Saturday 04 January 2020 03:19 PM IST

അഞ്ചു വയസുള്ളപ്പോൾ അച്ഛൻ എന്നെ തനിച്ചാക്കി കാമുകിയെ തേടിപ്പോയി! വേദനകളുടെ കടൽ നീന്തിക്കയറിയത് സുന്ദരി പെണ്ണായി

Binsha Muhammed

gouri-cover

ഗൗരി സാവിത്രി പെണ്ണാണ്. അവൾക്ക് അത് നല്ല ഉറപ്പാണ്. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി ശസ്ത്രക്രിയാ മേശയിൽ അവൾ കിടന്നിട്ടില്ല. അതിനു കാരണം ചോദിച്ചാൽ അവൾ പറയുന്നത് ഇങ്ങനെ– ‘ഏഴു വർഷം മുമ്പാണ് ഞാൻ ഇന്നീ കാണുന്ന രൂപവും പേരും സ്വീകരിക്കുന്നത്. ഇന്നുവരെ അതിനായി ഒരു ശസ്ത്രക്രിയയും ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുന്നവർ ഒരുപാടുണ്ട്. എന്റെ അനുഭവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആകുവാന്‍ ശസ്ത്രക്രിയ കൂടിയേ തീരൂ എന്നതു തെറ്റിദ്ധാരണയാണ്. അത് തെറ്റാണ് എന്നല്ല പറയാൻ ശ്രമിക്കുന്നത്. ഞാന്‍ ഇനി ഒരിക്കലും ചെയ്യില്ല എന്നും അതിനു അർഥമില്ല. പക്ഷേ ശസ്ത്രക്രിയയാണ് മാറ്റങ്ങളുടെ മാനദണ്ഡം എന്ന് വിശ്വസിക്കുന്നില്ല. അത് ചെയ്യാതെ തന്നെ സന്തോഷത്തോടെയാണ് ഞാന്‍ കഴിയുന്നത്. അതിന്റെ പേരിൽ പരിഭവങ്ങളുമില്ല. പൂർണതയിലേക്കുള്ള യാത്രയിലാണ് ഞാൻ. എനിക്കൊരിക്കലും ഒരു പൂര്‍ണ സ്ത്രീയായി മാറണമെന്നില്ല. ട്രാന്‍സ് വുമണായി ജീവിച്ചാൽ മതി. അതാണെന്റെ സ്വത്വം. ചിലർ ചോദിക്കും ജീവിതത്തിൽ ഒരു കൂട്ടു വേണ്ടേ എന്ന്. ഒറ്റയ്ക്കു പോരാടിയയാളാണ് ഞാൻ. ഇനിയങ്ങോട്ടും ഒറ്റയ്ക്കു തന്നെ. ’ മോഡലിങ്, എഴുത്ത്, സിനിമ... വേഷങ്ങൾ ഒരുപാട് ആടിക്കഴിഞ്ഞു ഗൗരി. ആണുടലിൽ പെണ്ണിന്റെ മനസ്സുമായി ജീവിക്കുമ്പോഴും ഗൗരിക്ക് തികഞ്ഞ ആത്മവിശ്വാസം.

gouri-

ഇത് ഗൗരി സാവിത്രിയെന്ന ‘തന്റേടിപ്പെണ്ണ്’. സ്വത്വവും മേൽവിലാസവും അടയാളപ്പെടുത്താൻ മേൽപ്പറഞ്ഞ വാക്കുകൾ തന്നെ ധാരാളം. ബാല്യവും കൗമാരവും കടന്നുള്ള ജീവിതത്തിന്റെ ഏതോ ക്രോസ് റോഡിൽ വച്ച് യൂടേണിടാതെ സധൈര്യം ആ തീരുമാനം. ആണുടലിൽ നിന്ന് പെൺമനസിലേക്കും ശരീരത്തിലേക്കും. ദഹിക്കാൻ മനസില്ലാത്തവരെ പാട്ടിനു വിട്ടു, കുത്തുവാക്കുകൾ കൊണ്ട് ഘോഷയാത്ര നടത്തിയവരെ കയ്യൊഴിഞ്ഞു. ആത്മസംഘർഷങ്ങൾക്കൊടുവിൽ ഗൗരി സാവിത്രി ആഗ്രഹിച്ച ജീവിതത്തിലേക്ക്. അന്നത്തെ കൗമാരക്കാരി പെണ്ണ് യൗവനം കടന്ന് 35ലെത്തി നിൽക്കുമ്പോൾ മേൽവിലാസവും മാറിയിയിരിക്കുന്നു.

മോഡലിംഗ്, സിനിമ, എഴുത്ത്, വായന എന്നു വേണ്ട തൊട്ടതെല്ലാം പൊന്നാക്കുന്ന വരം വാങ്ങി അവളങ്ങനെ നമ്മുടെ ഇടയിലുണ്ട്. ഭൂതകാലത്തെയോർത്ത് പരിഭവമില്ല, പാതിവഴിക്ക് നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ടവരെ ഓർത്ത് പരാതികളില്ല, നഷ്ടപ്പെടലുകളുടേയും ഒറ്റപ്പെടലിന്റേയും കണക്കുകളെ കൂട്ടിയും കിഴിച്ചും നോക്കാറില്ല. അന്നും ഇന്നും ഗൗരി സാവിത്രി ഹാപ്പി. കയറ്റിറക്കങ്ങളും കടുത്ത തീരുമാനങ്ങളും നിശ്ചയദാർഢ്യവും സിനിമാ റീലുകളിലെന്ന പോലെ മിന്നിമറഞ്ഞ ആ ജീവിതം ഗൗരി സാവിത്രി ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുന്നു.

gouri-5

ആത്മസംഘർഷങ്ങളുടെ ബാല്യകാലം

ആണുടലിൽ നിന്നും പെൺമനസിലേക്കുള്ള മാറ്റം കൊതിച്ച ആത്മസംഘർങ്ങളുടെ നാളും, സമയവും അളന്നു കുറിക്കാൻ വയ്യ. പണ്ടേക്കു പണ്ടേ ആ മാറ്റം എന്റെ മനസിലുണ്ടായിരുന്നു എന്നു പറയുകയേ നിവൃത്തിയുള്ളൂ. മാറ്റം കൊതിച്ച് മനസ് പ്രക്ഷുബ്ദമായ അക്കാലത്തിലത്ത് ട്രാൻസ് ജെൻഡർ എന്തെന്നോ, ആണും പെണ്ണും തമ്മിലുള്ള വ്യത്യാസമെന്തെന്നോ ഒന്നും ചികയാൻ പോയിട്ടില്ല. ബാല്യം കടന്നുള്ള കൗമാര ദശയിൽ എപ്പോഴോ ഞാന്‍ മാറി. ഇന്നീ കാണുന്ന ഗൗരി സാവിത്രിയായി.– ഗൗരി ഓർമകളിൽ നിന്നും തുടങ്ങുകയാണ്.

ആദ്യമേ പറയട്ടേ, എന്റെയീ കഥയിൽ അച്ഛനും അമ്മയും ഇല്ല. അതിന് കാരണം ഞാൻ പിന്നാലെ പറയാ.ം എനിക്കെല്ലാം എന്റെ മുത്തശ്ശി ആയിരുന്നു, ഗൗരി. അച്ഛന്റെ മുത്തശ്ശിയായിരുന്നു അവർ. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും തന്റേടിയായ സ്ത്രീ. സ്വന്തമായി തീരുമാനങ്ങൾ ഉള്ള സ്ത്രീ. ഒരുപാട് ഭൂസ്വത്തുണ്ടായിരുന്നു അവർക്ക്. ശബ്ദമില്ലാത്ത പെണ്ണുങ്ങളുടെ കാലത്ത് ധൈര്യപൂർവം വ്യക്തിത്വം അടയാളപ്പെടുത്തിയ സ്ത്രീ. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം അവരുടെ പക്കലുണ്ടായിരുന്നു. സുന്ദരിയായിരുന്നു അവർ, അതു പോലെ ഉറച്ച മനസിനുടമയും. ഇഷ്ടമുള്ള സ്വപ്നങ്ങളുടെ പുറകേ പോകാൻ എന്നെ പഠിപ്പിച്ചതും. ആർക്കും മുന്നിലും തീരുമാനങ്ങൾ അറിയിക്കാനും എന്നെ പഠിപ്പിച്ചത് അവരാണ്. മനസു പറഞ്ഞ മാതിരി ഈ ഉറച്ച തീരുമാനം എടുക്കാനുള്ള ഊർജംനൽകുന്നത് അവരാണ്. ഇതൊക്കെ പറയുമ്പോൾ, ‘ചാന്തുപൊട്ടിലെ’ ദിലീപിന്റെ മുത്തശ്ശിയെ പോലൊരു കഥാപാത്രം ആണ് അവർ എന്ന് തെറ്റിദ്ധരിക്കേണ്ട.

gouri-1

എന്നിലെ മാറ്റങ്ങളെ ആദ്യം വിവേകപൂർവം തിരിച്ചറിഞ്ഞത് അവരാണെന്ന് തോന്നിയിട്ടുണ്ട്. മാറ്റിനിർത്തപ്പെടേണ്ട മാറ്റങ്ങളൊന്നും എനിക്കില്ല എന്ന് അവർ മനസിലാക്കി. മറ്റുള്ളവരെ ബോധ്യപ്പെടുത്തി. തിരിച്ചറിവിന്റെ നാളുകളിൽ യാതൊരു വിധ അപകർഷതാ ബോധമൊന്നും എന്നെ തീണ്ടിയിട്ടില്ല. അതിനു കാരണം മുത്തശ്ശി എനിക്ക് നൽകിയ ജീവിത പാഠങ്ങളാണ്. സാധാരണ ട്രാൻസ്ജെൻഡർ കഥകളിൽ കേൾക്കുമാറ് അവഗണനയുടേയും പടിയടച്ച് പിണ്ഡം വയ്ക്കലുകളുടേയും കഥകളൊന്നും എന്റേതായില്ല. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഗൗരി മുത്തശ്ശി മരിക്കുന്നത്. ഒറ്റപ്പെട്ടുവങ്കിലും മുത്തശ്ശി നൽകിയിരുന്ന പിന്തുണ ഓർത്തപ്പോൾ വലിയ ഊർജം തോന്നി. ആ പേരാണ്, ഇന്നെന്റെ മേൽവിലാസവും. ഗൗരി സാവിത്രി!

gouri-7

എന്റെ വിധി എന്റെ തീരുമാനങ്ങൾ

ഒറ്റ മകളാണ് ഞാൻ. ഒരു കുഞ്ഞിന് ജന്മം നൽകി എന്നതൊഴിച്ചാൽ കിട്ടേണ്ട പരിഗണനകളോ പരിലാളനകളോ ഒന്നും വീട്ടിൽ നിന്ന് എനിക്കു കിട്ടിയിട്ടില്ല. അവർക്ക് എന്നോട് സ്നേഹമുണ്ടോ, കരുതലുണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചാൽ ഇന്നും എനിക്ക് കൃത്യമായ ഉത്തരമില്ല. ജീവിതത്തിൽ അച്ഛനുണ്ടാക്കി വച്ച പ്രശ്നങ്ങൾ തീർക്കാർ ഓടി നടക്കുന്ന അമ്മയെയാണ് ഞാന്‍ ഓർമവച്ച നാൾ മുതൽ കാണുന്നത്. അച്ഛന്റെ അവിഹിത ബന്ധം കുടുംബത്തിലുണ്ടാക്കിയ നാണക്കേടുകൾ വലുതാണ്. എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ്. അമ്മയില്ലാത്തൊരു രാത്രിയിൽ എന്നെ തനിച്ചാക്കി കാമുകിയുടെ അരികിൽ പോയി തിരികെ വന്ന ആ മനുഷ്യന്റെ മുഖം എന്റെ ഓർമയിലുണ്ട്. തിരികെ വരുമ്പോൾ അടിവസ്ത്രം തോളത്തിട്ടാണ് ആ മനുഷ്യൻ വീട്ടിലേക്ക് കയറി വരുന്നത്. വളർന്നു വലുതായപ്പോൾ എനിക്ക് ചിത്രം കൂടുതൽ വ്യക്തമായി. ശരിക്കും പറഞ്ഞാൽ അച്ഛന്റെ സ്വാർത്ഥതയുടെ ഇരയാണ്് ഞാൻ. ഇപ്പോൾ ചേർത്തലയിൽ അമ്മയ്ക്കൊപ്പമാണ് ഞാൻ താമസം. ട്രാൻസ്ജെൻഡർ ആകാനുള്ള തീരുമാനത്തോട് വീട്ടിൽ എതിർപ്പുണ്ടായില്ല. എന്റെ തീരുമാനത്തിലോ വ്യക്തി സ്വാതന്ത്ര്യത്തിലോ അവർ കൈകടത്തിയിട്ടില്ല.

gouri-8

ആദ്യ ട്രാൻസ് സാരി മോ‍‍ഡൽ

സമൂഹത്തേയും വ്യക്തികളേയും തൊട്ടറിയാൻ എനിക്ക് കാലം തന്ന മാധ്യമങ്ങളാണ് മോഡലിംഗും സിനിമയും. ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ മുൻപ് പലരും മോഡലിങ് ചെയ്തിട്ടുണ്ടാകും. എന്നാൽ ട്രാന്‍സ്ജന്‍ഡറു കള്‍ക്കിടയില്‍ മോഡൽ എന്ന നിലയിൽ ആദ്യമായി പ്രശസ്ത ആയത് ഒരുപക്ഷേ ഞാനാകും. 2016 ൽ സുഹൃത്തുമൊത്ത് റെഡ് ലോട്ടസ് എന്ന ഓണ്‍ലൈന്‍ സാരീ സ്റ്റോറിന് വേണ്ടിയാണ് ഞാൻ മോഡലായത്. അതോടെ മോഡലിങിൽ സജീവമായി. ഇപ്പോള്‍ ‘കരാല്‍കട’ എന്ന് സംരംഭത്തിന്റെ മോഡല്‍ ആണ്.

സ്വപ്ന സമാനമായിരുന്നു സിനിമയിലേക്കുള്ള വരവ്. 2018ലാണ് പിക്സെലിയ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിലുള്‍പ്പെടെ നിരവധി പ്രമുഖ വേദികളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആണത്. അതില്‍ മന്ദാകിനി എന്നൊരു കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. കരുണ എന്ന ഷോര്‍ട്ട് ഫിലിമില്‍ കൂടിയാണ് ഏറെപ്പേര്‍ എന്നെ തിരിച്ചറിയുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടുള്ള തെറ്റിദ്ധാരണ മാറ്റുക എന്ന ലക്ഷ്യത്തോടെ ചെയ്തതായിരുന്നു അത്. വായനാ ശീലമാണ് മറ്റൊരു ഹോബി. കുട്ടിക്കാലത്തെ യാത്രകളും ഓര്‍മകളും ചേര്‍ത്തൊരു പുസ്തകം പുറത്തിറക്കണം എന്നുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍.

gouri-4

ഇരുട്ടിലല്ല ഈ സമൂഹം

ട്രാൻസ്ജെൻഡറുകൾ മേക്കപ്പ് ഇട്ട് വച്ചു കെട്ടി നടപ്പുണ്ട് എന്നൊരു ചിന്തയുണ്ട് പലർക്കും. ഞങ്ങൾ മേക്കപ്പിടുമ്പോൾ മാത്രമാണ് പലരും അസ്വസ്ഥരാകുന്നത്. അത് ഞങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടാണെന്ന് ആരും മനസിലാക്കാറില്ല. പലപ്പോഴും ഞങ്ങളുടെ ജോലിയുടെ പൂർണതയ്ക്കു വേണ്ടിയാണ് മേക്കപ്പ് യൂസ് ചെയ്യേണ്ടി വരുന്നത്. കുത്തുവാക്കുകളും അവഗണനകളും മാത്രം പറയുന്ന കഥയൊക്കെ പണ്ട്.ട്രാൻസ് സമൂഹത്തോടുള്ള മനോഭാവങ്ങളൊക്കെ മാറി തുടങ്ങിയിരിക്കുന്നു. ദേ പോകുന്നു, ട്രാൻസ് ജെൻഡർ എന്നു പറയുന്നതിൽ നിന്നൊക്കെ ആളുകൾ മാറിയിട്ടുണ്ട്. മുഖ്യധാരയിൽ ഇന്ന് ട്രാൻസ് സമൂഹത്തിന് കൃത്യമായ സ്പേസ് ഉണ്ട്. എങ്കിലും സർക്കാർ സംവിധാനങ്ങളും ഇടപെടലുകളു കുറച്ചു കൂടി ഞങ്ങളോട് അനുഭാവം കാട്ടണമെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. കാലം മാറുകയല്ലേ? അതും മാറും. ഗൗരിയുടെ വാക്കുകളിൽ പ്രതീക്ഷ.