പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആൻ ഗ്രേസ് (16) ആണു മരിച്ചത്. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻ, തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അപകടത്തിൽ ഇതോടെ മരണം രണ്ടായി.
ഇന്നലെ അര്‍ധരാത്രിയോടെയാണ് പ്രാര്‍ഥനകള്‍ വിഫലമാക്കിയാണ് തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാലു പെണ്‍കുട്ടികളില്‍ ഒരാളായ അലീന മരിച്ചത്. ബന്ധുക്കളും കുടുംബാംഗങ്ങളും പ്രാര്‍ഥനയോടെ ജൂബിലി മിഷന്‍ ആശുപത്രിയുടെ ക്രിട്ടിക്കല്‍ ഐ.സി.യുവിന് മുമ്പില്‍ ഇരിക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ അലീനയുടെ മരണം സ്ഥിരീകരിക്കുന്നത്പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്കു 2.30നാണു അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. അപകടത്തിൽപ്പെട്ട നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ.
നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും തിങ്കളാഴ്ച പുലർച്ചെ 12.30ന് അലീന മരിച്ചു. അപകടത്തിൽപ്പെട്ട, പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവർ ചികിത്സയിൽ തുടരുകയാണ്.
ഡാമിലെ ജലസംഭരണി കാണാൻ 5 പേർ ചേർന്നാണു പുറപ്പെട്ടത്. റിസര്‍വോയറിന്‍റെ അരികില്‍ ഇറങ്ങി നിന്നപ്പോഴാണ് ഒരു കുട്ടിയുടെ കാലില്‍ നിന്ന് ചെരിപ്പ് വഴുതി പോയത്. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നു. നാലു പേരും കൈകോര്‍ത്ത് നില്‍ക്കുമ്പോഴാണ് മുങ്ങിയത്. പെണ്‍കുട്ടികള്‍ നിന്നിരുന്ന ഭാഗത്ത് ചെളിയായിരുന്നു. ആര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. കരയിലുണ്ടായിരുന്ന മാതാപിതാക്കളാണ് രണ്ടു പേരെ പുറത്തെടുത്തത്. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സമീപത്തെ താമസക്കാരന്‍ കൂടിയായ മുങ്ങല്‍ വിദഗ്ധന്‍ മെജോയ് കുര്യന്‍ ഓടിയെത്തിയാണ് മുങ്ങിയ കുട്ടികളെ പുറത്തെടുത്തത്. ഉടനെ, പ്രാഥമിക ശുശ്രൂഷയായ സി.പി.ആര്‍. നല്‍കി ആശുപത്രിയിലെത്തിച്ചു.
വെന്‍റിലേറ്റര്‍ സഹായത്തോടെ ചികില്‍സ തുടരുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായതോടെയാണ് അലീന മരിക്കുന്നത്. തൃശൂര്‍ സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.