Thursday 26 May 2022 03:46 PM IST : By സ്വന്തം ലേഖകൻ

രാത്രികാലങ്ങളിൽ മാപ്പ് നോക്കിയുള്ള യാത്ര ചിലപ്പോൾ ഊരാക്കുടുക്കില്‍ കൊണ്ടെത്തിക്കാം; ഗൂഗിൾ വഴികൾ എപ്പോഴും സുരക്ഷിത വഴികൾ അല്ല!

google-mmmms

ആധുനിക കാലത്ത് ഡ്രൈവിങ്ങിന് വളരെ സഹായകരമായ ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്പ്. എന്നാൽ ചിലപ്പോഴെങ്കിലും  മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് അപകടം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ. ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അൽഗോരിതം എളുപ്പം എത്തുന്ന(Fastest route) വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി കൊള്ളണമെന്നില്ല.

തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാൽ ഗൂഗിളിന്റെ അൽഗോരിതം നമ്മെ അതിലേ നയിച്ചേക്കാം. 

എന്നാൽ നമ്മളെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊള്ളണമെന്നില്ല, മാത്രവുമല്ല, പലപ്പോഴും GPS സിഗ്നൽ നഷ്ടപ്പെട്ട് രാത്രികാലങ്ങളിൽ ചിലപ്പോൾ ഊരാക്കുടുക്കിലും പെടാം. ചില വിദേശ രാജ്യങ്ങളിൽ മഞ്ഞു വീഴ്ച സംഭവിച്ചേക്കാവുന്ന ഇടങ്ങളിൽ GPS ഉപയോഗിക്കുന്നതിൽ നിയന്ത്രണ മുന്നറിയിപ്പ് നൽകുന്നത് അതുകൊണ്ടാണ്.

സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽപെടുത്തുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതമായ വിജനമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ ആദ്യമെ റൂട്ട് ഡൗൺലോഡ് ചെയ്തിടുന്നതും നല്ലതാണ്.

കടപ്പാട്: എംവിഡി കേരളാ, ഫെയ്സ്ബുക് പേജ്

Tags:
  • Spotlight
  • Social Media Viral