Tuesday 18 December 2018 10:48 AM IST : By സ്വന്തം ലേഖകൻ

ഹൃദയം കവർന്ന ആ ചിരി മാഞ്ഞു; അർബുദത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട മൈസൂണ്‍ യാത്രയായി!

Maysoon-Al-Rawahi2.jpg.image.784.410

ഒട്ടേറെ ആളുകളുടെ ഹൃദയം കവർന്ന ആ ചിരി ഇനിയില്ല. അർബുദത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട 11 വയസ്സുകാരി മൈസൂണ്‍ മരണത്തിന് കീഴടങ്ങി. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ അര്‍ബുദം കാർന്നെടുത്തിട്ടും, രോഗം ബാധിച്ച ആളുകൾക്കിടയിൽ ബോധവത്കരണം നടത്തി അത്ഭുതം തീര്‍ത്ത മസ്‌കത്ത് സ്വദേശി ബാലിക മൈസൂണ്‍ അല്‍ റവാഹിയാണ് തായ്‌ലാന്റില്‍ തിങ്കളാഴ്ച മരിച്ചത്.

ചിരിക്കുന്ന മുഖവുമായാണ് മൈസൂണ്‍ അർബുദത്തെ നേരിട്ടത്. 2016 ലാണ് അസ്ഥിയില്‍ ക്യാന്‍സര്‍ വളർച്ച കണ്ടെത്തുന്നത്. ചികിത്സ ആരംഭിച്ച് മൂന്ന് മാസത്തിനകം ശ്വാസകോശത്തിലും ക്യാൻസർ കണ്ടെത്തി. എന്നാൽ ഇതൊന്നും അവളുടെ ആത്മവിശ്വാസത്തെ തളർത്തിയില്ല. രോഗം മാറി ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മൈസൂണ്‍. കടുത്ത വേദനയിലും അവൾ മനോഹരമായി പുഞ്ചിരിച്ചു.

Maysoon-Al-Rawahi1.jpg.image.784.410

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയായിരുന്നു മൈസൂണ്‍ പ്രധാനമായും ക്യാൻസർ ബോധവത്കരണം നടത്തിയിരുന്നത്. രോഗം ബാധിച്ചവര്‍ക്കും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയവർക്കും ആരോഗ്യ- ചികിത്സാ വശങ്ങളും മറ്റും മൈസൂണ്‍ പറഞ്ഞുകൊടുത്തു.

നാല്പത്തിയയ്യായിരത്തില്‍ അധികം ആളുകളാണ് മൈസൂണിനെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പിന്തുടര്‍ന്നിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തിയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുശോചനം രേഖപ്പെടുത്തിയത്. ഒമാൻ ആരോഗ്യ മന്ത്രാലയവും അനുശോചിച്ചു.

Maysoon-Al-Rawahi.jpg.image.784.410