Friday 31 July 2020 03:34 PM IST

നേരത്തെ എത്തിയ മാവേലിയ്ക്കും ക്വാറന്റീന്‍; ആ ക്രെഡിറ്റ് പൊതുമരാമത്ത് വകുപ്പിനിരിക്കട്ടെ

Nithin Joseph

Sub Editor

gphunihuytf

പണ്ടെങ്ങാണ്ട് നാട് ഭരിച്ച രാജാവാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. ഇപ്പോ ആണ്ടിലൊരിക്കൽ സ്വന്തം നാട്ടിൽ കാലു കുത്താൻ വയ്യാത്ത അവസ്ഥയിലാണ് പാവം മാവേലി. കഴിഞ്ഞ രണ്ടു കൊല്ലവും മഴ ചതിച്ചു. നാട് മുഴുവൻ പ്രളയത്തിൽ മുങ്ങിയ കാലത്താണ് ഓണം വന്നത്. അന്ന് നാട് കാണാൻ വന്നത് നടന്നല്ല, നീന്തിയാണ്. ഇക്കൊല്ലം ആ അവസ്ഥ വരാണ്ടിരിക്കാൻ മൂപ്പര് അൽപം നേരത്തെ വരാമെന്ന് വിചാരിച്ചപ്പോൾ കിട്ടിയത് അതിനേക്കാൾ മുട്ടൻ പണി. ആ പണിയുടെ കഥ തന്റെ ക്യാമറയിലൂടെ പറയുകയാണ്, തൃശൂർ സ്വദേശിയായ ഗോകുൽ ദാസ്.

തൃശൂർ ജില്ലയിലെ കുന്നംകുളത്തെ അക്കിക്കാവ്– തിപ്പിലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ടാണ് മാവേലി ഇത്തവണ വന്നിരിക്കുന്നത്. ആ വരവിന് വഴിയൊരുക്കിയതിന്റെ ക്രെഡിറ്റ് പൊതുമരാമത്ത് വകുപ്പിനും.

maveli2

റോഡുപണിയുടെ പേരിൽ വഴിനീളെ കുഴിച്ച് പാതാളംകണക്കെ കുഴികളാക്കിയതുകൊണ്ട് മാവേലിയ്ക്ക് അതുവഴി ഈസിയായിട്ട് കേറിപ്പോരാൻ പറ്റി. പക്ഷേ, കേരളത്തിൽ കാലെടുത്തു കുത്തി, ആശ്വാസത്തോടെ മുന്നോട്ട് നടന്നതും പിടിവീണു. വെള്ളക്കുപ്പായമൊക്കെ ഇട്ട് വന്ന വോളന്റിയർമാരുടെ വക ചോദ്യം, ‘മാസ്ക് എവിടെ.’ രാജാവായാലും മന്ത്രിയായാലും മാസ്കില്ലെങ്കിൽ രക്ഷയില്ല. പാതാളത്തീന്ന് പാസ്സെടുക്കാതെ വന്നതുകൊണ്ട് 28 ദിവസം ക്യാറന്റീനിൽ കിടക്കാൻ പറഞ്ഞു. ഇനിയിപ്പോ എന്ത് പറഞ്ഞാലും എത്ര കരഞ്ഞാലും രക്ഷയില്ല. പോയി ക്വാറന്റീനിലിരി രാജാവേ.

സ്വന്തം നാട്ടിലെ റോഡുപണിയിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉദാസീനതയ്ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ഗോകുൽദാസ് എന്ന ഫോട്ടോഗ്രാഫർ ഇത്തരമൊരു ഫോട്ടോ സീരീസ് ഒരുക്കിയത്. ഒപ്പം, കോവിഡ് ബോധവത്കരണം കൂടിയായപ്പോൾ സംഗതി കളർ. ഫുൾ സപ്പോർട്ടുമായി അനിയൻ കൃഷ്ണദാസും സുഹൃത്തുക്കളായ സനൽ, രതീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളായ ചിരിയ്ക്കൊപ്പം ചിന്തയുമായി എത്തിയ ഗോകുലിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

Tags:
  • Spotlight