Monday 25 May 2020 02:32 PM IST : By സ്വന്തം ലേഖകൻ

ഗുപ്ത ആൻഡ് ഡോട്ടേഴ്സ് അഥവാ ഞാനും എന്റെ പെൺപിള്ളേരും! ‘സൺസിന്റെ’ ലോകത്ത് അഭിമാനത്തോടെ ഈ അച്ഛൻ

gupta

അനന്തരാവാകാശ സ്വത്തിൽ കനപ്പെട്ടതെല്ലാം ആൺമക്കൾക്കു നൽകി എന്ന് അഭിമാനത്തോടെ പറയാറുണ്ട് പല അച്ഛനമ്മമാരും. സ്വത്ത് മാത്രമല്ല കെട്ടിപ്പെടുത്ത ബിസിനസുകളിലും ആൺമക്കളുടെ പേര് ചേർത്തു വയ്ക്കുന്നതിലാണ് പല അച്ഛൻമാരുടേയും പതിവ്. അതിന് തെളിവാണ് കുടുംബപരമായി തുടങ്ങുന്ന ബിസിനസ് പേരുകളുടെ വാലായി ‘സൺസ്’ എന്ന പേര് ചേർക്കുന്നത്. ബിസിനസിലെ തലമുറ കൈമാറ്റത്തിൽ ആൺമക്കളുടെ പേര് മതിയെന്ന് ശഠിക്കുന്ന അച്ഛൻമാരുടെ  പ്രഖ്യാപനമാണ് ഈ സൺസ് പ്രയോഗം!

എന്നാൽ ഇവിടെയിതാ പഴകിദ്രവിച്ച അത്തരം ചിന്തകളെ കടലിൽ എറിയുകയാണ് ഒരച്ഛൻ. പിന്നെയോ, തന്റെ ബിസിനസ് സംരംഭത്തിന് വാലായി നിധിയായി കിട്ടിയ പെൺമക്കളെ ചേർത്തു വച്ചു. 'ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്' എന്ന കടയുടെ ബോർഡും ആ ബോർഡിലെ പേരുകാരുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. സൺസ് എന്ന പതിവ് പേരിന് വിപരീതമായി തന്റെപെൺമക്കളെ ചേർത്തു വച്ചതു തന്നെയാണ് കാരണം.

ഡോ. അമന്‍ കശ്യപ് എന്നയാൾ ഈ നെയിംബോര്‍ഡിന്റെ ചിത്രം തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ ഷോപ്പിന്റെ ചിത്രമാണിത്. അമന്‍ തന്‍റെ പോസ്റ്റിലൂടെ ആ അച്ഛനും പെണ്‍മക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടിട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്.

'' ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്... ആണ്‍മക്കളുടെ പേരില്‍ തുറന്നിരിക്കുന്ന മറ്റെല്ലാ കടകളില്‍ നിന്നും വ്യത്യസ്തമായി ലുധിയാനയില്‍ പെണ്‍മക്കളെ പേരില്‍ ചേര്‍ത്തൊരു മെഡിക്കല്‍ ഷോപ്പ്. ഈ ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമാകൂ''- എന്നാണ് അമന്‍ ചിത്രം പങ്കുവച്ച് കുറിച്ചത്.

വെള്ളിയാഴ്ചയാണ് അമന്‍ ചിത്രം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ട്വീറ്റ്  വൈറലാവുകയും ചെയ്തു. അയ്യായിരത്തില്‍ അധികം ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു. സ്ത്രീശാക്തീകരണത്തിന്റെ തുടക്കം സ്വന്തം വീടുകളില്‍ നിന്നു തന്നെയാകണം എന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ ചിത്രമെന്ന് പലരും കമന്റ് ചെയ്തു.