Saturday 03 November 2018 11:00 AM IST : By സ്വന്തം ലേഖകൻ

‘അവൾ വിശന്ന് കരയുമ്പോൾ പിടയുന്നത് ഞങ്ങടെ നെഞ്ചാണ്’; 115 കിലോ തൂക്കമുള്ള പതിനാലുകാരിയുടെ ഹൃദയംനുറുക്കുന്ന കഥയിങ്ങനെ

14

‘ഞങ്ങളുടെ ജീവിതം മാത്രമെന്തേ ഇങ്ങനെ, അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചു. ഇതിലും വലിയ വേദന വിധി ഞങ്ങൾക്കിനി തരാനില്ല’– വിശപ്പ് കൊണ്ട് വാവിട്ട് കരയുന്ന മകളെ നോക്കി ബിന്ദു ഇത് പറയുമ്പോൾ കണ്ടു നിന്നവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.

വിധി ഈ നിർദ്ധന കുടുംബത്തിനു മേൽ പിന്നേയും പിന്നേയും സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്നു. വേദനകളെ ശമിപ്പിക്കാൻ പോന്ന അഭയസ്ഥാനങ്ങളില്ല, ആശ്രയങ്ങളില്ല. ദുരിതപൂർണമായ ഇവരുടെ ജീവിതത്തിന് സമാതകളില്ലെന്നു തന്നെ പറയാം. ഇല്ലായ്മ വല്ലായ്മകളിലും സന്തോഷം കണ്ടെത്തി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഇവരുടെ ജീവിതത്തിൽ എന്നു മുതലാണ് വിധി വില്ലനായെത്തിയത്? എന്താണ് അവർക്ക് സംഭവിച്ചത്. ബിന്ദുവിന്റെ ഓട്ടിസം ബാധിച്ച പതിനാലു വയസുകാരി മകൾ ഗോപികയിൽ നിന്നും തുടങ്ങണം ആ കദന കഥ.

പൊന്നാനിക്കടുത്ത് എരമംഗലം ചെരിവുകലയില്‍ ബിന്ദുവിന്‍റെയും ബിജുവിന്‍റെയും മകളാണ് ഗോപിക. ഗോപികയുടെ ക്രമാതീതമായ ഭാരവും അമിതമായ വിശപ്പുമാണ് ഈ കുടുംബത്തിന്റെ വേദനയുടെ ആക്കം കൂട്ടുന്നത്. രണ്ടാംവയസിലാണ് ഗോപികയ്ക്ക് ഈയവസ്ഥ തുടങ്ങുന്നത്. പതിനാലുകാരിയായ ഗോപികയ്ക്ക് ഇപ്പോള്‍ 115 കിലോഗ്രാം ഭാരമുണ്ട്. ഓട്ടിസം പകുത്തു നൽകുന്ന ദുരിതപർവ്വം കൂടിയാകുമ്പോൾ അമ്മ ബിന്ദുവിനും അച്ഛൻ ബിജുവിനും തീരാവേദനയാകുകയാണ് ഈ പതിനാലുകാരി.

സ്വന്തം മകൾ വിശപ്പ് കൊണ്ട് കരയുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഇൗ അച്ഛനും അമ്മയും. സംസാരിക്കാൻ കഴിയാത്ത ഗോപിക എപ്പോഴും വാവിട്ട് കരയും. ആ കരച്ചിൽ വിശന്നിട്ടാണെന്ന് തിരിച്ചറിയുമ്പോൾ ഈ അച്ഛന്റേയും അമ്മയുടേയും നെഞ്ച് പിടയും. അമിതമായ വിശപ്പാണ് ഗോപികയെ അലട്ടുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാത്തെ അവൾ വിശന്നുകരയും. സ്കൂളില്‍ പോകാന്‍ കഴിയാത്ത ഗോപികയ്ക്ക് സാധ്യമായ സഹായെത്തിക്കുന്നത് പൊന്നാനി യുആര്‍സിയിലെ ഐഇഡിസി റിസോഴ്സ് പേഴ്സണ്‍ പ്രീതയുടെ നേതൃത്വത്തിലാണ്.

അവിടം കൊണ്ടും വെറുതെ വിട്ടില്ല, വേദനയുടേയും ദുരിതത്തിന്റേയും കണക്കു പുസ്തകത്തിൽ പണ്ടേക്കും പണ്ടേ ചിലത് കൂടി വിധി അവർക്കായി കുറിച്ചിട്ടിരുന്നു. ആറുവർഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വീണുപോയതാണ് ഗോപികയുടെ അച്ഛന്‍ ബിജു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഏറെ കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് എഴുന്നേറ്റ് നടക്കാവുന്ന സ്ഥിതിയിലെത്തിയപ്പോള്‍ ഉപജീവനത്തിനായി  ലോട്ടറി കച്ചവടത്തിനിറങ്ങി.  പക്ഷേ  വഴിയില്‍ തലകറങ്ങി വീഴുന്നത് പതിവായതോടെ  ആ വരുമാനമാർഗവും അടഞ്ഞു.

200 രൂപ ദിവസവാടക നല്‍കി ഒരു ഓട്ടോ ഓടിക്കുകയാണ് ബിജു.  ഗോപികയുടെ ചികിത്സയ്ക്കായി ആലപ്പുഴയിലുണ്ടായിരുന്ന വീട് വിറ്റതോടെ വാടക വീട്ടിലാണ് ഇൗ കുടുംബം ഇപ്പോൾ താമസിക്കുന്നത്. സ്വന്തമായി ഒരു വീട് പോലുമില്ലാതെ ഇൗ അച്ഛനും അമ്മയും രാപ്പകലില്ലാതെ മകൾക്ക് കൂട്ടിരിക്കുകയാണ്. വിശന്ന് കരയുന്ന കുഞ്ഞിനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഇൗ കുടുംബം. 

ബാങ്ക് അക്കൗണ്ട്: 4270001700030255

ifsc code- PUNB 0427000 Eramangalam 

ഫോണ്‍ - 9895203820