Saturday 30 May 2020 02:43 PM IST : By സ്വന്തം ലേഖകൻ

കരിങ്കാലി...രാജ്യത്തിന്റെ കറുത്ത കളങ്കം! കറുപ്പിനെ ഇങ്ങനെ കുറ്റകൃത്യത്തിന്റെ നിറമാക്കിയത് നമ്മളല്ലേ?; ജോര്‍ജ് ഫ്‌ളോയിഡിന്റെ വിയോഗത്തില്‍ കുറിപ്പ്

floyd

അമേരിക്കയിലെ മിനിസോട്ടയില്‍ ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗക്കാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. വര്‍ണവെറിയുടെ കൈകളാല്‍ കൊല്ലപ്പെട്ട നിരപരാധിയെ ഓര്‍ത്ത് ലോകം തേങ്ങുമ്പോള്‍ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ആ കൃത്യത്തില്‍ പങ്കാളികളാണെന്ന് ഡോക്ടര്‍ കുറിക്കുക്കുന്നു.  കറുത്ത കൈകളെന്നും കരിങ്കാലിയെന്നും രാജ്യത്തിനേറ്റ കറുത്ത കളങ്കമെന്നുമൊക്കെ ആരോ പറഞ്ഞത് കേട്ട് ആവര്‍ത്തിച്ച് ഒരു നിറത്തെ കുറ്റകൃത്യത്തിന്റെ നിറമാക്കിയത് സമൂഹമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

ജോർജ് ഫ്ലോയ്ഡ്.

നിറം ഒന്നുകൊണ്ടുമാത്രം നാടും നാട്ടാരും നോക്കിനിൽക്കെ പട്ടാപ്പകൽ തെരുവിൽ വച്ച് പൊലീസിൻ്റെ , അധികാരത്തിൻ്റെ , വർണവെറിയുടെ കൈകളാൽ കൊല്ലപ്പെട്ട നിരപരാധി.

അറിഞ്ഞോ അറിയാതെയോ ഞാനും നിങ്ങളും ആ കൃത്യത്തിൽ പങ്കാളികളാണ്. കറുത്ത കൈകളെന്നും കരിങ്കാലിയെന്നും രാജ്യത്തിനേറ്റ കറുത്ത കളങ്കമെന്നുമൊക്കെ ആരോ പറഞ്ഞത് കേട്ട് ആവർത്തിച്ച് ഒരു നിറത്തെ കുറ്റകൃത്യത്തിൻ്റെ നിറമാക്കിയതിന്..

കുറ്റം ചെയ്തതുകൊണ്ടാണ് കൊല്ലപ്പെട്ടത്, മോഷ്ടിച്ചതുകൊണ്ടാണ് പിടികൂടാൻ ശ്രമിച്ചത് എന്ന് കേൾക്കുമ്പൊ രണ്ടാമതൊന്ന് ആലോചിക്കാൻ തോന്നാത്തവിധമാക്കിത്തീർത്തതിന്.

പലപ്പൊഴായി വായിച്ചിട്ടുണ്ട്, പലയിടങ്ങളിലും കണ്ടിട്ടുണ്ട് ഹിറ്റ്ലറുടെ കാലത്തെ ജർമനിയിൽ ജൂതരെ ചിത്രീകരിച്ചിരുന്ന, കുഞ്ഞുങ്ങളെപ്പോലും പഠിപ്പിച്ചിരുന്ന രീതികളെക്കുറിച്ച്. അവർ മനുഷ്യരെക്കാൾ താഴെയാവുന്നത് എങ്ങിനെയാണെന്ന്.

ശ്വസിക്കാനാവുന്നില്ല എന്ന അയാളുടെ കരച്ചിൽ കേൾക്കാൻ കഴിയാതെയാക്കിയതിന് നൂറ്റാണ്ടുകളോളം പഴക്കമുള്ള അത്തരം കണ്ടീഷനിങ്ങുകൾക്ക് പങ്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കറുത്ത വർഗക്കാരൻ മരിച്ചാൽ ഒരു മോഷ്ടാവ് കുറഞ്ഞുവെന്ന് ചിന്തിക്കാൻ തോന്നിക്കുന്ന കണ്ടീഷനിങ്ങുകൾ.

അങ്ങ് അമേരിക്കയിൽ നടന്ന ഒരു സംഭവം ഇവിടെ പ്രസക്തമാവുന്നത് അവിടെയാണ്...

ഒന്ന് ഓർത്തുനോക്കൂ, മരണത്തെ വിക്കറ്റ് വീഴ്ചയാക്കുന്നവരെക്കുറിച്ച്. മരണവാർത്തയുടെ താഴെ ഒരു തീവ്രവാദി കുറഞ്ഞുവെന്ന് വരുന്ന കമൻ്റുകളെക്കുറിച്ച്..മുടിയുടെ നീളം കൊണ്ട് വിധിക്കപ്പെടുന്നവരെക്കുറിച്ച്..

തെറ്റുകാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയാണ് ( Innocent until proven guilty ) എന്നയിടത്ത് നിന്ന് എല്ലാ കറുത്ത വംശജരും തെറ്റുകാരാണ് എന്നും താൻ അങ്ങനെയല്ല എന്ന് തെളിയിക്കപ്പെടേണ്ടതുണ്ട് എന്നും വരുന്നത് വർണവിവേചനത്തിൻ്റെ ഒരു ഭാഗം..

ഓർമിച്ച് നോക്കിയാൽ അതിനു സമാനമായ എത്രയോ വിവേചനങ്ങൾ കാണാം ചുറ്റും...പേരിൻ്റെ അടിസ്ഥാനത്തിൽ, ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, തൊഴിലിൻ്റെ അടിസ്ഥാനത്തിൽ, ജാതിയുടെ അടിസ്ഥാനത്തിൽ എന്തിന്, ജീവിക്കുന്ന ഇടങ്ങളുടെ അടിസ്ഥാനത്തിൽ പോലും.

പേരുകൊണ്ട് രാജ്യദ്രോഹിയും തീവ്രവാദിയുമാവുന്നവർ, മുടിയുടെ നീളം നോക്കി കള്ളനാക്കപ്പെടുന്നവരും കള്ളലക്ഷണം ആരോപിക്കപ്പെടുന്നവരും, താമസിക്കുന്ന ഇടം കൊണ്ട് നിലവാരമില്ലെന്ന് മുദ്രകുത്തപ്പെടുന്നവർ...ഏതെല്ലാം രൂപത്തിൽ ചുറ്റുമുണ്ടെന്ന് നോക്കാനുള്ള അവസരം കൂടിയാണ്.

പ്രതിഷേധം കനക്കുകയാണ് അമേരിക്കയിൽ. സി.എൻ.എന്നിൻ്റെ കറുത്ത വംശജനായ റിപ്പോർട്ടറെ ഓൺ എയർ അറസ്റ്റ് ചെയ്ത് നീക്കം ചെയ്ത് പിന്നീട് വിട്ടയച്ചുവെന്ന് വാർത്തകൾ കാണുന്നുണ്ട്.

എല്ലാം ശാന്തമാക്കേണ്ട പ്രസിഡൻ്റിൻ്റെ ട്വീറ്റ് വയലൻസിനെ മഹത്വവൽക്കരിക്കുന്നതുകൊണ്ട് ഫ്ലാഗ് ചെയ്യേണ്ടുന്ന അവസ്ഥ വരെ എത്തിനിൽക്കുന്നു.

അനീതി നടന്നത് അമേരിക്കയിലാവുമ്പൊ പ്രതികരിക്കാൻ നമുക്ക് എളുപ്പമാണ്...

ഈ കേരളത്തിലായിരുന്നെങ്കിലോ?

ഭരണം നോക്കണം, പാർട്ടി നോക്കണം. മതം നോക്കണം.. അങ്ങനെ എന്തെല്ലാം നോക്കിയാലാണ് അനീതിക്കെതിരെ ഒന്ന് ശബ്ദമുയർത്താൻ കഴിയുന്നത്.

പലരും പറഞ്ഞുകേട്ടതുപോലെ എനിക്ക് ശ്വാസം മുട്ടുന്നുവെന്നത് ഒരു മുദ്രാവാക്യമായിരുന്നില്ല. അയാളുടെ അവസാനത്തെ കരച്ചിലായിരുന്നു. അത് കേട്ടിട്ടും കേൾക്കാതെ തിരിഞ്ഞ് നിന്നുകളഞ്ഞൂ എല്ലാവരും..

ചുറ്റും നോക്കണ്ട..

" എനിക്ക് ശ്വാസം മുട്ടുന്നു " വെന്ന് കേൾക്കുമ്പൊ ന്യായീകരിക്കാൻ ശ്രമിക്കാതെയെങ്കിലുമിരുന്നാൽ മതി.