Friday 28 May 2021 01:36 PM IST : By സ്വന്തം ലേഖകൻ

‘പശു വളര്‍ത്തുന്നവനെ വേണ്ട എന്നുപറഞ്ഞ് ഓള്‍ ഇട്ടേച്ച് പോയി; തളര്‍ന്നില്ല.. പിന്നെ വാശിയായിരുന്നു, ജീവിക്കാനുള്ള വാശി’; ശ്രദ്ധേയമായി യുവകർഷകന്റെ കുറിപ്പ്

gokullsnair

അച്ഛന്റെ പാതയിലൂടെ പശു വളർത്തലിലേക്ക് എത്തിയ യുവ കര്‍ഷകനാണ് ഇടുക്കി കൊച്ചറ സ്വദേശി മാരിക്കുടിയില്‍ ഗോകുല്‍ എസ് നായര്‍. ഗോകുലിന്റെ അച്ഛന്‍ സദാശിവന് പണ്ടുകാലത്ത് കാളയും കാളപൂട്ടുമൊക്കെയുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ ഇതെല്ലാം  കണ്ടുവളര്‍ന്നത് കൊണ്ട് മുതിർന്നപ്പോൾ ഗോകുലും അച്ഛന്റെ പാത പിന്തുടർന്നു. എന്നാൽ കന്നുകാലികളെ വളര്‍ത്തുന്ന യുവാക്കള്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ഗോകുലിനുമുണ്ട്. അക്കാര്യം തുറന്നുപറഞ്ഞ് ഗോകുല്‍ കഴിഞ്ഞ ദിവസം ഒരു ഫെയ്സ്ബുക് കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

"പശു വളര്‍ത്തുന്നവനെ വേണ്ട എന്നു പറഞ്ഞ് ഓള്‍ ഇട്ടേച്ച് പോയി. തളര്‍ന്നില്ല... പിന്നെ വാശി ആയിരുന്നു, ജീവിക്കാനുള്ള വാശി... ഇപ്പം സ്വന്തമായി ഒരു സ്റ്റുഡിയോ, കുറച്ച് പശുക്കള്‍... ജീവിതം സുഖം. കൊടുക്കുന്ന സ്‌നേഹം അതേപോലെ തിരിച്ചുകിട്ടണമെങ്കില്‍ മിണ്ടാപ്രാണികളെ സ്‌നേഹിക്കണം."- ഗോകുലിന്റെ കുറിപ്പിൽ പറയുന്നു. 

ഫോട്ടോഗ്രഫിയാണ് ഗോകുലിന്റെ പ്രഫഷനെങ്കിലും കൂടുതലിഷ്ടം കന്നുകാലി വളർത്തലിനോടാണ്. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ എപ്പോഴും അഞ്ചു പശുക്കളുണ്ടാകും. തൊഴുത്ത് പശുക്കളെ കൊണ്ട് നിറയണം എന്നാണ് ഗോകുലിന്റെ ആഗ്രഹം. സാധാരണ ആളുകൾ പാലിനു വേണ്ടിയാണ് പശുക്കളെ വളര്‍ത്തുന്നതെങ്കില്‍ തനിക്ക് മാനസിക സംതൃപ്തിയാണ് വലുതെന്ന് ഗോകുൽ പറയുന്നു. 

"എത്രയൊക്കെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നാലും പശു വളര്‍ത്തല്‍ ഒഴിവാക്കാന്‍ പറ്റില്ല. എന്നും രാവിലെ ഉണര്‍ന്ന് മുറ്റത്തേക്കിറങ്ങുമ്പോള്‍ തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളെ കണ്ടാല്‍ ഒരു പ്രത്യേകതരം അനുഭൂതിയാണ്."- ഗോകുല്‍ പറയുന്നു. 

Tags:
  • Spotlight
  • Social Media Viral
  • Inspirational Story