Friday 17 December 2021 01:57 PM IST : By സ്വന്തം ലേഖകൻ

‘പെണ്ണുങ്ങൾക്ക് ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാ?’: ജെൻഡർ യൂണിഫോം: വിമർശകർക്ക് മറുപടി

uniform-55

ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കി വിപ്ലവം സൃഷ്ടിക്കുകയാണ്  ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂള്‍ വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശം മുന്നോട്ടുവച്ചുള്ള ഈ പുതിയതീരുമാനം വലിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. വിഷയത്തിൽ പൊതുസമൂഹത്തിൽ ചർച്ചകൾ തുടരുമ്പോൾ ഫെയ്സ്ബുക്കിലൂടെ പ്രതികരണം അറിയിക്കുകയാണ് ഫാത്തിമ അസ്‍ല. ഒരു യൂണിഫോമും ഒരിക്കലും അടിച്ചേൽപ്പിക്കൽ ആകരുതെന്ന് ഫാത്തിമ കുറിക്കുന്നു. അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ, പറ്റാത്തതിനോട് No പറയാനുള്ള സ്‌പേസ് അവർക്ക് കിട്ടട്ടെയെന്നും ഫാത്തിമ പറയുന്നു.

പെണ്ണ് എന്ത് ധരിക്കണം എങ്ങിനെ നടക്കണം എങ്ങിനെ ജീവിക്കണം എന്നൊക്കെ ഇവിടെ കാലങ്ങളായി തീരുമാനിക്കുന്നത് ആണുങ്ങളാണെന്ന് സനിത മനോഹറും പ്രതികരിക്കുന്നു. ഇത്തരം അടിച്ചേൽപ്പിക്കലുകൾ വേണ്ടെന്നും തങ്ങളുടെ കാര്യം തങ്ങൾക്ക് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നുമാണ് പറയാന്‍ ശ്രമിക്കുന്നതെന്നും സനിത കുറിക്കുന്നു.

ഫാത്തിമ അസ്ലയുടെ കുറിപ്പ് ഇങ്ങനെ:

ജീൻസിന്റെ കൂടെ ചെറിയ ടോപ്പോ ടീ ഷർട്ടോ ഇട്ട് പൊതുസമൂഹത്തെ അഭിമുഖീകരിക്കാൻ ഞാൻ ഇത്രയും കാലം ആയിട്ട് പഠിച്ചിട്ടില്ല, അല്ലെങ്കിൽ എന്റെ disabled body തരുന്ന inferiority complex മറി കടക്കാൻ മാത്രമുള്ള confidence ഇപ്പോഴും ഉണ്ടായിട്ടില്ല...Body shaming ഉം തുറിച്ചു നോട്ടങ്ങളും കമന്റടികളും നില നിൽക്കുന്ന ഈ സമൂഹത്തിൽ ഇഷ്ട്ടമുള്ള വേഷം ധരിക്കാൻ കഴിയാതെ, ശരീരം മുഴുവൻ മറച്ചു നടക്കുന്ന ഒരുപാട് പെൺകുട്ടികളെ അറിയാം.. അവർക്കൊക്കെ ഒരു ദിവസം കൊണ്ട് ചെറിയ ഷർട്ടോ ജീൻസോ ധരിച്ചു മുന്നോട്ട് വരാൻ ധൈര്യമോ "എന്റെ ശരീരമല്ല ഞാൻ" എന്ന ബോധ്യം ഉണ്ടാവാൻ മാത്രം പ്രിവിലേജോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.. ശീലമാവാൻ എടുക്കുന്ന സമയം കൊണ്ട് അവർക്ക് ഉണ്ടാവുന്ന ട്രോമകളും ചെറുതാവാൻ സാധ്യത ഇല്ല..സ്കൂൾ കുട്ടികൾ ഏറ്റവും കംഫർട്ട് ആയ വസ്ത്രം ധരിച്ചു വന്ന് പോവേണ്ട ഇടമാണ്.. ഒരു യൂണിഫോമും ഒരിക്കലും അടിച്ചേൽപ്പിക്കൽ ആവരുത്, കുട്ടികൾ അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ, പറ്റാത്തതിനോട് No പറയാനുള്ള സ്‌പേസ് അവർക്ക് കിട്ടട്ടെ..

സനിത പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്:

പെൺകുട്ടികളുടെ യൂണിഫോമിലല്ലെ മാറ്റം കൊണ്ടുവന്നത് . പ്രതിഷേധ സംഗമത്തിൽ ആരൊക്കെയാണെന്ന് നോക്കിയേ . പെണ്ണുങ്ങൾക്ക് ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാ നിങ്ങളൊക്കെ പെണ്ണുങ്ങൾ ...സ്വാതന്ത്ര്യം... എന്നൊക്കെ പറഞ്ഞു പിന്നെയും കുരയ്ക്കുന്നതെന്നു ചോദിക്കുന്നവരോടാണ്.ഇതാണ് ഇവിടെ സ്ഥിതി.പെണ്ണ് എന്ത് ധരിക്കണം എങ്ങിനെ നടക്കണം എങ്ങിനെ ജീവിക്കണം എന്നൊക്കെ ഇവിടെ കാലങ്ങളായി തീരുമാനിക്കുന്നത് ആണുങ്ങളാണ് . അത് വേണ്ടെന്നും ഞങ്ങളുടെ കാര്യം ഞങ്ങൾക്ക് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നുമാണ് നിങ്ങൾ ഓ ഒരു ഫെമിനിസ്റ്റുകൾ എന്ന് പറഞ്ഞു പുച്ഛിക്കുന്നവർ തൊണ്ട കീറി പറഞ്ഞുകൊണ്ടിരിക്കുന്നത് . പിന്നെയും പിന്നെയും പറയേണ്ടിവരുന്നത് ഇതുപോലെയുള്ള കെട്ടു കാഴ്ചകൾ കാണേണ്ടി വരുന്നതു കൊണ്ടാണ്‌ .

എങ്ങിനെ മൂത്രം ഒഴിക്കും എന്ന് ആശങ്കപ്പെടുന്നവരോട് പാവാട ആയിരുന്നപ്പോൾ പാവാട പൊക്കി അടിവസ്ത്രം താഴ്ത്തിയാണ് മൂത്രമൊഴിച്ചിരുന്നത് . പാന്റ് വന്നാൽ രണ്ടും ഒരുമിച്ചു താഴ്ത്തി മൂത്രമൊഴിക്കും . മൂത്ര ശങ്കക്കാരുടെ ശങ്ക മാറിയെന്ന് കരുതുന്നു .