Friday 01 February 2019 03:05 PM IST : By സ്വന്തം ലേഖകൻ

‘കാറൊക്കെ ഔട്ട് ഓഫ് ഫാഷൻ’; റോഡ് റോളറിൽ കല്യാണ ചെക്കന്റെ കലക്കൻ എൻട്രി; അമ്പരന്ന് വീട്ടുകാർ

raod-roller

കല്യാണം വെറൈറ്റിയാക്കാൻ കച്ചകെട്ടി ഇറങ്ങിത്തിരിക്കുന്ന പുതിയ പിള്ളേർ പലപ്പോഴും സോഷ്യൽ മീഡിയയുടെ അതിരറ്റ വിമർശനങ്ങൾക്ക് പാത്രമാകാറുണ്ട്. ശവപ്പെട്ടിയിൽ വിവാഹവേദിയിലേക്ക് എത്തുന്ന ചെക്കനും, നടുറോഡിൽ തുണിയുരിഞ്ഞ് നൃത്തം ചെയ്യുന്ന മണവാളനുമൊക്കെ അത്തരം അതിരുവിട്ട സൊറക്കല്യാണങ്ങളിലെ നേർ ഉദാഹരണങ്ങളാണ്.

പക്ഷേ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു കല്യാണപ്പയ്യൻ റൂട്ട് അൽപമൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. പരമ്പരാഗതമായി കാറില്‍ വരുന്ന ചടങ്ങ് മാറ്റി റോഡ് റോളറിലാണ് കക്ഷി എത്തിയത്. ബംഗാളിലെ നാദിയ ജില്ലയിലാണ് വരന്‍ റോഡ് റോളറിലെത്തിയത്.

അര്‍ക പത്ര എന്ന യുവാവാണ് തന്റെ വിവാഹത്തിന് അലങ്കരിച്ച് ഒരുക്കിയ റോഡ് റോളറില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ വിവാഹം എന്നും ഓര്‍മ്മിച്ചിരിക്കാനുളള ഒന്നാക്കി മാറ്റണമായിരുന്നു. ഒരു വിന്റേജ് കാറില്‍ എനിക്ക് വരാമായിരുന്നു, പക്ഷെ അതില്‍ വ്യത്യസ്ഥതയില്ല. റോഡ് റോളറില്‍ ഏതെങ്കിലും വരന്‍ വന്നതായി കേട്ടിട്ടില്ല. അത്കൊണ്ടാണ് ഇത് തിരഞ്ഞെുത്തത്,’ പത്ര പറഞ്ഞു.