Wednesday 29 June 2022 12:43 PM IST : By സ്വന്തം ലേഖകൻ

ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നിമറിഞ്ഞു; പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി മരിച്ചു, തലയിടിച്ചു വീണു മരണം

accidet-bike.jpg.image.845.440

ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നിമറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. തൃശൂര്‍ കയ്പമംഗലത്ത് ഇന്നലെയായിരുന്നു അപകടം. മതിലകം പുന്നക്കബസാര്‍ സ്വദേശി ഹാര്‍ഷാദാണ് ബൈക്ക് ഓടിച്ചിരുന്നത്. പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കാട്ടൂര്‍ പൊഞ്ഞനം സ്വദേശി റംസിയ തലയിടിച്ച് റോഡില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റംസിയയെ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ, വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നു പുലര്‍ച്ചെയാണ് റംസിയ മരിച്ചത്. 

കയ്പമംഗലം എം.ഐ.സി. വഫിയ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. ബൈക്ക് ഓടിച്ചിരുന്നത് റംസിയയുടെ ഉറ്റസുഹൃത്ത് ഹാര്‍ഷാദായിരുന്നു. ഹാര്‍ഷാദിനും ഗുരുതരമായി പരുക്കേറ്റു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹാര്‍ഷാദ് നേരത്തെ ആംബുലന്‍സ് ഡ്രൈവറായിരുന്നു. നിര്‍ധന കുടുംബാംഗമായിരുന്നു റംസിയ. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. 

ബൈക്ക് തെന്നിവീഴുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ കെട്ടിടത്തിലെ സിസി ടിവി കാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്. മഴ നനഞ്ഞ റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഈ സംഭവം. കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലായിരുന്നു അപകടം.

Tags:
  • Spotlight