Wednesday 27 June 2018 02:04 PM IST

മുടികൊഴിച്ചിൽ അത്ര നിസാരമല്ല; കാരണം മനസ്സിലാക്കി ചികിത്സിച്ചാൽ ഫലം ഉറപ്പ്!

Roopa Thayabji

Sub Editor

hair-loss-pop

പ്രശ്നങ്ങൾ മുടിനാരിഴ കീറി പരിശോധിക്കണമെന്ന് പറയാറുണ്ട്. അപ്പോൾ മുടിക്ക് ഒരു പ്രശ്നം വന്നാലോ? സ്ത്രീകൾക്ക് മുടികൊഴിച്ചിൽ അത്ര നിസാരമായി തള്ളാവുന്ന ഒരു കാര്യമല്ല.

മുടി കൊഴിച്ചിൽ എന്നാൽ

∙ മുടിയുടെ ആയുസിൽ വളർച്ചയും ആരോഗ്യവും നിറഞ്ഞ ഡൈനാമിക് ഘട്ടവും വളർച്ച കുറഞ്ഞ് മുടി കൊഴിയുന്ന സ്റ്റാറ്റിക് ഘട്ടവും സൈക്ളിക്കായി വന്നുകൊണ്ടിരിക്കും. അഞ്ച് മുതൽ പത്തുവർഷം വരെ നീണ്ട ഡൈനാമിക് ഘട്ടം കഴിഞ്ഞാൽ മൂന്നുമാസമേ സ്റ്റാറ്റിക് ഘട്ടം ഉണ്ടാകൂ.

∙ നമ്മുടെ മുടിയുടെ 10–20 ശതമാനവും ഡൈനാമിക് അവസ്ഥയിലും ബാക്കി 80 ശതമാനവും സ്റ്റാറ്റിക് അവസ്ഥയിലുമായിരിക്കും.

∙ പുതിയ മുടി ഉണ്ടാകാതിരിക്കുകയും (ഡൈനാമിക്ക് പ്രോസസ് നടക്കാതിരിക്കുകയും) ഉള്ള മുടി വളരാതിരിക്കുകയും കൊഴിയുകയും ചെയ്യുന്ന അവസ്ഥയാണ് മുടിയുടെ ഉള്ള് കുറയൽ, മുടി കൊഴിച്ചിൽ എന്നിവയായി മാറുന്നത്. ഇതിന് കാരണങ്ങൾ പലതാണ്.

∙  ഒരാളുടെ തലയിൽ നിന്ന് ശരാശരി 30 മുതൽ 65 മുടി വരെ ഒരു ദിവസം കൊഴിയാം. അതിലധികമായാലാണ് കരുതൽ വേണ്ടത്. 100 മുതൽ 200 മുടി വരെ ഒരു ദിവസം കൊഴിയുന്നുണ്ടെങ്കിൽ തീർച്ചയായും ചികിത്സ വേണം.

താരനും മുടികൊഴിച്ചിലും

∙ ത്വക്കിൽ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവർത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകുംയ ഇതിൽ പൊടിയും അഴുക്കും പറ്റിയിരുന്നാണ് താരൻ ഉണ്ടാകുന്നത്.

∙ തലയിൽ ചെതുമ്പൽ പോലെയും ഇൻഫെക്ഷൻ വരാം. ഇത് മുടിയുടെ വേരുകളിലേക്ക് ബാധിച്ചാൽ ക്രമേണ മുടിയുടെ വളർച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും. താരന്റെ കൂടിയ അവസ്ഥയാണിത്.

∙ താരനുള്ളവർ മുടിയിൽ എണ്ണ പുരട്ടുന്നത് താരൻ കൂടാനിടയാക്കും. എണ്ണ പുരട്ടിയാലും ബേബി ഷാംപുവോ മെഡിക്കേറ്റഡ് ഷാംപുവോ ഉപയോഗിച്ച് കഴുകണം.

hairloss-pop1

ഹെൽമെറ്റും മുടിയും

∙ ഹെൽമെറ്റ് അമർന്നിരിക്കുമ്പോൾ തല ചൂടാകുകയും വിയർത്ത് അഴുക്കും പൊടിയും അടിയുകയും ചെയ്യും. ഇത് താരനും മുടി കൊഴിച്ചിലിനും കാരണമാകും.

∙ അഴുക്ക് അടിഞ്ഞ് അണുബാധയുണ്ടായാൽ പഴുപ്പോ ഫംഗസോ വന്നും മുടി കൊഴിയാം.

∙ ഹെൽമെറ്റ് വയ്ക്കുന്നതിനു മുമ്പ് മുടിയെ മൂടി സ്കാർഫ് കെട്ടുക. ഹെൽമെറ്റ് ഊരി കഴിഞ്ഞാൽ മുടി വിടർത്തിയിട്ട് ഉണക്കാൻ മറക്കേണ്ട.  

∙ സ്ഥിരമായി ഹെൽമെറ്റ് വയ്ക്കേണ്ടി വരുന്നവർ എന്നും മുടി കഴുകി വൃത്തിയാക്കണം.

∙ തലയിലെ രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തയോട്ടം വർധിപ്പിച്ച് മുടിവളർച്ച സാധ്യമാക്കുകയും ചെയ്യുന്ന മരുന്നുകൾ പുരട്ടാം.

ഹെയർജെല്ലും സ്റ്റൈലും

∙ രാസവസ്തുക്കൾ ചേർന്ന ജെല്ലുകൾ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കി മുടി വരണ്ട് പൊട്ടിപ്പോകാനും കൊഴിയാൻ ഇടയാക്കും. ഗുണമേന്മയുള്ള ജെല്ലുകൾ തന്നെ തിരഞ്ഞെടുക്കണം.

∙ മുടിവേരുകളിലേക്ക് വലിച്ചെടുക്കാത്ത തരത്തിൽ തലയോട്ടിയിൽ പുരളാതെ വേണം ജെൽ തേക്കാൻ. തലയോട്ടിയിലെ സൂക്ഷ്മ സുഷിരങ്ങളില്‍ പറ്റി അടഞ്ഞിരുന്നാൽ അണുബാധയുണ്ടായി മുടി കൊഴിയാം.

∙ ആവശ്യം കഴിഞ്ഞാൽ ജെൽ കഴുകികളയണം. ജെൽ പുരട്ടി കിടന്നുറങ്ങുന്നത് ദോഷമാണ്. ദീർഘനേരം ജെൽ പുരട്ടിയിരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

പരീക്ഷാപേടിയും വില്ലൻ

∙ പനി, ശാരീരിക അസ്വസ്ഥതകൾ, മെന്റൽ സ്ട്രെസ്, പരീക്ഷാപ്പേടി, പ്രസവശേഷം ഒക്കെയുണ്ടാകുന്ന മാനസിക പ്രയാസങ്ങൾ മുടിയുടെ വളർച്ച മുരടിപ്പിക്കും.

∙ മാനസിക സമ്മർദമേറുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം. വളർച്ച മുരടിച്ചാൽ മൂന്നുമാസത്തിനു ശേഷം ഈ മുടി കൊഴിയും.

∙ ടെൻഷനെ അകറ്റിന്ർത്തുകയാണ് വേണ്ടത്. യോഗ, ധ്യാനം, പ്രാർഥന എന്നിവ പ്രയോജനം ചെയ്യും.

പൊള്ളലും മുറിവും

∙ തലയിൽ പഴുപ്പ്, ഫംഗസ്, വ്രണം, മുറിവ്, പൊള്ളൽ തുടങ്ങിയവ വന്നാൽ ആ ഭാഗത്തെ മുടിയുടെ മൂലകോശങ്ങൾ നശിച്ചുപോകുകയും മുടി വീണ്ടും വളരാതിരിക്കുകയും ചെയ്യും.

∙ ഇവിടെ വീണ്ടും മുടി വളർത്തുക അസാധ്യമാണ്.  വടുക്കളിൽ ശസ്ത്രക്രിയയിലൂടെ മുടി വച്ചുപിടിപ്പിക്കാം. ഇതിന് വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടണം.

∙ താത്കാലിക ഹെയർ ഫിക്സിങ് ഇന്നു പ്രചാരത്തിലുണ്ട്. മുടി കുറവുളളതോ ഇല്ലാത്തതോ ആയ ഭാഗങ്ങളിൽ പ്രത്യേകതരം പശ ഉപയോഗിച്ച് മുടി ഒട്ടിച്ചുവയ്ക്കുന്ന രീതിയാണിത്.

hair-loss-pop2

ഹോർമോണും കഷണ്ടിയും

∙ പുരുഷൻമാർക്കുണ്ടാകുന്ന  കഷണ്ടി പോലെ സ്ത്രീകൾക്ക് മുടി നഷ്ടപ്പെടാം. ആർത്തവ വിരാമത്തോടെയോ അല്ലാതെയോ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണം.

∙ പുരുഷൻമാരിൽ നിന്ന് വ്യത്യസ്തമായി നടുഭാഗത്ത് (മൂർധാവിൽ) നിന്നാണ് സ്ത്രീകൾക്ക് മുടി നഷ്ടപ്പെടുന്നത്. അതുകൊണ്ട് നെറ്റി കയറാറില്ല. എന്നാൽ നടുവിൽ‍ നിന്ന് പകുത്തുനോക്കിയാൽ ഇത് വ്യക്തമാകും.

∙ വളരെ കുറച്ചുപേരിൽ ട്യൂമറുകളുടെ പ്രവർത്തനഫലമായി ഓവറി തന്നെ ആൻഡ്രൊജൻ ഉത്പാദിപ്പിക്കും. ഈ സാഹചര്യത്തിലും സ്ത്രീകൾക്ക് കഷണ്ടി പോലെ മുടി കൊഴിയാം.

∙ പുരുഷ ഹോർമോണിന്റെ പ്രവർത്തനത്തെ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുകയാണ് പ്രതിവിധി.

കീമോതെറാപ്പിയും മരുന്നുകളും

∙ ചില അസുഖങ്ങൾക്ക് കഴിക്കേണ്ടി വരുന്ന മരുന്നുകളുടെ പ്രതിപ്രവർത്തനം മുടികൊഴിച്ചിലിന്റെ രൂപത്തിൽ വരാം.

∙ ആന്റി കാൻസർ മരുന്നുകൾ സ്ഥിരമായി മുടി കൊഴിക്കുന്നതിന് കാരണമാകും. കീമോ തെറാപ്പി ചെയ്തുകഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞാൽ മുടി കൊഴിയുന്നത് ഇതുകൊണ്ടാണ്. ചിലർക്ക് പുരികവും കൊഴിയാം.

∙ രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ, അപസ്മാരം, രക്തസമ്മർദ്ദം തുടങ്ങിയവയ്ക്കുപയോഗിക്കുന്ന മരുന്നുകൾ എന്നിവയും മുടി കൊഴിച്ചിലിന് കാരണമാകാം.

∙ തൈറോയിഡ് രോഗം കൊണ്ടും തൈറോയിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രതിപ്രവർത്തനം കൊണ്ടും മുടി കൊഴിയാം.

∙ മരുന്നുകളുടെ പ്രവർത്തനം കൊണ്ട് താത്കാലികമായുണ്ടാകുന്ന മുടികൊഴിച്ചിൽ മരുന്ന് നിർത്തുന്നതോടെ തന്നെ മാറും.

വട്ടത്തിൽ മുടി കൊഴിയൽ

∙ തലയിൽ നിന്ന് വട്ടത്തിലോ പാക്കുകളായോ മുടി കൊഴിയുന്ന അവസ്ഥയാണിത്. ചിലർക്ക് തലയിലെ മുടി മുഴുവനായോ ശരീരത്തിലെ രോമങ്ങൾ ഒന്നാകെയോ കൊഴിയാം.

∙ മുടിയ്ക്കെതിരേ ശരീരം തന്നെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് ഇതിന് കാരണം. തൈറോയിഡ്, പ്രമേഹം പോലുള്ള രോഗങ്ങൾ ഇതിന്റെ വേഗം കൂട്ടുന്നു.

∙ വട്ടത്തിൽ മുടി കൊഴിയുന്നവർക്ക് ആ ഭാഗത്ത് മുടി വളരുന്നതിന് ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കാം.  മറ്റേതെങ്കിലും രോഗം കാരണമാണ് മുടി കൊഴിയുന്നതെങ്കിൽ ആ രോഗത്തിന്റെ ചികിത്സയും ഒപ്പം നടത്തും.

∙ മുടികൊഴിച്ചിൽ തടയുന്നതിനും നന്നായി മുടി വളരുന്നതിനും പ്ളേറ്റ്ലറ്റ് റിച്ച് പ്ളാസ്മ ഇൻജക്ഷൻ നൽകുന്ന രീതിയും ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്.

മുടിക്കായി കഴിക്കാം

∙ വെള്ളം അത്യാവശ്യം. ദിവസം രണ്ടു– രണ്ടര ലിറ്റർ വെള്ളം കുടിക്കണം.

∙ മുട്ട, കരൾ, ടർക്കി, പോർക്ക്, ബീഫ്, കൂൺ, പീനട്ട് ബട്ടർ, ചീസ്, കോളിഫ്ളവർ, സോയാബീൻ, ഏത്തപ്പഴം, ഗോതമ്പുറൊട്ടി, ബട്ടർഫ്രൂട്ട്, പയർ, പരിപ്പുവർഗങ്ങൾ തുടങ്ങിയവയൊക്കെ മുടിക്ക് ഇണങ്ങിയ ഭക്ഷണങ്ങളാണ്.

∙ ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, പ്രത്യേകിച്ച് അയൺ, സിങ്ക്, എന്നിവ കുറഞ്ഞാൽ മുടി കൊഴിയാം. അതിനാൽ മുടി കൊഴിച്ചിലിന് മരുന്ന് നൽകുന്നതിനൊപ്പം വിറ്റാമിൻ കുറവ് പരിഹരിക്കുന്നതിനും മരുന്നുകൾ നൽകും.

ഇവ ഓർക്കാം

∙ അധികം വെയിൽ കൊള്ളുന്നത് മുടി പൊട്ടിപ്പോകാൻ കാരണമാകും.

∙ തലയിലെ രക്തക്കുഴലുകളെ ഉത്തേജിപ്പിക്കാനും രക്തയോട്ടം വർധിപ്പിച്ച് മുടി കൊഴിച്ചിൽ കുറയ്ക്കാനും ഓയിൽ മസാജ് നല്ലതാണ്. താരൻ, സോറിയാസിസ് പോലുള്ള രോഗങ്ങൾ കാരണം തലയിൽ ശൽക്കങ്ങൾ പോലെ പറ്റിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യാം. പിന്നീട് മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകികളയണം.

∙ വെള്ളത്തിൽ കലക്കി വേണം മുടിയിൽ ഷാംപൂ പുരട്ടാൻ. ഷാംപൂ ചെയ്ത മുടിയിൽ നിന്ന് വെള്ളം ഒപ്പിയെടുത്ത ശേഷം മുടിയിൽ മാത്രം കണ്ടീഷണർ പുരട്ടി കഴുകുന്നതാണ് നല്ലത്.

∙ മൂന്നുമാസം കൂടുമ്പോഴോ ആറാഴ്ച കൂടുമ്പോഴോ മുടിയുടെ അറ്റം വെട്ടാം. മുടി കരുത്തോടെ ഇരിക്കാനും മുടിക്ക് ആരോഗ്യം തോന്നിക്കാനും ഇത് നല്ലതാണ്.

∙ മുടി ഉണക്കാൻ ഡ്രയർ വേണ്ടേ വേണ്ട. നനഞ്ഞ മുടി തനിയേ ഉണങ്ങുന്നതാണ് നല്ലത്. കുളിച്ച ശേഷം മുടി അമർത്തി കെട്ടിവയ്ക്കരുത്. മുടിക്കായ വന്ന് മുടി കൊഴിയാൻ ഇത് ഇടയാക്കും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ.എൻ.കെ. തുളസീധരൻ, പ്രഫസർ ആൻഡ് ഹെഡ് (ജനറൽ മെഡിസിൻ), ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്. ‍ഡോ.ഇ.എൻ. അബ്ദുൾ ലത്തീഫ്
അസോസിയേറ്റ് പ്രഫസർ (ഡെർമറ്റോളജി), ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്.