Wednesday 20 June 2018 04:45 PM IST

‘അന്നു പ്രചരിച്ച കഥകൾക്കു പിന്നിലുള്ള സത്യമെന്ത്’? രണ്ടാം വരവിൽ ജി.എസ് പ്രദീപിന്റെ തുറന്നു പറച്ചിൽ

Sreerekha

Senior Sub Editor

pradeep-cover ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

ചില വീഴ്ചകൾ നമ്മളെ സന്തോഷിപ്പിക്കുന്നത് തിരിച്ചു വരാൻ കഴിയുമ്പോഴാണ്. ഒരർഥത്തിൽ ചില വീഴ്ചകൾ അനിവാര്യതയാവാം. ആ വീഴ്ചകളിൽ നിന്ന്  കര കയറുമ്പോൾ കുറച്ചു കൂടി കരുത്തുണ്ടാകും നമുക്ക്. മനസ്സിന് ദൃഢതയും പുത്തൻ തെളിച്ചവും ഉണ്ടാകും...’’
പറയുന്നത് ജി.എസ്. പ്രദീപ്.

വാക്കുകളെ സ്ഫുടം െചയ്തെടുത്ത ഭാഷയിൽ സംസാരിച്ച് ഒാർമയുടെയും അറിവിന്റെയും അപാരമായ പാതകളിലൂടെ അശ്വമേധം നടത്തി, മലയാളികളെ വിസ്മയിപ്പിച്ച അവതാരകൻ. പക്ഷേ, പ്രശസ്തിയുടെ വെള്ളിെവളിച്ചത്തിൽ നിന്ന് ഇടയ്ക്ക് പ്രദീപ് അപ്രത്യക്ഷനായി. യൂട്യൂബിലും  വാട്സ്ആപ്പിലും പ്രദീപിന്റെ ‘ഏറ്റുപറച്ചിൽ’ എന്ന പേരിൽ, തുന്നിച്ചേർത്തെടുത്ത ചില ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും പ്രദീപ് മൗനം പാലിക്കുകയായിരുന്നു.

ഇപ്പോൾ ഇടവേളയ്ക്കു ശേഷം ജി. എസ്. പ്രദീപ് വീണ്ടും  സംസാരിക്കുന്നു. ഈ ഇടവേളക്കാലത്ത് അനുഭവങ്ങളുടെ ഹോട്സീറ്റിലിരുന്നപ്പോൾ ജീവിതം എന്ന ഗ്രാൻഡ് മാസ്റ്റർ സമ്മാനിച്ച തിരിച്ചറിവുകളെക്കുറിച്ച്  പ്രദീപിനു പറയാനേറെയുണ്ട്.

എല്ലാ അർഥത്തിലും ഒരു തിരിച്ചു വരവിന്റെ സമയമാണല്ലോ?

അതെ. േകാളജിൽ പഠിക്കുന്ന കാലത്തേ കലോൽസവങ്ങളിലും പ്രസംഗമൽസരങ്ങളിലും സജീവമായിരുന്നു. പതിന‍ഞ്ചാം വയസ്സിൽ ദൂരദർശനിൽ ടോക്ക് ഷോ അവതാരകനായി കലാജീവിതം തുടങ്ങിയതാണ് ‍ഞാൻ. അവിടെ നിന്നിങ്ങോട്ട് മുപ്പതു വർഷം. എല്ലാ മനുഷ്യരുടെയും  ജീവിതത്തിൽ വിധിയുടെ അദൃശ്യമായ കയ്യൊപ്പ് പതിയുന്ന നിമിഷമുണ്ട്.

എന്റെ ജീവിതത്തിലത് ‘അശ്വമേധം’ എന്ന ‘വിപരീതസമസ്യാ’പരിപാടിയുടെ രൂപത്തിലായിരുന്നു. ‘അശ്വമേധം’ ആയിരത്തോളം എപ്പിസോഡുകൾ മലയാളത്തിൽ ചെയ്തു. തമിഴിലെയും  തെലുങ്കിലെയും മിഡിൽ ഈസ്റ്റിലെയും  ചാനലുകളിൽ ആ പരിപാടി അവതരിപ്പിച്ചു. 2006 മുതൽ 2009 വരെ ശ്രീലങ്കയിലെ ചാനലിലും പ്രോഗ്രാം ഹിറ്റായി. നാലഞ്ചു ഭാഷകളിൽ 15– 16 ചാനലുകളിൽ ആറായിരത്തിൽപ്പരം എപ്പിേസാഡുകൾ അവതരിപ്പിച്ചു.  

ഇതു കഴി‍ഞ്ഞാണ് ആകസ്മികമായി മലയാളത്തിലെ ഒരു ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയത്. ദൈവത്തിന്റെ കൈെയാപ്പ് പോലെ ചെകുത്താന്റെ കൈയൊപ്പും നമ്മുടെ ജീവിതത്തിൽ പതിയുന്ന മുഹൂർത്തമുണ്ടാകാം. ആ പരിപാടിയിൽ പങ്കെടുത്തതിെന ഞാനങ്ങനെയാണ് കാണുന്നത്. ആ പരിപാടിയിൽ എത്തിയതിനെ തുടർന്ന്  എനിക്ക് വലിയ ചീത്തപ്പേരുണ്ടായി. അതുവരെ എന്നെ ഇഷ്ടപ്പെട്ടിരുന്ന ആളുകൾക്ക് എന്നോടുള്ള സ്നേഹത്തിൽ കുറവുണ്ടായി. അതിനു തൊട്ടു മുൻപുള്ള വർഷങ്ങളിലെ നിരന്തരമായ മദ്യപാനശീലവും വലിയ തകർച്ചയുണ്ടാക്കി.  അത് ആരോഗ്യത്തെ ഏറെ ബാധിച്ചു. ഒരുപക്ഷേ, മരണത്തിലേക്കു വരെ വഴുതി വീഴാവുന്ന സാഹ‌ചര്യമായിരുന്നു. ഇനി ഏറിയാൽ ‘രണ്ടാഴ്ച’ എന്നു വരെ ഡോക്ടർമാർ പറ‍ഞ്ഞിരുന്നു. മൂന്ന് മാസം  ബെഡ് റിഡൻ ആയി ആശുപത്രിയിൽ കിടന്നു.

അങ്ങനെ കിടക്കുമ്പോഴൊരു ദിവസം എനിക്ക് ഒരിക്കൽ കൂടി പ്രസംഗിക്കണമെന്നു തോന്നി. സുഹൃത്ത് ഷാഹുൽ ഹമീദിനോടു പറഞ്ഞു: ‘‘എനിക്ക് ഒരിക്കൽ കൂടി പ്രസംഗിക്കണം... കണ്ണൂരിലെ വേദിയിൽ.’’ ഡോക്ടർമാർ വിലക്കി. ഞാനപ്പോൾ ചോദിച്ചു:‘‘ഈ പ്രസംഗത്തിനു പോയില്ലെങ്കിൽ ആയുസ്സ് തിരിച്ചു കിട്ടുമെന്നുറപ്പാണോ?’’ ഡോക്ടർമാർക്ക് ആ ഉറപ്പു തരാനാകില്ലായിരുന്നു. ‘‘എങ്കിൽ അതു കൂടി ഞാനവസാനമായി നട ത്തട്ടെ’’ ഞാൻ വാശി പിടിച്ചു.

അങ്ങനെ കണ്ണൂരിൽ പോയി പ്രസംഗിച്ചു:‘‘തോൽക്കാനും  തളരാനും ആയിരം കാരണങ്ങളുണ്ടാകും. ജയിക്കാൻ പക്ഷേ, ഒറ്റ കാരണമേ േവണ്ടൂ. ജയിക്കണമെന്ന വാശി...’’ കുട്ടികളോടുള്ള ആ പ്രസംഗത്തിൽ ഞാനങ്ങനെ പറഞ്ഞപ്പോൾ നിറഞ‍്ഞ കയ്യടി ഉയർന്നു.  

ആ പ്രസംഗം നടത്തി തിരികെ വന്ന ശേഷം നടത്തിയ രക്തപരിശോധനയിൽ അദ്ഭുതകരമായ മാറ്റമായിരുന്നു. അതിപ്പോഴുമൊരു മിസ്റ്ററി പോലെയാണ്! നില വിൽ ആ രോഗത്തിന്റെ ശേഷിപ്പുകളൊന്നും എന്നിലില്ല. രോഗത്തിന്റെ അവശതയിലേക്കു പോകുന്നതിനു മുൻപേ മദ്യപാനമെന്ന ദുഃശീലം ഞാൻ ഉപേക്ഷിച്ചിരുന്നു. നാലര വർഷമായി മദ്യമുപേക്ഷിച്ചിട്ട്. ഇപ്പോൾ മദ്യത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ഞാൻ.

pradeep-2

മദ്യപാനശീലം ഉപേക്ഷിക്കുക എളുപ്പമായിരുന്നോ?

കഠിനമായി തീരുമാനിച്ച് ഞാനതു നടപ്പാക്കി. എന്റെ ക രിയർ ഗ്രാഫ് മുകളിൽ നിന്ന് താഴേക്കു വരാനുള്ള കാരണങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ മദ്യപാനം  പ്രധാന കാരണമായി തോന്നി. മാത്രമല്ല, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ കുട്ടികളും വായനയെ സ്നേഹിക്കുന്നവരും അറിവിനെ ഇഷ്ടപ്പെടുന്നവരുമൊക്കെയാണ്. അവരെന്നെ  ഇഷ്ടപ്പെടുമ്പോൾ അവരിഷ്ടപ്പെടാത്ത  ഒരു സ്വഭാവവും എന്നിലുണ്ടാകരുതെന്ന് തീർച്ചപ്പെടുത്തി.

തിരക്കിൽ നിന്നെല്ലാം പെട്ടെന്ന് വിട്ടകന്നപ്പോൾ വലിയ ഒറ്റപ്പെടലും  വേദനയും തോന്നിയോ?

തിരക്ക്, പ്രശസ്തി... ഇതെല്ലാം വളരെ സന്തോഷകരമാണ്. ആ തിരക്കിൽ നിന്നിരുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും തകർക്കുന്ന കാര്യമാണ്, ‘ഇപ്പോ കാണാറില്ലല്ലോ, പരിപാടിയൊന്നും ഇല്ലേ’ എന്ന ആളുകളുെട ചോദ്യം. ഞാൻ തിരക്കിന്റെ കാര്യത്തിലന്ന് ഏറ്റവും ഉയരത്തിലായിരുന്നു. അശ്വമേധം കളിച്ചിരുന്നത് അന്തർദേശീയ തലത്തിലെ സെലിബ്രിറ്റികൾക്കൊപ്പമായിരുന്നു. പെട്ടെന്ന് ആ തിരക്കിൽ നിന്നെല്ലാമകന്ന് തനിച്ചായപ്പോൾ, എന്റെ ആരോഗ്യം പോലും താഴേക്കു വീണു പോയപ്പോൾ ആകെ തകർന്നുപോയെന്നതു സത്യമാണ്.

പക്ഷേ, മറ്റൊരു തരത്തിലും ചിന്തിക്കാം. ഏതൊരു പ്രശസ്തനെ സംബന്ധിച്ചും അയാൾ അങ്ങനെയൊന്നുമാകാതിരുന്നതിനു മുമ്പുള്ളൊരു കാലമുണ്ട്. അയാൾ വെറും സാധാരണക്കാരനായിരുന്ന ഒരു കാലം. ആ കാലത്തെ അവസ്ഥയിലേക്കു പോകുമ്പോൾ അയാൾക്കു പ്രത്യേകിച്ചു ദുഃഖിക്കാനൊന്നുമില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലും എന്റെ മനസ്സിലെ ശുഭാപ്തിവിശ്വാസത്തിന്റെ തിരി അണഞ്ഞിരുന്നില്ല. ഒറ്റയ്ക്കായിപ്പോയ ആ കാലഘട്ടത്തി ൽ ഞാനെന്റെ പഴയ ഒാർമകളിലേക്കു മടക്കയാത്ര പോയി. കരഞ്ഞ് മറന്ന പുസ്തകങ്ങളെ ഒാർത്തു, കണ്ണുകളെ നനച്ച കവിതകളെ ഒാർത്തു, ന‍ടന്നു നനഞ്ഞ മഴവഴികളെ ഒാർത്തു...  ഒറ്റപ്പെടലിന്റെ നിമിഷങ്ങൾ ജീവിതത്തിലെ തിരിച്ചറിവിന്റെയും തിരിച്ചു പോക്കിന്റെയും  ഒാർമിച്ചെടുക്കലിന്റെയും  സ്ഫുടീകരിക്കലിന്റെയും നിമിഷങ്ങളായിരുന്നു. മനസ്സിനെ ദൃഢമാക്കുകയും നിർഭയമാക്കുകയും െചയ്ത നിമിഷങ്ങളായിരുന്നു.

ആ ദശാസന്ധിയിൽ ഒപ്പം നിന്നതാരാണ്?

എന്റെ കുടുംബം– ഭാര്യ, മക്കൾ, അച്ഛൻ, പിന്നെ ഒരുപാട് ന ല്ല സുഹൃത്തുക്കൾ, 24 മണിക്കൂറും ആശുപത്രിയിലെനിക്ക് കൂട്ടിരുന്ന ബിനു എന്ന കൂട്ടുകാരൻ, സുഹൃത്ത് ജോ ആന്റണി, എന്നെ ചികിൽസിച്ച ഡോ. ഹാരിസ് കരീം.. ഒരുപാട് പേരോട് വലിയ കടപ്പാടുണ്ട്. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന മ ട്ടിലാണ്  ഭാര്യയും മക്കളും എന്നോടു െപരുമാറിയത്. പിന്നെ, പതുക്കെ പതുക്കെ പ്രോഗ്രാമുകളിലേക്കു ഞാൻ തിരികെയെത്തി. ശ്രീലങ്കൻ ചാനലുമായി കരാറൊപ്പിട്ടു. പൊതുവേദികളിൽ സജീവമായി. ക്വിസ് ഷോകൾ  ചെയ്തു. ആകസ്മികമായാണ് ‘മെർസൽ ’ സിനിമയിറങ്ങിയ സമയത്തെ ചാനൽ ചർച്ചയിൽ പങ്കെടുക്കാനെന്നെ ക്ഷണിച്ചത്. ആ ചർച്ച വൈറലായി. അതു കണ്ടിട്ട്, ‘താങ്കളിത്ര കാലം എവിടെയായിരുന്നു, ഞങ്ങൾക്കു താങ്കളുടെ പ്രതികരണങ്ങൾ ആവശ്യമാണ്’ എന്ന മട്ടിൽ പലരും പ്രതികരിച്ചപ്പോൾ വലിയ ഉൗർജം കിട്ടി.

സോഷ്യൽ മീഡിയയിൽ ചില വിഡിയോകൾ പ്രചരിച്ചപ്പോൾ വിഷമം തോന്നിയില്ലേ?

രോഗാവസ്ഥയിലുള്ള എന്റെ വല്ലാതെ മെലിഞ്ഞ ചിത്രമൊക്കെയെടുത്ത് എന്റെ പല അഭിമുഖങ്ങളിലെ ക്ലിപ്പിങ്ങുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു വിഡിയോ വാട്സ് ആപ്പിലൂടെ പ്രചരിച്ചു. ‘ജി.എസ്. പ്രദീപിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. മദ്യപാനം കാരണം സാമ്പത്തികമായി നശിച്ചു...’ എന്നും മറ്റുമായിരുന്നു അതിൽ. അതിൽ പറഞ്ഞ കാര്യങ്ങളൊന്നും സത്യമായിരുന്നില്ല. ആദ്യം  അതുകണ്ട് ഞാൻ ഞെട്ടി. പിന്നെ, അതു കാണുമ്പോൾ തമാശ തോന്നി. അടിസ്ഥാനപരമായി അതു നൽകുന്ന മെസേജ് മദ്യത്തിനെതിരെ ആയിരുന്നതിനാലാണ് ഞാൻ പ്രതികരിക്കാതിരുന്നത്. പക്ഷേ, നാലര വർഷങ്ങൾക്കു ശേഷം,  ഇപ്പോഴും ആ സംഭവം വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതു കാണുമ്പോൾ സത്യത്തിൽ വിഷമം ഉണ്ട്.

വാക്ക്, ഒാർമ, അറിവ് ഇതാണ് പ്രദീപിന്റെ ശക്തി. എങ്ങനെയാണ് അവയുടെ അടിത്തറ മനസ്സിലുണ്ടായത്?  

വായനയോടും അറിവിനോടുമുള്ള പ്രണയം കുട്ടിക്കാലത്തേ ഉണ്ടായതാണ്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അമ്മ ഹെഡ്മിസ്ട്രസായിരുന്നു. അച്ഛൻ ഹെഡ്മാസ്റ്ററായിരുന്നു. (അച്ഛൻ പി. കെ. ഗംഗാധരൻ പിള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ചരിത്രത്തിലെ കമ്യൂണിസ്റ്റ്കാരനായ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു.

അമ്മ സൗദാമിനി തങ്കച്ചി. എന്റെ 14–ാം വയസ്സിൽ അമ്മ മരിച്ചു) സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വാങ്ങുന്നത് മാർച്ച് മാസക്കാലത്താണ്. അതുെകാണ്ട് എന്റെ വേനലവധികളുെട രണ്ടര മാസക്കാലം ആയിരം പുസ്തകങ്ങൾക്കൊപ്പമായിരുന്നു. അറിവിന്റെ വാതിൽ തുറന്നത് ആ കാലമാകും.

pradeep-1

രണ്ടാം നിലയിലെ മുറിയിൽ വേപ്പു മരത്തിൽ തട്ടി വരുന്ന കാറ്റേറ്റിരുന്ന് ഷെർലക് ഹോംസ് കഥകളുെട വിവർത്തനം വായിച്ചതോർക്കുന്നു. ആ കഥകളെന്നെ ഏറെയാകർഷിച്ചു. സ്കൂൾ കാലത്തും കോളജ് കാലത്തും ആ കഥകൾ വീണ്ടും വീണ്ടും വായിച്ചു. അവസാനത്തെ വരിയിൽ നിന്ന് ആരംഭത്തിലേക്കു വായിച്ചു. ഉത്തരത്തിൽ നിന്ന് ചോദ്യത്തിലേക്കെത്തുന്ന രീതി, ‘വിപരീത സമസ്യ’യെന്ന ആശയത്തിന്റെ പ്രചോദനം അങ്ങനെയുണ്ടായതാണ്. മനസ്സിലോർക്കുന്ന ആളെ ക ണ്ടെത്തുന്ന കളി കുട്ടിക്കാലത്ത് കളിക്കുമായിരുന്നു. വായനയില്ലായിരുന്നെങ്കിൽ വിപരീതസമസ്യയെന്ന ആശയം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. സത്യത്തിൽ അശ്വമേധം ‘അനാലിറ്റിക്കൽ ഡിഡക്‌ഷൻ’ ആണ്. അതിൽ സൂത്രപ്പണികളില്ല. ഒപ്പം അറിവും ഒാർമശക്തിയുമുണ്ടാകും.  

അശ്വമേധത്തിലെ ആയിരക്കണക്കിന് എപ്പിസോഡുകൾ...  മറക്കാനാകാത്ത ചിലരെങ്കിലും ഉണ്ടാകുമല്ലോ ?


2001ൽ അശ്വമേധം തുടങ്ങി ആദ്യ 50 എപ്പിസോഡുകൾക്കുള്ളിൽതന്നെ ആ പരിപാടി തരംഗമായി മാറി. മിക്ക ദിവസവും സെലിബ്രിറ്റി അതിഥികൾ വരും. ഒരു ദിവസം പരിപാടിയിൽ പങ്കെടുക്കാൻ വളരെ പ്രശസ്തനായ അതിഥി വന്നു. ഞാൻ ആരാധിക്കുന്ന ആളാണ്. ആദ്യമായാണു ഞാനദ്ദേഹത്തെ നേരിൽ കാണുന്നത്. എന്നെ കണ്ട് അദ്ദേഹം പറഞ്ഞു: ‘ഒാ ഇയാളാണല്ലേ ഈ പരിപാടി ‍ചെയ്യുന്നത്? പേരെന്താ? ഞാൻ സത്യത്തിലീ ടിവിയൊന്നും അങ്ങനെകാണാറില്ല. എന്താ ഈ പരിപാടി?’ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടെനിക്കു വിഷമം തോന്നി. എന്റെ പരിപാടി ഹിറ്റ് ആയിട്ടും അദ്ദേഹം കണ്ടിട്ടേയില്ല. അന്നെനിക്ക് 27 വയസ്സാണ്. ആ വയസ്സിന്റെ അപക്വതയോടെ ഞാനങ്ങനെ ചിന്തിച്ചു വിഷമിച്ചു. 21 ചോദ്യങ്ങൾ കഴിഞ‍്ഞും അദ്ദേഹം മനസ്സിലോർത്ത ആളെ എനിക്ക് കണ്ടെത്താനായില്ല. ഞാൻ പരാജയം സമ്മതിച്ചപ്പോൾ അദ്ദേഹം പറ‍ഞ്ഞു: ‘ഞാൻ മനസ്സിലോർത്തത്  ജി.എസ്. പ്രദീപ് താങ്കളെ ആണ്. താങ്കളുടെ പരിപാടി ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. തുടക്കം മുതൽ ഒരു എപ്പിസോ‍ഡും ഞാൻ കാണാതെ വിട്ടിട്ടില്ല. താങ്കളെ അറിയില്ലെന്ന് പറഞ്ഞത് കബളിപ്പിക്കാനായിരുന്നു...’   

ഞങ്ങൾ അന്നു മുതൽ നല്ല സുഹൃത്തുക്കളായി. ഇപ്പോൾ അദ്ദേഹത്തെ ഒാർക്കുന്നതിനു പ്രസക്തിയേറുന്നു. കാരണം, എന്റെ തിരിച്ചു വരവിന്റെ ഈ വർഷമാണ് മലയാളികൾക്ക്  അ ദ്ദേഹത്തെ നഷ്ടപ്പെട്ടത്. ആദ്യമായി എന്റെ പേര് മനസ്സിൽ വിചാരിച്ച് എന്നെ പരാജയപ്പെടുത്തിയ ആ വ്യക്തി കുഞ്ഞിക്ക എന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയായിരുന്നു. പിന്നെയും പ ലരുമുണ്ട് ഒാർമയിൽ. പ്രോഗ്രാമിലെ ആദ്യവിജയി കുരീപ്പുഴക്കാരൻ നെബു... ഗൗരി ലങ്കേഷിനെ മനസ്സിലോർത്ത്, അടുത്തിടെ ശ്രീലങ്കയിലെ പരിപാടിയിൽ പങ്കെടുത്ത അന്ധനായ കുട്ടി നിക്സൺ... അങ്ങനെ പലരും.


തിരക്കിനിടയിലും ധാരാളം വായിക്കാനും വായിച്ച കാ ര്യങ്ങൾ മറക്കാതെ മനസ്സിൽ നിലനിർത്താനും സാധിക്കുന്നതെങ്ങനെ?  

എന്നെ ഏറ്റവും വേദനിപ്പിക്കുെന്നാരു സംഗതി, നമ്മുടെ നാട്ടിലെ പെൺമക്കളുെട സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ്. അതുപോലെ മനസ്സു വേദനിച്ച മറ്റൊരു കാര്യം അടുത്തിടെ ഉണ്ടായി. ശ്രീറാം വെങ്കിട്ടരാമൻ െഎഎഎസ് ഈയിടെ വായനയെക്കുറിച്ച് പറഞ്ഞ വാക്കുകൾ. വായനയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ നേരേ വിപരീത ചിന്താഗതിക്കാരനാണ് ഞാൻ.  ശരിയായ ദിശാബോധം വളർത്തിയെടുക്കാൻ വായനയ്ക്കേ കഴിയൂ. ഇന്നത്തെ കാലത്ത് നമ്മുടെ കുട്ടികൾക്ക് ‘മെഷീൻ നോളജ്’’ വളരെ അധികമുണ്ട്. പക്ഷേ, മറ്റൊരാളോട് സ്നേഹത്തോടെയും കരുതലോടെയും പെരുമാറാനുള്ള അറിവും ബോധ്യവും എത്രത്തോളമുണ്ടെന്നുചിന്തിക്കണം. അതായത് മനുഷ്യ മനസ്സിനെക്കുറിച്ചുള്ള അറിവ്. ആ അറിവു പകർന്നു  തരാൻ നല്ല പുസ്തകങ്ങൾക്കേ കഴിയൂ.

വായനയിൽ ഞാൻ സെലക്ടീവല്ല. ഏതു സമയത്തും എ ത്ര നേരവും വായിക്കും. വായനയെ ബോധപൂർവമായ ശീലമാക്കാതെ ജീവിതത്തിന്റെ ഭാഗമായി കാണുക. വായിച്ചതു മറക്കാതിരിക്കാൻ പൂർണമായി മുഴുകി വായിക്കുക എന്നതാണ് വഴി. ‘ടോട്ടൽ ആൻഡ് കണ്ടിന്യുവസ് ഡെഡിക്കേറ്റഡ് ഇൻവോൾവ്മെന്റ്്’. ടിസിഡിെഎ. നിരന്തരവും പൂർണവും ആയ ആത്മസമർപ്പണത്തോടെ വായിക്കുക. വായനയിൽ മാത്രമല്ല, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ടിസിഡിെഎ ശീലിക്കാൻ ശ്രമിക്കുന്നു ഞാൻ. കഴിയുന്നത്ര ഇൻവോൾവ്മെന്റോടെ സംസാരിക്കുക, പെരുമാറുക, പ്രവർത്തിക്കുക. കാതുകൊണ്ട് കേൾക്കുന്നു, കണ്ണുകൊണ്ട് കാണുന്നു എന്നു പറയുന്നതു സത്യത്തിൽ അപ്രസക്തമല്ലേ? മനസ്സു െകാണ്ട് കേൾക്കുക, മനസ്സുെകാണ്ട് കാണുക, മനസ്സുെകാണ്ട് പറയുക.. ഇതാണ് കുട്ടികളോടുള്ള മോട്ടിവേഷനൽ പ്രസംഗങ്ങളിലും ഞാൻ പറയാറ്.

അഹങ്കാരം തോന്നിയിട്ടുണ്ടോ?


അഹങ്കരിക്കേണ്ടതായി എന്നിെലന്തെങ്കിലും ഉണ്ടെന്ന് ഒരിക്കലും ഒരു തരി പോലും തോന്നിയിട്ടില്ല. അന്നും ഇന്നും. എന്റേ തായ കഴിവുകൾ എന്റെ മാത്രം കഴിവുകളാകണമെന്നുമില്ല. പണ്ടത്തെ ജീവിതകാലത്ത് ഞാൻ ആവശ്യത്തിൽ കൂടുതൽ സുതാര്യതയുള്ള ആളായിരുന്നു. ചിലയവസരങ്ങളിൽ യുക്തിപരമല്ലാതെ പെരുമാറിയിട്ടുണ്ട്. അെതാക്കെ കാരണവും, ഞാനൊരു മൃദുഭാഷി അല്ലാതിരുന്നതിനാലും അഹങ്കാരിയായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ സുതാര്യതയെക്കാൾ േവണ്ടത് മൃദുഭാഷണം ആണെന്ന് ഇന്നെനിക്കറിയാം.  
സ്വന്തം സ്വഭാവത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്താണ്?

എന്റെ കഴിവുകളിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്നത് എന്റെ ഒാ ർമയോ അറിവോ ഒന്നുമല്ല; എന്റെ പദസമ്പത്താണ്.  ഇഷ്ടപ്പെടാത്ത കാര്യം– ഇന്നേ വരെ ഒരു പാട്ടിന്റെ നാലു വരി പോലും  പാടിയിട്ടില്ലെന്നതാണ്. കവിത ചൊല്ലാറുണ്ട് പക്ഷേ, ഒരു മൂളിപ്പാട്ട് പോലും പാടിയിട്ടേയില്ല.
സ്വഭാവത്തിൽ ഏറ്റവുമിഷ്ടം എന്റെ ആത്മവിശ്വാസവും  മതേതര– കമ്യൂണിസ്റ്റ് മനസ്സും. അച്ഛൻ കമ്യൂണിസ്റ്റ്കാരനായിരുന്നില്ലെങ്കിൽ പോലും ഞാൻ കമ്യൂണിസ്റ്റ്കാരനാ   േയനേ. ഇഷ്ടപ്പെടാത്തത് എന്റെ അമിതവൈകാരികതയാണ്. നിയന്ത്രിക്കാനാകാതെ പെട്ടെന്ന് കരയും. സിനിമയിലെ ദുഃഖ രംഗം കണ്ടാലും മറ്റൊരാളുെട സങ്കടം കണ്ടാലുമൊക്കെ...    

p3

കുടുംബം?

ഭാര്യ ബിന്ദു നർത്തകിയും നൃത്താധ്യാപികയും ആണ്. മക്കൾ സൗപർണികയും സൂര‍്യനാരായണനും. മകൾ തിരുവനന്തപുരം വുമൻസ് കോളജിൽ ഡിഗ്രി ഒന്നാം വർഷം  ലിറ്ററേച്ചറിന് പഠിക്കുന്നു. മകൻ ഏഴാം ക്ലാസ്സ് വിദ്യാർഥി.

രണ്ടാംവരവിൽ ജി.എസ്. പ്രദീപിൽ വന്നിട്ടുള്ള മാറ്റം?

അവതാരകന്റെ േവഷത്തിൽ അശ്വമേധവുമായി വീണ്ടും  പ്രേക്ഷകരിലേക്ക് എത്തിയത് ഏറെ സന്തോഷം പകർന്ന കാര്യമാണ്.  ആർക്കും പൂർണമായി മാറാനാകില്ല. നമ്മെ കുറച്ചു കൂടി വിമലീകരിക്കാനും  കുറച്ചു കൂടി  മിഴിവുറ്റതാക്കാനും ശ്രമിക്കാനേ സാധിക്കൂ. പണ്ടൊക്കെ പ്രോഗ്രാം  കഴിഞ്ഞാൽ നേരേ ഹോ ട്ടൽ മുറി... അതായിരുന്നു എന്റെ ശീലം. ഇപ്പോൾ ഹോട്ടൽ മുറിക്കു പുറത്തുള്ള പ്രകൃതി, പച്ചപ്പ്, കാറ്റും വെളിച്ചവും, അവിടത്തെ മനുഷ്യർ... അവയെല്ലാം കുറച്ചു കൂടി അറിയാൻ ശ്രമിക്കുന്നു. തൊട്ടു മുൻപുള്ള നമ്മുടെ െതറ്റാണ് നമ്മുടെ ഏറ്റവും നല്ല അധ്യാപകനെന്ന് പറയും.

ആ ബോധത്തോടെ സ്വയം ശുദ്ധീകരിക്കാൻ ശ്രമിക്കുന്നു. നമുക്ക് ഒപ്പമുള്ള ഒരാളോട് ഒരു നല്ല വാക്ക് പറയുക, വേദനിക്കുന്ന ഒരാളിന്റെ തോളിലൊന്ന് അമർത്തി തലോടുക, സ്നേഹിക്കുന്ന ആൾക്ക് ഒരു സമ്മാനം കൈമാറാൻ കഴിയുക... നമ്മളെ കാതോർക്കുന്നവരോട് ഏറ്റവും നല്ല ഭാഷയിൽ ഏറ്റവും ശക്തമായി പറയുക... പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ  ഏറ്റവും നന്നായി പ്രതികരിക്കുക... അതെല്ലാം വേണ്ട സമയത്ത് തന്നെ െചയ്യാനാണ് ഇപ്പോഴാഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.