Wednesday 16 January 2019 04:47 PM IST : By സ്വന്തം ലേഖകൻ

ആ ‘ശങ്ക’ തീർക്കാൻ ഇടവഴി തേടി പോകേണ്ട; ഗൂഗിളിൽ കയറി കാര്യം സാധിക്കാം; പണി പാളാതെയും നോക്കണം

toilet

കോഴിക്കോട് ∙ ആ‘ശങ്ക’ തീർക്കാൻ ഒരു സ്ഥലം തപ്പി നടന്നിട്ടുണ്ടോ? ആളില്ലാത്ത ഇടവഴികളും മതിലുകളുടെ പിന്നാമ്പുറവും ശുചിമുറിയാക്കാറുണ്ടോ? ഇനി അതുവേണ്ട. നഗരത്തിൽ എവിടെയൊക്കെ ശുചിമുറിയുണ്ടെന്ന് അറിയാൻ ‘ഗൂഗിൾ’ ചെയ്താൽ മതി! പക്ഷേ, ഗൂഗിൾ നോക്കി കണ്ടെത്തുന്ന ശുചിമുറിയിൽ കാര്യം സാധിക്കാനായില്ലെങ്കിൽ ‘എന്റെ ഗൂഗിളേന്ന്’ ഒറ്റ വിളി, അതേ രക്ഷയുള്ളൂ.

നല്ല ഐഡിയ, പക്ഷേ പണിപാളും 

ഗൂഗിളിൽ തപ്പി ചെല്ലുമ്പോൾ പൂട്ടിക്കിടക്കുന്ന ശുചിമുറിയാണ് കാണുന്നതെങ്കിലോ? കോഴിക്കോട് നഗരത്തിൽ അതിനുള്ള സാധ്യത കൂടുതലാണ്. ഇതൊന്നു പരിശോധിക്കാൻ കടപ്പുറത്തെ ശുചിമുറിയിലേക്ക് മാപ്പ് തുറന്ന് വഴി തിരഞ്ഞെടുത്ത് ചെന്നുനോക്കൂ. ‘കാര്യം’ സാധിക്കാതെ നിർവൃതി അടയുകയേ നിവൃത്തിയുള്ളു. ഇവിടെയുണ്ടായിരുന്ന ശുചിമുറികൾ പണ്ടേ പൂട്ടിക്കിടക്കുകയാണ്. പഴയ ശുചിമുറി കോംപ്ലക്സ് ഇടിച്ചു നിരത്തിയിട്ടുണ്ട്.

പകരം ബയോ ശുചിമുറി ഉണ്ടെങ്കിലും ചെല്ലുന്നവർക്ക് ഭാഗ്യമുണ്ടെങ്കിലേ അതു തുറന്നിട്ടുണ്ടാവൂ. ഒട്ടുമിക്ക ശുചിമുറികളുടെയും അവസ്ഥ വ്യത്യസ്തമല്ല. ചില ശുചിമുറികൾ നാറ്റത്തിന്റെ ഫാക്ടറികളാണ്. വൃത്തിയാക്കൽ ചരിത്രാതീത കാലത്തു നടന്നവയാണ്. രണ്ടും കൽപിച്ച് കയറിയാലോ, ഓക്കാനവും ഛർദിയുമെല്ലാം കഴിഞ്ഞേ പുറത്തിറങ്ങാനാകൂ. കാര്യം സാധിച്ചു ജീവനോടെ തിരിച്ചെത്തണമെങ്കിൽ ഒരു ഹെൽമെറ്റോ മുഖംമൂടിയോ കയ്യിൽ കരുതേണ്ടി വരും. ഇനി വൃത്തിയായി സൂക്ഷിച്ച ശുചിമുറിയാണെങ്കിൽപ്പോലും പൊതുസ്ഥലം ആയതിനാൽ അകത്തു കയറാൻ നാണിക്കുന്നവരും ഇഷ്ടംപോലെ. 

ശുചിമുറി ഫോണിൽ

സമീപകാലത്താണ് ശുചിമുറികളുടെ സ്ഥാനം ഇന്റർനെറ്റിലൂടെ ലഭ്യമായിത്തുടങ്ങിയത്. സ്വച്്ഛ് ഭാരത് അഭിയാനു കീഴിൽ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം പൊതുശുചിമുറികൾ ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തുന്നുണ്ട്. ഇതിനായി ഗൂഗിൾ പൊതുജനങ്ങളോട് സമീപത്തുള്ള വൃത്തിയുള്ള ശുചിമുറികൾ അടയാളപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവാരം അനുസരിച്ച് മാർക്ക് ഇടാനും ശുചിമുറിയുടെ ചിത്രം അപ്‌ലോഡ് ചെയ്യാനും കഴിയും. നഗരത്തിൽ എത്തുന്ന അപരിചിതർക്ക് ഏറെ ഉപകാരമാണിത്. 

ശുചിമുറികൾ നമുക്കുചുറ്റും 

കടപ്പുറത്തെ 3 ശുചിമുറികൾ, കെഎസ്ആർടിസി സ്റ്റാൻഡിലെ 2 ശുചിമുറികൾ,  റെയിൽവേ സ്റ്റേഷനിലെ 3 ശുചിമുറികൾ, പുതിയ സ്റ്റാൻഡ്, പാളയം, മിഠായിത്തെരുവ്, മാനാഞ്ചിറ ഹെഡ്പോസ്റ്റ് ഓഫിസിനു സമീപം, ജില്ലാ കോടതിക്കു സമീപം, ചെറൂട്ടി റോഡ് തുടങ്ങി ഇരുപതോളം ശുചിമുറികളുടെ സ്ഥാനം നിലവിൽ ലഭ്യമാണ്. കാലം മാറി, ശുചിമുറികൾ നെറ്റിൽ കയറി. പക്ഷേ, നമ്മുടെ ശീലം മാത്രം മാറുന്നില്ലെങ്കിൽ ആരെ കുറ്റം പറയണം? 

വഴി കണ്ടുപിടിക്കാം 

കയ്യിലൊരു സ്മാർട്ഫോൺ ഉണ്ടെങ്കിൽ ശുചിമുറി കണ്ടുപിടിക്കാൻ എളുപ്പമാണ്. ഗൂഗിൾ മാപ്പ് തുറക്കുക. അല്ലെങ്കിൽ ഗൂഗിൾ ബ്രൗസർ തുറക്കുക. ‘ടോയ്‌ലറ്റ് നിയർ മീ’ എന്നു തിരയുക. സമീപപ്രദേശത്തുള്ള എല്ലാ പൊതുശുചിമുറികളും എവിടെയാണെന്നുള്ള വിവരം കയ്യിലെത്തും. ഓരോ ശുചിമുറിയിലേക്കും എത്ര ദൂരമുണ്ട്, നടന്നുപോയാൽ എത്ര സമയമെടുക്കും എന്നീ വിവരങ്ങളും കാണാം. വനിതകൾക്കു മാത്രമുള്ള ശുചിമുറി, ബയോ ശുചിമുറി, ഇ–ശുചിമുറി എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള അവസരമുണ്ട്. ഇതു മാത്രമല്ല, ശുചിമുറിയുടെ  ഗുണനിലവാരം അനുസരിച്ചുള്ള റേറ്റിങ്ങും കാണാം.

More