Thursday 21 February 2019 03:42 PM IST : By സ്വന്തം ലേഖകൻ

പട്ടിണിയായപ്പോഴും ആളുകൾ എന്നെ അടിച്ചപ്പോഴും കരഞ്ഞില്ല; പക്ഷെ, എന്റെ അമ്മയെ ഓർത്ത് ഞാനെന്നും കരയും!

gmb-akash-story213

വളരെ ചെറുപ്രായത്തിൽ തന്നെ വിശപ്പും അനാഥത്വവും ഒരുപോലെ അനുഭവിച്ച മാസും എന്ന ബാലന്റെ ദുരിതപൂർണ്ണമായ ജീവിതമാണ് ബംഗ്ലാദേശി ഫൊട്ടോഗ്രാഫറായ ജി എം ബി ആകാശ് തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവച്ചത്. പ്രാണനെ പോലെ സ്നേഹിച്ച അമ്മയുടെ വേർപാടും ഭക്ഷണം ഇല്ലാതെ വിശന്ന് അലഞ്ഞ നാളുകളും കുഞ്ഞു മാസൂമിന് ഇന്നും മറക്കാൻ കഴിയില്ല.

സ്വന്തം ജീവിതത്തെപ്പറ്റി മാസും പറയുന്നതിങ്ങനെ;

വിശന്ന വയറുമായി എന്റെ നിൽപ്പ് കാണുമ്പോൾ അമ്മ എന്നും ആവശ്യപ്പെടും ഭക്ഷണത്തിനായി യാചിച്ച് ആരുടെയെങ്കിലുമൊക്കെ വാതിലിൽ ചെന്ന് മുട്ടാൻ. നാല് വർഷങ്ങൾക്ക് മുൻപാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത്. അമ്മ ഒരു അസുഖക്കാരിയായതിനാൽ ജോലിയ്ക്ക് പോകാനൊന്നും കഴിയില്ല. ദിവസവും കഠിന വേദന സഹിക്കാനാവാതെ രണ്ടു കൈ കൊണ്ടും വയർ അമർത്തിപ്പിടിക്കുന്ന എന്റെ അമ്മയുടെ വേദന നിറഞ്ഞ മുഖം കാണാറുണ്ട്. അപ്പോഴെല്ലാം അമ്മയെ ചുറ്റിപ്പിടിക്കുകയല്ലാതെ എനിക്ക് വേറെ മാർഗ്ഗമില്ലായിരുന്നു.

ഒരു ദിവസം രാവിലെ അമ്മ എന്നോട് ചോദിച്ചു, എന്റെ കൂടെ കുറച്ചു ദൂരം നടക്കാൻ വരുമോ എന്ന്. അമ്മയ്‌ക്കൊപ്പം എവിടേക്ക് വേണമെങ്കിലും വരാമെന്ന് ഞാനും സന്തോഷത്തോടെ മറുപടി നൽകി. അങ്ങനെ ഞങ്ങൾ മൂന്നു ദിവസം കൊണ്ട് 60 കിലോമീറ്ററോളം നടന്ന് ഒരു പ്രദേശത്തെത്തി. ആഹാരത്തിനുള്ള മാർഗ്ഗം തേടുക, അച്ഛനെ അന്വേഷിച്ച് കണ്ടെത്തുക എന്നിവയായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. 

അങ്ങനെ ക്ഷീണിതരായ ഞങ്ങൾ വഴിയരികിൽ ഇരുന്നു. അമ്മ ക്ഷീണം കാരണം മയങ്ങിപ്പോയി. ആളുകൾ ഉറങ്ങുന്ന അമ്മയ്ക്ക് മുന്നിൽ പണമിടുന്നത് കണ്ടപ്പോൾ ആദ്യം എനിക്ക് എന്തിനാണെന്ന് മനസ്സിലായില്ല. ഒരു സ്ത്രീ ഞങ്ങളുടെ അടുത്ത വന്ന് ഒരു തുണി കൊണ്ട് അമ്മയുടെ ശരീരം മുഴുവൻ മറച്ചു. അവർ എന്നോട് പറഞ്ഞു അമ്മയെ മറവു ചെയ്യാൻ സഹായിക്കാമെന്ന്. അമ്മ എന്നന്നേയ്ക്കുമായി എന്നെ വിട്ടുപോയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഞാൻ പിന്നെയും കുറേ സമയമെടുത്തു. 

ഞങ്ങൾ ദിവസങ്ങളോളം പട്ടിണിയായിരുന്നെങ്കിലും ആഹാരത്തിനായി എന്റെ അമ്മ കരയുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. പക്ഷേ, ഈ യാത്രയ്ക്കിടെ എനിയ്ക്ക് വേണ്ടി അമ്മ റൊട്ടി ചോദിച്ചപ്പോൾ ആ റസ്റ്റോറന്റ് ഉടമ ഞങ്ങളെ മർദ്ദിച്ചു. അന്നാദ്യമായി എന്റെ അമ്മ സങ്കടം നിയന്ത്രിക്കാനാകാതെ കരയുന്നത് ഞാൻ കണ്ടു. എന്നും ഞാനമ്മയെ ഓർക്കാറുണ്ട്. വിശന്നപ്പോഴോ, ആളുകൾ എന്നെ അടിക്കുമ്പോഴോ ഒന്നും ഞാൻ കരയാറില്ല. പക്ഷേ, എന്റെ അമ്മയെ ഓർത്ത് ഞാനെന്നും കരയും. അമ്മ പോയ ഇടത്തേക്ക് എനിക്കിപ്പോൾ പോകാൻ കഴിയുന്നില്ലല്ലോ എന്നോർത്താണ് വിഷമം.

GMB-akash8654