Monday 22 April 2019 12:27 PM IST : By സ്വന്തം ലേഖകൻ

മോർച്ചറിക്ക് മുന്നിൽ നിർവികാരത; മകന്റെ വെള്ളപുതച്ച ശരീരം കണ്ട നിമിഷം അലറിക്കരഞ്ഞ് അമ്മ!

hanau09u

അവസാനമായി മകനെ ഒന്ന് കാണാൻ മോർച്ചറിക്ക് മുന്നിൽ എത്തിയതായിരുന്നു അവർ. അരിശം മൂത്തപ്പോൾ ചപ്പാത്തിക്കോലു കൊണ്ട് തലയ്ക്കടിച്ച് സ്വന്തം കുഞ്ഞിന്റെ ജീവനെടുത്ത ആ അമ്മ. മോര്‍ച്ചറിക്ക് അകത്തു കടക്കുമ്പോഴും നിർവികാരതയായിരുന്നു അവരുടെ മുഖത്ത്. എന്നാൽ മകന്റെ വെള്ളപുതച്ച ശരീരം കണ്ട നിമിഷം അവർ അലറിക്കരഞ്ഞു. ഹനയുടെ ശബ്ദം മോർച്ചറിയിൽ മുഴങ്ങി. ഭാര്യയുടെ കണ്ണീർ കണ്ടതോടെ നിയന്ത്രിക്കാനാവാതെ സജ്ജാദും പൊട്ടിക്കരഞ്ഞു. രണ്ടു മിനിറ്റിന് ശേഷം ഏറെ പണിപ്പെട്ട് ഹനയെയും സജ്ജാദിനെയും പൊലീസ് പുറത്തേക്ക് കൊണ്ടുവന്നു. ഇത്രയധികം സ്നേഹമുണ്ടായിരുന്നെങ്കിൽ പിന്നെന്തിനു അവനെ മർദ്ദിച്ചു കൊന്നു എന്നാണ് കണ്ടുനിന്നവർ ചോദിച്ചത്. 

കൊച്ചി പാലക്കാമുഗള്‍ വടക്കോട് ജുമാ മസ്ജിദിലായിരുന്നു കുട്ടിയുടെ കബറടക്കം. കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിയിലെത്തിച്ചത്. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എന്നിവര്‍ പള്ളിയിലെത്തിയിരുന്നു. 12.20 ഓടെ മൃതദേഹം കബറിടത്തിലേക്കെടുത്തു. 

ദിവസങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരനുവേണ്ടി കേരളം മുഴുവൻ കണ്ണീരൊഴുക്കിയിരുന്നു. ആ കണ്ണീർ ഉണങ്ങും മുൻപാണ് ആലുവയിൽ വീണ്ടും സമാനമായ കൊടുംക്രൂരത അരങ്ങേറിയത്. അമ്മയുടെ പെട്ടെന്നുണ്ടായ ദേഷ്യമാണ് ആ മൂന്നു വയസ്സുകാരന്റെ ജീവനെടുത്തത്. പെട്ടെന്ന് ദേഷ്യപ്പെടുന്ന വ്യക്തിത്വമാണ് കുട്ടിയുടെ അമ്മ ഹനയുടേത്. ദേഷ്യം വന്നാല്‍ വീണ്ടുവിചാരമില്ലാത്ത അവര്‍ എന്തും ചെയ്യും. ഇത്തരത്തില്‍ കൊടും മർദ്ദനങ്ങളാണ് കുട്ടിയുടെ ശരീരത്തിൽ ഇവർ ഏൽപ്പിച്ചത്. 

ആ പിഞ്ചുകുഞ്ഞിന്റെ കാല്‍വണ്ണ മുതല്‍ തല വരെ തല്ലിച്ചതച്ചതിന്റെ പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ പാടുകൾ. ഒരായുസ്സിന്റെ യാതനകളാണ് അവൻ മൂന്നു വയസ്സിനിടെ അനുഭവിച്ചു തീർത്തതെന്ന് വ്യക്തം. തലയോട്ടി പിളർത്തിയ ആ പരുക്കായിരുന്നു മരണകാരണമായത്. മാരകമായി പരുക്കേറ്റ കുഞ്ഞിനെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പിതാവ് സജ്ജാദ് ഖാനാണ് ആശുപത്രിയിലെത്തിച്ചത്. 

കളമശേരി ഏലൂരിലെ വാടകവീട്ടിലെ താമസക്കാരായിരുന്നു പശ്ചിമ ബംഗാള്‍ സ്വദേശിയായ സജ്ജാദ് ഖാനും  ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഹന ഖാതൂനും. കുട്ടി ഗോവണിയില്‍നിന്നു വീണെന്നായിരുന്നു ആ സമയത്ത് അമ്മ നൽകിയ വിശദീകരണം. അച്ഛന്‍ ഒറ്റയ്ക്ക് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതോടെ ഡോക്ടർമാർക്ക് സംശയമായി. കുഞ്ഞിന്റെ ദേഹപരിശോധനയിൽ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. 

പൊലീസ് ചോദ്യംചെയ്യലിൽ താനാണു മകനെ മര്‍ദിച്ചതെന്ന് ഹന ഖാതൂന്‍ സമ്മതിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുമ്പോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞു ചുറ്റും കൂടിയവര്‍ ഉച്ചത്തിൽ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും അവർക്ക് കൂസലുണ്ടായിരുന്നില്ല. മാധ്യമങ്ങൾക്ക് മുന്നിൽ മുഖം മറയ്ക്കാനും അവര്‍ ശ്രമിച്ചില്ല. എന്നാൽ കുഞ്ഞിന്റെ മരണവാർത്തയറിഞ്ഞ് പിതാവ് പൊട്ടിക്കരഞ്ഞു. മകനെ അനുസരണ പഠിപ്പിക്കാന്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു ഹനയുടെ മൊഴി.