Wednesday 15 June 2022 10:46 AM IST : By സ്വന്തം ലേഖകൻ

‘അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല, അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു’; മജീഷ്യനെ ‘മനുഷ്യ’നാക്കിയത് എൻഡോസൾഫാൻ ദുരിതബാധിതരെന്ന് ഗോപിനാഥ് മുതുകാട്

kasargod-gopinath-muthukad-visits-endosulfan-sufferers.jpg.image.845.440

മജീഷ്യനായിരുന്ന തന്നെ ‘മനുഷ്യ’നാക്കിയത് കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ദയനീയാവസ്ഥയാണെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. മലയാള മനോരമ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 2016ൽ മാതൃകാ സ്കൂളായി ഉയർത്തിയ പെരിയ മഹാത്മാ മോഡൽ സ്കൂൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. 

"എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി കാസർകോട്ട് മലയാള മനോരമ സംഘടിപ്പിച്ച പരിപാടിയാണ് എന്റെ ചിന്താഗതി മാറ്റി മറിച്ചത്. അന്നത്തെ പരിപാടി കഴിഞ്ഞ് വേദിക്ക് പുറത്തെത്തിയപ്പോൾ ദുരിതബാധിതയായ കുഞ്ഞുമായി ഒരമ്മ എന്നെ കാണാൻ വന്നു. അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. ഭിന്നശേഷിയുള്ള കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് അന്നു തീരുമാനമെടുത്തു. 

പിറ്റേന്ന് തിരുവനന്തപുരത്തു പോയി അന്ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയെ കണ്ടു. സാമൂഹിക സുരക്ഷാ മിഷൻ മുഖേന 23 ഭിന്നശേഷിക്കാരായ കുട്ടികളെ എന്നെ ഏൽപിക്കുകയാണെന്നു മന്ത്രി പറഞ്ഞു. മാജിക് പൂർണമായി ഉപേക്ഷിച്ച് ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉയർച്ചയ്ക്കുവേണ്ടിയെന്നു തീരുമാനിച്ചത് അങ്ങനെയാണ്. 

തിരുവനന്തപുരത്ത് 2019 ൽ തുടങ്ങിയ ഡിഫറന്റ് ആർട് സെന്ററിൽ ഇന്ന് 200 പേരായി. ഇൻസിറ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്‌നിറ്റീവ് ന്യൂറോ സയൻസസിന്റെയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെയും പഠനത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഇവിടത്തെ പരിശീലനത്തിനു ശേഷം കുട്ടികളിൽ കണ്ടെത്താനായി. ജീവിതത്തിന് അർഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്. കാസർകോട് ജില്ലയിലും തിരുവനന്തപുരത്തേതുപോലെ സെന്റർ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ട്. സർക്കാരിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും പിന്തുണ ലഭിച്ചാൽ ഇതു യാഥാർഥ്യമാകും."– മുതുകാട് പറഞ്ഞു. 

പെരിയ മഹാത്മാ മാതൃകാ ബഡ്സ് സ്കൂളിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണു മലയാള മനോരമ നല്ലപാഠം പദ്ധതിയിലൂടെ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ദീപ പേരൂറിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഗോപിനാഥ് മുതുകാടിനെ സ്വീകരിച്ചു. സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

Tags:
  • Spotlight