Tuesday 09 October 2018 05:08 PM IST : By സ്വന്തം ലേഖകൻ

’എന്റെ കടയുടെ പണികള്‍ നടക്കുകയാണ്, അവിടെ പോകാതിരിക്കാന്‍ കഴിയില്ല...’; വീൽച്ചെയറിൽ തമ്മനത്തെത്തി ഹനാൻ

hanan321-whh

ഒറ്റപെൺകുട്ടി പോരാട്ടത്തിലൂടെ കേരളത്തിൽ അടുത്ത കാലത്ത് ശ്രദ്ധേയമായ മുഖമാണ് ഹനാന്‍ ഹമീദ്. ഉപജീവനത്തിനും പഠനച്ചിലവിനുമായി തമ്മനത്ത് മത്സ്യവില്‍പ്പന നടത്തുന്നതിനിടെയാണ് ഹനാനെ പുറംലോകം അറിയുന്നത്. ഒരു വശത്ത് മാധ്യമങ്ങൾ പെൺകുട്ടിയെ വാഴ്ത്തിപ്പാടിയപ്പോൾ, മറുഭാഗത്ത് സൈബർ അറ്റാക്കിന് ഇരയാവുകയായിരുന്നു ഹനാൻ. പിന്നീട് തീവ്രമായ ദുഃഖത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന ഹനാനെയും നമ്മൾ കണ്ടു. പതുക്കെ തനിക്ക് നേരെ നടന്ന ആക്രമണങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും പുറത്തുവരുകയായിരുന്നു ഹനാൻ. പിന്നീട് ആളുകൾ തന്നെ സഹായിച്ച മുഴുവൻ തുകയും പ്രളയത്തിൽ ദുരിതബാധിതരായ ജനങ്ങൾക്ക് നൽകി ഹനാൻ മാതൃകയായി.

ആ സന്തോഷവും അധികം നീണ്ടില്ല. അപ്രതീക്ഷിതമായി കൊടുങ്ങല്ലൂരിലുണ്ടായ കാറപകടത്തിൽ ഹനാന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി വിട്ട ഹനാൻ കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ ഒറ്റയ്ക്കു കഴിയുകയാണ്. സഹായത്തിനു അടുത്ത കൂട്ടുകാർ മാത്രം. ആത്മവിശ്വാസം കൈവിടാതെ വീല്‍ചെയറിലിരുന്നു ജീവിതത്തോട് തുടർന്നും പോരാടുകയാണ് ഹനാന്‍.

കഴിഞ്ഞ ദിവസം തമ്മനത്തേക്ക് വീൽചെയറിൽ മത്സ്യവില്‍പ്പനയ്ക്കായി വീണ്ടുമെത്തിയിരിക്കുകയാണ് ഹനാൻ. മീൻ കച്ചവടം തുടങ്ങാന്‍ കിയോസ്‌ക് വാങ്ങി നല്‍കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിലനില്‍ക്കെയാണ് ഒന്നിനും കാത്തുനില്‍ക്കാതെ ഹനാൻ സ്വന്തം കാശുമുടക്കി കച്ചവടം തുടങ്ങുന്നത്. നാളെ മുതല്‍ കച്ചവടം തുടങ്ങണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും വാടകയ്ക്കെടുത്ത മുറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെങ്കിലും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്താനാണ് വാടകയ്‌ക്ക് മുറിയെടുത്ത് മത്സ്യ കച്ചവടം ആരംഭിക്കുന്നത്.

"സാധാരണ ഇടുന്ന വലിയ സ്‌ക്രൂ എനിക്ക് ഇടാനാവാത്തതിനാല്‍ പീഡിയാട്രിക് സ്‌ക്രൂ ആണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടു പ്രത്യേകശ്രദ്ധ വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇളക്കം തട്ടിയാല്‍ മേജര്‍ സര്‍ജറി വേണ്ടിവരും. അതിനാല്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്റെ അശ്രദ്ധയാല്‍ ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ, ജീവിക്കാനായി എനിക്ക് തൊഴിലെടുത്തേ മതിയാകൂ. എന്റെ കടയുടെ പണികള്‍ നടക്കുകയാണ്. അവിടെ പോകാതിരിക്കാന്‍ കഴിയില്ല. എന്റെ അവസ്ഥ കണ്ടു ഈ മാസത്തെ വാടക വേണ്ടെന്നു ഫ്ലാറ്റിന്റെ ഉടമ പറഞ്ഞു. വാടകയും മെയിന്റനന്‍സ് തുകയും ഉള്‍പ്പെടെ കൊടുക്കാനുണ്ട്. കട തുടങ്ങി അതില്‍ നിന്നും വരുമാനം കിട്ടിയിട്ടു വേണം ഇതെല്ലാം ചെയ്യാന്‍”
- ഹനാന്‍ പറയുന്നു.

ഇപ്പോൾ കൊച്ചിയിലെ ഫ്ലാറ്റിൽ ഹനാന് കൂട്ടായുള്ളത് വീല്‍ചെയര്‍ മാത്രമാണ്. അതില്‍ ഇരുന്നാണ് ഭക്ഷണം പാകം ചെയ്യലും തുണി അലക്കലുമെല്ലാം. ഒപ്പം രണ്ട് ദിവസം മാത്രം നിന്ന് അച്ഛനും മടങ്ങി. "എന്റെ മനസ്സും ശരീരവും സാധാരണ നിലയിലേക്കു തിരിച്ചുവരാന്‍ വേണ്ടത് നല്ല ശ്വാസമാണ്. എന്നാല്‍, ആശുപത്രി മുറിയില്‍ ലഹരിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചുകയറുകയായിരുന്നു. എനിക്ക് സഹിക്കാനാകാതെ വന്നപ്പോള്‍ കുറച്ചു ദിവസത്തേക്ക് അതൊഴിവാക്കാന്‍ ഒരുപാടു തവണ വാപ്പായോടു പറഞ്ഞു. ഒടുവില്‍, എനിക്കൊപ്പം നില്‍ക്കണമെങ്കില്‍ ലഹരി ഉപേക്ഷിക്കണമെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പക്ഷെ, വാപ്പയ്ക്കു ലഹരി ഉപേക്ഷിക്കാനാവുമായിരുന്നില്ല." - ഹനാന്‍ വ്യക്തമാക്കുന്നു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ജീവിതത്തെ ചിരിച്ചു തോൽപ്പിക്കുകയാണ് ഹനാൻ.