Tuesday 09 July 2019 10:51 AM IST : By സ്വന്തം ലേഖകൻ

ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ നൽകി: 100 പവൻ സ്വർണം മാലിന്യങ്ങൾക്കിടയിൽ; സംഭവിച്ചത്

gold

കാസർകോടുള്ള പൊതുമേഖലാ ബാങ്കിലെ ലോക്കറിൽ നിന്നു കഴിഞ്ഞ ദിവസം കാണാതായ 100 പവൻ സ്വർണാഭരണങ്ങൾ ബാങ്കിനകത്തെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തി. ആലംപാടി ബാഫഖി നഗറിലെ ബിഎൻഎം ഹൗസിൽ സൈനബ എന്ന സൈബുവിന്റെ ആഭരണങ്ങളാണു ബാങ്കിലെ ഉപേക്ഷിച്ച കംപ്യൂട്ടറുകൾക്കിടയിൽ കണ്ടെത്തിയത്. ബാങ്ക് ലോക്കറിലെ സ്വർണം കാണാനില്ലെന്നു ശനിയാഴ്ച വൈകിട്ടു സൈനബ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ബാങ്കിൽ നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെത്താനായില്ല. ബാങ്ക് റീജനൽ മാനേജർ, സിഐ എ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണു സ്വർണം കണ്ടെത്തിയത്.

ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ലോക്കറിൽ വച്ചതു പോലെത്തന്നെ ജ്വല്ലറി ബോക്സിൽ സൂക്ഷിച്ച നിലയിലായിരുന്നു. പരാതിക്കാരി സ്വർണം ലോക്കറിൽ തിരികെ വയ്ക്കുമ്പോൾ സ്ഥലം മാറിയതായിരിക്കാനാണു സാധ്യതയെന്നും, പരാതിക്കു ശേഷം ആരെങ്കിലും കൊണ്ടുവച്ചതാവാൻ സാധ്യതയില്ലെന്നും സിഐ പറഞ്ഞു. തിരിച്ചു കിട്ടിയ സ്വർണാഭരണങ്ങൾ സിഐയുടെ സാന്നിധ്യത്തിൽ ബാങ്ക് മാനേജർ സൈനബയ്ക്കു നൽകി.

വിവാഹ ആവശ്യത്തിനു ശനിയാഴ്ച മകൾ ഫസ്നീനയോടൊന്നിച്ചു സൈനബ ബാങ്കിൽ നിന്നു സ്വർണം എടുക്കാനെത്തിയപ്പോഴാണ് ലോക്കറിലെ 2 ബോക്സുകളിൽ ഒന്നു കാണാനില്ലെന്നറി‍ഞ്ഞത്. ഏപ്രിൽ 4നാണ് ഇതിനു മുൻപു ലോക്കർ തുറന്നത്. ഫസ്നീനയുടെ ഭർത്താവു ഷിഹാബ് ഗൾഫിലാണ്. ലോക്കറിന്റെ താക്കോൽ ഉടമയുടെ കയ്യിലിരിക്കെ തങ്ങളുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നു അധികൃതർ പറഞ്ഞു.

കൂടുതൽ വായനയ്ക്ക്