Friday 21 September 2018 10:34 AM IST : By സ്വന്തം ലേഖകൻ

‘ഒരു കാൽ മാത്രമേ എനിക്ക് നഷ്ടമായിട്ടുള്ളൂ, നിങ്ങൾക്കില്ലാത്തത് തലച്ചോറും ഹൃദയവുമാണ്’

chiara

‘സ്വപ്നങ്ങൾക്ക് പരിധികളും പരിമിതികളുമുണ്ടോ? ഇല്ലാ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ജീവനറ്റു പോകുന്നതു വരേയും നമ്മുടെ സ്വപ്നങ്ങൾ നമുക്ക് സ്വന്തമാണ്. പരിമിതികളെ പടിവാതിലിനു പുറത്തു നിർത്തിയുള്ള യാത്രയിൽ വേണ്ടത് രണ്ട് കാര്യങ്ങൾ മാത്രം. നിശ്ചയദാർഢ്യവും ആത്മ വിശ്വാസവും.’

ചിയാറയെന്ന പെൺകൊടിയുടെ ഈ വാക്കുകൾ ഇന്ന് ഓരോ യുവാക്കളുടേയും ഹൃദയതാളമാണ്. കേവലവലമൊരു വക്ചാതുരി മാത്രമായിരുന്നില്ല അത്. പരിമിതികളുടെ ലോകത്തു നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന അവൾ ചേർത്തു വച്ചിരിക്കുന്നത് ആരും അസൂയപ്പെടുത്തുന്ന നേട്ടം. കൃത്രിമക്കാലുകളുമായി സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലേക്ക് പറന്നു കയറിയിരിക്കുകയാണ് അവൾ. ഇറ്റലിയിലെ ഏറ്റവും സുന്ദരിയായ പെണ്ണായി മാറാനായിരുന്നു പരിമിതികൾ കീഴടക്കിയുള്ള ചിയാറയുടെ യാത്ര.

പതിമൂന്നാമത്തെ വയസില്‍ ഒരു ബൈക്ക് ആക്സിഡന്‍റിലാണ് ചിയാറയ്ക്ക് തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടത്. എന്നിട്ടും, പതിനെട്ടാമത്തെ വയസില്‍ മിസ് ഇറ്റലി മത്സരത്തില്‍ മൂന്ന് ഫൈനലിസ്റ്റുകളില്‍ ഒരാള്‍ ചിയാറ ബോഡി ആയിരുന്നു. കാല്‍ലറ്റോ മഗിയാറാനോ അവസാനം മിസ് ഇറ്റലിയായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ചിയാറോ എഴുതിയത് ആത്മവിശ്വാസത്തിന്റെ പുതു ചരിതം. വിജയകിരീടം നേരിയ വ്യത്യാസത്തിൽ അവളിൽ നിന്നു തെന്നിമാറിയെങ്കിലും അവള്‍പങ്കുവച്ച അതിജീവന കഥയെ ലോകം മുഴുവൻ വാഴ്ത്തി. ബാഹ്യസൗന്ദര്യത്തിനുമപ്പുറമുള്ള അവളുടെ മനസിന്റെ ഭംഗിയെ ലോകം ഹൃദയത്തിലേറ്റുവാങ്ങി.

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ ചിയാറയുടെ വിമര്‍ശകരും, ആരാധകരും തമ്മിലുള്ള വന്‍ ഏറ്റുമുട്ടല്‍ തന്നെ നടന്നു. അവളെയും കാലില്ലാത്തതിനേയും ഫേസ്ബുക്ക് വഴി പരിഹസിച്ചത് നിരവധി പേരാണ്.

എന്നാൽ കളിയാക്കലുകളോടുള്ള അവളുടെ പ്രതികരണത്തിലും ഏവരും ദർശിച്ചു, ഒരു വേറിട്ട ചിയാറ സ്റ്റൈൽ.

'എനിക്കൊരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ, നിങ്ങള്‍ക്ക് ഇല്ലാത്തത് ഹൃദയവും തലച്ചോറുമാണ്' എന്നാണ് അവള്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പരിമിതികൾക്കുള്ളിൽ നിന്ന് ഉയർന്നു വരുമ്പോഴും തന്നെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുന്നവരോടുള്ള രോഷമായിരുന്നു ആ വാക്കുകളിൽ നിഴലിച്ചിരുന്നത്. തനിക്ക് മിസ് ഇറ്റലി ആകണം എന്നില്ലായിരുന്നു. പക്ഷെ, ആ അപകടത്തിനുശേഷം ഞാന്‍ പുനര്‍ജനിച്ചിരിക്കുകയാണെന്നും, തന്റെ ജീവിതം ഇപ്പോഴും മനോഹരമാണെന്നും കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അവള്‍ കുറിച്ചിരുന്നു.