Saturday 26 October 2024 12:05 PM IST : By സ്വന്തം ലേഖകൻ

‘ആര് തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടണം, ഒരു പെൺകുട്ടിക്കും ഈ ഗതി ഇനി ഉണ്ടാകരുത്’: ഭീകരദിനത്തിന്റെ ഞെട്ടൽ മാറാതെ ഹരിത

haritha-aneesh-case

പാലക്കാട് തേങ്കുറിശി കൊലപാതകം കഴിഞ്ഞു നാല് വർഷം പിന്നിടുമ്പോഴും ഹരിതയുടെ മനസ്സിൽനിന്ന് ആ ഭീകരദിനത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ജാതി മാറി വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഹരിതയുടെ അച്ഛനും അമ്മാവനും ഭർത്താവ് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. 2020 ഡിസംബർ 25നു വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 

‘‘ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചതിനാണ് അച്ഛനും അമ്മാവനും എനിക്ക് ഈ അവസ്ഥ സമ്മാനിച്ചത്. ആര് തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടണം. ഒരു പെൺകുട്ടിക്കും ഈ ഗതി ഇനി ഉണ്ടാകരുതേ എന്നാണ് പ്രാർഥന. ജീവപര്യന്തം ശിക്ഷ വിധിക്കുമെന്നാണു കരുതുന്നത്.

എന്റെ ഒപ്പം ഉണ്ടാകുമെന്ന് എല്ലാവരും വാക്ക് തന്നിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. ജോലിയും വീടും വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചു. ഈ പണത്തിനു തേങ്കുറുശി ഇലമന്ദത്ത് 3 സെന്റ് സ്ഥലം വാങ്ങി. ഇവിടെ ഒരു വീടു വയ്ക്കണം. 

സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും ഇത്ര നാളായിട്ടും വീട് എന്ന ആവശ്യത്തിനു പരിഹാരം ഉണ്ടായില്ല. മുന്നോട്ടു ജീവിക്കാൻ ഒരു ജോലി വേണം. ബിബിഎ പൂർത്തിയാക്കി. ഇപ്പോൾ പിഎസ്‌സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായി തന്നെയാണ് എന്നെ നോക്കുന്നത്.’’- ഹരിത പറഞ്ഞു.

അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവരെയാണ് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ. വിനായകറാവു കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഇന്നു വിധിക്കും. 

Tags:
  • Spotlight