Thursday 16 December 2021 12:04 PM IST : By സ്വന്തം ലേഖകൻ

‘എൺപതുകളിലും പാന്റണിഞ്ഞ് കോളജിൽ പോയിട്ടുണ്ട്’: അന്ന് നേരിട്ടത്: ഗീതാഞ്ജലി കൃഷ്ണന്റെ കുറിപ്പ്

geethanjali-krish

ബാലുശ്ശേരി ഗേൾസ് ഹയർസെക്കൻഡറി  സ്കൂളിലെ ജെൻഡർ ന്യൂട്രൽ യൂണിഫോം പൊതുസമൂഹത്തിൽ ചർച്ചയാകുമ്പോൾ ശ്രദ്ധേയ കുറിപ്പുമായി ഗീതാഞ്ജലി കൃഷ്ണൻ. വസ്ത്രം പോലെതന്നെ പ്രധാനമാണ് സമൂഹത്തിന്റെ കാഴ്ചപ്പാട് എന്ന് ഗീതാഞ്ജലി ഓർമിപ്പിക്കുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ പാന്റ് ധരിച്ച് പോയപ്പോഴുണ്ടായ അനുഭവവും കുറിപ്പിൽ വിശദമായുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഞാന്‍ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്ന കാലഘട്ടം ഓർമ്മ വരുന്നു.

എല്ലാ ദിവസവും 3 മണിക്കൂര്‍ പ്രാക്ടിക്കല്‍ ലാബ് ഉണ്ടായിരുന്നു. ലാബിൽ പാന്റ്സും ഷർട്ടും ധരിച്ചു മാത്രമേ പ്രവേശിക്കാൻ പാടുണ്ടായിരുന്നുള്ളൂ. യുണിഫോമല്ല. ഏതു നിറത്തിലും ഫാഷനിലും ആവാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷമായിരുന്നു.

അവിടെ പഠിച്ച നാലരവർഷവും അങ്ങനെ തന്നെയായിരുന്നു. ഇടയ്ക്ക് ലാബില്ലാത്ത ഒരുദിവസം സാരിയുടുക്കാൻ പറ്റുന്നത് ഒരുപാട് സന്തോഷം തന്നിരുന്നു. പെണ്‍വേഷം സാരിയാണെന്ന പൊതുബോധം. നിറങ്ങളെ അണിഞ്ഞു പാറി നടക്കാൻ പറ്റുന്ന ഒരു അവസരം.

ഇപ്പോള്‍ ചില എഞ്ചിനീയറിംഗ് കോളേജുകളിൽ യൂണിഫോം ഉണ്ട്. പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലാണ് അത് നിർബന്ധം ഉള്ളത് എന്ന് മാത്രം. അവിടെയും പെൺകുട്ടികളും ആൺകുട്ടികളും യൂണിഫോമിട്ട് പോകുന്നത് കാണാറുണ്ട്. അവരുടെ യൂണിഫോം പാൻസും ഷർട്ടും തന്നെയാണ്. ഗവൺമെൻറ് കോളേജുകളിൽ നിറങ്ങളിൽ നിർബന്ധമില്ല. യൂണിഫോമല്ല. എന്നാലും ലാബുകളിൽ പാൻസും ഷർട്ടും ധരിച്ചു തലമുടി ചുരുട്ടിക്കെട്ടി മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. യന്ത്രങ്ങളെ സമീപിക്കാനുള്ള സൗകര്യവസ്ത്രം.

ഇപ്പോൾ ഈ സ്കൂള്‍കുട്ടികളുടെ ജെൻഡർ ന്യൂട്രല്‍ യൂണിഫോം കാണുമ്പോൾ ആ കാലം ഓർമ്മിച്ച് എടുക്കുകയാണ്. ദിവസവും കോളേജിൽ പാന്റ്സ് ഇട്ടു വരണം എന്നുള്ള ഒരു നിർബന്ധം ഉള്ളതുകൊണ്ട് പെൺകുട്ടികളെ എഞ്ചിനീയറിങ്ങ് പഠിക്കാൻ അയക്കാൻ പല കുലസ്ത്രീ കുടുംബങ്ങളും മടിച്ചിരുന്ന ഒരു കാലഘട്ടം കൂടി ആയിരുന്നു ഞാന്‍ പഠിച്ച 1980 കള്‍.

അക്കാലത്ത് ഞാൻ പാന്റ്സ് ഇട്ടുകൊണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് പോയാല്‍ കോളേജിൽ എത്തുന്നതുവരെ വളരെ വിഷമിച്ച് നടക്കുമായിരുന്നു. കാരണം എന്തിനാണ് പാൻറ്സ് ഇടുന്നത് എന്ന് ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ഒരു ജോലി കൂടി ഉണ്ടായിരുന്നു. എന്നെ പാന്റ്സ് ഉപയോഗിക്കുന്നതിൽ കളിയാക്കി സംസാരിച്ച് വിഷമിപ്പിച്ച ഒരുപാട് ബന്ധുക്കളും ഉണ്ടായിരുന്നു.

പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോൾ അവരുടെ പെണ്‍മക്കളും പാൻറ്സ് ഉപയോഗിച്ചുതുടങ്ങി. കാരണം ജീൻസും ടീഷർട്ടും കുട്ടികളുടെ പുറത്തുപോകുന്ന സാധാരണ വേഷമായി മാറി. അവരുടെ മക്കള്‍ വിദേശത്തു പോയി. അതിന് അവർ കണ്ടെത്തിയ ന്യായീകരണം അപ്പോഴേക്കും പാൻസും ഷർട്ടും എല്ലാവരും ധരിക്കുന്ന ഒരു വേഷമായി മാറിയല്ലോ. അതുകൊണ്ട് ധരിച്ചാല്‍ കുഴപ്പമില്ലല്ലോ എന്നായിരുന്നു.

സാരിയെക്കാളും ചുരിദാറിനെക്കാളും എത്രയോ സൗകര്യപ്രദമായ ഒരു വേഷമാണ് പാൻസും ഷർട്ടും. യാത്രചെയ്യാനും ബസ്സിൽ ചാടിക്കയറിപ്പോകാനും ഒക്കെ സൗകര്യം. പോക്കറ്റ് ഉള്ളതുകൊണ്ട് സാധനങ്ങൾ സൂക്ഷിക്കാം. അഴിഞ്ഞു പോകും എന്നുള്ള ഭയം വേണ്ട. ശരീരം അവിടവിടെ പുറത്തുകാണും എന്നുള്ള ഭയം വേണ്ട. ഷോളും സാരിത്തുമ്പും ഒക്കെ പിടിച്ചു നേരെയാക്കി സമയം കളയണ്ട.

എന്നാലും സ്ത്രീകൾ പരമ്പരാഗത വേഷം ധരിച്ചു കാണുന്നതാണ് പൊതുവേ സമൂഹത്തിന് ഇഷ്ടം. അത്രയേ ഉള്ളൂ.

ഇപ്പോൾ ഇങ്ങനെ വേഷം ധരിച്ചു എന്നുവച്ച് ജന്‍ഡര്‍ ഇക്വാലിറ്റി കൊണ്ടുവരുമെന്ന് ഒരു ധാരണയും എനിക്കില്ല. കാരണം പഠിച്ച നാലുവർഷവും എല്ലാദിവസവും പാന്റും ഷർട്ടും ഇട്ട് തന്നെയാണല്ലേ ഞാനും സഹപാഠികളും കോളജിൽ പോയിരുന്നത്. കൂടെ പഠിച്ച പുരുഷന്മാർ ചെയ്യുന്ന അതേ ജോലി തന്നെ, അതേ നിലയില്‍ ശമ്പളം വാങ്ങിക്കൊണ്ട് അതേ കയ്യടക്കത്തോടെ മികവിൽ ചെയ്തു.

അങ്ങനെ ജന്‍ഡര്‍ ഇക്വാലിറ്റി കുറച്ചൊക്കെ അനുഭവിച്ചു. വസ്ത്രം പോലെതന്നെ പ്രധാനമാണ് സമൂഹത്തിന്‍റെ കാഴ്ചപ്പാട് എന്നു അനുഭവിച്ചു.