Saturday 12 October 2019 03:18 PM IST

വേദന കൊണ്ട് പുളഞ്ഞപ്പോൾ സഹായിക്കാനായി വന്ന ഉപ്പയെ ഞാൻ പറഞ്ഞുവിട്ടു; നൊമ്പരക്കടലിലെ ഹനാൻ

Roopa Thayabji

Sub Editor

hanan-family ഫോട്ടോ: ബേസിൽ പൗലോ

ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2018 ജൂലൈ 25ന് ആണ് ഹനാനെ കുറിച്ചുള്ള ആ വാർത്ത വന്നത്, ‘കോളജ് യൂണിഫോമിൽ മീൻ കച്ചവടം നടത്തുന്ന പെൺകുട്ടി’ അമ്മയെയും അനിയനെയും പോറ്റാനും പഠനച്ചെലവു കണ്ടെത്താനുമുള്ള ഹനാന്റെ നെട്ടോട്ടം പിന്നാലെ വാർത്തകളിൽ നിറഞ്ഞപ്പോൾ പലയിടത്തു നിന്നും സഹായമെത്തി. ഇതിനിടെ അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകൾ സർക്കാർ ഏറ്റെടുത്തു. ഒരു വർഷത്തിനിപ്പുറം ഹനാന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചത് ? മാറിയ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും നേരിടേണ്ടിവന്ന വിഷമങ്ങളെ കുറിച്ചും ഹനാൻ പറയുന്നു.

പറന്നു പറന്നു പറന്ന്...

‘വാർത്ത വന്നതിനു പിന്നാലെ ഞാൻ വേഷം കെട്ടിയതാണെന്നു വരെ വിവാദം വന്നു. കുറെ പേർ ചീത്ത വിളിച്ചപ്പോൾ കു റെ പേർ സഹായിച്ചു. സഹായമായി കിട്ടിയ പണം കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുകയായിരുന്നു. സ്പോൺസർഷിപ് വാങ്ങി പഠിക്കാനൊന്നും എനിക്ക് താൽപര്യമില്ല. സ്വന്തം കാലി ൽ നിൽക്കാനാണ് അന്നും ഇന്നും മോഹം.

പിന്നീട് ഉദ്ഘാടനങ്ങൾക്കൊക്കെ വിളി വന്നു. അങ്ങനെയൊരു യാത്ര കഴിഞ്ഞ് വരും വഴി കൊടുങ്ങല്ലൂരിൽ വച്ചാണ് ആ അപകടം. ആദ്യം കൊണ്ടുപോയ ആശുപത്രിയിൽ തന്നെ പറഞ്ഞു, നട്ടെല്ലിനാണു പരുക്കെന്ന്. ഞാൻ പഠിക്കുന്ന തൊടുപുഴ അൽ അസർ കോളജ് ഉടമ ഫൈജാസിക്കയെ വിളിച്ചു കാര്യം പറഞ്ഞു. അവരാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദേശിച്ചത്. ആദ്യഘട്ട ബില്ലുകളും ഫൈജാസിക്ക കൊടുത്തു. പിന്നെയാണ് ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സാചെലവുകൾ ഏറ്റെടുത്തത്. ഉമ്മയ്ക്ക് മാനസികപ്രശ്നങ്ങൾ ഉള്ളതു കൊണ്ട് ആശുപത്രിയിൽ വന്നുപോയതല്ലാതെ കൂടെ നിൽക്കാവുന്ന അവസ്ഥയായിരുന്നില്ല. സഹായിക്കാനായി വന്ന ഉപ്പ മൂക്കുപൊടി വലിക്കുമ്പോൾ ഞാൻ തുമ്മും. ഓപ്പറേഷൻ നടത്തി നട്ടെല്ലിനു ബലമായി ഇട്ടിരിക്കുന്ന രണ്ട് ഇരുമ്പുറോഡുകളും അപ്പോൾ ഇളകും. വേദന കൊണ്ട് പുളഞ്ഞപ്പോൾ ഉപ്പയെ പറഞ്ഞുവിട്ടു.

ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഫ്ലാറ്റിലേക്കു വന്നപ്പോൾ ആരും നോക്കാനില്ല. സെക്യൂരിറ്റിയാണ് മൂന്നു നേരവും ഭക്ഷണം വാങ്ങിതന്നത്. ഹൗസ് കീപ്പിങ്ങിനു വരുന്ന ചേച്ചി ചൂടുവെള്ളമുണ്ടാക്കി കട്ടിലിനടുത്ത് കൊണ്ടു വച്ചുതരും. കിടന്ന കിടപ്പിൽ ഞാൻ ദേഹം നനച്ചു തുടയ്ക്കും. ആ കിടപ്പിൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നതും. മലമൂത്രവിസർജനം ചെയ്യുന്ന ഡയപ്പർ മാറ്റി വേസ്റ്റ് ബാസ്ക്കറ്റിലിടും. ഒരു ദിവസം വെള്ളംകുപ്പി ഉരുണ്ടുപോയത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വീണു. വീണ്ടും രണ്ടാഴ്ച ആശുപത്രിയിൽ. സങ്കടത്തോടെ ഡോ. ഹാറൂണിനോടു ചോദിച്ചു, ‘എനിക്ക് വീൽ ചെയറിലേക്കെങ്കിലും മാറാനാകുമോ?’ നട്ടെല്ലിലെ പരുക്ക് നിസ്സാരമല്ലെന്നും, നിവർന്നിരിക്കുന്ന കാര്യം തന്നെ സംശയമാണെന്നും കേട്ടതോടെ എങ്ങനെയും എഴുന്നേറ്റു നടക്കണമെന്നു വാശിയായി.

വിശദമായ വായനയ്ക്ക്,  വനിത സെപ്തംബര് രണ്ടാം ലക്കം കാണുക