Saturday 27 June 2020 02:08 PM IST : By സി കെ ശിവാനന്ദൻ

കഴിഞ്ഞ മാസമാദ്യം വരെ ഹോട്ടൽ ജനറൽ മാനേജർ; ഇന്ന് പാന്റ്സും ഇൻചെയ്ത ഷർട്ടുമിട്ട് മീൻ വിൽപന!

ernakulam-arun-sreekanth

പാന്റ്സും ഇൻ ചെയ്ത ഷർട്ടുമിട്ട് എക്സിക്യൂട്ടീവ് വേഷത്തിൽ പെട്ടി ഓട്ടോറിക്ഷയിൽ നിന്നിറങ്ങി മീൻ വിൽക്കുന്ന യുവാക്കളെ കണ്ട് ജനം അമ്പരന്നു. ഇന്നലെ കൊച്ചി കതൃക്കടവ് – കലൂർ സ്റ്റേഡിയം റോഡിനരികിലായിരുന്നു ഈ കാഴ്ച. ആവശ്യക്കാരെ വിളിക്കുന്നതും അയലയും ചാളയും തൂക്കി വിൽക്കുന്നതുമെല്ലാം അവർ തന്നെ. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശി അരുൺ സാജനും അടൂർ മണ്ണടി സ്വദേശി എം. ശ്രീകാന്തുമാണ് ഈ മീൻവിൽപ്പനക്കാർ.

കഴിഞ്ഞ മാസമാദ്യം വരെ ഒരു പ്രമുഖ ഹോട്ടലിൽ  ജനറൽ മാനേജർ (സെയിൽസ്) ആയിരുന്നു അരുൺ. ശ്രീകാന്ത് മറ്റൊരു പ്രമുഖ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഹൗസ് കീപ്പർ. കോവിഡ് പ്രതിസന്ധി ഇവരുടെ ജോലി ഇല്ലാതാക്കി. ടൂറിസം– ഹോസ്പിറ്റാലിറ്റി മേഖലയിൽ കാൽ ലക്ഷത്തോളം പേർക്കെങ്കിലും കേരളത്തിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. 

തൊഴിൽമേഖലയിലെ പരിചയമാണ് ഇരുവരും തമ്മിൽ. അങ്ങനെ കൊച്ചിയിൽ ഒന്നിച്ചു. കേരള ടൂറിസം എംപ്ലോയീസ് യൂണിയൻ 6 മാസത്തേക്ക് പലിശരഹിത വായ്പ നൽകി. അതുപയോഗിച്ചു പെട്ടി ഓട്ടോറിക്ഷ വാടകയ്ക്കെടുത്തു. ദിവസം 350 രൂപ. അത്രയുംതന്നെ തുകയ്ക്കു ഡീസൽ അടിക്കും. 

ദിവസവും ഒരേ സ്ഥലത്തല്ല വിൽപന. അതതു സ്ഥലത്തു പതിവായി മീൻ വിൽക്കുന്നവരെ ബുദ്ധിമുട്ടിക്കാനില്ല. മൊത്തക്കച്ചവടക്കാരിൽ നിന്ന് അതിരാവിലെ മീൻ വാങ്ങും. 11 മണിയ്ക്കുള്ളിൽ വിൽപന കഴിയും. ഇനി സ്വന്തം നാട്ടിൽ പോയി ഈ ജോലി ചെയ്യാനാണു പരിപാടിയെന്ന് ശ്രീകാന്ത് പറഞ്ഞു.

Tags:
  • Spotlight