Friday 22 May 2020 02:48 PM IST : By സ്വന്തം ലേഖകൻ

ആലിപ്പഴത്തിന് കൊറോണ വൈറസിന്റെ രൂപം, ഭയപ്പെടുത്തി അപൂര്‍വ പ്രതിഭാസം! ആശങ്ക തള്ളി വിശദീകരണം

mexico-hailstones-shaped-like-coronavirus-keep-citizens-indoors

ആലിപ്പഴം പൊഴിയുന്നത് കാണാനും പെറുക്കിയെടുക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ മെക്സിക്കോയിൽ പൊഴിഞ്ഞ ആലിപ്പഴം കണ്ട് ഭീതിയിലാണ് ആളുകൾ. സാധാരണഗതിയിൽ ഉരുണ്ട് മഞ്ഞുകണം പോലെ കാണപ്പെടുന്ന ആലിപ്പഴത്തിന്റെ പുതിയ രൂപം കണ്ടാണ് ആളുകൾ ഞെട്ടിയത്. കൊറോണ വൈറസിന്റെ രൂപത്തിലാണ് മെക്സിക്കോയിൽ ആലിപ്പഴ വർഷം ഉണ്ടായത്. 

മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ അദ്‌ഭുത പ്രതിഭാസമുണ്ടായത്. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. ഭൂമിയ്ക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും അതല്ല അജ്ഞാതമായ എന്തോ ഒന്ന് സന്ദേശം നൽകുകയാണെന്നുമുള്ള തരത്തിലാണ് ജനങ്ങൾ   പുതിയ പ്രതിഭാസത്തിന് വ്യാഖ്യാനം നൽകിയിരിക്കുന്നത്.

എന്നാൽ ആലിപ്പഴം പൊഴിഞ്ഞത് തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ സ്ഥിരീകരിക്കുന്നു. ശക്തമായ കാറ്റിൽ ഗോളാകൃതിയിൽ തന്നെയാണ് ഐസ് കട്ടകൾ രൂപപ്പെടുന്നത്. പിന്നീട് കൂടുതൽ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കൂടുതൽ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങൾ ശക്തമായ കാറ്റിൽ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയിൽ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കൺസൾട്ടന്റായ ജോസ് മിഗ്വൽ വിനസ് പറയുന്നു.

ആലിപ്പഴത്തെക്കുറിച്ചുള്ള ആശങ്കകൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോൻഡെമോറെലോസിലെ ജനങ്ങൾ തന്നെയാണ് ആലിപ്പഴത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് ആലിപ്പഴത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

Tags:
  • Spotlight
  • Social Media Viral