Saturday 16 January 2021 04:06 PM IST : By സ്വന്തം ലേഖകൻ

ആണുങ്ങൾ യൂ ട്യൂബ് നോക്കി ചോറും കറിയുമൊക്കെ വയ്ക്കും, പക്ഷേ അതിൽ എത്രപേർ പാത്രം കഴുകും?: കുറിപ്പ്

praveen-great-indian

കൊട്ടിഘോഷിക്കപ്പെടുന്ന സമത്വം വീടിന്റെ അകത്തളങ്ങളിലും അടുക്കളയിലും ഉണ്ടോ എന്ന് ചോദിക്കുമ്പോൾ മുഖം ചുളിക്കുന്നവരാണ് പലരും. പെണ്ണിനെ അടുക്കളയിൽ തളച്ചിടുന്ന അത്തരക്കാർക്കു മുന്നിലേക്കാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം വരുന്നത്. സ്ത്രീകളെ അടുക്കളയ്ക്ക് തീറെഴുതുന്നവരെക്കുറിച്ച് ചിത്രം ചർച്ച ചെയ്യുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് പ്രവീൺ പ്രഭ. ഫെയ്സ്ബുക്ക് സിനിമ സൗഹൃദ കൂട്ടായ്മയായ മൂവി സ്ട്രീറ്റിലാണ് പ്രവീൺ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇതൊക്കെയാണോ സിനിമ.?

ഇക്കാലത്ത് ആർക്കാണ് പാചകം ചെയ്യാൻ അറിയാത്തത്?

ഇനി അറിയാത്തവർക്ക് യുട്യൂബിൽ നോക്കി ചെയ്യാലോ..

പാചകവും വീട്ടുജോലിയും മാത്രം ഒരു മണിക്കൂർ അങ്ങോട്ടും ഇങ്ങോട്ടും കാണിച്ചാൽ സിനിമയാകുമോ..

പെണ്ണുങ്ങളേക്കാൾ നന്നായിട്ട് ആണുങ്ങൾ പാചകം ചെയ്യുന്ന കാലമാണ്, അല്ലെങ്കിൽ തന്നെ നോക്ക്, എല്ലാ ഫേമസ് ഷെഫുമാരും ആണുങ്ങളല്ലേ, അപ്പൊ ചുമ്മാ സിനിമ എന്നും പറഞ്ഞ് ആണുങ്ങളിങ്ങനെ അടുക്കള കാണാത്തവരാണ് എന്നൊക്കെ വെച്ചലക്കിയാൽ ചിലപ്പോൾ പെണ്ണുങ്ങടെ കയ്യടി കിട്ടിയേക്കും.

പിന്നെ ഈ കാലത്ത് പിരീഡ്സൊക്കെ ഒരു വലിയ വിഷയമാണോ?

ആൾക്കാർ എന്തുമാത്രം മാറിയിരിക്കുന്നു.

ഇത് ചുമ്മാ ഫിക്ഷണലൈസ് ചെയ്ത് ഒരു തറവാടും

എക്സാജറേറ്റ് ചെയ്ത് ഒരടുക്കളേം...

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടുകണ്ടങ്ങിരുന്നപ്പോൾ ഇങ്ങനെയൊക്കെ തോന്നിയോ..

തോന്നിയെങ്കിൽ നിങ്ങൾക്ക് വേണ്ടിയാണ് ഈ സിനിമ.

നിങ്ങളാണ് ആ സിനിമയിലെ നായകൻ.

*ആണുങ്ങൾക്ക് പാചകമറിയാം.

അറിയാം..നല്ലതാണ്..

ചിക്കനും ബീഫുമൊക്കെ ആണുങ്ങൾ വളരെ നന്നായി ഉണ്ടാക്കും.

ചിലർക്ക് പാചകം ഒരു ഹോബി തന്നെയാണ്. പക്ഷേ ആ ഉണ്ടാക്കൽ പ്രക്രിയയ്ക്കും ആഹരിക്കൽ പ്രക്രിയയ്ക്കും ശേഷം നടക്കുന്ന ചില കാര്യങ്ങളുണ്ട്. ആ പ്രക്രിയകളെപ്പറ്റി അത്ര ചിന്തിക്കാത്ത വലിയൊരു കൂട്ടം ഇവിടുണ്ടെന്നേ.

നല്ലൊരു ചിക്കൻ കറി വച്ചാൽ എത്ര പാത്രം നിങ്ങളുപയോഗിക്കും.

ചിക്കൻ കഴുകാനൊന്ന്, കറി വയ്ക്കാനൊന്ന്,അരിയാൻ കത്തി,

ചോപ്പിംഗ് ബോർഡ്,

അരിഞ്ഞുകൂട്ടാൻ പാത്രങ്ങൾ വെവ്വേറെ.

ചിക്കൻ വെന്തുകറിയായി വയറ്റിലായാലും

ആ പാത്രങ്ങൾ കിച്ചൺ സിങ്കിലോ കൗണ്ടർടോപ്പിലോ തന്നെ അവശേഷിക്കും.

എണ്ണ തെറിച്ചു വീണതടക്കം ഗ്യാസ് സ്റ്റൗവിലെ അലങ്കോലങ്ങൾ വേറെ.

അപ്പോ പറഞ്ഞു വന്നത് ആൺപാചകങ്ങളുടെ അഴകിനെപ്പറ്റിയാണ്.

പാചകം ചെയ്തു ഭക്ഷിച്ചു തീരുന്നതിൽ ആണിന്റെ ജോലി ഒടുങ്ങുകയും പെണ്ണിന്റെ ജോലി തുടങ്ങുകയും ചെയ്യുന്നു.

ഇനി, നിങ്ങൾ ആഴ്ചയിൽ എത്ര ദിവസം ചിക്കൻ വയ്ക്കും? എത്ര ദിവസം ബീഫ് വയ്ക്കും? ഒന്ന് അല്ലെങ്കിൽ രണ്ട്.ബാക്കി ദിവസങ്ങളിൽ നിങ്ങൾ അടുക്കളയിൽ കേറുമോ...

നിങ്ങളുണ്ടാക്കുന്ന കറിയിൽ ഉപ്പ് കൂടിയാൽ സാരമില്ല എന്ന് പറയുകയോ കിഴങ്ങോ തേങ്ങാപ്പാലോ ചേർക്കാം എന്ന് പറയുകയോ ചെയ്യുന്ന നിങ്ങൾ ഇതേ കാര്യത്തിന് പെങ്ങളെയോ ഭാര്യയെയോ അമ്മയെയോ

വഴക്കു പറയുകതന്നെ ചെയ്യും. പറ്റുമെങ്കിൽ പാത്രം തള്ളിമാറ്റി എണീറ്റു പോയി ഷോ കാണിച്ചെന്നും വരും.

*ഓ ഇന്ന് ദോശയാണോ

രാവിലെ ദോശയാണെങ്കിൽ ഒപ്പം സാമ്പാറോ ചമ്മന്തിയോ,

പുട്ടാണെങ്കിൽ കടലയോ പയറോ പപ്പടമോ, പൂരിയെങ്കിൽ കിഴങ്ങുകറി,

ഇഡ്ഡലിയെങ്കിൽ സാമ്പാർ ..

പക്ഷേ എന്തുകൊണ്ടോ ആദ്യത്തേത് മാത്രം കണക്കിൽ വരും..

ഓ ഇന്ന് ദോശയാണോ!!!!

അതിന്റെ കൂടെ വന്ന ചട്നി

പൊതിഞ്ഞ തേങ്ങ തനിയെ ചിരകപ്പെട്ട് മുളകും ഉപ്പും ചേർന്നരഞ്ഞ് എണ്ണയിൽ വെന്ത് കുറുകി തനിയെ ഉള്ളിയും വറ്റൽമുളകും കറിവേപ്പിലയും ചേർന്ന് താളിച്ച് ദോശയുടെ കൂടെ മേശയിൽ എത്തുന്നുവെന്നാണോ എന്തോ..

അങ്ങനെ തന്നെയാണ് അടുക്കളയുടെ പൊളിറ്റിക്സ്.

പാചകത്തിൽ എല്ലാം കഴിഞ്ഞു; ഇനിയെന്ത് പണി എന്ന് ചോദിക്കുന്ന കഥാപാത്രം നമ്മളിൽ പലരുമാണ്.

ഇതൊക്കെ എല്ലാ വീട്ടിലും നടക്കുന്നതല്ലേ,

ഇത്ര പെരുപ്പിച്ചു കാണിക്കണോ എന്ന് തോന്നിയോ നിങ്ങൾക്ക്. വിഷമിക്കണ്ട, രണ്ടുമണിക്കൂറിൽ താഴെയുള്ള ഒരു സിനിമയിൽ നിങ്ങളെ ആ പെരുപ്പിച്ചു കാണിക്കൽ ഇറിറ്റേറ്റ് ചെയ്തെങ്കിൽ ആയുസ്സിന്റെ സിംഹഭാഗവും അടുക്കളയിൽ മടച്ചുതീരുന്ന പെണ്ണുങ്ങൾ നിങ്ങൾക്ക് വിഷയമല്ലാതായി മാറുന്നതിൽ യാതൊരു അദ്ഭുതവുമില്ല..

നിങ്ങൾ യുട്യൂബിൽ നോക്കി ചോറ് വയ്ക്കാമോ?

കറിയിൽ ഉപ്പ് ചേർക്കാമോ?

പരിപ്പ് അലകാക്കാമോ?

എത്രനാൾ നിങ്ങൾ യുട്യൂബിനെ ഡിപ്പൻഡ് ചെയ്യും?

രാവിലെയും വൈകിട്ടും രാത്രിയും ഡിഫറന്റ് മെനു കാർഡ് മുന്നിൽ വന്നില്ലെങ്കിൽ അസ്വസ്ഥനാകുന്ന നിങ്ങൾ യാതൊരു ഡിഫറൻസുമില്ലാതെ ഉരുകിയലിഞ്ഞ് തീരുന്ന മനുഷ്യരെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അടുക്കളരംഗങ്ങൾ വീണ്ടും വീണ്ടും കാണിച്ചപ്പോൾ മൊണോട്ടണസായിട്ട് തോന്നിയിട്ടുണ്ടെങ്കിൽ

ആ മൊണോട്ടണിയിൽ

ജീവിതം തന്നെ ലാഗടിച്ചുപോയ ഒരുപാട് സ്ത്രീകളുണ്ടെന്നേ..

നിങ്ങൾ അരിയുമ്പോൾ ചോപ്പിംഗ് ബോർഡുപയോഗിച്ച് സവാളയും തക്കാളിയും കാരറ്റുമൊക്കെ വളരെവേഗം അരിഞ്ഞുതീർക്കും.. പക്ഷേ ചോപ്പിംഗ് ബോർഡുപയോഗിച്ച് അരിയുന്ന എത്ര അമ്മമാരുണ്ടാവും..

ബുദ്ധിമുട്ടാണ്, കാരണം അവര് കയ്യിൽ വെച്ച് തന്നെ അരിഞ്ഞുശീലിച്ചവരാണ്,

അതിനിടയിൽ കത്തി കയ്യിൽ കൊള്ളും, വേദനിക്കും.

അവർക്കും വേദനകളുണ്ടെന്നേ.

വേദനകളിങ്ങനെ സഹിക്കാൻ മാത്രം സൃഷ്ടിക്കപ്പെട്ട ശരീരങ്ങളല്ല അതെന്ന് ചിന്തിക്കാൻ പോലും മെനക്കെടുന്നില്ല പലരും..

മാറിയ കാലത്ത് ഇങ്ങനയൊക്കെയുള്ള വീടുകളുണ്ടോ എന്ന് സംശയം തോന്നിയാൽ അത്

"ഞാൻദുബായ് കാണാത്തത് കൊണ്ട്

ദുബായ് ഇല്ല"

എന്ന് പറയുന്ന ഭോഷ്കിന് തുല്യമാണ്.

കാരണം ക്ലീനിംഗും തുണിയലക്കും തുടങ്ങി ഹൗസ്ഹോൾഡ് എന്ന മൊത്തപ്പേരിൽ പറയുന്ന സകലമാന ജോലികളും

പെണ്ണിന്റെ അക്കൗണ്ടിൽ ചേർത്തുകൊടുക്കുകയും അതിന്

"ഹൗസ് വൈഫ്" എന്നൊരു ടാഗ് ലൈൻ ഇട്ടു കൊടുക്കുകയും ചെയ്യുന്ന ഭൂരിപക്ഷ സമൂഹം തന്നെയാണ് നമ്മുടേത്.

എക്സെപ്ഷൻസ് ഉണ്ട്,

പക്ഷേ അതൊരു ന്യൂനപക്ഷം മാത്രമാണ്.

നിങ്ങളിലെത്രപേർ അമ്മയുടെയോ ഭാര്യയുടെയോ പെങ്ങളുടെയോ വസ്ത്രം, അടിവസ്ത്രമടക്കം അലക്കിക്കൊടുത്തിട്ടുണ്ട് എന്ന് ചോദിച്ചാൽ ചുളിയുന്ന നെറ്റികളുടെ എണ്ണം ഇന്നാട്ടിൽ ഏറെയാണ്, എന്നാലിവരുടെ അടിവസ്ത്രമുൾപ്പടെ അലക്കിയുണക്കിമടക്കിക്കൊടുക്കുന്നത്

വീട്ടിലെ സ്ത്രീകളാണ് എന്നുള്ളതാണ് വാസ്തവം.

പിരീഡ്സിനെയൊക്കെ ഇങ്ങനെയങ്ങ് പ്രശ്നവൽക്കരിച്ച് കാണിക്കേണ്ട കാര്യമെന്താണ്, ഇപ്പൊ ഏത് വീട്ടിലാണ് ഇങ്ങനെയൊക്കെ എന്ന് ചോദിച്ചാൽ,

കഴിഞ്ഞ ഒരു വർഷം മുമ്പ് ഈ നാട്ടിൽ നടന്ന കോലാഹലങ്ങളും, അസഭ്യവർഷങ്ങളും, നാമജപഘോഷാഭാസങ്ങളുമൊക്കെ പിന്നെന്തിന്റെ പേരിലായിരുന്നു എന്ന് ആലോചിച്ചാൽ മറുപടി കിട്ടും.

വെച്ചാരാധനയും കാവുകളും കുളങ്ങളുമുള്ള വീടുകളിലെ സ്ത്രീകളുടെ മെൻസ്ട്രൽ ടൈമിലെ അവസ്ഥ നിങ്ങൾ കരുതുന്നതിലും ഭീകരമാണ്.

ഒന്നും വേണ്ട,

സാധാരണ യാത്ര ചെയ്യുമ്പോൾ നിങ്ങൾ അമ്പലം കാണുമ്പോൾ വെറുതെ നെഞ്ചത്ത് കൈവെച്ച് പ്രാർത്ഥിക്കാറില്ലേ,

പിരീഡ്സുള്ളപ്പോൾ നിങ്ങളത് ചെയ്യുമോ, ഇല്ല.. കാരണം കണ്ടീഷൻ ചെയ്യപ്പെട്ടത് അങ്ങനെയാണ്. അപ്പോ ഒന്നുമൊന്നും കൂടുതലല്ല സുഹൃത്തേ.

ലിംഗാധിഷ്ഠിതസുഖമായ ഒന്നായി മാത്രം ഓർഗാസത്തെ കാണുന്ന പല പുരുഷന്മാർക്കും

ശരീരവ്യാപിയായ രതിമൂർച്ഛയനുഭവിക്കാൻ കഴിവുള്ള സ്ത്രീയുടെ ലൈംഗികതയെക്കുറിച്ച് എന്ത്ധാരണയാണുള്ളത് എന്ന ചോദ്യത്തിന് മറുപടി വേണമെങ്കിൽ സോഷ്യൽ മീഡിയയിൽ അത്യാവശ്യം പ്രശസ്തരായ സ്ത്രീകളുടെ പോസ്റ്റുകളുടെ താഴെയുള്ള കമന്റ് വായിച്ചാൽ മതിയാകും. ലിംഗവലിപ്പവും മസ്കുലൈനിറ്റിയുമാണ് ലൈംഗികബന്ധത്തിന് വേണ്ടത് എന്ന ധാരണയിൽ ജീവിക്കുന്ന എത്രയോപേരുണ്ട് നമുക്കിടയിൽ. അവരെ സംബന്ധിച്ചിടത്തോളം

"ബീജനിക്ഷേപബാങ്കുകൾ മാത്രമാണ് സ്ത്രീ".

ഒന്ന് പൊസിഷൻ മാറുന്നതിനെപ്പറ്റിയോ, ഫോർപ്ലേയെപ്പറ്റിയോ പറഞ്ഞു പോയാൽ പിന്നെ പ്രീവിയസ് എക്സ്പീരിയൻസ് ചികയലായി,

സ്റ്റാമ്പ് ചെയ്യലായി.

ഇതിന്റെയൊക്കെ തുറന്ന കാഴ്ചയാണ് ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ( മഹത്തായ ഭാരതീയ അടുക്കള).

നിമിഷ സജയന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും അഭിനയത്തെപ്പറ്റി എഴുതുന്നത് തന്നെ ക്ലീഷേയാണ്,

കാരണം അവർ അവരുടെ തന്നെ അപ്ഡേറ്റഡ് വേർഷനുകളെയാണ് ഓരോ ചിത്രത്തിലും അവതരിപ്പിക്കുന്നത്.

അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച ആ മനുഷ്യനാണ് ഈ സിനിമയിലെ താരം. കയ്യിൽ കിട്ടിയാൽ ഒന്ന് പൊട്ടിക്കാൻ തോന്നും വിധം ഇറിറ്റേറ്റഡാക്കുക എന്നത് ഒരു നടനെ സംബന്ധിച്ച് വെല്ലുവിളിയാണ്, അത് ഒരു തരത്തിലുള്ള നെഗറ്റീവ് ഡയലോഗുകളും ഭാവങ്ങളും ഇല്ലാതെയാണെങ്കിലോ.

അവിടെയാണ് അയാളൊരു മികച്ച നടനാവുന്നത്.

പേരില്ലാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കുക വഴി നമ്മിൽ പലരുടെയും പ്രോട്ടോടൈപ്പുകളെയാണ് സംവിധായകൻ സ്ക്രീൻ ചെയ്തിരിക്കുന്നത്.

സബ്മിസീവായ പെണ്ണ്,

സബ്മിസീവായിരിക്കുമ്പോഴും രക്ഷപെടണമെന്ന് വിചാരിക്കുന്ന പെണ്ണ്,

ഒട്ടും സബ്മിസീവല്ലാത്ത പെണ്ണ്,

എന്റെ പിരീഡ്സ് ആരുടെയും വിഷയമല്ല എന്ന് പറയുന്ന, അധ്വാനിക്കുന്ന, പാളുവഭാഷയിൽ പാടുന്ന പെണ്ണ്.

അങ്ങനെ ഒരേ സർഫസിൽ പല ഡെൻസിറ്റികളിലുള്ള പെൺജീവിതങ്ങളെ നമുക്ക് കാട്ടിത്തരുന്നു ജിയോ ബേബി

"ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ".

ഇത്രയേറെ അന്ധവിശ്വാസം നിലനിൽക്കുന്ന സിനിമാ മേഖലയിൽ " ശാസ്ത്രത്തിന് നന്ദി" എന്നെഴുതിക്കാണിച്ചു തുടങ്ങിയ ആ മരുന്ന്

പടം കഴിയുവോളം വറ്റാതെ കാത്തതിനാണ് നിങ്ങൾക്ക് കൈയടി.

നന്ദി പ്രിയപ്പെട്ട ജിയോ ബേബി, Jeo Baby കാലങ്ങളായി പൊട്ടിയൊഴുകുന്ന ആ പൈപ്പ് നേരെയാക്കാൻ ആത്മാർത്ഥമായ ഒരു ശ്രമം നടത്തിയതിന്.

ഒരേയൊരു സജഷൻ മാത്രം തോന്നി, അതൊരിക്കലുമൊരു നെഗറ്റീവല്ല മറിച്ച് അഭിപ്രായം മാത്രമാണ്..

അവസാനം രണ്ടാമത്തെ പെൺകുട്ടി ചായക്കപ്പ് കഴുകുന്ന സീനിൽ സിനിമ അവസാനിച്ചിരുന്നു എങ്കിൽ ഒന്നുകൂടി ഹൃദയം തൊട്ടു കൈയ്യടിക്കാമായിരുന്നു

കാരണം,

"ആളുകളേ മാറുന്നുള്ളൂ,

അടുക്കളകൾ പലതും പഴയത് തന്നെയാണ്"