പോൾ ചേട്ടൻ കാർ ഇടത്തേക്ക് വെട്ടിച്ചു. റോഡിന്റെ അരിക് മഴയത്ത് തകർന്നിരിക്കുകയായിരുന്നു. രക്ഷപ്പെടാൻ വേണ്ടിയുള്ള ആ തത്രപ്പാട് ഞങ്ങളുടെ വണ്ടിയുടെ നിയന്ത്രണം തെറ്റിച്ചു. വണ്ടി നിയന്ത്രണം വിട്ടപാടെ എന്റെ മനസൊന്ന് പാളിപ്പോയി. ഒരു നിമിഷം സ്ഥലകാല ബോധം വീണ്ടെടുത്തു. വണ്ടി ഇടിക്കുമെന്ന് ഉറപ്പായപ്പോൾ നിറവയറിലേക്ക് അമർത്തിപ്പിടിച്ചു. എനിക്ക് എന്ത് സംഭവിച്ചാലും എന്റെ പൈതലിന് ഒന്നും വരരുതേ എന്ന പ്രാർത്ഥനയായിരുന്നു. ഞാൻ ഡാഷ് ബോർഡിൽ ഒരു കൈ കൊണ്ട് ശക്തിയായി തള്ളിപ്പിടിച്ചു. മറ്റൊരു കൈ കൊണ്ട് വയറിൽ വീണ്ടും ശക്തിയായി അമർത്തി. ഒരു നിമിഷം കൊണ്ട് എല്ലാം സംഭവിച്ചു. നിയന്ത്രണം വിട്ട ഞങ്ങളുടെ വണ്ടി ചെന്നുനിന്നത് സമീപത്ത് പാർക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിലാണ്. എല്ലാം അവസാനിക്കുകയാണോ എന്ന് ഒരു നിമിഷം തോന്നിപ്പോയി. നടി മോനിഷയെ നഷ്ടമായ അതേ റോഡിലാണ് എനിക്കും അപകടം സംഭവിച്ചത്.  

gaya-14

ജീവിതത്തിലെ സെക്കൻഡ് ചാൻസ്

പാകിസ്ഥാനി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മുനീബ മസാരിയാണ് എന്റെ  റോൾ മോഡൽ. അവരെ ഒരുപാട് വായിച്ചിട്ടുണ്ട്.  ഒരു അപകടമാണ് പാരാലിസിസ് ബാധിച്ച് അവരെ എന്നന്നേക്കുമായി വീൽ ചെയറിലാക്കിയത്. അപകട സ്ഥലത്തു നിന്നും അവരെ വാരിയെടുത്തതാണ് ആ ദുർവിധിക്കു കാരണം. ഒരൊറ്റ നിമിഷം അവരുടെ ജീവിതം എനിക്കു മുന്നിൽ തെളിഞ്ഞു. അന്ന് അപകടം നടക്കുമ്പോൾ എനിക്ക് സ്ഥലകാല ബോധമുണ്ട്. ചേട്ടന് ചെറിയ ചതവുകളേയുള്ളൂ. ഞാനിരുന്ന ഭാഗം ഇടിച്ചതു കൊണ്ട് എന്റെ പരുക്കുകളായിരുന്നു ഭീകരം. നെറ്റിയിലെ തലയോട്ടി കാണാമായിരുന്നു. രക്തം വല്ലാതെ വാർന്നൊഴുകുന്നു. കയ്യിലേയും കാലിലേയും ഉൾപ്പെടെ എല്ലുകൾ ഒന്നില്ലാകെ നുറുങ്ങിയിരിക്കുന്നു. അപ്പോഴും ഞാൻ ചേട്ടനോട് പറഞ്ഞു കൊണ്ടേയിരുന്നു. കുഞ്ഞാവയ്ക്ക് ഒന്നും സംഭവിക്കരുത്, എന്നെ താങ്ങിയെടുക്കുമ്പോൾ സൂക്ഷിക്കണം. ആരൊക്കെയോ വിളിച്ചു പറഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ഫയർ ഫോഴ്സ് പാഞ്ഞെത്തി. എന്നെ താങ്ങിയെടുക്കാൻ അടുത്തെത്തിയ ഉദ്യോഗസ്ഥനോട് അപ്പോഴും ഞാനാ വാക്കുകൾ ആവർത്തിച്ചു. കുഞ്ഞുണ്ട്... വയറ്റിൽ... എന്നെ വാരിയെടുക്കല്ലേ. എല്ലാം മനസിലാക്കിയ അദ്ദേഹം എന്നെ ശ്രദ്ധയോടെ കയ്യിലേന്തി. ദൈവമായിട്ടാണ് ആ മനുഷ്യനെ അവിടെയെത്തിച്ചത്. അവിടെ നിന്നും ചേർത്തലയിലെ ആശുപത്രിയിലേക്ക് എന്നെയും കൊണ്ട് പായുമ്പോഴും ജീവൻ തിരികെ കിട്ടുമെന്ന് വിചാരിച്ചേയില്ല. പക്ഷേ ദൈവം എനിക്കായി കരുണയൊരൽപ്പം ബാക്കിവച്ചിരുന്നു. അല്ലെങ്കിൽ എല്ലുകൾ നുറുങ്ങിയ പെണ്ണിൽ എന്തിന് ജീവൻ ബാക്കിവയ്ക്കണം.

gayathri-1

ദൈവത്തിന്റെ കുഞ്ഞ്...

ഗർഭിണിയാണെന്ന പരിഗണന കൊണ്ടാകണം 108 ആംബുലൻസിൽ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ അനുമതി കിട്ടി. പരിശോധനയിൽ എല്ലുകളെല്ലാം നുറുങ്ങിയിരിക്കുന്നു. ഗൈനക്കോളജി ഡോക്ടർമാർ എന്നെ പരിശോധിക്കുമ്പോൾ എല്ലാ വേദനയും മറന്ന് ദൈവങ്ങളോട് ഞാൻ കെഞ്ചുകയായിരുന്നു. എന്റെ വാവയ്ക്ക് ഒന്നും വരല്ലേ.... ദൈവാനുഗ്രഹം എന്നു പറയട്ടെ കുഞ്ഞ് സേഫായിരുന്നു. പക്ഷേ അവിടുന്നങ്ങോട്ട് എന്റെ ജീവിതം കിടന്ന കിടപ്പിലായി. അപകടം സംഭവിച്ച് 9 ദിവസത്തോളമാണ് ഞാൻ ആശുപത്രിയിൽ കിടന്നത്. ഒന്ന് അനങ്ങാനോ തിരിയാനോ പറ്റില്ല. പ്രാഥമിക കൃത്യങ്ങൾക്കു പോലും ബുദ്ധിമുട്ടി. മൂന്ന് മാസം വരെ നീണ്ടു ആ കിടപ്പ്. അതിൽ തന്നെ 22 ദിവസത്തോളം ആശുപത്രിയിൽ. ആ ദിവസങ്ങളിൽ പൊന്നുപോലെ എന്നെ നോക്കിയത് എന്റെ അമ്മ മീരയാണ്.  

വീട്ടിൽ നിന്നും ആശുപത്രിയിലേക്കും തിരിച്ചും എന്നെ തുണിയിൽ പൊതിഞ്ഞ് കൊണ്ടു പോയ ആംബുലൻസ് ചേട്ടൻമാരെയും ഒരിക്കലും മറക്കില്ല. ഓരോ യാത്രയും ഓരോ സർജറികളുടേതായിരുന്നു. ക്രമേണ ക്രമേണ ഞാൻ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങി. പതിയെ പതിയെ പിടിച്ചു നിൽക്കാൻ ശീലിച്ചു. ഒരു കുഞ്ഞ് പിച്ചവയ്ക്കും പോലെ നടക്കാൻ പഠിച്ചു. അന്ന് എന്നെ കാണാൻ വന്ന കൊച്ചിയിലെ അയൽ‌ക്കാരാണ് പൊലീസ് ചോദിച്ച ആ ചോദ്യം എന്നോട് പറഞ്ഞത്. ഞാനും കുഞ്ഞും മരിച്ചോ എന്ന ചോദ്യം? അവരെ കുറ്റം പറയാൻ പറ്റില്ല അതായിരുന്നു ആ കാഴ്ച.  

gayathri-1

ഒടുവിൽ കാത്തിരുന്ന ദിവസമെത്തി. ഈ ഭൂമിയിൽ അമ്മ അനുഭവിക്കുന്ന വേദന അറിയിക്കാതെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ഞാൻ കാത്തുവച്ച എന്റെ കുഞ്ഞാവയെത്തുന്ന ദിവസം. ഡെലിവറിയുടെ സമയത്ത് എല്ലാ വേദനകളും എന്റെ ശരീരത്തിൽ ഒരുമിച്ചിറങ്ങുകയായിരുന്നു. പ്രസവ വേദനയേ ശരീരം നുറുക്കുന്നതാണ്. അതിനൊപ്പം ഞാൻ അനുഭവിക്കുന്ന വേദനയും. പക്ഷേ എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള സഹനം ദൈവം എനിക്കു തന്നു. ആ സഹനത്തിനൊടുവിൽ അവൻ ഈ മണ്ണിൽ പിറവിയെടുത്തു. എല്ലാ പരീക്ഷണങ്ങളും അതിജയിച്ച് എന്റെ കുഞ്ഞാവ.

ഇന്ന് എല്ലാ മുൻവിധികളേയും ജയിച്ച് ആരോഗ്യത്തോടെ ഞാൻ ജീവിതത്തിലേക്ക് തിരികെ വരുമ്പോൾ കളിചിരിയുമായി എന്റെ കുഞ്ഞാവ കൂട്ടിനുണ്ട്. ആ ചിരി ഒപ്പിയെടുക്കാൻ വനിതയുടെ മോം ആൻഡ് ബേബി കോണ്ടസ്റ്റ് നിയോഗമായത് മറ്റൊരു സന്തോഷം. അവനറിയുന്നുണ്ടോ അമ്മ നടന്നു നീങ്ങിയ കനൽവഴികൾ. പിന്നെ എന്നെ ചേർത്തു പിടിച്ച എന്റെ ചേട്ടനും... ഒരാഗ്രഹം  മാത്രം ബാക്കി, എന്നെ അന്ന് താങ്ങിയെടുത്ത ഫയർ ഫോഴ്സിലെ ആ ചേട്ടനേയും അപകട സമയത്ത് ഓടിയെത്തിയ ഓട്ടോക്കാരൻ ചേട്ടനേയും ഒന്ന് കാണണമെന്നുണ്ട്. കോവിഡൊക്കെ കഴിയട്ടെ, ആ കാവൽ മാലാഖമാരെ ഉറപ്പായും പോയി കാണും. അവരുടെ കനിവാണ് ഈ ജീവിതമെന്ന് പറയും...

അയൽക്കാരുടെ മരത്തിന്റെ കൊമ്പ് പുരയിടത്തിലേക്ക് ചാഞ്ഞാൽ വെട്ടിമാറ്റാൻ നിയമപരമായി ആവശ്യപ്പെടാൻ കഴിയുമോ?