Tuesday 22 June 2021 04:50 PM IST

കോവിഡ് തല‘വര’ മാറ്റിയെഴുതി, ബ്രഷ് പിടിച്ച കൈകൾ ഇപ്പോൾ കോഴിമുട്ട വിൽക്കുന്നു! ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച ഗിരീഷിന്റെ ജീവിതം ഇങ്ങനെ

Priyadharsini Priya

Senior Content Editor, Vanitha Online

gireeshhhhartist

ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻ ഇപ്പോൾ കരിങ്കോഴിയുടെ മുട്ട വിറ്റ് ഉപജീവനം തേടുകയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? കോവിഡും ലോക് ഡൗണും ‘വരയെ’ പ്രതിസന്ധിയിലാക്കിയപ്പോൾ മുട്ട വിൽപ്പയിലേക്ക് സധൈര്യം  ഇറങ്ങിയിരിക്കുകയാണ് കൊടുങ്ങല്ലൂരിന്റെ സ്വന്തം ഗിരീഷ് കെ സി എന്ന ഗിരി മാഷ്. വരയിലൂടെ നാടിനും നാട്ടുകാർക്കും സുപരിചിതനായ ഈ ഡ്രോയിങ് മാഷ് ഇപ്പോൾ കരിങ്കോഴി മുട്ട കച്ചവടത്തിന്റെ തിരക്കിലാണ്. കോവിഡ് ‘തല’വര മാറ്റിയ ആ കഥ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുമ്പോൾ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വരച്ചിടുന്നത്. 

gireeshhhhartist4

വ്യത്യസ്തനായ ഡ്രോയിങ് മാഷ് 

20 വർഷമായി ഡ്രോയിങ് പഠിപ്പിക്കുന്നു. വര പഠിക്കാനെത്തുന്നവരുടെ കൂട്ടത്തിൽ സ്‌കൂൾ വിദ്യാർഥികളും ഡ്രോയിങ് ടീച്ചേഴ്‌സും, എന്നേക്കാൾ മുതിർന്ന ആളുകൾ വരെയുണ്ട്. രണ്ടു സിനിമകളിൽ മിനിയേച്ചർ ആർട്ട് വർക്കുകൾ ചെയ്തു. കോവിഡ് എല്ലാ മേഖലകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.

gireeshhhhartist1

കോവിഡ് വന്നതോടെ ഒന്നര വർഷമായി അധ്യാപനം നടക്കുന്നില്ല. ചിലർ ആവശ്യപ്പെട്ടിട്ട് ഒന്നു രണ്ടുപേർക്കുവേണ്ടി ഓൺലൈൻ ക്ലാസുകൾ എടുത്തു കൊടുക്കുന്നുണ്ട്. അതിലെനിക്ക് സംതൃപ്തി തോന്നാറില്ല. ഡ്രോയിങ് അങ്ങനെ പഠിക്കേണ്ട വിഷയമല്ല. കലാപരമായ വിഷയങ്ങൾ ഓൺലൈൻ വഴി പറഞ്ഞു കൊടുത്ത് പഠിപ്പിക്കാനും ബുദ്ധിമുട്ടാണ്. ശരിയായ രീതിയായി തോന്നുന്നില്ല. അങ്ങനെ ചെയ്യുന്നവർ ഉണ്ടാകാം, പക്ഷേ, എനിക്കത് സ്യൂട്ടാകില്ല.

കലകളുടെ വിദ്യാഭ്യാസം യഥാർത്ഥ രീതിയിലല്ല ഇവിടെ നടക്കുന്നത്. പിന്നെ കഴിവുള്ളവർ സ്വയം മുന്നോട്ടു വരുന്നുണ്ട് എന്നല്ലാതെ പഠിച്ചവരൊക്കെ പുറകിലേക്ക് പോയില്ലേ? ഞാൻ പഠിച്ച രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിൽ 40 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് ചിത്രരചന പ്രൊഫഷനായി മുന്നോട്ടുകൊണ്ടുപോകുന്നത്. ഇഷ്ടം മാത്രമല്ല, വ്യക്തിയുടെ കഴിവാണ് പ്രധാനം. അത്രയധികം ശ്രദ്ധ ചെലുത്തിയാൽ മാത്രമേ കുട്ടിയുടെ കഴിവ് വികസിപ്പിക്കാൻ പറ്റൂ. ഡ്രോയിങ്ങിനു പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഓൺലൈൻ ക്ലാസുകളിൽ വളരെ പതുക്കെ മാത്രമേ കഴിവ് വികസിപ്പിച്ചെടുക്കാൻ പറ്റൂ. 

gireeshhhhartist2

വഴങ്ങില്ല, ഓൺലൈൻ വര 

ഞാൻ രണ്ടു വർഷം കൊണ്ട് പഠിച്ചത് ഓൺലൈൻ ക്ലാസ് പഠിക്കാൻ വഴി അഞ്ചോ ആറോ വർഷം പഠിക്കേണ്ടി വരും. പലരും അടിസ്ഥാനം ഇല്ലാത്തതു കൊണ്ട് ഡ്രോയിങ് വിട്ട് പോകുന്നവരുണ്ട്. ഞാൻ പഠിപ്പിക്കുമ്പോൾ എനിക്ക് എന്റേതായ ശൈലിയുണ്ട്. അതിലൂടെയാണ് ക്ലാസ് എടുക്കുക. കുട്ടികളെ ഒരിക്കലും റബ്ബർ ഉപയോഗിക്കാൻ സമ്മതിക്കില്ല. തെറ്റിയാൽ മായ്ക്കാൻ ഒരവസരം ഉണ്ടെങ്കിൽ തെറ്റിയാലും കുഴപ്പമില്ല എന്ന തോന്നൽ ഉണ്ടാകും. അങ്ങനെ വന്നാൽ ശ്രദ്ധയോടെ വരയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഇഷ്ടം മാത്രം പോരാ, നല്ല ശ്രദ്ധയാണ് വരയിൽ വേണ്ടത്. അത്രയും ശ്രദ്ധ ചെലുത്തിയാൽ മാത്രമേ വര നന്നായി വരൂ.

gireeee334

വാട്ടർ കളറിങ്ങിൽ അഞ്ചു കളർ അല്ലെങ്കിൽ പന്ത്രണ്ട് കളർ ഉപയോഗിച്ചാണ് സാധാരണ പെയിന്റിങ് പഠിപ്പിക്കുക. ഞാൻ മൂന്നു കളറുകൾ മാത്രം ഉപയോഗിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ലെമൺ യെല്ലോ, പേർഷ്യൻ ബ്ലൂ, ക്രിംസം റെഡ് എന്നിങ്ങനെ മൂന്ന്‌ കളറുകൾ മാത്രമാണ് ഉപയോഗിക്കുക. പ്രകൃതിയിൽ കാണുന്ന എല്ലാ കളറുകളും ഈ മൂന്നു നിറങ്ങൾ വച്ച് മിക്സ് ചെയ്തെടുക്കാൻ കഴിയും. കുട്ടി ആവശ്യമുള്ള കളറുകൾ തനിയെ മിക്സ് ചെയ്ത് ഉണ്ടാക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ അവനിലെ കളർ സെൻസ് കൂടും. നിറങ്ങൾ എങ്ങനെ ഉണ്ടായി എന്ന് പഠിച്ചുകഴിഞ്ഞാൽ പിന്നെ ഏതു നിറങ്ങൾ കണ്ടാലും അവനത് എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റും. 

മുട്ട വില്പനയിലേക്ക്

gireeshhhhartist6

കലയ്‌ക്കൊപ്പം ജീവിതവും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അല്ലാതെ കലയ്ക്ക് വേണ്ടി മാത്രം ജീവിതം എന്നൊരു സങ്കൽപ്പമില്ല. പ്രകൃതി, കാട് കയറൽ ഒക്കെ ഇഷ്ടമുള്ള കാര്യങ്ങളാണ്. ജീവിക്കാൻ പണം വേണം. അധികം ഉത്പാദന ചിലവ് ഇല്ലാത്ത ഒരു വരുമാന മാർഗ്ഗം എന്ന നിലയ്ക്കാണ് കരിങ്കോഴി മുട്ട വിൽപ്പന തുടങ്ങിയത്. 18 കരിങ്കോഴികൾക്ക് പുറമെ 20 എണ്ണം മുട്ടക്കോഴി എന്ന സങ്കരയിനത്തെ കൂടി വളർത്തുന്നുണ്ട്. 200 രൂപ എന്തായാലും ഒരു ദിവസം വരുമാനമായി കിട്ടും. ചില ദിവസം മൂന്നൂറു രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കും.

അമ്മ മരണപ്പെട്ടതിനുശേഷം തനിച്ചാണ് താമസം. അടുത്തുതന്നെ എന്റെ കസിൻ ബ്രദറുമായി ചേർന്ന് ഒരു ഫാം തുടങ്ങാനുള്ള പരിപാടിയിലാണ്. ഫാമിന് മേൽനോട്ടം വഹിച്ചാൽ മാത്രം മതി, വരയും നടക്കും വരുമാനവും കിട്ടും.

gireeshhhhartist9
Tags:
  • Spotlight
  • Motivational Story