Thursday 23 May 2019 10:26 AM IST : By സ്വന്തം ലേഖകൻ

ജിമ്മിൽ 250 കിലോ ഭാരം ഉയർത്താൻ ശ്രമം; യുവാവിന്റെ കാൽ വളഞ്ഞ് രണ്ടായി ഒടിഞ്ഞു! വിഡിയോ

weightlifter-accident

ഭാരോദ്വഹന മത്സര പരിശീലനത്തിനിടയിൽ 250 കിലോ ഭാരം ഉയർത്താൻ ശ്രമിച്ച മത്സരാർഥിയുടെ കാൽ വളഞ്ഞ് രണ്ടായി ഒടിഞ്ഞു. യരോസ്ലാവ് റഡ്ഷെവിക്ക് എന്ന യുറേഷ്യൻ ഭാരോദ്വാഹകനാണ് ഗുരുതരമായി പരുക്കേറ്റത്. റഷ്യയിലാണ് ദാരുണ സംഭവം. ഭാരം എടുത്ത് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ കാലുകൾ വളഞ്ഞ് പോയ യരോസ്ലാവ് വേദന കൊണ്ട് പുളഞ്ഞ് നിലത്തിരുന്നു.

സുഹൃത്തുക്കൾ ചേർന്ന് 250 കിലോ ഭാരം എടുത്തുമാറ്റി യുവാവിനെ സ്വതന്ത്രനാക്കി. എന്നാൽ അപ്പോഴേക്കും കാലുകൾ രണ്ടായി ഒടിഞ്ഞ് അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഏതാനും ആഴ്ചകളായി കാലിന് കടുത്ത വേദനയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ വേദനസംഹാരി കഴിച്ച് പരിശീലനം തുടരുകയായിരുന്നു.

ഇദ്ദേഹത്തിന് നീണ്ടകാലത്തെ ചികിൽസ ആവശ്യമുണ്ട്. ഉടനെയൊന്നും പരിശീലകനായി ജോലിയിൽ പ്രവേശിക്കാനാകില്ല. ഭീമമായ മെഡിക്കൽ ബില്ലും ആശുപത്രി ചെലവുകളും തനിക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്ന് യരോസ്ലാവ് പ്രതികരിച്ചു. മൽസരത്തിൻ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ജിമ്മിൽ വ്യക്തിഗത പരിശീലകനായിട്ടാണ് യരോസ്ലാവ് ജോലി ചെയ്യുന്നത്. നിരവധി മല്‍സരങ്ങളിലും ഇതിന് മുൻപ് പങ്കെടുത്തിട്ടുണ്ട്. ജോലി ചെയ്യുന്ന ജിമ്മിൽ തന്നെയായിരുന്നു പരിശീലനം.