Tuesday 27 October 2020 05:03 PM IST : By സ്വന്തം ലേഖകൻ

പ്രണയാഭ്യർത്ഥന നിരസിച്ചു; കോളജിന് മുന്നിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്, തെരുവിൽ പ്രതിഷേധം

girl654fgyguygu

പ്രണയം നിരസിച്ചതിന് കോളജിന് മുന്നിൽ വിദ്യാർഥിനിയെ വെടിവച്ച് കൊന്ന് യുവാവ്. ഹരിയാനയിലെ ഫരീദബാദിലാണ് അക്രമം നടന്നത്. ബല്ലഭ്ഗഡ് അഗർവാൾ കോളജിലെ അവസാന വർഷ ബികോം വിദ്യാർഥിനിയായ നിഖിതാ തോമറാണ് കൊല്ലപ്പെട്ടത്. പ്ലസ് ടു വരെ നിഖിതയ്ക്ക് ഒപ്പം പഠിച്ച തൗഫീഖ് എന്ന യുവാവാണ് വെടിയുതിർത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തൗഫീഖ് പെൺകുട്ടിയെ പലതവണ ശല്യപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവാവും സുഹൃത്തും കാറിലെത്തി പെൺകുട്ടിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതി ഓടാൻ ശ്രമിച്ചപ്പോൾ ഇയാൾ വെടിവയ്ക്കുകയായിരുന്നു. ജനം ഓടിയെത്തിയതോടെ യുവാവും സുഹൃത്തും കാറിൽ കയറി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. 

പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിതയോട് നടത്തിയ പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് തെരുവിൽ വൻ പ്രതിഷേധം ഉയരുകയാണ്. പ്രതികളെ കൊല്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് വ്യക്തമാക്കി കുടുംബവും രംഗത്തുവന്നു. 

Tags:
  • Spotlight